ഉന്നമിട്ട് കുതിക്കാന്‍ സഹകരണത്തിന് കര്‍മരേഖ

moonamvazhi

സഹകരണ മേഖലയ്ക്കു പുതിയ കാഴ്ചപ്പാട് നിര്‍ദേശിച്ചുകൊണ്ട്
വകുപ്പുസെക്രട്ടറി മിനി ആന്റണി അവതരിപ്പിച്ച കര്‍മരേഖ ചരിത്രത്തിന്റെയും
സംസ്‌കാരത്തിന്റെയും വീണ്ടെടുക്കലില്‍ സഹകരണ സംഘങ്ങളുടെ
പങ്ക് വ്യക്തമാക്കുന്നു. സഹകരണ ചരിത്രം രേഖപ്പെടുത്താതെ
പോകരുതെന്നതിരിച്ചറിവില്‍ ആധികാരിക സംഘചരിത്ര രചനയ്ക്കായി
സഹകരണവകുപ്പ് ആദ്യമായി ഇടപെടുകയാണ്.

 

മൂന്നു വര്‍ഷംകൊണ്ട് സഹകരണമേഖലയില്‍ കൈവരിക്കേണ്ട ലക്ഷ്യവും പോകേണ്ട വഴികളും നയിക്കേണ്ട ചിന്തകളും എന്താകണമെന്നു നിശ്ചയിച്ച് സഹകരണവകുപ്പിന്റെ കര്‍മരേഖ. 69-ാമത് സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു സഹകരണമേഖലയ്ക്കു പുതിയ കാഴ്ചപ്പാട് നിര്‍ദേശിക്കുന്ന രേഖ വകുപ്പുസെക്രട്ടറി മിനി ആന്റണി അവതരിപ്പിച്ചത്. കൃഷി, പരിസ്ഥിതിസംരക്ഷണം, മൂല്യവര്‍ധിത സംരംഭങ്ങള്‍, പുതിയ സഹകരണ സംഘങ്ങള്‍ കെട്ടിപ്പടുക്കേണ്ട മേഖലകള്‍, സാമൂഹികമുന്നേറ്റത്തിന് ഏറ്റെടുക്കേണ്ട ദൗത്യം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആറു മേഖലകളാക്കി തിരിച്ചാണു കര്‍മരേഖ വിശദീകരിക്കുന്നത്. ഇതുവരെ സഹകരണമേഖലയില്‍ തുടങ്ങിവെച്ച പദ്ധതികളും ഏറ്റെടുക്കാന്‍ നിശ്ചയിച്ചിട്ടും വിജയത്തിലെത്തിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളും ഇതില്‍ ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുക്കലില്‍ സഹകരണ സംഘങ്ങളുടെ പങ്ക് തിരിച്ചറിയുന്ന കര്‍മരേഖയാണ് അവതരിപ്പിച്ചിട്ടുള്ളത്. സഹകരണത്തിന്റെ ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവില്‍ ആദ്യമായാണു സഹകരണവകുപ്പ് ഒരിടപെടല്‍ പ്രഖ്യാപിക്കുന്നത്.

ഇടതുമുന്നണി ഭരണത്തുടര്‍ച്ച നേടി അതിന്റെ രണ്ടാം സര്‍ക്കാരിന്റെ യാത്ര ഏറെ പിന്നിട്ട ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനെയൊരു കര്‍മരേഖ എന്ന സംശയം സ്വാഭാവികമായുമുണ്ടാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഒരു സഹകരണനയം സംസ്ഥാനത്തു കൊണ്ടുവരുന്നത്. അതിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഒരു നയം മുന്നോട്ടുവെക്കാന്‍ ആ സര്‍ക്കാരിനു കഴിഞ്ഞുവെന്നതു പ്രധാനമാണ്. ആ നയത്തില്‍നിന്നുള്ള മാറ്റമൊന്നും രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച കര്‍മരേഖയുടെ അടിസ്ഥാനവും നയപരമായ മാറ്റമല്ല. കാലികമായ പ്രശ്‌നങ്ങളെ ഉള്‍ക്കൊണ്ട് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കാനും സാമൂഹികസുരക്ഷ ഉത്തരവാദിത്തമായി ഏറ്റെടുക്കാനുമുള്ള ശ്രമമാണ് ഈ കര്‍മരേഖ വിഭാവനം ചെയ്യുന്നത്.

