നിര്‍മാണ പ്രവൃത്തികളില്‍ നിതാന്ത ജാഗ്രത അനിവാര്യം

moonamvazhi

സഹകരണ സ്ഥാപനങ്ങള്‍ സമാഹരിക്കുന്ന പണം
ചെലവഴിക്കപ്പെടുന്ന ഓരോ വഴിയും സര്‍ക്കാറിന്റെ
സൂക്ഷ്മ നിരീക്ഷണത്തിലാണ്. സ്വന്തമായി
എഞ്ചിനിയറിങ് സംവിധാനമോ പ്രത്യേക
മരാമത്തുചട്ടങ്ങളോ നിലവിലില്ലാത്ത
സഹകരണ മേഖലയില്‍ നിര്‍മാണ
പ്രവൃത്തികള്‍ നടത്തുമ്പോള്‍ സ്ഥാപനങ്ങള്‍തന്നെ
ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നിര്‍മാണ
പ്രവര്‍ത്തനത്തിലെ ചെറിയൊരു വീഴ്ച മതി
ദീര്‍ഘകാലത്തെ കഠിനാധ്വാനംവഴി
സഹകരണ സ്ഥാപനം ആര്‍ജിച്ച സല്‍പ്പേരിനു
കളങ്കമാവാന്‍.

സഹകരണസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍നിയന്ത്രണം ശക്തമാവുകയാണ്. സഹകരണസ്ഥാപനങ്ങള്‍ സമാഹരിക്കുന്ന പണം ചെലവഴിക്കപ്പെടുന്ന ഓരോ വഴിയും സര്‍ക്കാറിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്. സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുകയും പൊതുപണം ചെലവഴിക്കുമ്പോള്‍ പാലിക്കുന്ന അടിസ്ഥാനതത്വങ്ങളായ മിതവ്യയം, കാര്യക്ഷമത, ഫലപ്രാപ്തി എന്നിവ സഹകാരികളുടെ പണം ചെലവഴിക്കുമ്പോഴും ഉറപ്പുവരുത്തുകയുമാണു സര്‍ക്കാര്‍നടപടികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ചെലവിന്റെ നല്ലൊരു ഭാഗം നിര്‍മാണ മേഖലയിലേക്ക്, അതായതു മരാമത്തു പണിയിലേക്കാണ് ഒഴുകുന്നത്. അതുകൊണ്ടുതന്നെ പൊതുപണം വിനിയോഗിച്ച് മരാമത്തുപ്രവൃത്തികള്‍ നടത്തുമ്പോള്‍ കര്‍ശനമായ ചട്ടങ്ങളും നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. സഹകരണസ്ഥാപനങ്ങള്‍ വൈവിധ്യവത്കരണത്തിത്തിന് ഊന്നല്‍ നല്‍കാന്‍ തുടങ്ങിയതും ബാങ്കിങ്ങിതര മേഖലയില്‍ സ്ഥാപനങ്ങള്‍ വര്‍ധിച്ചതും അടുത്ത കാലത്തു സഹകരണമേഖലയില്‍ നിര്‍മാണപ്രവൃത്തികള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. മാത്രമല്ല, സര്‍ക്കാരിന്റേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും മരാമത്തുജോലികള്‍ ഏറ്റെടുക്കുന്ന ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ പഞ്ചായത്തുകള്‍തോറും രൂപം കൊള്ളുന്നതും സഹകരണ മേഖലയില്‍ മരാമത്തുജോലികളുടെ പ്രധാന്യം വര്‍ധിപ്പിച്ചിട്ടുണ്ട്. സഹകരണസ്ഥാപനം പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഉപയോഗിച്ച ഭൂമിയുടെ പ്രമാണങ്ങള്‍ തൊട്ട് കെട്ടിടത്തിന്റെ മൂല്യനിര്‍ണയ സാക്ഷ്യപത്രംവരെയുള്ളവ പരിശോധനക്കു വിധേയമാക്കാന്‍ പുതിയ സഹകരണ ഓഡിറ്റ് മാന്വല്‍ നിര്‍ദേശിക്കുന്നുണ്ട്. നിര്‍മാണപ്രവൃത്തിക്കു സഹകരണ രജിസ്ട്രാറുടെ അംഗീകാരം, പ്രവൃത്തിയുടെ പ്ലാനും എസ്റ്റിമേറ്റും, ടെണ്ടര്‍ നടപടികള്‍, കരാര്‍, പൂര്‍ത്തീകരണ സാക്ഷ്യപത്രം തുടങ്ങിയവയൊക്കെ മാന്വല്‍ പ്രകാരം പരിശോധനയുടെ പരിധിയില്‍ വരുമെന്നതുകൊണ്ട് നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത അനിവാര്യമായിരിക്കുകയാണ്.

