ക്ഷീരമേഖലയില്‍ വനിതകള്‍ ശക്തരാകട്ടെ

moonamvazhi

(2020 ഏപ്രില്‍ ലക്കം)

കേരളത്തില്‍ ക്ഷീരോല്‍പ്പാദന മേഖലയില്‍ സജീവ പങ്കാളിത്തം വഹിക്കുന്നത് വനിതകളാണ്. എന്നാല്‍, ക്ഷീര സംഘങ്ങളില്‍ പുരുഷന്മാരുടെ പേരിലാണ് ഭൂരിഭാഗവും പാലളക്കുന്നത്. സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷീര സഹകരണ സംഘങ്ങളുടെ എണ്ണം 3647. ഇവയില്‍ വനിതാ സംഘങ്ങള്‍ 65 എണ്ണം മാത്രം. അതായത്, 2.2 ശതമാനം. വനിതാ കര്‍ഷകര്‍ ഒരു ദിവസം ശരാശരി നാലു മുതല്‍ നാലര മണിക്കൂര്‍ വരെയാണ് പശുവളര്‍ത്തലില്‍ ഏര്‍പ്പെടുന്നത്. പുരുഷന്മാര്‍ ചെലവഴിക്കുന്ന സമയം ഇതിലും ഒരു മണിക്കൂര്‍ കുറവാണ്. ശരാശരി മൂന്നു മുതല്‍ മൂന്നര മണിക്കൂര്‍ മാത്രമേ പുരുഷന്മാര്‍ പശുവളര്‍ത്തലിന് സമയം കണ്ടെത്തുന്നുള്ളൂ. ക്ഷീര സഹകരണ മേഖല വനിതകളുടെ സാമ്പത്തിക, സാമൂഹിക ഉന്നമനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. വനിതകളുടെ വരുമാനം പൂര്‍ണമായും കുടുംബത്തിലേക്കെത്തും എന്നതുതന്നെ പ്രധാന കാരണം. മാത്രവുമല്ല, അവര്‍ ശരിയായ ആവശ്യങ്ങള്‍ക്കു മാത്രമേ കിട്ടുന്ന പണം ചെലവഴിക്കുകയുമുള്ളു. ഈ തരത്തിലെല്ലാം വനിതകള്‍ ക്ഷീരോല്‍പ്പാദന മേഖലയില്‍ തങ്ങളുടെ സാന്നിധ്യം സജീവമായി നിലനിര്‍ത്തുന്നുണ്ടെങ്കിലും അവര്‍ക്ക് അതിനുള്ള അംഗീകാരം കിട്ടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ക്ഷീര സഹകരണ സംഘങ്ങളിലെ നേതൃസ്ഥാനങ്ങളില്‍ വനിതകളുടെ സാന്നിധ്യം നന്നേ കുറവാണ്. വനിതകളുടെ പിന്നോക്കാവസ്ഥയ്ക്ക് കാതലായ മാറ്റം വന്നാലേ നമ്മള്‍ ലക്ഷ്യം വെച്ചിട്ടുള്ള സ്ത്രീശാക്തീകരണം സാധ്യമാവൂ എന്നാണ് ഈയിടെ ക്ഷീര വികസന വകുപ്പ് കേരളത്തില്‍ നടത്തിയ വനിതാ ക്ഷീരകര്‍ഷക സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്.

വനിതാ പ്രസിഡന്റുമാര്‍ നാമമാത്രം

കേരളത്തില്‍ 27 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ സ്വയം തൊഴിലിനായി ക്ഷീര വികസന- മൃഗ സംരക്ഷണ മേഖലയെയാണ് ആശ്രയിക്കുന്നത്. ചെറുകിട ക്ഷീര കര്‍ഷകരും നാമമാത്ര കര്‍ഷകത്തൊഴിലാളികളും വനിതകളുമാണ് പ്രധാനമായും ക്ഷീരസംഘങ്ങളിലുള്ളത്. വനിതകള്‍ക്ക് തൊഴിലും ഉപജീവനവും ഉറപ്പാക്കുന്നതില്‍ ക്ഷീര മേഖല മുഖ്യ പങ്ക് വഹിക്കുന്നു. വനിതകളുടെ ആധിപത്യം ഉറപ്പാക്കുന്ന അപൂര്‍വം മേഖലകളിലൊന്നാണിത്. വീട്ടുജോലിയോടൊപ്പം ഏര്‍പ്പെടാവുന്ന ഏറ്റവും അനുയോജ്യമായ തൊഴിലാണ് പശുവളര്‍ത്തല്‍. എന്നാല്‍, അവരുടെ കഴിവിനെ നമ്മള്‍ എത്രമാത്രം അംഗീകരിക്കുന്നു എന്നതാണ് പ്രശ്നം. കേരളത്തിലെ 3647 ക്ഷീര സഹകരണ സംഘങ്ങളില്‍ 5.7 ശതമാനം സംഘങ്ങളില്‍ മാത്രമാണ് വനിതകള്‍ പ്രസിഡന്റുമാരായിട്ടുള്ളത് എന്നു സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വനിതാ വൈസ് പ്രസിഡന്റുമാരുടെ എണ്ണത്തില്‍ സ്ഥിതി അല്‍പ്പം മെച്ചമാണ്. 16.2 ശതമാനം. അതേസമയം, സെക്രട്ടറിമാരുടെ എണ്ണത്തില്‍ ക്ഷീരസംഘങ്ങള്‍ എത്രയോ മുന്നിലാണ്. 68.3 ശതമാനം സംഘങ്ങളിലും വനിതകളാണ് സെക്രട്ടറിമാര്‍.