ആസൂത്രണ
വിശകലനരീതി

കര്‍മപദ്ധതി, മേഖലാതല പ്രവര്‍ത്തനരൂപരേഖകള്‍, ആസൂത്രണ വിശകലനസംവിധാനം, പ്രവര്‍ത്തനസരണികള്‍ എന്നീ നാലു കാര്യങ്ങളാണു കര്‍മരേഖ മുന്നോട്ടുവെക്കുന്നത്. പദ്ധതി ആസൂത്രണംകൊണ്ടോ അതിനു ധനസഹായം നല്‍കിയതുകൊണ്ടോ ലക്ഷ്യം നേടാനാവില്ലെന്ന് ഇതുവരെയുള്ള അനുഭവം ബോധ്യപ്പെടുത്തുന്നുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതിനു കൃത്യമായ രൂപരേഖ വേണം. ഇതു നടപ്പാക്കുന്ന ഘട്ടത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാം. അതുകൂടി ഉള്‍ക്കൊണ്ട് പരിഷ്‌കരണം വേണ്ടിവരും. അതിനാണ് ആസൂത്രണ വിശകലനരീതി സഹകരണമേഖലയിലുണ്ടാകണമെന്ന നിര്‍ദേശം കര്‍മരേഖ മുന്നോട്ടുവെക്കുന്നത്.

എട്ടു മേഖലകളായാണു സഹകരണ സംഘങ്ങള്‍ ഇനി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. കൃഷി, പരിസ്ഥിതിസംരക്ഷണം, ശുചിത്വം- മാലിന്യ സംസ്‌കരണം, സ്വാശ്രയത്വം, സാമ്പത്തിക -സാമൂഹികസുരക്ഷ, വനിത- യുവജന -എസ്.സി. എസ്.ടി.- ട്രാന്‍സ്ജന്‍ഡര്‍- അസംഘടിത തൊഴിലാളി മേഖലകളിലെ സംഘങ്ങളുടെ ശാക്തീകരണം, ആരോഗ്യ പരിരക്ഷയും വയോജന സംരക്ഷണവും, സാംസ്‌കാരിക രംഗത്തെ സഹകരണ ഇടപെടലുകള്‍ എന്നിങ്ങനെയാണ് ആ മേഖലകള്‍. എല്ലാ മേഖലകളിലേക്കും സഹകരണപ്രവര്‍ത്തനം എത്തിക്കുകയും അതതു മേഖലകളിലെ ജനവിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ കര്‍മരേഖ ലക്ഷ്യമിടുന്നത്. വര്‍ത്തമാനകാല പ്രശ്‌നങ്ങളെയും സാഹചര്യങ്ങളെയും ഉള്‍ക്കൊണ്ടുപോകണമെന്ന കാഴ്ചപ്പാട് ഈ രേഖ മുന്നോട്ടുവെക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും തലപൊക്കിത്തുടങ്ങുന്ന ഘട്ടമായതിനാലാണു സാംസ്‌കാരികമേഖലകളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നു നിര്‍ദേശിക്കാന്‍ കാരണം. സഹകരണ സംഘത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നാണു സ്വശ്രയത്വവും പരസ്പരാശ്രിതത്വവും. അത്തരത്തില്‍ ആശ്രിതരാകുന്ന ഒരു കൂട്ടായ്മയ്ക്ക് ആ ജനവിഭാഗത്തില്‍ രൂപപ്പെടുന്ന തെറ്റായ പ്രവണതകളെ കണ്ടെത്താനും തിരുത്താനും കഴിയും.

കാര്‍ഷികമേഖലയിലെ
തുടര്‍പദ്ധതികള്‍

സഹകരണ സംഘങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടാണ്. ഐക്യനാണയ സംഘങ്ങളുടെ കാലം മുതല്‍ ഈ പ്രവര്‍ത്തനം സഹകരണമേഖലയില്‍ നടക്കുന്നതാണെന്നതും പ്രത്യേകതയാണ്. കെട്ടുതെങ്ങും വിത്തുബാങ്കും കേരളത്തിലെ സഹകരണ മേഖലയിലുണ്ടായത് അങ്ങനെയാണ്. കാലം മാറിയപ്പോള്‍ തരിശുരഹിത കൃഷിയും ഹരിതം സഹകരണവുമെല്ലാം സഹകരണപദ്ധതികളായി സംഘങ്ങള്‍ ഏറ്റെടുത്തു. ഹരിതം സഹകരണത്തിന്റെ രണ്ടാംഘട്ടം തുടങ്ങാനാണു കര്‍മരേഖ നിര്‍ദേശിക്കുന്നത്. സംസ്ഥാനത്താകെ 500 ഏക്കര്‍ തരിശുഭൂമി കൃഷിയിടമാക്കണമെന്നു സഹകരണവകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓരോ ജില്ലയിലും സംഘങ്ങള്‍ നേരിട്ടു എത്ര ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇത് ഏറക്കുറെ ലക്ഷ്യത്തിലെത്താനായിട്ടുണ്ട്. പക്ഷേ, ഒറ്റത്തവണ കൃഷിയിറക്കി മതിയാക്കുന്ന രീതിക്കുപകരം ഒരു തുടര്‍ച്ച ഈ പ്രവര്‍ത്തനത്തിനുണ്ടാകണമെന്നതാണു കര്‍മരേഖ നിര്‍ദേശിക്കുന്നത്. അതിനാല്‍, മൂന്നു വര്‍ഷത്തിനുള്ളില്‍ ആയിരം ഏക്കര്‍ തരിശുഭൂമി കൃഷിയിടമാക്കാനാണു തീരുമാനം.