സുതാര്യമായി മരാമത്തുപണികള്‍ നടത്താന്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന രീതികളും പിന്തുടരാന്‍ നിര്‍ബന്ധിക്കുന്ന ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പരിശോധിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ സഹകരണസ്ഥാപനങ്ങള്‍ക്കും പ്രയോജനം ചെയ്യും. ഇന്നലെവരെ പിന്തുടര്‍ന്ന പലതിലും പോരായ്മകളുണ്ടെന്നു സഹകാരികള്‍ക്കും സര്‍ക്കാറിനും ബോധ്യമാവുകയും സമഗ്രമായ മാറ്റങ്ങള്‍ക്കു തുടക്കമിടുകയും ചെയ്ത സാഹചര്യത്തില്‍ സഹകരണമേഖലയിലെ മരാമത്തുപ്രവൃത്തികളുടെ നടത്തിപ്പിലും മാറ്റങ്ങള്‍ അനിവാര്യമാണ്. കേരള ഫിനാന്‍ഷ്യല്‍ കോഡ്, കേരള പൊതുമരാമത്തു വകുപ്പ് മാന്വല്‍ എന്നിവയിലെ പ്രസക്തമായ ഭാഗങ്ങളാണു ഇവിടെ പരിശോധിക്കുന്നത്.

തരംതിരിവും
എസ്റ്റിമേറ്റും

പ്രവൃത്തിയെ ഒറിജിനല്‍ വര്‍ക്ക്, റിപ്പയര്‍ വര്‍ക്ക് എന്നീ രീതിയില്‍ സര്‍ക്കാര്‍ തരംതിരിച്ചിട്ടുണ്ട്. പുതുതായി നടത്തുന്ന നിര്‍മാണപ്രവൃത്തിയാണ് ഒറിജിനല്‍ വര്‍ക്ക്. അതു പൂര്‍ണമായും പുതിയതോ നിലവിലുള്ളവയുടെ പുനര്‍നിര്‍മാണമോ ആവാം. നിലവിലുള്ള ആസ്തിയില്‍ കാലപ്പഴക്കം കൊണ്ടോ മറ്റു കാരണങ്ങള്‍ മൂലമോ ഉണ്ടാവുന്ന കേടുപാടുകള്‍ തീര്‍ത്തു സംരക്ഷിക്കുന്ന പ്രവൃത്തിയാണു റിപ്പയര്‍ വര്‍ക്ക്. സാധാരണ പ്രവൃത്തികള്‍ അഥവാ സിവില്‍ വര്‍ക്ക്, ഇലക്ട്രിക്കല്‍ വര്‍ക്ക് തുടങ്ങി ജോലിയുടെ സ്വഭാവമനുസരിച്ചുള്ള തരംതിരിവുകള്‍ വേറെയുമുണ്ട്.