ഭരണ സാരഥ്യം വഹിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ചില ശുപാര്‍ശകള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെക്കുന്നുണ്ട്. ക്ഷീര സഹകരണ സംഘങ്ങളിലെ ഭരണ സമിതിയില്‍ വനിതകള്‍ക്ക് 40 ശതമാനം സംവരണം ഏര്‍പ്പെടുത്തുക എന്നതാണ് പ്രധാന ശുപാര്‍ശ. ( ഇപ്പോള്‍ 33 ശതമാനമാണ് സംഘങ്ങളിലെ വനിതാ സംവരണം. എന്നാല്‍, ക്ഷീരസംഘങ്ങളിലെ ഭരണ സമിതിയില്‍ സ്ത്രീ പ്രാതിനിധ്യം 38.5 ശതമാനത്തോളമുണ്ട് ). അതുപോലെ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളില്‍ ഏതെങ്കിലുമൊന്ന് വനിതകള്‍ക്ക് നല്‍കണമെന്നും പഠന റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ക്ഷീരസംഘങ്ങളില്‍ ഓരോ പത്തു വര്‍ഷം കൂടുമ്പോഴും പ്രസിഡന്റു പദവി വനിതകള്‍ക്കായി സംവരണം ചെയ്യണമെന്നതാണ് മറ്റൊരു ശുപാര്‍ശ. എല്ലാ ക്ഷീര സംഘങ്ങളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഉണ്ടാകത്തക്കവിധം നിയമനിര്‍മാണം നടത്തേണ്ടതിന്റെ അനിവാര്യതയും സര്‍വേ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

പകുതിപ്പേരും പത്താം ക്ലാസിനു താഴെ

ആറു മാസം കൊണ്ട് പൂര്‍ത്തിയായ ഈ സര്‍വേ കേരളത്തിലെ വനിതാ ക്ഷീര കര്‍ഷകരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പദവികളുടെ സമഗ്രചിത്രം തന്നെ നല്‍കുന്നുണ്ട്. വനിതാ ക്ഷീരോല്‍പ്പാദകരുടെ പങ്കാളിത്തത്തെക്കുറിച്ച് വിശദമായ പഠനം നടത്തേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിനും വകുപ്പിനും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ ആമുഖമായി പറയുന്നുണ്ട്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്രത്യേക താല്‍പ്പര്യവും ഇതിനു പിന്നിലുണ്ട്. വനിതാ ക്ഷീര കര്‍ഷകരുടെ സാമൂഹിക, സാമ്പത്തികാവസ്ഥ, പശുവളര്‍ത്തലിലുള്ള പങ്കാളിത്തം, ഭരണ സാരഥ്യം, വകുപ്പിന്റെ ഇടപെടലുകള്‍, ക്ഷീരമേഖലയിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സഹകരണ മേഖലയില്‍ സജീവമായി ബന്ധപ്പെടുന്ന മുഴുവന്‍ വനിതാ ക്ഷീര കര്‍ഷകരില്‍ നിന്നും ക്ഷീര സംഘങ്ങളുടെ സഹകരണത്തോടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്. നിലവിലുള്ള പദ്ധതികള്‍ മെച്ചപ്പെടുത്തുക, പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുക, സഹകരണ മേഖലയിലൂടെ കൂടുതല്‍ വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരിക തുടങ്ങിയവയാണ് പഠനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