ഈ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കും ചില കാഴ്ചപ്പാട് നിര്‍ദേശിക്കുന്നുണ്ട്. അതില്‍ പ്രധാനം വിവിധ വകുപ്പുകളുടെ പദ്ധതികളുമായി ബന്ധിപ്പിച്ചുള്ള ആസൂത്രണമാണ്. കൃഷിയില്‍ നെല്ല്, വാഴ, തെങ്ങ്, കപ്പ, ചെറുധാന്യങ്ങള്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കണമെന്നാണു നിര്‍ദേശം. ഓരോ ജില്ലയിലെയും കൃഷിഭൂമിയുടെ പ്രത്യേകത അടിസ്ഥാനമാക്കി ചില വിളകള്‍ക്കു പ്രാധാന്യം നല്‍കിയിട്ടുണ്ട്. അത് അടിസ്ഥാനമാക്കി ഗ്രാമീണ ഫാമുകള്‍ രൂപപ്പെടുത്താനാണു നിര്‍ദേശം. ഓരോ പ്രദേശത്തിന്റെയും പ്രകൃതിവിഭവങ്ങളെ അടിസ്ഥാനമാക്കി ഫാം ടൂറിസത്തിന്റെ സാധ്യതകളും കണ്ടെത്തണം. ആഭ്യന്തര ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍ വിപുലപ്പെടുത്താനുള്ള പദ്ധതി ടൂറിസംവകുപ്പ് നടത്തുന്നുണ്ട്. ഇതിനെ ഉപയോഗപ്പെടുത്തി ടൂര്‍ഫെഡ് വഴി ഫാം ടൂറിസം സര്‍ക്യൂട്ടുകള്‍ സൃഷ്ടിക്കാനാണു നിര്‍ദേശം. സഹകരണമേഖലയുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു ബ്രാന്‍ഡിങ്ങും ഓണ്‍ലൈന്‍ വിപണിയും ഒരുക്കാനുള്ള ശ്രമങ്ങളാണു മറ്റൊന്ന്. നിലവിലെ കോ-ഓപ് മാര്‍ട്ടുകളെ വിപുലപ്പെടുത്തിയാകും ഈ ലക്ഷ്യം നേടുക. പുഷ്പ ഫല വിപണി ലക്ഷ്യമാക്കി കൃഷിയും വിപണനശൃംഖല രൂപവത്കരണവും വേണമെന്നാണു മറ്റൊരു നിര്‍ദേശം. പാലക്കാട്ടും കോട്ടയത്തും ആധുനിക റൈസ് മില്ലുകള്‍, ഡല്‍ഹിയിലും മുംബൈയിലും സ്ഥിരം സഹകരണ ഉല്‍പ്പന്ന വിപണനകേന്ദ്രങ്ങള്‍ എന്നിവയും കര്‍മരേഖ മുന്നോട്ടുവെക്കുന്നു.

മാലിന്യ
സംസ്‌കരണനയം

മാലിന്യസംസ്‌കരണമെന്നത് ഒരു സമൂഹത്തിന്റെ സുരക്ഷിതമായ ജീവിതത്തിന് അനിവാര്യമായ ഒന്നായി മാറിയിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ ശ്രദ്ധവെക്കാത്ത ഒരു മേഖലകൂടിയാണിത്. അതിനാല്‍, സഹകരണ മേഖലയ്ക്ക് ഒരു മാലിന്യ സംസ്‌കരണനയവും നിയമാവലിയും സൃഷ്ടിക്കുകയെന്നതാണു കര്‍മരേഖ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. മാലിന്യസംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാല്‍, സാമ്പത്തിക ബാധ്യതയും ആധുനിക പ്ലാന്റ് സ്ഥാപിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം മിക്കവാറും തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. സഹകരണ സംഘങ്ങളും തദ്ദേശ സ്ഥാപനങ്ങളും കൈകോര്‍ത്ത് ഈ രംഗത്ത് ഇടപെടല്‍ വേണമെന്നാണു രേഖ ചൂണ്ടിക്കാട്ടുന്നത്. മാലിന്യത്തെ വളവും മറ്റ് ഉല്‍പ്പന്നങ്ങളുമാക്കി മാറ്റുന്ന പദ്ധതിക്കു സഹകരണ സംഘങ്ങള്‍ക്കു രൂപം നല്‍കാനാകും. ഇതിലേക്കു തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യസംസ്‌കരണ പദ്ധതികൂടി ബന്ധിപ്പിച്ചാല്‍ വലിയൊരളവുവരെ ഈ പ്രശ്‌നത്തിനു പരിഹാരമാകും. ഇത്തരത്തില്‍ ഓരോ പഞ്ചായത്തിലും സഹകരണ സംഘങ്ങള്‍ നിര്‍മിക്കുന്ന വളം അതതു മേഖലകളിലെ കൃഷിഭവനിലൂടെ വിതരണം ചെയ്യാന്‍ പദ്ധതിയുണ്ടാക്കിയാല്‍ അതൊരു മാതൃകാപദ്ധതിയായി മാറും. ഇതാണു സഹകരണവകുപ്പ് ലക്ഷ്യമിടുന്നത്.