മതിയായ തുക ബജറ്റില്‍ വകയിരുത്താതെയും വിശദമായ പ്ലാനും എസ്റ്റിമേറ്റും തയാറാക്കാതെയും അതിനു സാങ്കേതികാനുമതി ലഭിക്കാതെയും ഒരു മരാമത്തുപ്രവൃത്തിയും ആരംഭിക്കരുതെന്നാണു മരാമത്തുചട്ടങ്ങള്‍ അനുശാസിക്കുന്നത്. എസ്റ്റിമേറ്റ് മരാമത്തുവകുപ്പ് കോഡില്‍ നിര്‍ദേശിക്കുന്ന ഫോറത്തിലായിരിക്കണം. അതോടൊപ്പം പ്രോജക്ട് റിപ്പോര്‍ട്ട്, സ്‌പെസിഫിക്കേഷന്‍ സ്റ്റേറ്റ്‌മെന്റ്, വിശദമായ മെഷര്‍മെന്റും ക്വാണ്ടിറ്റിയും, ഓരോ ഇനത്തിലും വരാവുന്ന മൊത്തം മതിപ്പുചെലവും പ്രവൃത്തിയുടെ ആകെ ചെലവും കാണിക്കുന്ന അബ്‌സ്ട്രാക്ട്, ആവശ്യമുള്ളിടത്തു പ്ലാനും ലവല്‍ ഷീറ്റുകളും തുടങ്ങിയവ ഉണ്ടായിരിക്കണം. എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുളള സാധനസാമഗ്രികളുടെ അളവ്, അവയുടെ ഗുണനിലവാരവും വിലയും, കണക്കാക്കപ്പെട്ട തൊഴില്‍ദിനങ്ങളുടെ എണ്ണം, കൂലിച്ചെലവ് എന്നിവ എസ്റ്റിമേറ്റിന്റെ ഭാഗമായി വേണം. എസ്റ്റിമേറ്റ് തയാറാക്കുന്നതിനു മരാമത്തു ചട്ടപ്രകാരം പ്രസിദ്ധീകരിച്ച വാര്‍ഷികനിരക്കുകളോ അതില്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകളോ അതുമില്ലെങ്കില്‍ മരാമത്തുവകുപ്പിലെ ഷെഡ്യൂള്‍നിരക്കുകളോ ആധാരമാക്കേണ്ടതാണ്. ഡാറ്റാ ബുക്ക് അടിസ്ഥാനമാക്കിയാണ് ഓരോ പ്രവൃത്തിയുടേയും എസ്റ്റിമേറ്റ് തയാറാക്കുന്നത്. ഓരോതരം പ്രവൃത്തിയിലും ഉപയോഗിക്കേണ്ട സാധനസാമഗ്രികളുടെ ഗുണനിലവാരം, അളവ്, പ്രവൃത്തി നടത്തേണ്ട രീതി, ആവശ്യമായ തൊഴിലാളികള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തി തയാറാക്കിയ സമഗ്രരേഖയാണു ഡാറ്റാ ബുക്ക്. ഡാറ്റാ ബുക്കില്‍ പരാമര്‍ശിക്കാത്തതും പ്രാദേശികമായി കിട്ടുന്നതുമായ സാധനസാമഗ്രികള്‍ ഉപയോഗിച്ച് പ്രവൃത്തി നടത്തുകയാണെങ്കില്‍ ഒബ്‌സര്‍വ്ഡ് ഡാറ്റ തയാറാക്കി അംഗീകാരം നേടി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഡാറ്റ പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് അനുവദിക്കാവുന്ന നിരക്കാണു ഷെഡ്യൂള്‍ ഓഫ് റേറ്റ്. ഇതു കാലികമായി പുതുക്കാറുണ്ട്. നിലവില്‍ ഡല്‍ഹി അനാലിസിസ് ഓഫ് റേറ്റ്‌സ്
(ഡി.എ.ആര്‍ ) പ്രകാരമുള്ള നിരക്ക് അടിസ്ഥാനനിരക്കായി കണക്കാക്കി അതിന്റെ കൂടെ ഓരോ മേഖലക്കും ബാധകമായ കോസ്റ്റ് ഇന്‍ഡക്‌സ് കൂടി അനുവദിച്ചാണ് എസ്റ്റിമേറ്റ്‌നിരക്ക് കണക്കാക്കുന്നത്.

