കാര്‍ഷികോത്തേജന പദ്ധതിയുമായി തിരുവമ്പാടി ബാങ്ക്

moonamvazhi

 

 

 

 

 

 

യു.പി. അബ്ദുള്‍ മജീദ്(2020 നവംബര്‍ ലക്കം)

ആറര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തനരംഗത്തുള്ള തിരുവമ്പാടി സഹകരണ ബാങ്ക് നടപ്പാക്കുന്ന കാര്‍ഷിക ഉത്തേജന പദ്ധതി 7500 കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും.

കുടിയേറ്റക്കാരുടെ കുലത്തൊഴിലായ കൃഷിയും അനുബന്ധ മേഖലകളും കൂട്ടിയിണക്കി, ഉല്‍പ്പാദനവും വിപണനവും ശക്തമാക്കി, മലയോര മേഖലയുടെ സാമ്പത്തിക മുന്നേറ്റത്തിന് വഴി തുറക്കുകയാണ് തിരുവമ്പാടി സര്‍വീസ് സഹകരണ ബാങ്ക്. കുടിയേറ്റ ഗ്രാമങ്ങളില്‍ ബാങ്കിങ് സൗകര്യങ്ങള്‍ എത്തിച്ചും കര്‍ഷകരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചും സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ ന്യായവിലക്ക് നല്‍കിയും സ്ത്രീശാക്തീകരണ രംഗത്തും ആരോഗ്യമേഖലയിലുമൊക്കെ ചുവടുറപ്പിച്ചും ആറ് പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച തിരുവമ്പാടി ബാങ്ക് 18 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന കാര്‍ഷിക ഉത്തേജന പദ്ധതി മഹാമാരിയുടെ കാലത്ത് പ്രതീക്ഷക്ക് വക നല്‍കുകയാണ്. 7500 കര്‍ഷക കുടുംബങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച്, പുതിയ കാര്‍ഷിക രീതികള്‍ പരിശീലിപ്പിച്ച്, ഉല്‍പ്പാദന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച്, ഉല്‍പ്പന്ന സംഭരണത്തിനും സൂക്ഷിപ്പിനും വിപണനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കര്‍ഷകരുടെ നിത്യജീവിതത്തിന്റെ എല്ലാ മേഖലലകളിലും ഇടപെടുന്ന പദ്ധതിക്കാണ് തിരുവമ്പാടിയില്‍ തുടക്കമാവുന്നത്.

ഐക്യനാണയ സംഘത്തില്‍ തുടക്കം

ഇരുവഴിഞ്ഞിപ്പുഴയോരത്തെ പ്രകൃതി കനിഞ്ഞ പ്രദേശമായ തിരുവമ്പാടി മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ മധ്യ തിരുവിതാംകൂറിലെ കര്‍ഷകരുടെ സ്വപ്ന ഭൂമിയായിരുന്നു. കൃഷിക്കും കാലി വളര്‍ത്തലിനും അനുയോജ്യമായ തിരുവമ്പാടി, പുല്ലൂരാംപാറ, പുന്നയ്ക്കല്‍ ഭാഗങ്ങളില്‍ ജനവാസം തുടങ്ങിയതോടെ ഈ പ്രദേശങ്ങളില്‍ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ ഉയര്‍ന്നു. മണ്ണില്‍ പണിയെടുത്ത്, ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച്, ജീവിതം കരുപ്പിടിപ്പിച്ച കുടിയേറ്റക്കാര്‍ക്ക് പരസ്പരം സഹായിച്ചും സഹകരിച്ചും സാമ്പത്തിക പ്രയാസങ്ങളെ നേരിടാനുള്ള വേദിയൊരുക്കുകയായിരുന്നു തിരുവമ്പാടി ഇടവക വികാരി മുന്‍കൈ എടുത്ത് 1951 ല്‍ രൂപവത്കരിച്ച പരസ്പര സഹായ സംഘം. 1953 ല്‍ തിരുവമ്പാടി കേന്ദ്രമായി റജിസ്റ്റര്‍ ചെയ്ത വിവിധോദ്ദേശ്യ ഐക്യനാണയ സംഘം പരസ്പരസഹായ സംഘത്തിന്റെ തുടര്‍ച്ചയായിരുന്നു. അംഗങ്ങള്‍ക്ക് കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ചെറിയ തുക പലിശക്ക് നല്‍കിയിരുന്ന സംഘം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1967 ല്‍ അങ്ങാടിയില്‍ ഒമ്പത് സെന്റ് സ്ഥലം വാങ്ങി ഓഫീസ് കെട്ടിടം പണിതു. 1970 ലാണ് സഹകരണ ബാങ്കായിമാറിയത്. അംഗങ്ങളുടെ എണ്ണവും സാമ്പത്തിക ഇടപാടുകളും വര്‍ധിച്ചതോടെ ബാങ്ക് വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. 1990 ല്‍ തിരുവമ്പാടി അങ്ങാടിയില്‍ മൂന്നു നില കെട്ടിടം വാങ്ങി ബാങ്കിന്റെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി.