 

ഓരോരുത്തരിലും മാലിന്യസംസ്‌കരണത്തിനുള്ള അവബോധം സൃഷ്ടിക്കുകയെന്നതാണു മറ്റൊരു ദൗത്യം. മൂന്നു കോടി ജനങ്ങളാണു കേരളത്തിലെ സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍. ഇവരിലേക്ക് ഈ ആശയമെത്തിയാല്‍ അതു കേരളത്തിന്റെ ആകെ മാറ്റമായി മാറും. സഹകരണ സ്ഥാപനങ്ങളിലെ അംഗകുടുംബങ്ങള്‍ക്കു മുഴുവന്‍ അനുയോജ്യമായ ഉറവിട മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്താനുള്ള നിര്‍ദേശമാണ് ഇതിനായി കര്‍മരേഖയിലുള്ളത്. അത്തരം സംസ്‌കരണ സംവിധാനത്തിനു ചെറുവായ്പകള്‍ സഹകരണ സംഘങ്ങളിലൂടെ നല്‍കാമെന്നാണു നിര്‍ദേശിക്കുന്നത്. ചെറു സൗരോര്‍ജപദ്ധതികള്‍ ഒരു ദൗത്യമായി ഏറ്റെടുക്കണമെന്നും കര്‍മരേഖ പറയുന്നു. സഹകരണസ്ഥാപനങ്ങളില്‍ സൗരോര്‍ജപദ്ധതി നടപ്പാക്കണമെന്നാണു പറയുന്നത്. നിലവില്‍ സൗരോര്‍ജപദ്ധതികള്‍ക്ക് അനര്‍ട്ട് നല്‍കുന്ന സബ്‌സിഡി സഹകരണ ബാങ്കുകളിലൂടെയുള്ള വായ്പക്കു കിട്ടുന്നില്ല. ഈ രീതി മാറ്റാനുള്ള ശ്രമം സഹകരണവകുപ്പ് തുടങ്ങിയിട്ടുണ്ട്. അതിനുനസരിച്ചുള്ള നിര്‍ദേശം കര്‍മരേഖയിലുണ്ട്. സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കു സൗരോര്‍ജപദ്ധതികള്‍ക്കു വായ്പകള്‍ അനുവദിക്കണമെന്നാണു നിര്‍ദേശം.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ഇതരവസ്തുക്കളുടെ ഉല്‍പ്പന്നങ്ങള്‍ക്കു സഹകരണ സംഘങ്ങള്‍ ഊന്നല്‍ നല്‍കണമെന്നാണു മറ്റൊരു നിര്‍ദേശം. കൈത്തറിത്തുണി, ചണ, തഴ, കയര്‍ തുടങ്ങിയവകൊണ്ടുള്ള സഞ്ചികള്‍, ചവിട്ടികള്‍, പായകള്‍ തുടങ്ങിയവയുടെ നിര്‍മാണം, ഉപയോഗം എന്നിവ സംഘങ്ങള്‍ ഏറ്റെടുക്കണം. പേപ്പറിന്റെ ഉപയോഗം കുറയ്ക്കണം. സഹകരണസ്ഥാപനങ്ങളുടെ ഓഫീസുകള്‍ പ്ലാസ്റ്റിക്‌രഹിതവും മാലിന്യ സംസ്‌കരണമുള്ളവയുമാക്കി പൂര്‍ണമായും മാറ്റണം. സ്‌കൂള്‍ സഹകരണ സംഘങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തണം. മറ്റു സംഘങ്ങളുടെ കൈത്താങ്ങോടെ ഇത്തരം പദ്ധതികള്‍ സ്‌കൂള്‍സംഘങ്ങള്‍ക്ക് ഏറ്റെടുക്കാം. ടൂറിസം പൈതൃകകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും ജലാശയ ശുചിത്വ സംരക്ഷണത്തിനു സഹകരണ കര്‍മപരിപാടി ആവിഷ്‌കരിക്കണമെന്നും രേഖ നിര്‍ദേശിക്കുന്നു.