വിവിധ തരം
എസ്റ്റിമേറ്റുകള്‍

രണ്ടു കോടി രൂപവരെ മതിപ്പുചെലവു കണക്കാക്കുന്ന മരാമത്തുപ്രവൃത്തികളുടെ ഭരണാനുമതി നേടുന്നതിനാണു പ്രിലിമിനറി എസ്റ്റിമേറ്റ് തയാറാക്കുന്നത്. പദ്ധതിയുടെ ചെലവ് ഏകദേശം കണക്കാക്കുന്നതിനാണിത്. പ്രവൃത്തിയുടെ സ്‌പെസിഫിക്കേഷനും ആവശ്യകത ഉള്‍പ്പെടെ തൃപ്തികരമായ പൂര്‍ത്തീകരണത്തിനാവശ്യമായ വിവരങ്ങളും ഇതിലുള്‍പ്പെടുത്തണം. മരാമത്തുപ്രവൃത്തികള്‍ക്കു സാങ്കേതികാനുമതി ലഭിക്കാന്‍ ഡീറ്റെയില്‍ഡ് എസ്റ്റിമേറ്റ് അഥവാ വിശദമായ എസ്റ്റിമേറ്റ് വേണം. സൈറ്റ് പരിശോധനക്കുശേഷം പ്രവൃത്തിയുടെ ഡിസൈന്‍, സ്‌പെസിഫിക്കേഷന്‍, സാധനങ്ങളുടേയും സേവനങ്ങളുടേയും ലഭ്യത, തൊഴിലാളികളുടെ കൂലി തുടങ്ങിയവ പരിഗണിച്ചാണു വിശദമായ എസ്റ്റിമേറ്റ് തയാറാക്കുന്നത്. ചെലവ് കൃത്യമായി കണക്കാക്കാന്‍ വിശദമായ എസ്റ്റിമേറ്റില്‍ പ്രത്യേകശ്രദ്ധ നല്‍കുന്നു. ഡിസൈന്‍, ലേ ഔട്ട്, ഷെഡ്യൂള്‍ ഓഫ് റേറ്റ്, ഡാറ്റ എന്നിവ അടിസ്ഥാനമാക്കിയാണ് ഇതു തയാറാക്കുന്നത്. പ്രവൃത്തിയുടെ പ്ലാന്‍, ഡിസൈന്‍ എന്നിവയും പദ്ധതിയുടെ ആവശ്യകത, പ്രത്യേകതകള്‍, ആകെ ചെലവ്, ഏകദേശ പൂര്‍ത്തീകരണകാലം, സ്ഥലമേറ്റെടുക്കല്‍, തൃപ്തികരമായ പൂര്‍ത്തീകരണത്തില്‍ തടസ്സമാവാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ടും വിശദമായ എസ്റ്റിമേറ്റിനോടൊപ്പം വേണം.

ഡീറ്റെയില്‍ഡ് എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി നേടിയെങ്കിലും പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പുതന്നെ എസ്റ്റിമേറ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണു റീ കാസ്റ്റ് എസ്റ്റിമേറ്റ്. സാങ്കേതികാനുമതി ലഭിച്ച എസ്റ്റിമേറ്റ് റദ്ദാക്കിയാണു റീ കാസ്റ്റ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിക്കു വിപുലീകരണവും വികസനവും ആവശ്യമായി വന്നാല്‍ അധികമായി വരുന്ന പ്രവൃത്തിക്കു സപ്ലിമെന്ററി എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം വാങ്ങും. എസ്റ്റിമേറ്റില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തി അംഗീകാരം വാങ്ങുന്നതാണു റിവൈസ്ഡ് എസ്റ്റിമേറ്റ്. അംഗീകരിക്കപ്പെട്ട എസ്റ്റിമേറ്ററില്‍ കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും ഉണ്ടാവുമ്പോഴും അംഗീകരിക്കപ്പെട്ട ഡിസൈനില്‍നിന്നു പ്രധാനപ്പെട്ട സ്ട്രക്ച്ചറല്‍ മാറ്റങ്ങള്‍ ഉണ്ടാവുമ്പോഴും സാങ്കേതികാനുമതിയേക്കാള്‍ അഞ്ചു ശതമാനം ചെലവ് വര്‍ധിക്കുമ്പോഴും റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം വാങ്ങുന്നു. പ്രവൃത്തിയിലെ പ്രധാന മാറ്റങ്ങളുടെ കാരണം, അതിന്റെ സാമ്പത്തിക ആഘാതം എന്നിവ വ്യക്തമാക്കുന്ന വേരിയേഷന്‍ സ്റ്റേറ്റ്‌മെന്റ്, ഒറിജിനല്‍ എസ്റ്റിമേറ്റിലേയും റിവൈസ്ഡ് എസ്റ്റിമേറ്റിലേയും വിവിധ ഇനങ്ങളുടെ അളവുകള്‍, നിരക്കുകള്‍ എന്നിവ താരതമ്യം ചെയ്യുന്ന സ്റ്റേറ്റ്‌മെന്റ് എന്നിവ റിവൈസ്ഡ് എസ്റ്റിമേറ്റിനോടൊപ്പം വേണം. പ്ലാനിനും എസ്റ്റിമേറ്റിനും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന സാമ്പത്തികാധികാര പരിധിക്കനുസരിച്ചു തസ്തികയിലുള്ള എഞ്ചിനിയര്‍മാരില്‍നിന്നോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സാങ്കേതിക വിദഗ്ധരില്‍നിന്നോ സാങ്കേതികാനുമതി വാങ്ങണം.