ഇടപാടുകാരെത്തേടി ഗ്രാമങ്ങളിലേക്ക്

ആളുകള്‍ ബാങ്കിങ് സൗകര്യങ്ങള്‍ ലഭിക്കാന്‍ മൈലുകള്‍ താണ്ടി തിരുവമ്പാടിയിലെത്തുന്നത് ഒഴിവാക്കാന്‍ ഇടപാടുകാരെത്തേടി അവരുടെ ഗ്രാമത്തിലേക്ക് ചെല്ലുക എന്ന നയം കോഴിക്കോട് ജില്ലയില്‍ ആദ്യം നടപ്പാക്കിയ ബാങ്കുകളിലൊന്നാണ് തിരുവമ്പാടി ബാങ്ക്. 1985 ലാണ് ബാങ്കിന്റെ ആദ്യ ശാഖ പുല്ലൂരാംപാറയില്‍ തുറന്നത്. പുല്ലൂരാംപാറ, ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ , പൊന്നാങ്കയം ഭാഗത്തെ ആളുകള്‍ക്ക് ഇത് വലിയ അനുഗ്രഹമായി. 1996 ല്‍ പുന്നയ്ക്കലും 2001 ല്‍ ആനക്കാംപൊയിലിലും ശാഖകള്‍ ആരംഭിച്ചു. 2011 ലാണ് തൊണ്ടിമ്മല്‍ ബ്രാഞ്ചും തിരുവമ്പാടി അങ്ങാടിയില്‍ ഈവനിങ് ബ്രാഞ്ചും തുറന്നത്. തിരുവമ്പാടിയില്‍ മെയിന്‍ ബ്രാഞ്ചിന് പുറമെ ഹെഡ് ഓഫീസ് കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ അടുക്കും ചിട്ടയുമുള്ള ക്ലാസ്സ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് പദവിയിലേക്ക് ബാങ്ക് ഉയര്‍ന്നു കഴിഞ്ഞിരുന്നു.