82,000 വനിതാ ക്ഷീര കര്‍ഷകരെയാണ് സര്‍വേ സംഘം സമീപിച്ചത്. കേരളത്തിലെ വനിതാ ക്ഷീര കര്‍ഷകരില്‍ ഒന്നോ രണ്ടോ പശുക്കളുള്ളവരാണ് കൂടുതല്‍ ( 76.8 ശതമാനം ) എന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. 19.6 ശതമാനം പേര്‍ക്ക് മൂന്നു മുതല്‍ അഞ്ചു പശുക്കള്‍ വരെയുണ്ട്. അഞ്ചു പശുക്കളില്‍ കൂടുതലുള്ളവര്‍ വളരെക്കുറവാണ്. 3.6 ശതമാനം മാത്രം. വ്യാവസായികാടിസ്ഥാനത്തില്‍ പശുവിനെ വളര്‍ത്തുന്ന വനിതകളുടെ എണ്ണം വളരെ കുറവാണെന്ന് സര്‍വേയില്‍ കണ്ടെത്തി. വനിതാ ക്ഷീര കര്‍ഷകരില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ 51.5 ശതമാനമാണ്. ഇത്തരക്കാര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. 71.13 ശതമാനം. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള വനിതാ ക്ഷീര കര്‍ഷകര്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. വനിതാ ക്ഷീര കര്‍ഷകരില്‍ പകുതിപ്പേര്‍ക്കും പത്താം ക്ലാസിനു താഴെയാണ് വിദ്യാഭ്യാസം. ഇത്തരക്കാര്‍ 50.3 ശതമാനം വരും. പത്താം ക്ലാസ് പാസായവര്‍ 32.6 ശതമാനമാണ്. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ 4.1 ശതമാനം മാത്രം.

ചെറുപ്പക്കാര്‍ കുറവ്

പശുവളര്‍ത്തല്‍ തൊഴിലായി സ്വീകരിച്ചിട്ടുള്ള വനിതകളില്‍ 22.9 ശതമാനം പേര്‍ക്കും 60 വയസ്സിനു മുകളിലാണ് പ്രായം. 18 മുതല്‍ 40 വയസ്സുവരെയുള്ള ചെറുപ്പക്കാരികളുടെ എണ്ണം 12.8 ശതമാനമാണ്. വനിതാ ക്ഷീര കര്‍ഷകരില്‍ 97.4 ശതമാനം പേരും വിവാഹിതരാണ്. വിവാഹിതരായ ക്ഷീര കര്‍ഷകര്‍ ഏറ്റവും കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ്. 96.77 ശതമാനം. കുറവ് മലപ്പുറം ജില്ലയിലും. 94.31 ശതമാനം. മൊത്തം വനിതാ കര്‍ഷകരില്‍ 59.3 ശതമാനം പേരും കുടുംബനാഥകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ആലപ്പുഴ ജില്ലയിലാണ് കുടുംബനാഥകളായ കര്‍ഷകര്‍ കൂടുതലുള്ളത്.

സംസ്ഥാനത്തെ വനിതാ ക്ഷീര കര്‍ഷകരില്‍ 99.2 ശതമാനം പേരും ബാങ്ക് അക്കൗണ്ടുള്ളവരാണ്. മുഴുവന്‍ പേര്‍ക്കും ആധാറുണ്ട്. കുടുംബശ്രീയില്‍ അംഗത്വമുള്ള വനിതാ കര്‍ഷകര്‍ 55.4 ശതമാനമാണ്. ഈ വിഭാഗത്തില്‍ കൂടുതല്‍ പേരുള്ളത് കാസര്‍കോട് ജില്ലയിലാണ്. 73.76 ശതമാനം. കുറവ് കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ്. സാമൂഹികാവസ്ഥ പരിഗണിച്ചാല്‍ വനിതാ ക്ഷീര കര്‍ഷകരില്‍ 65.6 ശതമാനം പേരും പൊതുവിഭാഗത്തില്‍പ്പെടുന്നവരാണ്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ 26.8 ശതമാനം വരും. പട്ടികജാതി, പട്ടിക വിഭാഗക്കാര്‍ 7.7 ശതമാനം.

ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്ന കാര്യത്തില്‍ വനിതകള്‍ പിറകിലാണെന്നാണ് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 38.94 ശതമാനം പേര്‍ മാത്രമേ ക്ഷേമനിധിയില്‍ ചേര്‍ന്നിട്ടുള്ളു. ഇവരില്‍ത്തന്നെ 3.1 ശതമാനം പേര്‍ക്കു മാത്രമേ ഇപ്പോള്‍ പെന്‍ഷന്‍ കിട്ടുന്നുള്ളു.