പ്രവൃത്തി
നിര്‍വഹണം

പ്രവൃത്തികള്‍ കരാറുകാര്‍വഴിയോ നിക്ഷേപപ്രവൃത്തിയായോ അക്രഡിറ്റഡ് എജന്‍സി മുഖേനയോ നേരിട്ടോ നിര്‍വഹണം നടത്താവുന്നതാണ്. കരാറുകാര്‍വഴി പ്രവൃത്തി നടത്തുമ്പോള്‍ പീസ് വര്‍ക്ക് കോണ്‍ട്രാക്ട്, ഐറ്റം റേറ്റ് കോണ്‍ട്രാക്ട്, ലംപ്‌സം കോണ്‍ട്രാക്ട്, പെര്‍സെന്റേജ് കോണ്‍ട്രാക്ട്, പെര്‍ഫോമന്‍സ് ബേസ്ഡ് മെയിന്റനന്‍സ് കോണ്‍ട്രാക്ട് തുടങ്ങിയ രീതികളുണ്ട്. ഒരു നിശ്ചിത ഇനം പ്രവൃത്തിക്കു നിരക്ക് കരാറുകാരന്‍ ക്വാട്ട് ചെയ്യുകയും ആയതു സ്വീകരിച്ച് കരാര്‍ നല്‍കുകയും ചെയ്യുന്ന രീതിയാണു പീസ് വര്‍ക്ക് കോണ്‍ട്രാക്ട്. ഇതില്‍ പ്രവൃത്തിയുടെ അളവ്, പൂര്‍ത്തീകരണസമയം എന്നിവ വ്യക്തമാക്കുന്നില്ല. എന്നാല്‍, ഓരോ ഇനത്തിനും ലഭിക്കേണ്ട നിരക്ക് ക്വാട്ട് ചെയ്തത് അംഗീകരിച്ച് കരാര്‍ നല്‍കുന്നതാണ് ഐറ്റം റേറ്റ് കോണ്‍ട്രാക്ട്. ഇതില്‍ പ്രവൃത്തിയുടെ അളവും പൂര്‍ത്തീകരണകാലാവധിയും പരിഗണിക്കുന്നു. നിശ്ചിത ഡ്രോയിങ്ങും സ്‌പെസിഫിക്കേഷനും പ്രകാരമുള്ള പ്രവൃത്തി നിശ്ചിതകാലാവധിക്കകം പൂര്‍ത്തീകരിക്കാനാവശ്യമായ തുക കരാറുകാരന്‍ ക്വാട്ട് ചെയ്യുന്നു. പെര്‍സെന്റേജ് കോണ്‍ട്രാക്ടില്‍ എസ്റ്റിമേറ്റ്തുകയുടെ എത്ര ശതമാനം കൂടുതല്‍ അല്ലെങ്കില്‍ കുറവില്‍ പണി ചെയ്യാനാവും എന്നു കരാറുകാരന്‍ വ്യക്തമാക്കണം. കെട്ടിടങ്ങളിലെയും മറ്റും റിപ്പയര്‍, മെയിന്റനന്‍സ് പണികള്‍ നിശ്ചിത കാലയളവിലേക്കു നടത്തുന്നതിനുള്ള ആകെ തുക ക്വാട്ട് ചെയ്യുകയും നിശ്ചിത കാലയളവില്‍ നിര്‍ദേശിക്കപ്പെട്ട ഗുണനിലവാരം നിലനിര്‍ത്തിയോ എന്നു പരിശോധിച്ച് പണം നല്‍കുകയും ചെയ്യുന്ന രീതിയാണു പെര്‍ഫോമന്‍സ് ബേസ്ഡ് മെയിന്റനന്‍സ് കോണ്‍ട്രാക്ട്.

