നാളികേര കര്‍ഷകര്‍ക്ക് താങ്ങാവാന്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണവുമായി മൂടാടി ബാങ്ക്

കൃഷ്ണ ജി.എന്‍.

രൂപം കൊണ്ടിട്ട് അര നൂറ്റാണ്ടിലേക്ക് അടുക്കുന്ന
മൂടാടി സഹകരണ ബാങ്കില്‍ 19,686 അംഗങ്ങളും
80 കോടി രൂപ പ്രവര്‍ത്തന മൂലധനവുമുണ്ട്.
നാളികേരത്തില്‍ നിന്നു വിവിധ മൂല്യവര്‍ധിത
ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു വിപണനം ചെയ്യാനും
മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍
സ്ഥാപിച്ച് സോളാര്‍ ഊര്‍ജത്തിലൂടെ ബാങ്കിന്റെ
ദൈനംദിന പ്രവര്‍ത്തനം നടത്താനും പരിപാടിയുണ്ട്.
പത്തു വര്‍ഷമായി ലാഭത്തിലാണു ബാങ്ക്.

 

അരനൂറ്റാണ്ടിനു മുമ്പു കോഴിക്കോട് മൂടാടിയിലും വീമംഗലത്തും പ്രവര്‍ത്തിച്ചുവന്ന രണ്ട് ഐക്യനാണയസംഘങ്ങള്‍ സംയോജിപ്പിച്ച് 1975 ലാണു മൂടാടി സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. 1927 ല്‍ രജിസ്റ്റര്‍ ചെയ്ത വീമംഗലം വിവിധോദ്ദേശ ഐക്യ നാണയസംഘവും ഇതേ കാലയളവില്‍ത്തന്നെയുളള മൂടാടി ഐക്യ നാണയസംഘവും ചേര്‍ന്ന് ആദ്യം സര്‍വീസ് സഹകരണസംഘങ്ങളായി മാറുകയും പിന്നീട് ഈ രണ്ട് സംഘങ്ങളും ചേര്‍ന്നു മൂടാടി സര്‍വീസ് സഹകരണ ബാങ്കായി മാറുകയുമാണുണ്ടായത്. വളരെയധികം പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്താണ് ഈ കാലയളവിലൂടെ ബാങ്ക് മുന്നോട്ടു നീങ്ങി വളര്‍ച്ചയിലേക്കുളള വഴിയില്‍ എത്തിയത്.

1975 ല്‍ 1204 മെമ്പര്‍മാരാണുണ്ടായിരുന്നത്. ജില്ലാ ബാങ്കില്‍നിന്നുളള വായ്പയടക്കം മൂന്നു ലക്ഷമായിരുന്നു പ്രവര്‍ത്തനമൂലധനം. 2023 മാര്‍ച്ചിലെ കണക്ക് പ്രകാരം ബാങ്കിന് 19,686 മെമ്പര്‍മാരും 80 കോടി രൂപ പ്രവര്‍ത്തനമൂലധനവുമുണ്ട്. 12,000 ഏ ക്ലാസ് മെമ്പര്‍മാര്‍തന്നെയുണ്ട്. പത്തു വര്‍ഷമായി ബാങ്ക് തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അംഗങ്ങള്‍ക്കു ലാഭവിഹിതവും നല്‍കുന്നുണ്ട്. ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് നിലവാരത്തിലേക്കു മൂടാടി സര്‍വീസ് സഹകരണ ബാങ്ക് വളര്‍ന്നിരിക്കുകയാണ്. ബാങ്ക് സ്ഥാപിതമായി അമ്പതു വര്‍ഷത്തോടടുക്കുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ബാങ്കിനായിട്ടുണ്ട്. മൂടാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റു ബാങ്കുകളുടെ അഞ്ചു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും നിക്ഷേപത്തിന്റെയും വായ്പാവിതരണത്തിന്റെയും കാര്യത്തില്‍ വലിയ മുന്നേറ്റം നേടാന്‍ മൂടാടി സഹകരണ ബാങ്കിനായിട്ടുണ്ടെന്നു പ്രസിഡന്റ് പി.വി. ഗംഗാധരനും സെക്രട്ടറി കെ.പി. ബിനേഷും പറഞ്ഞു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വായ്പക്കുടിശ്ശിക ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ലാഭത്തിന്റെ കണക്കാണു ബാങ്കിന് അവതരിപ്പിക്കാനുളളത്.