ഭരണ സാരഥികളെ വിരലിലെണ്ണാം

ഭരണ നേതൃത്വത്തിലെത്തുന്ന വനിതാ ക്ഷീര കര്‍ഷകരുടെ എണ്ണം നാമമാത്രമാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവര്‍ക്ക് ബാലികേറാമലയാണ്. 1.1 ശതമാനം വനിതാ ക്ഷീര കര്‍ഷകര്‍ക്കു മാത്രമേ തദ്ദേശ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളാവാന്‍ ഇതുവരെ കഴിഞ്ഞിട്ടുള്ളു. ഇതില്‍ കൂടുതല്‍ പേര്‍ക്ക് അവസരം കിട്ടിയിട്ടുള്ളത് പാലക്കാട് ജില്ലയിലാണ്. ക്ഷീരസംഘങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ പാലളക്കുന്നത് വനിതകളാണെങ്കിലും സംഘങ്ങളുടെ നേതൃസ്ഥാനത്തു വരാന്‍ ഇവര്‍ക്കു കഴിയുന്നില്ല. പാലളക്കുന്ന വനിതകളില്‍ 9.6 ശതമാനം പേര്‍ക്കേ ഭരണസാരഥ്യം കിട്ടിയിട്ടുള്ളു. അതുപോലെ സ്ഥിരം ജീവനക്കാരുടെ കാര്യത്തിലും വനിതകള്‍ പിറകിലാണ്. സംസ്ഥാനത്തെ ക്ഷീരസംഘങ്ങളില്‍ 15.8 ശതമാനം വനിതകള്‍ മാത്രമാണ് സ്ഥിരം ജീവനക്കാരായിട്ടുള്ളത്. അതേസമയം, താത്ക്കാലിക ജീവനക്കാര്‍ 57.7 ശതമാനം വരും.

യുവതലമുറ പിന്നോട്ട്

ക്ഷീരോല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വനിതകളില്‍ യുവതലമുറയുടെ സാന്നിധ്യം വളരെ കുറവാണ്. 12.2 ശതമാനം മാത്രമാണ് യുവകര്‍ഷകര്‍. ഇത് ഉയരാനിടയില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ ഭാവിയില്‍ വനിതാ ക്ഷീര കര്‍ഷകരുടെ എണ്ണം വളരെ കുറയാനാണ് സാധ്യത. പശുവളര്‍ത്തല്‍ വഴി ഉപജീവനം കണ്ടെത്തുന്നവരുടെ എണ്ണം ഗണ്യമായി ഇടിയുമെന്നര്‍ഥം. പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിട്ടുള്ള വനിതകളില്‍ 51.5 ശതമാനം പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. ഇവരില്‍ത്തന്നെ 34.5 ശതമാനം പേരും പിന്നോക്ക, പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ടവരാണ്. ഇത്തരക്കാരുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിനും വനിതാ ശാക്തീകരണത്തിനും വേണ്ടിയുള്ള പദ്ധതികളില്‍ ക്ഷീരവികസന, മൃഗസംരക്ഷണ മേഖലകള്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കേണ്ടതാണെന്ന് സര്‍വേ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. കുടുംബശ്രീയില്‍ അംഗങ്ങളാണ് 55.4 ശതമാനം പേരും. ക്ഷീരമേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ സാന്നിധ്യമാണ് ഇത് സൂചിപ്പിക്കുന്നത്. 76.8 ശതമാനം വനിതാ കര്‍ഷകര്‍ക്കും ഒന്നോ രണ്ടോ പശുക്കള്‍ മാത്രമേയുള്ളു. അതിനാല്‍ പശുവളര്‍ത്തലില്‍ നിന്ന് ഇവര്‍ക്ക് കിട്ടുന്ന വരുമാനം വളരെ കുറവാണ്. ഈ വിഭാഗത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തേണ്ടതാണെന്ന് സര്‍വേ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ബഹുഭൂരിപക്ഷത്തിനും പശുവളര്‍ത്തല്‍ പൂര്‍ണമായും കുടുംബക്കൃഷിയാണ്. അതുകാരണം ഇവരൊന്നും ഫാമില്‍ പണിക്കു തൊഴിലാളികളെ നിര്‍ത്താറില്ല. വനിതാ ക്ഷീര കര്‍ഷകരില്‍ 1.8 ശതമാനം മാത്രമാണ് പണിക്കാരെ വെച്ച് ജോലി ചെയ്യിക്കുന്നത്.