ടെണ്ടര്‍
നടപടികള്‍

ടെണ്ടര്‍ ക്ഷണിക്കുന്നതിനുമുമ്പ് ഭരണാനുമതി, സാങ്കേതികാനുമതി, ഭൂമികൈമാറ്റം എന്നിവ ഉറപ്പു വരുത്തണം. ടെണ്ടര്‍ പരസ്യം പ്രസിദ്ധീകരിക്കുന്നതു മതിപ്പുചെലവിന്റെ അടിസ്ഥാനത്തിലുളള പട്ടികപ്രകാരമാണ്. ടെണ്ടര്‍ സ്വീകരിക്കുന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ നോട്ടീസ്‌ബോര്‍ഡ്, വെബ്‌സൈറ്റ് തുടങ്ങിയവയില്‍ പരസ്യം പ്രസിദ്ധീകരിക്കണം. പരസ്യച്ചെലവ് കുറയ്ക്കാന്‍ ഒന്നിലധികം ടെണ്ടറുകള്‍ വിന്‍ഡോ രൂപത്തില്‍ പ്രസിദ്ധീകരിക്കണം. എസ്റ്റിമേറ്റ് തയാറാക്കി ഒരു വര്‍ഷത്തിനകം ടെണ്ടര്‍ ക്ഷണിക്കണം. ഒരു വര്‍ഷം കഴിഞ്ഞാല്‍ റീ കാസ്റ്റ് എസ്റ്റിമേറ്റ് വേണം. ടെണ്ടര്‍ നടപടികള്‍ ഇന്റര്‍നെറ്റ് മുഖേന നടത്തുന്നതാണ് ഇ- ടെണ്ടര്‍. കരാറുകാരന്‍ നിശ്ചിത വെബ് സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈനായി ടെണ്ടര്‍ സമര്‍പ്പിക്കുകയും ടെണ്ടര്‍ ഫീ, ഇ.എം.ഡി. തുടങ്ങിയവ ഓണ്‍ലൈനായി അടയ്ക്കുകയും ചെയ്യുന്നു. കരാര്‍ത്തുകയുടെ രണ്ടര ശതമാനമാണ് ഇ.എം.ഡി. ടെണ്ടറിനോടൊപ്പം സര്‍ക്കാര്‍ നിശ്ചയിച്ച മാതൃകയില്‍ പ്രാഥമികകരാര്‍ ഉള്‍പ്പെടുത്തണം. ലഭ്യമായ ടെണ്ടറുകളുടെ വിവരങ്ങള്‍ ടെണ്ടര്‍ റജിസ്റ്ററില്‍ ചേര്‍ക്കണം. സ്വീകാര്യമായ ടെണ്ടറുകളുടെ താരതമ്യപ്പട്ടിക തയാറാക്കണം.