കാര്‍ഷിക-കാര്‍ഷികേതര മേഖലയിലെ മികച്ച പ്രവര്‍ത്തനം പരിഗണിച്ച് 2012 ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ ്അവാര്‍ഡ് നേടിയ തിരുവമ്പാടി സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പകള്‍ നല്‍കിയ ബാങ്കിനുള്ള ബഹുമതി പല തവണ നേടിയിട്ടുണ്ട്. 15,500 അംഗങ്ങളും 130 കോടി രൂപ പ്രവര്‍ത്തന മൂലധനവുമുള്ള ബാങ്കിലെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍കരിച്ചിട്ടുണ്ട്. ബാങ്കിന്റെ പരിധിയിലെ വിദൂര മലയോര ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശാഖകളില്‍ ചെന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ആര്‍.ടി.ജി എസ് , എന്‍.ഇ.എഫ്.ടി. പോലുള്ള ആധുനിക സൗകര്യങ്ങള്‍ ലഭിക്കുന്നത് ഒട്ടനവധി പേര്‍ക്ക് നിത്യേന ഗുണം ചെയ്യുന്നുണ്ട്. മൊബൈല്‍ ബാങ്കിങ് പോലുള്ള പുതു തലമുറയുടെ താല്‍പര്യങ്ങളും തിരുവമ്പാടി ബാങ്ക് സംരക്ഷിക്കുന്നുണ്ട്. 105 കോടിയുടെ നിക്ഷേപവും 100 കോടിയുടെ വായ്പയുമള്ള തിരുവമ്പാടി ബാങ്ക് വായ്പാ തിരിച്ചടവിന് ഇടപാടുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിനും മാതൃകയാണ്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മലയോര മേഖലയിലെ ബാങ്കുകളിലെ വായ്പാ തിരിച്ചടവ് കുത്തനെ കുറഞ്ഞപ്പോഴും തിരുവമ്പാടി ബാങ്ക് കര്‍ഷകര്‍ക്ക് സഹായ പദ്ധതികളും പ്രോല്‍സാഹന നടപടികളുമായി മുന്നോട്ട് വന്നു. ഭരണ സമിതിയും ജീവനക്കാരും ഫീല്‍ഡിലിറങ്ങി പ്രവര്‍ത്തിച്ച് കുടിശ്ശിക കുറച്ചുകൊണ്ടുവന്നു. ജപ്തി നടപടി പോലെയുള്ള പ്രയാസങ്ങള്‍ കര്‍ഷകര്‍ക്കുണ്ടാക്കരുതെന്ന ഉറച്ച നിലപാടിലാണ് ഭരണ സമിതി. സര്‍ക്കാറിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും ക്ഷേമ പെന്‍ഷന്‍ വിതരണ ഉത്തരവാദിത്വവും ഏറ്റെടുത്ത ബാങ്ക് മാതൃകാപരമായാണ് ഈ കടമ നിറവേറ്റുന്നത്. 1996 മുതല്‍ ലാഭത്തിലാണ് ബാങ്ക്.

ജനകീയ ബാങ്കിങ്

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ ആളുകളേയും ബാങ്കിങ് രംഗത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ജനകീയ ബാങ്കിങ് രീതിയാണ് തിരുവമ്പാടി ബാങ്ക് നടപ്പാക്കുന്നത്. ഇടപാടുകാര്‍ക്ക് സമയനഷ്ടം ഒഴിവാക്കുന്ന രീതി എല്ലായിടത്തുമുണ്ട്. ഗ്രാമപ്പഞ്ചായത്തിലെ 7500 കുടുംബങ്ങളില്‍ 75 ശതമാനവും ബാങ്കിന്റെ ഇടപാടുകാരാണ്. പ്രാദേശികമായി പലിശക്ക് പണം കൊടുത്ത് കൊള്ളലാഭമെടുക്കുന്നവരുടെ എണ്ണം കൂടുതലായിരുന്ന മലയോര മേഖലയില്‍ തിരുവമ്പാടി ബാങ്കിന്റെ ഇടപെടല്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. കാര്‍ഷിക വായ്പകള്‍ പ്രയാസങ്ങളില്ലാതെ ലഭിക്കുന്നത് ഉല്‍പ്പാദന രംഗത്തും പ്രതിഫലിക്കുന്നുണ്ട്. സ്ത്രീശാക്തീകരണ രംഗത്ത് ജില്ലയില്‍ത്തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന സഹകരണ ബാങ്കുകളിലൊന്നാണ് തിരുവമ്പാടി ബാങ്ക്. 278 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഏഴു ലക്ഷം രൂപ വീതമുള്ള ലിങ്കേജ് ലോണും പത്തു ലക്ഷം രൂപ വീതമുള്ള ‘മുറ്റത്തെ മുല്ല ‘ ലോണും നല്‍കുന്നുണ്ട്. സ്വാശ്രയ സംഘങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കും മറ്റുമായി നല്‍കുന്ന വായ്പയും നല്ല ഫലമാണുണ്ടാക്കുന്നത്. പച്ചക്കറി, പാല്‍, തേന്‍, മല്‍സ്യം, കോഴി, കോഴിമുട്ട തുടങ്ങിയവയുടെ ഉല്‍പ്പാദനത്തില്‍ ബാങ്കിന്റെ വായ്പ പ്രയോജനപ്പെടുത്തുന്ന ധാരാളം പേരുണ്ട് തിരുവമ്പാടി പഞ്ചായത്തില്‍. ബാങ്കിന്റെ പരിധിയിലുള്ള എല്ലാ സ്്കൂളുകളിലും സ്റ്റുഡന്റ്‌സ് ഡെപ്പോസിറ്റ് സ്‌കീം നടപ്പാക്കാന്‍ കഴിഞ്ഞതോടെ വിദ്യാര്‍ഥികളുടെ ചെറു സമ്പാദ്യങ്ങള്‍ ശേഖരിക്കാനും അത് അവര്‍ക്ക്തന്നെ പ്രയോജനപ്പെടുന്ന വിധത്തില്‍ മാറ്റിവെക്കാനും ബാങ്കിന് കഴിയുന്നുണ്ട്. ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ വഴിയുള്ള നിക്ഷേപ സമാഹരണവും ബാങ്കിന്റെ ജനകീയ അടിത്തറക്ക് തെളിവാണ്. 29 സ്ഥിരം ജീവനക്കാരും 18 താല്‍ക്കാലിക ജീവനക്കാരുമുള്ള ബാങ്കിന്റെ വിവിധ സ്ഥാപനങ്ങള്‍ വഴി പരോക്ഷമായി തൊഴില്‍ ലഭിക്കുന്നവര്‍ ഏറെയാണ്.