സ്വാശ്രയത്വം-
സാമ്പത്തികസുരക്ഷ

സഹകരണ സംഘത്തിന്റെ പ്രധാന ലക്ഷ്യം അതിലെ അംഗങ്ങളുടെ സാമ്പത്തികസ്വാശ്രയത്വമാണ്. മൂന്നു രീതിയിലുള്ള സാമൂഹിക- സാമ്പത്തിക ഇടപെടല്‍ ഇനി വേണമെന്നാണു കര്‍മരേഖ പറയുന്നത്. അതിലൊന്നു സഹകരണ സംഘാംഗങ്ങളുടെ സാമ്പത്തിക ഉയര്‍ച്ചതന്നെയാണ്. രണ്ടാമത്തേതു സഹകരണ ജീവനക്കാരുടെ സുരക്ഷയും സാമ്പത്തികഭദ്രതതയും ഉറപ്പാക്കുക എന്നതാണ്. ഈ ലക്ഷ്യത്തിനൊപ്പംതന്നെ സമൂഹത്തിലെ സാധാരണക്കാരുടെ സാമ്പത്തികവളര്‍ച്ചയും സ്വാശ്രയത്വവും ഉറപ്പാക്കണമെന്നു രേഖ നിര്‍ദേശിക്കുന്നു. ഇതിനുള്ള പദ്ധതികള്‍ എങ്ങനെ ആസൂത്രണം ചെയ്യണമെന്നതിന് ഒരു മാര്‍ഗരേഖയും നല്‍കിയിട്ടുണ്ട്.

വട്ടിപ്പലിശക്കാരില്‍ നിന്നു സാധാരണ ജനങ്ങളെ മോചിപ്പിക്കാനായി രൂപംകൊടുത്ത സഹകരണ വകുപ്പിന്റെ ജനപ്രിയപദ്ധതിയാണു മുറ്റത്തെ മുല്ല. കുടുംബശ്രീകളിലുടെ എളുപ്പത്തില്‍ വായ്പ കിട്ടുന്ന പദ്ധതിയാണിത്. ഈ പദ്ധതി കൂടുതല്‍ ശക്തമാക്കി നടപ്പാക്കണമെന്നാണു നിര്‍ദേശം. വട്ടിപ്പലിശക്കാര്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നതു മത്സ്യത്തൊഴിലാളികളെയാണ്. ഇതിനെ ചെറുക്കാന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കിയ പദ്ധതിയാണു സ്‌നേഹതീരം. ഈ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ കടലോര, കായലോര പഞ്ചായത്തുകളിലും നടപ്പാക്കണമെന്നാണു നിര്‍ദേശിക്കുന്നത്. ഇതിനൊപ്പം, റിവോള്‍വിങ് ഫണ്ടിലൂടെ ചെറുകിട വഴിയോരക്കച്ചവടക്കാര്‍, വനിതാ യുവസംരംഭകര്‍ എന്നിവര്‍ക്കു പ്രവര്‍ത്തനമൂലധനം ഉറപ്പാക്കണം. സംഘങ്ങളുടെ പരിധിയിലുള്ള സാധാരണ കുടുംബത്തിന് ഒരു കരുതല്‍ധന പദ്ധതിക്കു രൂപം നല്‍കണമെന്നതാണു മറ്റൊരു നിര്‍ദേശം. സഹകരണമേഖലയിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്‍ഷ്വറന്‍സ് പദ്ധതിക്കും നിര്‍ദേശമുണ്ട്. സഹകരണ റിസ്‌ക് ഫണ്ട് ബോര്‍ഡ്, സഹകരണ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് എന്നിവയുമായി സംയോജിപ്പിച്ച് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാമെന്നാണു രേഖ മുന്നോട്ടുവെക്കുന്ന ആശയം.