പശുവളര്‍ത്തല്‍ പ്രധാന വരുമാന മാര്‍ഗം

ഗ്രാമീണ മേഖലയില്‍ ധാരാളം വനിതകള്‍ പശുവളര്‍ത്തലിലൂടെ മുഖ്യ വരുമാനം കണ്ടെത്തുന്നു . 90.5 ശതമാനം വനിതാ കര്‍ഷകരുടെയും പ്രധാന വരുമാനം കാലി വളര്‍ത്തലില്‍ നിന്നാണ് കിട്ടുന്നത്. അതിനാല്‍, പശുവളര്‍ത്തലിനെ ഉപവരുമാനമായല്ല പ്രധാന വരുമാനമായാണ് പരിഗണിക്കേണ്ടത് എന്നാണ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്. 49.9 ശതമാനം വനിതാ കര്‍ഷകര്‍ക്കും പശുവളര്‍ത്തലും കൃഷിയും പരസ്പര പൂരകങ്ങളാണ്. കാരണം, കൃഷിയുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്ന് അവര്‍ അധിക വരുമാനം കണ്ടെത്തുന്നുണ്ട്.

ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന മൊത്തം ക്ഷീരോല്‍പ്പാദകരില്‍ 32.2 ശതമാനം വനിതകളാണ്. പശുവളര്‍ത്തലിലും കൂടുതലായുള്ളത് വനിതകളാണ്. ഇതിനാല്‍ത്തന്നെ ക്ഷീരസംഘങ്ങളില്‍ വനിതാ ക്ഷീരോല്‍പ്പാദകര്‍ക്ക് അംഗത്വം നല്‍കുന്നതില്‍ സഹകരണ ക്ഷീരമേഖല പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാവുന്നത്. വനിതാ ക്ഷീരോല്‍പ്പാദകരില്‍ 87.4 ശതമാനം പേര്‍ക്കും സംഘങ്ങളില്‍ അംഗത്വം കിട്ടിയിട്ടുണ്ട്. ഇവരില്‍ 64.3 ശതമാനം പേരും സജീവാംഗങ്ങളാണ്.

തൊഴിലവസരം കൂടുതല്‍

സഹകരണ ക്ഷീരമേഖലയില്‍ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ക്ഷീരസംഘം ജീവനക്കാരില്‍ 68.3 ശതമാനം സെക്രട്ടറിമാരും വനിതകളാണ്. 84.2 ശതമാനം സ്ഥിരം ജീവനക്കാരും 57.7 ശതമാനം താല്‍ക്കാലിക ജീവനക്കാരും വനിതകളാണ്. ഈ നിലയ്ക്ക് നോക്കുമ്പോള്‍, ക്ഷീരസംഘങ്ങളിലൂടെ വനിതകള്‍ക്ക് തൊഴിലും വരുമാനവും സാമൂഹിക പദവിയും കൈവരിക്കാന്‍ കഴിയുന്നുണ്ട്. കുറഞ്ഞ വേതനവും ദുര്‍ബലമായ സേവന വ്യവസ്ഥകളും കാരണമാണ് കൂടുതല്‍ സ്ത്രീകള്‍ ഈ മേഖലയില്‍ ജോലിക്കായി വരാത്തത് എന്നാണ് പഠനത്തിലെ നിഗമനം.

ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ 72.1 ശതമാനവും ക്ഷീര സഹകരണ സംഘങ്ങളാണ് ശേഖരിക്കുന്നത്. ഈ മേഖലയിലൂടെ പാല്‍ സംഭരണം വര്‍ധിപ്പിക്കാന്‍ വനിതകള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്താനാകുമെന്ന് പഠനം വിലയിരുത്തുന്നു. പാലിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിലും വനിതകള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. കാരണം, ക്ഷീര സംഘങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ 97.8 ശതമാനവും ശരാശരിയോ അതിനു മുകളിലോ നിലവാരമുള്ളതാണ്. ഇത് സാധ്യമാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ക്ഷീര കര്‍ഷക കുടുംബങ്ങളിലെ വനിതകളെ ബോധവത്കരിക്കുന്നതിലൂടെ പാലിന്റെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്ന് പഠനം നിര്‍ദേശിക്കുന്നു.

പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍

പശുവളര്‍ത്തലില്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാന പ്രശ്നങ്ങളായി എടുത്തു പറയുന്നത് ഇരുപതെണ്ണമാണ്. ഏറ്റവും കൂടുതല്‍ വനിതകള്‍ ( 55.6 ശതമാനം ) ചൂണ്ടിക്കാണിച്ചിട്ടുള്ള പ്രശ്നം കാലിത്തീറ്റയുടെ ക്രമാതീതമായ വില വര്‍ധന തന്നെ. ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവാണ് രണ്ടാമത്തെ വലിയ പ്രശ്നം. പശുവളര്‍ത്തല്‍ നഷ്ടമാണെന്നതാണ് മൂന്നാമത്തെ പ്രശ്നം. വര്‍ധിച്ച കൂലിച്ചെലവ്, ഉയര്‍ന്ന ചികിത്സച്ചെലവ്, തീറ്റപ്പുല്‍ ക്ഷാമം, മൃഗചികിത്സയിലെ കാലതാമസം, കറവക്കാരുടെ കുറവ്, സംഘങ്ങളില്‍ പാല്‍ എത്തിക്കാനുള്ള പ്രയാസം, സംഘങ്ങളുടെ പാല്‍ സംഭരണ സമയം, ശുദ്ധജലത്തിന്റെ അഭാവം, ഫാം ലൈസന്‍സില്ലാത്തത്, പരിസര മലിനീകരണം, ഫണ്ടിന്റെ അപര്യാപ്തത, കര്‍ഷകന്റെ താല്‍പ്പര്യ പ്രകാരമുള്ള ബീജം കിട്ടായ്മ, യുവതലമുറയുടെ വിമുഖത, തൊഴുത്ത് ഇല്ലാത്തത്, ചാണകവും മൂത്രവും സംഭരിക്കുന്നതിനുള്ള അസൗകര്യം, സ്ഥലപരിമിതി, മൃഗചികിത്സ കിട്ടാത്തത് എന്നിവയാണ് പഠനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള മറ്റ് പ്രശ്നങ്ങള്‍.

തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നതിനെക്കുറിച്ചും വനിതാ ക്ഷീര കര്‍ഷകര്‍ക്ക് ധാരണയുണ്ട്. ക്ഷീരോല്‍പ്പാദന രംഗത്ത് അധികൃതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അവര്‍ ഓരോന്നായി എടുത്തു പറയുന്നുണ്ട്. മിക്കവരും ഉന്നയിച്ച പ്രധാന ആവശ്യം കാലിത്തീറ്റയുടെ വില കുറയ്ക്കുക എന്നതു തന്നെയാണ്. കാലിത്തീറ്റ സബ്സിഡി വര്‍ധിപ്പിക്കുക, പാലിനുള്ള ഇന്‍സെന്റീവ് വര്‍ധിപ്പിക്കുക, ഈ ഇന്‍സെന്റീവ് വര്‍ഷം മുഴുവന്‍ നല്‍കുക, ഉല്‍പ്പാദനക്ഷമത കൂടിയ പശുക്കളെ കിട്ടുമാറാക്കുക, സൗജന്യമായി മരുന്നുകള്‍ നല്‍കുക , മൃഗചികിത്സാ സൗകര്യവും കൃത്രിമ ബീജവും വീട്ടുപടിക്കല്‍ എത്തിക്കുക, സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കുക, കൂടുതല്‍ സ്വയംതൊഴില്‍ പദ്ധതി ആവിഷ്‌കരിക്കുക, വായ്പാ പദ്ധതികള്‍ നടപ്പാക്കുക, കൃത്യമായ പാല്‍ പരിശോധനയും വിലനിര്‍ണയവും ഉറപ്പു വരുത്തുക, വീട്ടുപടിക്കല്‍ത്തന്നെ പാല്‍ അളക്കാനുള്ള സംവിധാനമുണ്ടാക്കുക, തീറ്റപ്പുല്‍ക്കൃഷിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക, സംഘം മുഖേന കറവക്കാരെ നിയമിക്കുക , പാല്‍ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മൊബൈല്‍ സംഭരണ സംവിധാനം ഏര്‍പ്പെടുത്തുക, കൂടുതല്‍ സബ് സെന്ററുകള്‍ തുറക്കുക തുടങ്ങിയവയാണ് വനിതാ ക്ഷീര കര്‍ഷകര്‍ മുന്നോട്ടുവെച്ചിട്ടുള്ള മറ്റാവശ്യങ്ങള്‍.

വനിതാ ക്ഷീരസംഘങ്ങള്‍ക്ക് മുന്തിയ പരിഗണന

ക്ഷീരോല്‍പ്പാദന രംഗത്തേക്ക് വനിതകളെ കൂടുതലായി ആകര്‍ഷിക്കാനും നിലവിലുള്ള വനിതാ ക്ഷീര സംഘങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും പഠനം നടത്തിയ സമിതി ഒട്ടേറെ ശുപാര്‍ശകള്‍ സര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ട്. ശുപാര്‍ശകള്‍ ഇവയാണ് :

