ഈ രക്തസാക്ഷികള്‍ മോഹിച്ചത് സ്വതന്ത്രമായി പാടാന്‍

Deepthi Vipin lal

 

കൊറോണക്കാലത്ത് ലോകം ഞെട്ടലോടെയാണ് ആ മരണവാര്‍ത്തകള്‍ കേട്ടത്. തുര്‍ക്കിയിലെ ജനകീയ ഗായിക ഹെലിന്‍ ബോലക് എന്ന ഇരുപത്തിയെട്ടുകാരിയുടെയും ഗിറ്റാറിസ്റ്റായ ഇബ്രാഹിം ഗോഗ്‌ചെക് എന്ന നാല്‍പ്പത്തിയൊന്നുകാരന്റെയും ധീര മരണം. സ്വതന്ത്രമായി പാടാനും തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ വീണ്ടെടുക്കാനും സുഹൃത്തുക്കളായ ഹെലിന്‍ ബോലക്കും ഇബ്രാഹിമും നിരാഹാരസമരം നടത്തുകയായിരുന്നു. നിരാഹാരത്തിന്റെ 288 ാം ദിവസം ( ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് ) മരണം ഹെലിനെ കീഴ്‌പ്പെടുത്തി. മെയ് ഏഴിന് ഇബ്രാഹിമും മരണത്തിനു കീഴടങ്ങി. അന്ന് ഉപവാസത്തിന്റെ 323 ാം ദിവസമായിരുന്നു.

മധ്യേഷ്യയിലെ നാലാമത്തെ വലിയ വംശീയ വിഭാഗമായ കുര്‍ദ് മുസ്ലിംകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് ഹെലിന്‍ ബോലക്കും ഇബ്രാഹിമും കൂട്ടുകാരും പോരാടാനിറങ്ങിയത്. ( സ്വന്തമായി ഒരു രാജ്യമില്ലാത്ത കുര്‍ദുകള്‍ തുര്‍ക്കി, ഇറാഖ്, സിറിയ, ഇറാന്‍, അര്‍മേനിയ എന്നിവിടങ്ങളിലായാണ് ജീവിക്കുന്നത് . എല്ലായിടത്തും കൂടി ഏതാണ്ട് നാലു കോടി കുര്‍ദുകളുണ്ടെന്നാണ് കണക്ക് ). അവര്‍ പക്ഷേ, സംഗീതത്തെയാണ് തങ്ങളുടെ സമരോപാധിയാക്കിയത്. ഗ്രുപ്പ് യോറം എന്ന സംഗീത ബാന്‍ഡുണ്ടാക്കിയാണ് ഇവര്‍ നിരന്തരം സര്‍ക്കാരിന് തലവേദനയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

നിരോധനം, അടിച്ചമര്‍ത്തല്‍

തുര്‍ക്കിയില്‍ മൊത്തം ജനസംഖ്യയുടെ 20 ശതമാനം കുര്‍ദ് വംശജരാണ്. ഏതാണ്ട് 1.4 കോടി വരുമിത്. തുര്‍ക്കിയിലെ എര്‍ട്ടോഗന്‍ ഭരണകൂടം ‘ മലയോര തുര്‍ക്കികള്‍ ‘ എന്നാക്ഷേപിച്ച് ഇവരെ അകറ്റി നിര്‍ത്തുകയായിരുന്നു. സ്വയംഭരണാധികാരമുള്ള ഒരു കുര്‍ദിസ്ഥാനോ സ്വതന്ത്ര കുര്‍ദിസ്ഥാനോ ആണ് ഇവരുടെ ആവശ്യം. അതു മാത്രം നല്‍കില്ലെന്ന് തുര്‍ക്കി ഭരണകൂടവും. 1991 വരെ കുര്‍ദുകളുടെ അസ്തിത്വം പോലും ഭരണകൂടം അംഗീകരിച്ചിരുന്നില്ല. കുര്‍ദ്, കുര്‍ദിസ്ഥാന്‍ എന്നീ വാക്കുകള്‍ ഉച്ചരിക്കുന്നതുപോലും നിരോധിച്ചിരുന്നു. കുര്‍ദ് ഭാഷ സംസാരിക്കുന്നവരെയും ആ ഭാഷയില്‍ എഴുതുകയും പാടുകയും ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് തടവിലിട്ടു. പലപ്പോഴും കുര്‍ദ് ദേശീയവാദികളുടെ സായുധ സംഘങ്ങള്‍ സൈന്യവുമായി ഏറ്റുമുട്ടി. 2013 ലെ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം രാജ്യത്ത് സമാധാനം നിലനിന്നു. മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടനുസരിച്ച് സംഘര്‍ഷങ്ങളില്‍ 4000 കുര്‍ദ് ഗ്രാമങ്ങളെങ്കിലും തകര്‍ക്കപ്പെട്ടിട്ടുണ്ട്. 40,000 കുര്‍ദുകളും കൊല്ലപ്പെട്ടു.