മുന്‍ഗണനാവിഭാഗ
ശാക്തീകരണം

സമൂഹത്തിലെ ഒട്ടേറെ മേഖലകളിലുള്ളവരെ ശാക്തീകരിക്കാന്‍ ഇനിയും ഭരണസംവിധാനത്തിനു കഴിഞ്ഞിട്ടില്ല. പട്ടികവിഭാഗത്തിലുള്ളവര്‍, അസംഘടിതമേഖലയിലുള്ളവര്‍ എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങളുണ്ട്. ഇത്തരത്തിലുള്ളവരെ എങ്ങനെ സാമ്പത്തികസ്വാശ്രയത്വത്തിലേക്കു കൊണ്ടുവരാനാകുമെന്നതാകണം ഇനിയുള്ള ചിന്തയെന്നാണു കര്‍മരേഖ ചൂണ്ടിക്കാട്ടുന്നത്. പട്ടികവിഭാഗത്തിലുള്ള ഒട്ടേറെ സഹകരണ സംഘങ്ങള്‍ നിലവിലുണ്ട്. വായ്പാ സംഘങ്ങളുടെ പകിട്ടില്‍ മങ്ങിപ്പോകുന്നവയാണ് ഇതിലേറെയും. പ്രവര്‍ത്തനമൂലധനം, സബ്‌സിഡി, മാനേജീരിയല്‍ ഗ്രാന്റ് എന്നിങ്ങനെ ഇത്തരം സംഘങ്ങള്‍ക്കായി സര്‍ക്കാര്‍ ധനസഹായപദ്ധതികള്‍ ഏറെയുണ്ട്. അതുകൊണ്ടൊന്നും വലിയ പ്രവര്‍ത്തനമുന്നേറ്റമുണ്ടാക്കാന്‍ ഇവയ്ക്കു കഴിഞ്ഞിട്ടില്ല. അതിനു കാരണം പ്രവര്‍ത്തനവിജയത്തിനുള്ള ഒരു മാര്‍ഗം ഈ സംഘങ്ങള്‍ക്കു മുന്നിലില്ലാത്തതു കൊണ്ടാണ്. നല്ല ഉല്‍പ്പാദന സംഘങ്ങളായി ഇവയെ മാറ്റിയെടുക്കുകയും ആ ഉല്‍പ്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വിപണി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പ്രധാന പോംവഴി. അതിനാദ്യം സംഘങ്ങളെ കാലത്തിനനുസരിച്ച് നവീകരിക്കണം. ഇതിനുള്ള നിര്‍ദേശമായി ഇത്തരം സംഘങ്ങളില്‍ കമ്പ്യൂട്ടര്‍വത്കരണം നടത്തുകയും അംഗങ്ങള്‍ക്കു നൈപുണ്യപരിശീലനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണു കര്‍മരേഖ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

സംരംഭകശ്രമങ്ങള്‍ക്കു വഴികാട്ടിയായി ഒരു അപക്‌സ് കൗണ്‍സില്‍ രൂപവത്കരിക്കണമെന്നു കര്‍മരേഖ പറയുന്നുണ്ട്. ഇത് ഒരുതരത്തിലുള്ള കണ്‍സള്‍ട്ടന്‍സി സര്‍വീസാണ്. വിപണിയില്‍ മത്സരിച്ചുവിജയിക്കാന്‍ സാധ്യതയുള്ള സംരംഭങ്ങളിലേക്കു സംഘങ്ങളെ കൈപിടിച്ചുയര്‍ത്തുക എന്നതാണ് ഈ കൗണ്‍സിലിന്റെ ലക്ഷ്യം. വ്യാപാര, മൂലധന നഷ്ടമുണ്ടാക്കാതെ സംഘങ്ങളെ ചുവടുമാറ്റത്തിനു സഹായിക്കുന്ന ഗൈഡന്‍സ് സെന്റര്‍ എന്ന നിര്‍ദേശവും രേഖയിലുണ്ട്. അസംഘടിത മേഖലയില്‍ ഇപ്പോള്‍ സഹകരണ സംഘങ്ങളുടെ ഇടപെടല്‍ പേരിനുമാത്രമാണ്. ആ രീതി മാറണമെന്നാണു രേഖ ആവശ്യപ്പെടുന്നത്. കരാര്‍ജോലിയുടെ കാലമാണിത്. അതിനാല്‍, കരാര്‍-സ്വതന്ത്ര തൊഴിലാളികള്‍, ഓണ്‍ലൈന്‍ സാധ്യത ഉപയോഗപ്പെടുത്തി ജോലി ചെയ്യുന്ന വ്യക്തികള്‍, ഓണ്‍ലൈന്‍ വിപണനശൃംഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്കായി സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കണമെന്നാണു നിര്‍ദേശിക്കുന്നത്.