ടെണ്ടര്‍ തുറന്നശേഷം നെഗോഷിയേഷന്‍ പാടില്ല. ടെണ്ടര്‍ തുറന്നു പത്തു ദിവസത്തിനകം കരാര്‍ സ്വീകരിച്ചതു സംബന്ധിച്ച് തീരുമാനമെടുക്കണം. ടെണ്ടര്‍ നിരക്കുകള്‍ സ്വീകാര്യമല്ലെങ്കിലോ ന്യായമായ എണ്ണം ടെണ്ടര്‍ ലഭിച്ചില്ലെങ്കിലോ റീ ടെണ്ടര്‍ വിളിക്കണം. ടെണ്ടര്‍ സ്വീകരിച്ചശേഷം ഏഴു ദിവസത്തിനകം സെലക്ഷന്‍ നോട്ടീസ് നല്‍കണം. നോട്ടീസ് കൈപ്പറ്റി പതിന്നാലു ദിവസത്തിനകം കരാര്‍ വെക്കാന്‍ നിര്‍ദേശിക്കണം. പതിന്നാലു ദിവസം കഴിഞ്ഞ് പത്തു ദിവസത്തിനകം കരാര്‍ വെച്ചില്ലെങ്കില്‍ കരാര്‍ത്തുകയുടെ ഒരു ശതമാനം പിഴയടച്ച് (മിനിമം 1000 രൂപ, മാക്‌സിമം 25,000/ രൂപ ) കരാര്‍ വെക്കാം. എന്നിട്ടും കരാര്‍ വെക്കാത്തവരുടെ ഇ.എം.ഡി. കണ്ടുകെട്ടണം. തുടര്‍ന്നു തൊട്ടടുത്ത കരാറുകാരനോട് ഇതേ നിരക്കില്‍ പ്രവൃത്തി നടത്താന്‍ നെഗോഷിയേറ്റ് ചെയ്യണം. ഇതു സാധ്യമല്ലെങ്കില്‍ റീ ടെണ്ടര്‍ ചെയ്യണം (വിശദാംശങ്ങള്‍ക്കു പി.ഡബ്യൂ.ഡി. മാന്വല്‍ കാണുക). പെര്‍ഫോമന്‍സ് ഗ്യാരണ്ടിയായി കരാര്‍ത്തുകയുടെ നിശ്ചിതശതമാനം ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കണം. ഇതു ഡിഫെക്ട്‌സ് ലയബിലിറ്റി പീരീഡ് കഴിഞ്ഞു ഇരുപത്തിയെട്ടു ദിവസംകൂടി കാലാവധിയുളളതാവണം. കരാര്‍ത്തുകയുടെ അഞ്ചു ശതമാനമാണു ജാമ്യനിക്ഷേപം. നിശ്ചിതഫോറത്തില്‍ കരാര്‍ ഉടമ്പടി വെക്കണം. കരാര്‍ വെച്ച് പത്തു ദിവസത്തിനകം പ്രവൃത്തിസ്ഥലം കരാറുകാരന്‍ ഏറ്റെടുക്കണം.