1. വനിതാ ക്ഷീരസംഘങ്ങളുടെ രൂപവത്കരണത്തിന് മുന്തിയ പ്രാധാന്യം നല്‍കുക
2. വനിതകളായ യുവകര്‍ഷകരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സംയോജിത പശുവളര്‍ത്തലിനെക്കുറിച്ച് ഇവര്‍ക്ക് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. പശുവളര്‍ത്തല്‍ സാങ്കേതികമായി തൊഴിലായി പരിഗണിച്ച് വനിതാ കര്‍ഷകരുടെ സാമൂഹിക പദവി മെച്ചപ്പെടുത്താന്‍ അനുബന്ധ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണം. വാര്‍ഡ് മുതല്‍ സംസ്ഥാനതലം വരെ മികച്ച വനിതാ കര്‍ഷകരെ ആദരിക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനം ഏറ്റെടുക്കാവുന്നതാണ്.
3. കുടുംബനാഥകളായിട്ടുള്ള വനിതകള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാം. ഈ വിഭാഗങ്ങളെ സൗജന്യമായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കാവുന്നതാണ്.
4. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരും പശുവളര്‍ത്തലില്‍ തല്‍പ്പരരുമായ വനിതകള്‍ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള യന്ത്രവല്‍കൃത ചെറുകിട ഡെയറി ഫാമുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക പ്രോത്സാഹനം നല്‍കാവുന്നതാണ്. കൂടാതെ, സ്വയംതൊഴില്‍ പദ്ധതി എന്ന നിലയില്‍ പിന്നോക്ക, പട്ടികജാതി, പട്ടികവര്‍ഗക്കാരായ വനിതകളുടെ ഉപജീവനത്തിനും ഭക്ഷ്യ സുരക്ഷക്കുമായി മൂന്നു പശുക്കള്‍ വരെയുള്ള സംയോജിത പശുവളര്‍ത്തല്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കാവുന്നതാണ്. കുറഞ്ഞ വരുമാനക്കാരായ വനിതകള്‍ക്കും കുടുംബശ്രീ മുഖേന ഈ പദ്ധതി നടപ്പാക്കാവുന്നതാണ്.
5. വനിതാ ക്ഷീര കര്‍ഷകരുടെ വീടുകളിലെ വര്‍ഗഗുണമുള്ള കന്നുകുട്ടികളെ പ്രസവം മുതല്‍ ദത്തെടുത്ത് പശുക്കളായി മാറ്റാനുള്ള പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. ഇതോടൊപ്പം, വനിതകളുടെ നേതൃത്വത്തിലുള്ള കിടാരി വളര്‍ത്തല്‍ യൂണിറ്റുകള്‍ ആരംഭിക്കാവുന്നതാണ്.
6. ക്ഷീര സംഘത്തില്‍ പാലളക്കുന്ന, നിശ്ചിത യോഗ്യതയുള്ള മുഴുവന്‍ വനിതകളെയും ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളാക്കുന്നതിന് പ്രത്യേക കര്‍മ പരിപാടി ആവിഷ്‌കരിച്ച് ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, ക്ഷീരവികസന വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടപ്പാക്കണം. കൂടാതെ, ക്ഷീര കര്‍ഷക ക്ഷേമനിധിയുടെ ആനുകൂല്യങ്ങള്‍ വനിതാ ക്ഷീര കര്‍ഷകര്‍ക്ക് യഥാസമയം കിട്ടുന്നു എന്നുറപ്പാക്കുകയും വേണം.
7. ക്ഷീരസംഘങ്ങളില്‍ ഓരോ പത്തു വര്‍ഷം കൂടുമ്പോഴും പ്രസിഡന്റുസ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്യാവുന്നതാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളുള്ള സംഘങ്ങളില്‍ മേല്‍പ്പറഞ്ഞ നിബന്ധനയോടൊപ്പം ഒരാള്‍ വനിതയായിരിക്കണം എന്നു നിഷ്‌കര്‍ഷിക്കണം.
8. എല്ലാ ക്ഷീരസംഘങ്ങളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഉണ്ടാകത്തക്കവിധം നിയമനിര്‍മാണം അനിവാര്യമാണ്. ഇതില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ എല്ലായ്പ്പോഴും വനിതകള്‍ക്ക് സംവരണം ചെയ്യണം.
9. ക്ഷീര സഹകരണ സംഘങ്ങളുടെ ഭരണ സമിതിയില്‍ വനിതകള്‍ക്ക് 40 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യാവുന്നതാണ്. ഇതിനായി ഭരണ സമിതിയിലെ വനിതകളുടെ അംഗസംഖ്യ മൂന്നില്‍ നിന്ന് നാലാക്കാവുന്നതാണ്.
10. ക്ഷീരസംഘങ്ങളിലെ ഭരണസമിതി യോഗങ്ങളിലും പൊതുയോഗങ്ങളിലും വനിതാപ്രാതിനിധ്യം കൂട്ടാനാവശ്യമായ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ക്ഷീര വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാവുന്നതാണ്.
11. വനിതാ ക്ഷീരോല്‍പ്പാദകരുടെ അംഗസംഖ്യ കൂട്ടാന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷക വനിതാ സഹകരണ പ്രചരണ പരിപാടി സംഘടിപ്പിക്കാവുന്നതാണ്.
12. ക്ഷീരസംഘങ്ങളിലെ വനിതാ ജീവനക്കാരുടെ വൈദഗ്ധ്യം പോഷിപ്പിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം.
13. ക്ഷീരകര്‍ഷകരുടെ വീടുകളില്‍ പാലിന്റെ പ്രതിദിന പ്രതിശീര്‍ഷ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഇതോടൊപ്പം, പാലുല്‍പ്പന്ന നിര്‍മാണവും പ്രോത്സാഹിപ്പിക്കാവുന്നതാണ്.
14. പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
15. പശുവളര്‍ത്തല്‍ ലാഭകരമാക്കാന്‍ ക്ഷീരസംഘങ്ങളിലൂടെ കാലിത്തീറ്റ വിതരണം ചെയ്യാനുള്ള പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍കാം. ഇതോടൊപ്പം, വൈക്കോല്‍, പച്ചപ്പുല്‍, സൈലേജ് ധാതുലവണ മിശ്രിതം തുടങ്ങിയ ഉല്‍പ്പാദനോപാധികളും തുടര്‍ച്ചയായി കിട്ടുന്നു എന്നുറപ്പു വരുത്തത്തക്കവിധം നിലവിലുള്ള പദ്ധതികളില്‍ മാറ്റം വരുത്തണം.
16. ക്ഷീര വികസന വകുപ്പിന്റെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മറ്റ് ആനുകൂല്യങ്ങളോടൊപ്പം മൃഗചികിത്സച്ചെലവുകളും ഉള്‍പ്പെടുത്തണം.
17. വനിതാ ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ കൃത്രിമ ബീജവും മൃഗചികിത്സയും കിട്ടുമാറാക്കണം.
18. വനിതകളുടെ തൊഴില്‍, വരുമാനം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് അര്‍ഹമായ ഫണ്ട് കണ്ടെത്തണം.
19. ക്ഷീരമേഖലയിലെ വനിതാ സംരംഭകര്‍ക്ക് ലളിത വ്യവസ്ഥയില്‍ പലിശരഹിത വായ്പ അനുവദിക്കണം.
20. മൂന്നു വര്‍ഷത്തിലൊരിക്കല്‍ വനിതാ ക്ഷീര കര്‍ഷകര്‍ക്ക് പഠനപരിപാടി സംഘടിപ്പിക്കാം. ഇതിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇവര്‍ക്കുള്ള പദ്ധതികളില്‍ മാറ്റം വരുത്തണം.