ഉപജീവനത്തിന് പൂര്‍ണമായും കൃഷിയെ ആശ്രയിക്കുന്ന ജനങ്ങള്‍ ഭൂരിപക്ഷമായ കുടിയേറ്റ മേഖലയില്‍ കര്‍ഷകര്‍ക്കൊപ്പം നടന്നുനീങ്ങുക എന്ന സമീപനമാണ് തിരുവമ്പാടി ബാങ്കിന്. കൃഷിക്കാവശ്യമായ വളങ്ങള്‍ കര്‍ഷകരുടെ താല്‍പര്യമനുസരിച്ച് ലഭ്യമാക്കാന്‍ നാല് വളം ഡിപ്പോകള്‍ ബാങ്ക് നടത്തുന്നുണ്ട്. ജൈവ രീതിയിലുള്ള കൃഷിയിലേക്ക് ധാരാളം കര്‍ഷകര്‍ ചുവടുമാറ്റിയപ്പോള്‍ അതനുസരിച്ച് മാറാന്‍ ബാങ്കും തയാറായി. രാസവളങ്ങളും രാസ കീടനാശിനികളും വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്ന ലാഭത്തിനപ്പുറം ജനങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ബാങ്കിന്റെ നയമെന്ന് പ്രസിഡന്റ് ജോളി ജോസഫ് പറയുന്നു. തിരുവമ്പാടി അങ്ങാടിയില്‍ കര്‍ഷക മിത്ര എന്ന പേരില്‍ ബാങ്ക് ആരംഭിച്ച കാര്‍ഷികോപകരണ വിപണി കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്ല ഉപകരണങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

നിത്യോപയോഗ സാധനങ്ങള്‍ ഗുണമേ•യും വിലക്കുറവും ഉറപ്പു വരുത്തി നല്‍കുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടിയില്‍ ബാങ്കിന്റെ സ്വന്തം കെട്ടിടത്തില്‍ ആരംഭിച്ച നീതി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിത്യേന ഒന്നര ലക്ഷം രൂപയിലധികം വിറ്റുവരവുണ്ട്. മുക്കം, കോടഞ്ചേരി, കൂടരഞ്ഞി ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ തിരുവമ്പാടിയിലെ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയത് മാര്‍ക്കറ്റിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമായി ഭരണസമിതി വിലയിരുത്തുന്നു. പുല്ലൂരാംപാറയില്‍ ബാങ്ക് ആരംഭിച്ച മെഡികെയര്‍ ലാബ് ആരോഗ്യരംഗത്തേക്കുള്ള കാല്‍വെപ്പാണ്. ചികില്‍സാ, പരിശോധനാ സൗകര്യങ്ങളൊക്കെ കുറവായ പുല്ലൂരാംപാറപോലുള്ള ഉള്‍പ്രദേശങ്ങളില്‍ മിതമായ ചെലവില്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം നിരവധി പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. തിരുവമ്പാടിയിലെ നീതി മെഡിക്കല്‍ ഷാപ്പും രോഗികള്‍ക്ക് ആശ്വാസമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ വര്‍ഷം 25 ലക്ഷം രൂപ നല്‍കിയ ബാങ്ക് സേവനരംഗത്തും സജീവമാണ്. 2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണമൊരുക്കിയും പലവ്യഞ്ജനക്കിറ്റുകള്‍ നല്‍കിയും ബാങ്ക് മാതൃക കാട്ടി. പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് ബാങ്ക് എല്ലാ വര്‍ഷവും മത്തായി ചാക്കോ സ്മാരക എന്‍ഡോവ്‌മെന്റ് നല്‍കുന്നുണ്ട്. പഞ്ചായത്ത്തലത്തില്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളും നടപ്പാക്കുന്നു.