അളവ് രേഖപ്പെടുത്തല്‍,
പണം കൊടുക്കല്‍

മരാമത്തുപ്രവൃത്തിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന രേഖയാണു മെഷര്‍മെന്റ് ബുക്ക് അഥവാ അളവുപുസ്തകം. പൂര്‍ത്തിയാക്കിയ പണിയുടെ വിശദാംശങ്ങള്‍ തീയതിക്രമത്തില്‍ എഞ്ചിനിയര്‍ അളവുപുസ്തകത്തില്‍ രേഖപ്പെടുത്തണം. അംഗീകൃത സ്‌പെസിഫിക്കേഷന്‍ പ്രകാരമുളള പ്രവൃത്തികളാണു രേഖപ്പെടുത്തേണ്ടത്. ഗുണനിലവാരം കുറഞ്ഞ പ്രവൃത്തികള്‍ രേഖപ്പെടുത്താന്‍ പാടില്ല. പ്രവൃത്തിയുടെ മൂല്യം നിശ്ചയിക്കുന്നത് അളവുപുസ്തകത്തിലെ രേഖപ്പെടുത്തല്‍ അടിസ്ഥാനമാക്കിയാണ്. അളവ് രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ തീയതി വെച്ചുള്ള ഒപ്പ് വേണം. അളവ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥന്‍ ചെക്ക് മെഷര്‍മെന്റ് നടത്തി സാക്ഷ്യപ്പെടുത്തണം. അളവ് അംഗീകരിച്ചതായി കരാറുകാരനും മെഷര്‍മെന്റ് ബുക്കില്‍ രേഖപ്പെടുത്തി ഒപ്പ് വെക്കണം. മെഷര്‍മെന്റ് ബുക്കില്‍ വെട്ടും തിരുത്തും പാടില്ല. പിഴവുകള്‍ സാക്ഷ്യപ്പെടുത്തണം. പേജുകള്‍ ഒഴിച്ചിടാന്‍ പാടില്ല. പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ നിശ്ചിതഫോറത്തില്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് തയാറാക്കണം. നിശ്ചിത സമയപരിധിക്കകം ജോലി പൂര്‍ത്തിയാക്കാത്ത കരാറുകാരനില്‍ നിന്നു പിഴ ഈടാക്കാന്‍ മരാമത്തുവകുപ്പ് മാന്വല്‍ നിര്‍ദേശിക്കുന്നുണ്ട്. പാര്‍ട്ട് ബില്‍ നല്‍കുമ്പോള്‍ രണ്ടര ശതമാനം റിടെന്‍ഷന്‍ പിടിക്കണം. കരാറുകാരന്റേതല്ലാത്ത കാരണത്താല്‍ പ്രവൃത്തി നീളാന്‍ ഇടയായാല്‍ കാലാവധി നീട്ടിനല്‍കാന്‍ കരാറുകാരന്‍ അപേക്ഷ നല്‍കണം. ബില്‍ത്തുകയില്‍ നിന്ന് ആദായ നികുതി, ചരക്ക് സേവന നികുതി, നിര്‍മാണത്തൊഴിലാളി ക്ഷേമനിധിവിഹിതം എന്നിവ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുളള നിരക്കില്‍ ഈടാക്കിയ ശേഷമാണു പണം നല്‍കേണ്ടത്. കരാറുകാരന്‍ ചെയ്ത ഏതെങ്കിലും പ്രവൃത്തി അപാകതയുള്ളതാണ് എന്നോ സ്‌പെസിഫിക്കേഷന്‍ പ്രകാരമല്ല എന്നോ എഞ്ചിനിയര്‍ക്കു ബോധ്യപ്പെട്ടാല്‍ ആ പ്രവൃത്തി ഒഴിവാക്കി പുതുതായി നിര്‍മിക്കാനോ അപാകത പരിഹരിക്കാനോ നിര്‍ദേശം നല്‍കണം. ഇത്തരം നിര്‍ദേശം പാലിക്കാന്‍ കരാറുകാരന്‍ ബാധ്യസ്ഥനാണ്.

സര്‍ക്കാര്‍ വകുപ്പിനോ പൊതുമേഖലാസ്ഥാപനത്തിനോ പണം മുന്‍കൂറായി നല്‍കി പ്രവൃത്തി നടത്തുന്ന രീതിയാണു ഡിപ്പോസിറ്റ് വര്‍ക്ക്. വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിട്ടി, ഹൗസിങ് ബോര്‍ഡ് തുടങ്ങിയവ ഡിപ്പോസിറ്റ് വര്‍ക്കുകള്‍ ഏറ്റെടുക്കുന്നുണ്ട്. സര്‍ക്കാറിന്റെ അക്രഡിറ്റഡ് ഏജന്‍സികള്‍ വഴി പ്രവൃത്തി നടത്തുന്ന രീതി ധനകാര്യ വകുപ്പ് പ്രത്യേക ഉത്തരവുവഴി വിശദീകരിച്ചിട്ടുണ്ട്. സ്ഥാപനം നേരിട്ട് പ്രവൃത്തി നടത്തുമ്പോള്‍ നിര്‍മാണസാധനങ്ങള്‍ വാങ്ങുന്ന ബില്ലുകള്‍ കൃത്യമായി സൂക്ഷിക്കണം. തൊഴിലാളികളെ ജോലിക്കുവെച്ചാല്‍ മസ്റ്റര്‍ റോളില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം.

ചട്ടങ്ങളും നിബന്ധനകളും ഏറെയുണ്ടായിട്ടും സര്‍ക്കാറിന്റെ നിര്‍മാണപ്രവൃത്തികളില്‍ ഗുരുതരമായ വീഴ്ചകള്‍ പിന്നീട് കണ്ടെത്തുകയും അതു വലിയ വിവാദങ്ങള്‍ക്കുവരെ കാരണമാവുകയും ചെയ്യുന്നുണ്ട്.

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!