മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ നിയന്ത്രണം കാര്യക്ഷമമാക്കണം

എഡിറ്റര്‍

സംസ്ഥാനത്തെ സഹകരണമേഖല ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്ന ഘട്ടമാണിത്. സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളിലെ ഒറ്റപ്പെട്ട ചില ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണു പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതു സഹകരണമേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനു കോട്ടമുണ്ടാക്കി. ഈ പ്രശ്‌നം മറികടക്കാന്‍ സംസ്ഥാനസര്‍ക്കാരും സഹകാരികളും ഒന്നിച്ച് മുന്നിട്ടിറങ്ങി. സഹകരണസംഘങ്ങളിലെ വകുപ്പുതല ഓഡിറ്റ്‌സംവിധാനം കാര്യക്ഷമമാക്കാന്‍ നിയമഭേദഗതി കൊണ്ടുവന്നു. തട്ടിപ്പുകാരെ തള്ളിപ്പറഞ്ഞ് സഹകാരികള്‍ ഒന്നിച്ചിറങ്ങി. ഇതെല്ലാം ജനങ്ങളിലും വിശ്വാസമുണ്ടാക്കി. അതാണു നിക്ഷേപ സമാഹരണയജ്ഞത്തില്‍ കണ്ടത്. ലക്ഷ്യമിട്ടതിലും ഒന്നര ഇരട്ടിയോളമാണ് ഒരു മാസം കൊണ്ട് സഹകരണസംഘങ്ങളില്‍ നിക്ഷേപമായെത്തിയത്. സംസ്ഥാന സഹകരണസംഘങ്ങളെ ഈ രീതിയിലെല്ലാം ശുദ്ധീകരിക്കുന്നതിനിടയിലും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സംസ്ഥാനത്തുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഏറെയാണ്. സംസ്ഥാനസര്‍ക്കാരിനോ സഹകാരികളുടെ കൂട്ടായ്മകള്‍ക്കോ ഒന്നും ചെയ്യാനാവാതെ ഇക്കാര്യത്തില്‍ നിസ്സഹായമായി നില്‍ക്കേണ്ട അവസ്ഥയാണ്. കാരണം, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിലും കേന്ദ്ര സഹകരണസംഘം രജിസ്ട്രാറിലും നിക്ഷിപ്തമാണ്. സാധാരണജനങ്ങളെ സംബന്ധിച്ച് സഹകരണസംഘങ്ങളെല്ലാം ഒരേപോലെയാണ്. അവരില്‍ കേന്ദ്ര-സംസ്ഥാന സംഘങ്ങളെന്ന വേര്‍തിരിവുപോലും ഉണ്ടാകണമെന്നില്ല. അതിനാല്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ പ്രശ്നങ്ങളും കേരളത്തിലെ സഹകരണമേഖലയെ ബാധിക്കുന്നുണ്ട്.

നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ സഹകരണ സാമ്പത്തികമേഖലയില്‍ അരാജകത്വത്തിനും അവിശ്വാസത്തിനും വഴിവെക്കുമെന്ന ബോധ്യം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനുമുണ്ട്. ഒട്ടേറെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കാതെ അടച്ചുപൂട്ടിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. 2000 പേര്‍ക്കായി 100 കോടി രൂപയുടെ നിക്ഷേപം തിരിച്ചുകൊടുക്കാനുള്ള, രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ പ്രവര്‍ത്തിച്ചിരുന്ന മോഹന്‍കൃപ ക്രെഡിറ്റ് മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തെ ഇപ്പോള്‍ കാണാനേയില്ല. പത്തു വര്‍ഷം മുമ്പാണ് ഈ സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങിയത്. 2015 വരെ നല്ല രീതിയിലാണു സംഘം പ്രവര്‍ത്തിച്ചത് എന്നാണു റിപ്പോര്‍ട്ട്. അതിനുശേഷമാണു സാമ്പത്തികത്തകര്‍ച്ചയിലേക്കു നീങ്ങിയത്. പിന്നാലെ, ശാഖകള്‍ ഓരോന്നായി അടച്ചുപൂട്ടി. 2016 ല്‍ മാനേജിങ് ഡയറക്ടറെ കാണാതായി. നിക്ഷേപം തിരികെ ലഭിക്കാതിരുന്നതോടെ നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കി. ഇതു സംസ്ഥാനത്തെ സഹകരണമേഖലയെ ഒന്നടങ്കം ബാധിക്കുന്നതിനാല്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നു രാജസ്ഥാന്‍ രജിസ്ട്രാര്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രജിസ്ട്രാര്‍ സംഘത്തിന്റെ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ എന്നിവരോട് വിശദീകരണം തേടി നോട്ടീസയച്ചു. ഇതു കൈപ്പറ്റാന്‍പോലും ആളുണ്ടായിരുന്നില്ല. ഇത്തരം ഗൗരവമായ സ്ഥിതിവിശേഷം ആവര്‍ത്തിക്കാതിരിക്കാനുള്ള കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ നിശ്ചയിച്ചിട്ടുള്ളത്. പുതിയ ശാഖ തുറക്കാനും നിക്ഷേപം സ്വീകരിക്കാനും ജീവനക്കാരെ നിയമിക്കാനുമെല്ലാം നിയന്ത്രണം കൊണ്ടുവന്നു. ഓഡിറ്റിനു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ പാനലുണ്ടാക്കി. ഭരണസമിതിയംഗങ്ങളുടെ കാര്യത്തിലും വ്യവസ്ഥകളുണ്ട്. ഇതെല്ലാം സഹകരണമേഖലയുടെ ശുദ്ധീകരണത്തിനു വഴിവെക്കുന്ന നടപടികളാണ്. അതു കാര്യക്ഷമമായി നടപ്പാക്കാനുള്ള ഇടപെടല്‍കൂടി ഉണ്ടാകണമെന്നാണു കേരളത്തിലെ സഹകാരികള്‍ക്കും ആവശ്യപ്പെടാനുള്ളത്. –

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!