ഗ്രുപ്പ് യോറം എന്ന സംഗീത ബാന്‍ഡിനെ നിരോധിച്ചതില്‍ പ്രതിഷേധിച്ചാണ് ഹെലിനും ഇബ്രാഹിം ഗോഗ്‌ചെക്കും നിരാഹാരം ആരംഭിച്ചത്. 1985 ല്‍ ബാന്‍ഡ് രൂപം കൊണ്ടതു മുതല്‍ ഭരണകൂടത്തിനു വിറളി പിടിച്ചിരുന്നു. അന്നു തൊട്ട് അതിലെ അംഗങ്ങളെ ഭരണകൂടം വേട്ടയാടി. അറസ്റ്റു ചെയ്തും മര്‍ദിച്ചും കേസെടുത്തും ഒതുക്കാന്‍ ശ്രമിച്ചു. അഹിംസാ മാര്‍ഗം മുറുകെപ്പിടിച്ച്, സഹനസമരത്തിലൂടെ മുന്നോട്ടുപോകുന്ന ഗ്രുപ്പ് യോറം രഹസ്യമായി സംഗീതക്കച്ചേരികള്‍ സംഘടിപ്പിച്ചും ആല്‍ബങ്ങള്‍ തയാറാക്കിയും സംഗീതവഴികളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുകയാണ്. ഇരുപതോളം സംഗീത ആല്‍ബങ്ങള്‍ ഗ്രുപ്പ് യോറം പുറത്തിറക്കിക്കഴിഞ്ഞു. ഈ പാട്ടുകളിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുകയാണ്.

അഫ്ഗാനിസ്ഥാനില്‍ ശാന്തി പുലരുമോ?

ബദ്ധശത്രുക്കളായ യു.എസ്സും താലിബാനും സമാധാനക്കരാറില്‍ ഒപ്പിട്ടതോടെ അഫ്ഗാനിസ്ഥാനില്‍ ശാന്തിയുടെ പുതുയുഗം പിറക്കുമോ? യുദ്ധം ഛിന്നഭിന്നമാക്കിയ അഫ്ഗാനിസ്ഥാനില്‍ ഈ കരാര്‍ കൊണ്ടുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്? രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്ന പ്രശ്‌നങ്ങളാണിവ.

2020 ഫെബ്രുവരി 29 നാണ് യു.എസ്. പ്രതിനിധി സല്‍ മെ ഖലീല്‍സാദും താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഘാനിയും ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ സമാധാനക്കരാറൊപ്പിട്ടത്. അടുത്ത 14 മാസത്തിനകം തങ്ങളുടെ സേനയെ പൂര്‍ണമായും പിന്‍വലിക്കാമെന്ന് കരാര്‍ പ്രകാരം അമേരിക്ക വാഗ്ദാനം ചെയ്യുന്നു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ഖായിദ ഭീകരര്‍ തകര്‍ത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ സൈന്യം 18 വര്‍ഷത്തിനു ശേഷമാണ് പൂര്‍ണമായി പിന്‍വാങ്ങാന്‍ കരാര്‍ വഴി സന്നദ്ധരാവുന്നത്. അഫ്ഗാന്‍ സര്‍ക്കാരുമായി താലിബാന്‍ സമാധാന ചര്‍ച്ച നടത്തുമെന്നും ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍മാറുമെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, ഈ കരാര്‍ നടപ്പാകുമോ എന്ന കാര്യത്തില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. യു.എസ്.-താലിബാന്‍ ചര്‍ച്ചകളില്‍ നേരിട്ടു പങ്കെടുക്കാത്ത അഫ്ഗാന്‍ സര്‍ക്കാര്‍ എന്തു നിലപാടെടുക്കുമെന്ന് വ്യക്തമല്ല.

കരാറൊപ്പിട്ടിട്ട് മൂന്നു മാസമായി. ഇതുവരെ എത്ര സൈനികരെ പിന്‍വലിച്ചു എന്ന കാര്യം അമേരിക്ക പുറത്തുവിട്ടിട്ടില്ല. കുറച്ചു പേരെ മാര്‍ച്ചില്‍ പിന്‍വലിച്ചിട്ടുണ്ട്. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സൈനിക പിന്‍മാറ്റത്തെപ്പറ്റിയൊന്നുമല്ല ഇപ്പോഴത്തെ ചിന്ത.

അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പുതന്നെ വലിയ ചേരിപ്പോരിനു കാരണമായിട്ടുണ്ട്. പ്രസിഡന്റ് അഷ്‌റഫ് ഗനിയാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ കൃതിമം നടന്നുവെന്നും താനാണ് യഥാര്‍ഥ വിജയിയെന്നും എതിരാളി അബ്ദുള്ള അബ്ദുള്ള അവകാശപ്പെട്ടു. അഷ്‌റഫ് ഗനിയുടെ സത്യപ്രതിജ്ഞയ്ക്ക് സമാന്തരമായി അബ്ദുള്ള അബ്ദുള്ളയും സത്യപ്രതിജ്ഞ ചെയ്തുവെന്നതാണ് ശ്രദ്ധേയമായ കാഴ്ച. ഒടുവില്‍, അമേരിക്കയുടെ ശക്തമായ താക്കീത് വേണ്ടിവന്നു ഇവര്‍ തമ്മിലുള്ള വെടിനിര്‍ത്തലിന്. ഇരു നേതാക്കളും രാഷ്ട്രീയപ്പോര് തുടര്‍ന്നാല്‍ അഫ്ഗാനിസ്ഥാനുള്ള നൂറു കോടി ഡോളറിന്റെ സഹായം നിര്‍ത്തിവെക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അത് ഫലിച്ചു. അധികാരം പങ്കിട്ടുകൊണ്ടുള്ള ഒത്തുതീര്‍പ്പിന് അഷ്‌റഫും അബ്ദുള്ളയും തയാറായി. മെയ് 17 ന് ഒപ്പിട്ട കരാറനുസരിച്ച് അഷ്‌റഫ് ഗനി പ്രസിഡന്റായി തുടരും. അബ്ദുള്ള അബ്ദുള്ളയ്ക്ക് ദേശീയ അനുരഞ്ജന സമിതിയുടെ അധ്യക്ഷപദമാണ് നല്‍കിയിരിക്കുന്നത്. മാത്രവുമല്ല, അബ്ദുള്ളയുടെ ചില അനുയായികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

യു.എസ്. സൈനികരെ പിന്‍വലിക്കുന്ന കരാറിനോട് യഥാര്‍ഥത്തില്‍ അനുകൂലമായ പ്രതികരണമല്ല അഫ്ഗാന്‍ ഭരണകൂടത്തില്‍ നിന്നുണ്ടായത്. താലിബാന്‍ തന്നെ കരാറിനെ തളളിപ്പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശാവഹമല്ല കരാറിന്റെ ഭാവി എന്നാണ് സൂചന.

അശാന്തി പടരുന്ന രാജ്യം

1978-ല്‍ അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് അനുകൂല ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ആഭ്യന്തര രാഷ്ട്രീയ നീക്കങ്ങളോടെയാണ് ഈ രാജ്യം അശാന്തിയുടെ തുരുത്തായി മാറിയത്. മുജാഹിദീനുകള്‍ എന്ന പേരിലറിയപ്പെട്ട എതിര്‍പക്ഷമാണ് ഭരണകൂടത്തിനെതിരെ കടന്നാക്രമണം നടത്തിയത്. അതോടെ സോവിയറ്റ് റഷ്യ അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. കമ്യൂണിസ്റ്റ് അനുകൂല ഭരണകൂടത്തെ സംരക്ഷിക്കുകയായിരുന്നു റഷ്യയുടെ ലക്ഷ്യം. മുജാഹിദീനുകള്‍ക്ക് പിന്തുണയുമായി പാകിസ്ഥാനും അമേരിക്കയും രംഗത്തുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കു ശേഷം 1989 ലാണ് സോവിയറ്റ് റഷ്യ അഫ്ഗാനില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍, കമ്യൂണിസ്റ്റ് ഭരണകൂടത്തിനുള്ള പിന്തുണ റഷ്യ പുറത്തുനിന്നും തുടര്‍ന്നു. 1992 ലാണ് കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. പുതിയ ഭരണകൂടം അധികാരത്തിലേറിയെങ്കിലും ആഭ്യന്തര സംഘര്‍ഷം തുടര്‍ന്നു. 1996 ല്‍ താലിബാന്‍ എന്ന പുതിയൊരു ഭീകര സംഘടന അഫ്ഗാനിന്റെ ഭരണരഥത്തിലേറി.