പുതിയപദ്ധതികള്‍

കാര്‍ഷിക മേഖലക്ക് ഉത്തേജന പദ്ധതിയായി തിരുവമ്പാടി ബാങ്ക് നടപ്പാക്കുന്ന കാര്‍ഷികവിള സംഭരണ, വിതരണ, വിപണന കേന്ദ്രത്തിനു വേണ്ടി എട്ടു കോടി രൂപ ചെലവില്‍ ഒന്നര ഏക്കര്‍ സ്ഥലം തിരുവമ്പാടി അങ്ങാടിയില്‍ വാങ്ങിയിട്ടുണ്ട്. 7500 കര്‍ഷക കുടുബങ്ങളെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി കൃഷി, കാലി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍ , മല്‍സ്യം വളര്‍ത്തല്‍ തുടങ്ങി ഉപജീവനത്തിനുള്ള എല്ലാ മാര്‍ഗങ്ങളേയും കോര്‍ത്തിണക്കിക്കൊണ്ടാണ്. സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലും കൃഷി നടത്തുന്നവര്‍ക്ക് ബാങ്ക് സഹായം നല്‍കും. കൃഷി പരിശീലന കേന്ദ്രവും ആഗ്രോ പാര്‍ക്കും പദ്ധതിയുടെ ഭാഗമാണ്. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിന്റെയും ആധുനികവല്‍ക്കരണത്തിന്റേയും വഴികള്‍ കര്‍ഷകരെ പരിശീലിപ്പിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്താന്‍ കൃഷിക്കാരെ പ്രാപ്തരാക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ കേട് കൂടാതെ മാസങ്ങളോളം സൂക്ഷിച്ചു വെക്കാനുള്ള സൗകര്യവും നബാര്‍ഡിന്റെ ധനസഹായത്തോടെയുള്ള പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ തിരുവമ്പാടിയിലെ കര്‍ഷകര്‍ക്ക് കിട്ടും.

രാഷ്ടീയ -സാമൂഹിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജോളി ജോസഫാണ് ബാങ്ക് പ്രസിഡന്റ്. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കെ.ഡി.സി. ബാങ്ക് ഡയരക്ടര്‍, താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അംഗം എന്നീ പദവികള്‍ വഹിച്ചിരുന്ന ജോളി ജോസഫ് 1995 മുതല്‍ 2010 വരെ ബാങ്ക് പ്രസിഡന്റായിരുന്നു . 2019 ലാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സി.എന്‍. പുരുഷോത്തമന്‍, ജോയി ജോസഫ്, റോയി ഓണാട്ട്, അബ്രഹാം മാനുവല്‍, ഫിറോസ് ഖാന്‍ , എം.വി. അഖിലേഷ്, സുനില്‍ ജോര്‍ജ്, ലിസ്സി ഡേവിഡ് , ശോഭന ഷാജി, പ്രീതി രാജീവ് എന്നിവര്‍ ഡയരക്ടര്‍മാരാണ്. ലിസമ്മ തോമസാണ് സെക്രട്ടറി.

Leave a Reply

Your email address will not be published.