നന്തിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബാങ്കിനു ടൗണിന്റെ ഹൃദയഭാഗത്തു സ്വന്തമായി വാങ്ങിയ അഞ്ചു സെന്റ് സ്ഥലത്തു പുതിയ കെട്ടിടം നിര്‍മിച്ച് അതിലേക്കു മാറാനായത് 1997 ഏപ്രില്‍ പന്ത്രണ്ടിനാണ്. പിണറായി വിജയന്‍ സഹകരണമന്ത്രിയായിരിക്കെയാണു പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. നവീകരിച്ച കെട്ടിടവും ഓഡിറ്റോറിയവും 2008 ഒക്ടോബര്‍ പന്ത്രണ്ടിനു എസ്. ശര്‍മ സഹകരണമന്ത്രിയായിരിക്കെയാണ് ഉദ്ഘാടനം ചെയ്തത്.

തുടക്കം
1975 ല്‍

1975 ല്‍ ബാങ്കായി പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ കാട്ടുകോയത്ത് ഗോപാലന്‍ നായര്‍, എം.കെ. മുഹമ്മദ്, ടി.വി. അച്ചുതന്‍, സി.വി. ഗോപാലന്‍ മാസ്റ്റര്‍, കെ.വി. രാഘവന്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ ബാങ്കിന്റെ ഭരണസാരഥികളായി. നിലവില്‍ ബാങ്ക് പ്രസിഡന്റ് പി.വി. ഗംഗാധരനും വൈസ് പ്രസിഡന്റ് എ.വി. ബാലനുമാണ്. പി. നാരായണന്‍, ടി.പി. പുരുഷോത്തമന്‍, ചേനോത്ത് ഭാസ്‌കരന്‍, എന്‍. ശ്രീധരന്‍, എം.കെ. ലക്ഷ്മി, വി.കെ. മനോജ്, എന്‍. നൂറുന്നീസ, എ.കെ. ലീന എന്നിവരാണു മറ്റു ഡയറക്ടര്‍മാര്‍. കെ.പി. ബിനേഷാണു സെക്രട്ടറി. നന്തി ബസാറിലാണു ബാങ്കിന്റെ ഹെഡ് ഓഫീസ്. കൂടാതെ മൂടാടിയിലും ഇപ്പോള്‍ മുചുകുന്നിലും ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂടാടി ശാഖയുടെ മാനേജര്‍ ആര്‍.പി.കെ. രാജീവനും മുചുകുന്ന് ശാഖാ മാനേജര്‍ ബാബുവുമാണ്.

മറ്റു ബാങ്കുകള്‍ ലാഭകരമല്ലെന്നു മുദ്രകുത്തി നിര്‍ത്തലാക്കിയ ദൈനംദിന നിക്ഷേപപദ്ധതി, സ്ഥിരം നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കു വായ്പാപദ്ധതി, കാര്‍ഷിക ബിസിനസ്‌വായ്പകള്‍, വാഹനവായ്പ എന്നിവ ബാങ്ക് നടപ്പാക്കിവരുന്നു. നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലയില്‍ നല്‍കുന്ന മുചുകുന്നിലെ നീതി സൂപ്പര്‍ മാര്‍ക്കറ്റ്, വളം ഡിപ്പോ എന്നിവ മുടാടി സഹകരണ ബാങ്കിന്റെ പ്രധാന സംരംഭങ്ങളാണ്. നിക്ഷേപങ്ങള്‍ക്ക് 8.75 ശതമാനംവരെ പലിശ, 25 ലക്ഷം രൂപ വരെ വിവിധ തരം വായ്പകള്‍, ലിങ്കേജ് വായ്പ 10 ലക്ഷം രൂപ വരെ, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു പരസ്പരജാമ്യത്തില്‍ ഒരു ലക്ഷം രൂപ വരെ മിതമായ പലിശനിരക്കില്‍ വായ്പ, കാര്‍ഷികവായ്പ, ലളിതമായ വ്യവസ്ഥയില്‍ വാഹനവായ്പ, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു സംരംഭകത്വവായ്പകള്‍ എന്നിവ ബാങ്ക് അനുവദിക്കാറുണ്ട്. ലോക്കര്‍ സൗകര്യവും ആര്‍.ടി.ജി.എസ്, നെഫ്റ്റ് സൗകര്യങ്ങളുമുണ്ട്.