സോഷ്യല്‍ കോ-ഓപ്പറേറ്റീവ്,
കെയര്‍ ഇക്കണോമി

ഇതു സഹകരണമേഖല മുന്നോട്ടുവെക്കുന്ന പുതിയ കാഴ്ചപ്പാടാണ്. സഹകരണാശുപത്രികള്‍ ഇപ്പോഴുണ്ട്. എന്നാല്‍, അവയ്ക്കപ്പുറം പുതിയ കാലത്തെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍പാകത്തില്‍ സോഷ്യല്‍ കോ-ഓപ്പറേറ്റീവ് എന്ന ആശയം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനം നടത്താനാണു രേഖ നിര്‍ദേശിക്കുന്നത്. വയോജനങ്ങളുടെ സംരക്ഷണവും പരിചരണവും പുതിയകാല പ്രശ്‌നങ്ങളാണ്. അണുകുടുംബ കാലത്ത് ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ ജീവിതാവസ്ഥ ഇന്നത്തെ ഒരു പ്രശ്‌നമാണ്. ഇതു മുന്‍കൂട്ടിക്കണ്ട് ഇടപെടാന്‍ തീരുമാനിച്ച ഒരേയൊരു സഹകരണ സംഘമേ കേരളത്തിലുള്ളൂ. അതാണു കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാഡര്‍. പാലക്കാട് മുതലമടയില്‍ 50 ഏക്കര്‍ സ്ഥലത്തു ‘സീനിയര്‍ സിറ്റിസണ്‍ വില്ലേജ്’ പണികഴിപ്പിക്കാനുള്ള ലാഡറിന്റെ തീരുമാനം ഒരുപക്ഷേ, ലോകത്തെ ആദ്യത്തെ സഹകരണസംരംഭമാകും.

ഇത്തരത്തിലുള്ള വലിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തണമെന്ന നിര്‍ദേശമല്ല കര്‍മരേഖയിലുള്ളത്. പ്രാദേശികാടിസ്ഥാനത്തില്‍ സാന്ത്വനപരിചരണവും വയോജനപരിചരണവും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നും സ്വതന്ത്രമായും സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കണമെന്നാണ്. ഇതിനൊപ്പം, സഹകരണാശുപത്രികളും പല തട്ടിലായി വളര്‍ത്തിക്കൊണ്ടുവരണമെന്നാണു നിര്‍ദേശിക്കുന്നത്. അതിനായി ഈ മേഖലയെക്കുറിച്ച് സമഗ്രമായ പഠനം നടത്തുകയാണു വേണ്ടതെന്നു പറയുന്നുണ്ട്. ഇതിന്റെ ചുമതല ഹോസ്പിറ്റല്‍ ഫെഡറേഷനു നല്‍കണം. ആശുപത്രികള്‍, ചികിത്സാ സംവിധാനങ്ങള്‍, പ്രശ്‌നങ്ങള്‍, സാധ്യതകള്‍ എന്നിവയെല്ലാം പരിശോധിച്ചാകണം ഭാവിപ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കേണ്ടത്. ചെറിയ സഹകരണാശുപത്രികളില്‍നിന്നു റഫറല്‍ സമ്പ്രദായത്തില്‍ വലിയ സഹകരണാശുപത്രികളായി ഈ മേഖലയ്ക്കു മുന്നേറ്റമുണ്ടാക്കാനാകണമെന്നാണു രേഖയില്‍ പറയുന്നത്.

സാംസ്‌കാരിക
ഇടപെടലുകള്‍

അഞ്ചു രീതിയിലുള്ള ഇടപെടലാണു സാംസ്‌കാരികമേഖലയില്‍ നിര്‍ദേശിക്കുന്നത്. ഒന്ന്, സമൂഹത്തിലുണ്ടാകുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള ബോധവല്‍ക്കരണമാണ്. രണ്ട്, ജനങ്ങളുടെ ബോധനിലവാരവും യുക്തിചിന്തയും വളര്‍ത്താന്‍ ഉപകരിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്. മൂന്ന്, സാംസ്‌കാരിക സ്ഥാപനങ്ങള്‍ രൂപപ്പെടുത്തുന്നതാണ്. നാല്, സഹകരണ ചരിത്രരചനയ്ക്കുള്ള നിര്‍ദേശമാണ്. അവസാനത്തേത്, കോട്ടയത്തു സ്ഥാപിക്കുന്ന അക്ഷരമ്യൂസിയത്തിലൂടെ ചിരിത്ര-സാംസ്‌കാരിക പഠനകേന്ദ്രമൊരുക്കലാണ്.