വനിതാ പങ്കാളിത്തം കൂട്ടണം

സഹകരണ സംഘം ഭരണ സമിതികളില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ഭരണ സമിതികളിലെ താക്കോല്‍സ്ഥാനങ്ങളില്‍ വനിതകളുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ധര്‍മമാണെന്ന് പഠന റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ഇതിലൂടെ, വനിതകള്‍ക്ക് ഭാവിയില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിച്ചേരാനുള്ള ചവിട്ടുപടിയാണ് നമ്മള്‍ ഒരുക്കിക്കൊടുക്കുന്നത്. ക്ഷീരമേഖലയില്‍ വനിതാ ശാക്തീകരണത്തിനുള്ള കര്‍മ പരിപാടികളും നിയമഭേദഗതിയും കൊണ്ടുവരാന്‍ ഇനിയും വൈകിക്കൂടാ. ഇങ്ങനെ ചെയ്താലേ വനിതാ ശാക്തീകരണം ഉറപ്പാക്കാനും ക്ഷീരമേഖലയെ കൂടുതല്‍ സമ്പുഷ്ടമാക്കി സ്ഥായിയായ പുരോഗതി എന്നും നിലനിര്‍ത്താനുമാവൂ. ഇതോടൊപ്പം, ക്ഷീര സഹകരണ സംഘങ്ങളിലെ വനിതകള്‍ക്ക് മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സത്വരമായ ഇടപെടലും ഉണ്ടാവണം. എങ്കിലേ, ഊര്‍ജസ്വലമായ ക്ഷീരസംഘങ്ങളെ ഗ്രാമവികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റാന്‍ നമുക്ക് കഴിയൂ – പഠന റിപ്പോര്‍ട്ട് അടിവരയിടുന്നു.

വനിതകളുടെ വരുമാനം കൂട്ടാന്‍ ക്ഷീര മേഖലയില്‍ നല്ല സാധ്യതകളാണുള്ളതെന്ന് ക്ഷീര വികസന വകുപ്പ് ഡയരക്ടര്‍ എസ്. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. വനിതകളുടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു ഈ സര്‍വേ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!