തേങ്ങാഉല്‍പ്പന്ന
യൂണിറ്റ്

നാളികേരത്തില്‍നിന്നു വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു വിപണനം ചെയ്യാനുളള ഒരു സ്ഥാപനം ബാങ്ക് മൂടാടിയില്‍ ഉടന്‍ ആരംഭിക്കുമെന്നു പ്രസിഡന്റ് പറഞ്ഞു. കര്‍ഷകര്‍ കൊണ്ടുവരുന്ന പച്ചത്തേങ്ങയ്ക്കു മെച്ചപ്പെട്ട വില നല്‍കാന്‍ ഈ പദ്ധതിവഴി ബാങ്കിനു കഴിയും. മൂടാടി ഹില്‍ബസാര്‍ റോഡില്‍ 35 സെന്റ് സ്ഥലം നാളികേര മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണയൂണിറ്റ് തുടങ്ങാന്‍ വാങ്ങിയിട്ടുണ്ട്. കമ്പനി സ്ഥാപിക്കാന്‍ കേരള ബാങ്കിനു ലോണ്‍ അപേക്ഷ കൊടുത്തുകഴിഞ്ഞു. പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് നബാര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.ഏകദേശം അഞ്ചു കോടി രൂപയാണു പദ്ധതിയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കിയത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ 40 പേര്‍ക്കു നേരിട്ടും ഒട്ടനവധി പേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കാനാവുമെന്നാണു പ്രതീക്ഷ. കര്‍ഷകരില്‍ നിന്നു നേരിട്ട് പച്ചത്തേങ്ങ സംഭരിക്കുന്നതിലൂടെ അവര്‍ക്കു വിപണിയില്‍ നിന്നു ലഭിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ട വില കിട്ടും. വെളിച്ചെണ്ണ, തേങ്ങാപ്പൊടി, തേങ്ങപ്പാല്‍, തേങ്ങവെളളം കൊണ്ട് ലഘുപാനീയം, സര്‍ബത്ത്, മറ്റു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉണ്ടാക്കും. അടുത്ത ഘട്ടത്തില്‍ ബാങ്കിന്റെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് സോളാര്‍ ഊര്‍ജത്തിലൂടെ ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനാണു നീക്കം. കാര്‍ഷിക-ടൂറിസം മേഖലയിലേക്കും കടക്കാന്‍ ബാങ്ക് ആലോചിക്കുന്നുണ്ടെന്നു പ്രസിഡന്റ് പറഞ്ഞു.

12 സ്ഥിരം ജീവനക്കാരും ഏഴു ഡെയ്‌ലി കളക്ഷന്‍ ജീവനക്കാരും ബാങ്കിനുണ്ട്. നന്തിയെക്കൂടാതെ മൂടാടി, മുചുകുന്ന് ശാഖകളിലും ലോക്കര്‍ സൗകര്യമുണ്ട്. മെമ്പര്‍മാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവരെ ബാങ്ക് അനുമോദിച്ചിരുന്നു. കോവിഡ്, പ്രളയകാലങ്ങളിലും ബാങ്ക് സമൂഹസേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

മുചുകുന്നില്‍ പുതിയ ശാഖ

മൂടാടി സഹകരണ ബാങ്ക് മുചുകുന്നില്‍ തുടങ്ങിയ മൂന്നാമതു ശാഖ കാനത്തില്‍ ജമീല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ആദ്യ സ്ഥിരനിക്ഷേപം അഫറുദ്ദീനില്‍നിന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ജീവാനന്ദന്‍ ഏറ്റുവാങ്ങി. ആദ്യ സേവിംഗ്സ് ബാങ്ക്‌നിക്ഷേപം പുളിയോത്ത് ഷിജിലയില്‍നിന്നു സഹകരണ സംഘം പയ്യോളി യൂനിറ്റ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ സ്വീകരിച്ചു. ലോക്കര്‍ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദനും കുടുംബശ്രീ ലിങ്കേജ് വായ്പാവിതരണം സൂര്യ കുടുംബശ്രീക്കു നല്‍കി കെ.പി. ലതയും നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടരി കെ.പി. ബിനേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി. ഗംഗാധരന്‍, വൈസ് പ്രസിഡന്റ് എ.വി. ബാലന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം ചൈത്ര വിജയന്‍, സുനിത, ലതിക, കെ. സത്യന്‍, വി.പി. ഭാസ്‌കരന്‍, രജീഷ് മാണിക്കോത്ത്, സന്തോഷ് കുന്നുമ്മല്‍, പി.എം.ബി. നടേരി, ബാലകൃഷ്ണന്‍ നെല്ലിമഠത്തില്‍, ശ്രീനിവാസന്‍ കിഴക്കേടത്ത് എന്നിവര്‍ സംസാരിച്ചു.

 

                                        (മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published.