പഷ്ത്തൂണ്‍ ഭാഷയില്‍ വിദ്യാര്‍ഥി എന്നാണ് താലിബാന്‍ എന്ന വാക്കിന്റെ അര്‍ഥം. കഠിനമായ രീതിയില്‍ ശരീഅത്ത് ശിക്ഷാനിയമങ്ങള്‍ നടപ്പാക്കി തീവ്രമായ ഇസ്ലാമിക ഭരണമാണ് താലിബാന്‍ മുന്നോട്ടു വെച്ചത്. ഉസാമ ബിന്‍ ലാദന്റെ നേതൃത്വത്തിലുള്ള അല്‍ ഖായിദയുടെ പിന്തുണയും താലിബാന് ലഭിച്ചു. 2001 സെപ്തംബര്‍ 11 ന് അല്‍ ഖായിദയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതോടെ താലിബാന്‍ അമേരിക്കയുടെ കണ്ണിലെ കരടായി. മൂവായിരത്തോളം പേരാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2001 ഒക്ടോബറില്‍ അമേരിക്കയും നാറ്റോ സഖ്യവും അഫ്ഗാനെതിരെ ആക്രമണം ആരംഭിച്ചു. താലിബാന്‍ ഭരണകൂടത്തെ താഴെയിറക്കുകയും ചെയ്തു. 2004 ല്‍ യു.എസ്. പിന്തുണയുള്ള സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറി. 2009 ല്‍ ഒരു ലക്ഷം യു.എസ്. സൈന്യത്തിന്റെ സാന്നിധ്യം അഫ്ഗാനിലുണ്ടായിരുന്നു. അഫ്ഗാനില്‍ സമാധാനം ഉറപ്പാക്കാനായി പ്രസിഡന്റ് ബറാക്ക് ഒബാമ യു.എസ്. സൈനിക സാന്നിധ്യം കൂട്ടുകയായിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട 2014 ലാണ് നാറ്റോയുടെ അന്താരാഷ്ട്ര സേന അഫ്ഗാനില്‍ നിന്ന് പി•ാറിയത്. പക്ഷേ, ഒരു ഘട്ടത്തിലും അഫ്ഗാനില്‍ സമാധാനമെന്ന ലക്ഷ്യം കൈവരിക്കാനായില്ല.

യു.എസ്സിന്റെയും സഖ്യ കക്ഷികളുടെയും ആക്രമണം തുടങ്ങിയ ആദ്യ ഘട്ടത്തില്‍ ദുര്‍ബലരായിത്തീര്‍ന്ന താലിബാന്‍ പിന്നീട് ശക്തി പ്രാപിച്ചുവരുന്നതാണ് കണ്ടത്. 2018 ല്‍ അഫ്ഗാനിസ്ഥാന്റെ 70 ശതമാനം മേഖലകളില്‍ താലിബാന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രമണങ്ങളും അടിക്കടി നടക്കുന്നുണ്ട്. അഫ്ഗാന്‍ യുദ്ധത്തില്‍ ഇതുവരെ 45,000 സൈനികരെങ്കിലും മരിച്ചിട്ടുണ്ട്. 3500 ലേറെ സഖ്യ സൈനികരും കൊല്ലപ്പെട്ടു. ഇതില്‍ 2300 ലേറെ യു.എസ്. സൈനികര്‍ ഉള്‍പ്പെടും. പേരിന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും സ്വതന്ത്ര ജനാധിപത്യമെന്നത് സ്വപ്നം മാത്രമാണ്. ഒരുകാലത്ത് ടെലിവിഷനും സംഗീതവും സിനിമയും സ്ത്രീ വിദ്യാഭ്യാസവും നിഷേധിച്ചുവെന്ന് ആരോപിക്കപ്പെടുന്ന താലിബാന്‍ വീണ്ടും ശക്തിയാര്‍ജിക്കുകയാണ്. ഇനി കരാര്‍ നടപ്പാക്കി യു.എസ്. സൈന്യം പൂര്‍ണമായി പിന്‍വലിഞ്ഞാല്‍ത്തന്നെ അത് താലിബാന്റെ വളര്‍ച്ചയ്ക്കായിരിക്കും വഴിമരുന്നിടുകയെന്ന നിരീക്ഷണവും പ്രസക്തമാണ്. എന്തായാലും, 18 വര്‍ഷത്തെ യു.എസ്. സൈനിക സാന്നിധ്യത്തിനു ശേഷവും ശുഭകരമല്ല അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ എന്നതാണ് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ വസ്തുത.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!