ലഹരി, അന്ധവിശ്വാസം, ധൂര്‍ത്ത് എന്നിവ സമൂഹത്തെ വേട്ടയാടിത്തുടങ്ങിയ പശ്ചാത്തലത്തിലാണു സഹകരണ സംഘങ്ങളും ഇതിനെതിരെയുള്ള ബോധവത്കരണം ഏറ്റെടുക്കണമെന്ന നിര്‍ദേശം സഹകരണവകുപ്പ് മുന്നോട്ടുവെക്കുന്നത്. സാംസ്‌കാരികവകുപ്പുമായി ചേര്‍ന്നു പ്രചരണം സംഘടിപ്പിക്കാനാണു നിര്‍ദേശം. സഹകരണ-സാംസ്‌കാരിക വകുപ്പുകള്‍ ഒരേ മന്ത്രിക്കു കീഴിലായതുകൊണ്ട് ഇത്തരം പരിപാടികള്‍ക്ക് ഏകോപനവും ആസൂത്രണവും എളുപ്പമാവുകയും ചെയ്യും. എല്ലാ സഹകരണസ്ഥാപനങ്ങള്‍ക്കും വായനയിടങ്ങളും സാംസ്‌കാരിക ചര്‍ച്ചാവേദികളും ഉണ്ടാകണമെന്നതാണു മറ്റൊരു നിര്‍ദേശം. സഹകരണ സംഘങ്ങളില്‍ വായനമുറികള്‍ ഒരുക്കുന്ന പദ്ധതി നേരത്തെയും നിലവിലുണ്ടെങ്കിലും അതു പലയിടത്തും ഫലപ്രദമായിട്ടില്ല. സംഘങ്ങളുടെ പൊതുനന്മാഫണ്ടില്‍നിന്നു സാംസ്‌കാരിക കാര്യങ്ങള്‍ക്കു പണം വകയിരുത്താമെന്നാണു കര്‍മരേഖയിലെ നിര്‍ദേശം. ഇതിനുപുറമെ, പിന്നാക്ക പ്രദേശങ്ങളിലെ വായനശാലകള്‍, സ്‌കൂള്‍ലൈബ്രറികള്‍ എന്നിവയെ സഹകരണ സംഘങ്ങള്‍ക്കു ദത്തെടുത്തു പരിപാലിക്കാം.

ഏറ്റവും ശ്രദ്ധേയമായ നിര്‍ദേശം സഹകരണ ചരിത്രനിര്‍മിതിയാണ്. സഹകരണമേഖലയുടെ ജനകീയ -സാംസ്‌കാരിക ചരിത്രവും പ്രാദേശിക ഇടപെടലുകളുടെ ചരിത്രവും സമാഹരിക്കുകയും സമഗ്ര സഹകരണ ചരിത്രാലേഖനപദ്ധതിക്കു രൂപം കൊടുക്കുകയും വേണം. ചരിത്രം രേഖപ്പെടുത്താതെ പോകുന്നതു ചരിത്രനിരാസം കൂടിയാണെന്നാണ് ഈ കര്‍മരേഖ അവതരിപ്പിച്ചുകൊണ്ട് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പറഞ്ഞത്. സഹകരണമേഖലയെക്കുറിച്ചുള്ള ആധികാരിക ചരിത്രരചന ഉണ്ടായിട്ടില്ല. പാതിമാത്രം പറഞ്ഞുപോകുന്ന കാര്യങ്ങളാണ് ഇതുവരെ എഴുതപ്പെട്ടതിലുള്ളത്. അതിനുപകരം ഒരു കര്‍മപദ്ധതിയായി ഇതിനെ ഏറ്റെടുക്കുന്നതിനുള്ള ആദ്യശ്രമമാണിത്. കോട്ടയത്തു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവുമായി ചേര്‍ന്നു സാഹിത്യമ്യൂസിയത്തിന്റെ പൂര്‍ത്തീകരണം മൂന്നു വര്‍ഷത്തിനകം സാധ്യമാക്കണമെന്ന നിര്‍ദേശവും കര്‍മരേഖ മുന്നോട്ടുവെക്കുന്നുണ്ട്.

ആസൂത്രണത്തിന്
സമിതി

സഹകരണമേഖലയില്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണസമിതി രൂപവത്കരിക്കുമെന്നാണു കര്‍മരേഖയിലെ പ്രഖ്യാപനം. സംസ്ഥാനതലത്തില്‍ പൊതുവായും വിവിധ മേഖലകള്‍ക്കു വര്‍ക്കിങ് ഗ്രൂപ്പുകളും രൂപവത്കരിക്കും. ആസൂത്രണവും നിര്‍വഹണഅവലോകനവും ഈ സമിതികളുടെ ചുമതലയാകും. സമിതിയുടെ ഘടനയും പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ മന്ത്രി ചെയര്‍മാനും പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷന്‍ കോ-ചെയര്‍മാനുമായിട്ടായിരിക്കും സംസ്ഥാനതലത്തില്‍ ആസൂത്രണസമിതി പ്രവര്‍ത്തിക്കുക. പ്ലാനിങ് ബോര്‍ഡ് അംഗങ്ങള്‍, സഹകാരികള്‍, അപക്‌സ് സംഘങ്ങളുടെ പ്രതിനിധികള്‍, കേരള ബാങ്ക് പ്രസിഡന്റ്, നബാര്‍ഡ്, എന്‍.സി.ഡി.സി. പ്രതിനിധികള്‍, സഹകരണ പരിശീലന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരായിരിക്കും അംഗങ്ങള്‍. അതതു മേഖലയിലെ വിദഗ്ധര്‍ ചെയര്‍മാന്മാരായി ആറു വര്‍ക്കിങ് ഗ്രൂപ്പുകളും ഉണ്ടാകും.

 

 

 

 

Leave a Reply

Your email address will not be published.