ആ 164 വെറുമൊരു സംഖ്യയല്ല

moonamvazhi

കിരണ്‍ വാസു

നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്ത ഏതാനും സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ടെന്നനിയമസഭയിലെ വെളിപ്പെടുത്തലില്‍ സഹകാരികള്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. രാജ്യത്തു മുന്നില്‍ നില്‍ക്കുകയാണെങ്കിലും കേരളത്തിലെ സഹകരണ മേഖല ഇനിയും പലതും പഠിക്കാനുണ്ട് എന്ന ഓര്‍മപ്പെടുത്തലാണ് ഇവിടെ സംഭവിച്ചത്. ഗുണമേന്മയുള്ള വായ്പാ വിതരണരീതിയും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്ന പ്രവര്‍ത്തനവുമില്ലെങ്കില്‍ നിക്ഷേപത്തിന്റെ തോത് ഉയരുമ്പോഴും സംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുമെന്നത് ഒരു സാമ്പത്തിക ശാസ്ത്രവിധിയാണ്. നിക്ഷേപം കുമിഞ്ഞുകൂടിയിട്ട് കാര്യമില്ല. അവ ഉല്‍പ്പാദനക്ഷമതയുള്ള വായ്പകളാക്കി മാറ്റാനാവണം.
സഹകരണ ബാങ്കുകളില്‍ 30-40 ശതമാനമെങ്കിലും ഉല്‍പ്പാദനപരമായ
നിക്ഷേപം നടത്തുന്നതിനുള്ള വായ്പയായി മാറണം.

‘ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതു സഹകരണ മേഖലയാണ്. സഹകരണ സംഘങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളതു ഗ്രാമീണ ജനതയുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുള്ള മേഖലകളിലാണ്. കൃഷി, മത്സ്യമേഖല, കാര്‍ഷിക സംസ്‌കരണം, പാലുല്‍പ്പാദനം എന്നിവിടങ്ങളിലെല്ലാം സഹകരണ സംഘങ്ങളുടെ പങ്കാളിത്തവും സ്വാധീവും വളരെ വലുതാണ്. കര്‍ഷകര്‍ക്കു വായ്പയും കാര്‍ഷിക ഉപകരണങ്ങളും ഉറപ്പാക്കുന്നതിലും പാല്‍, മത്സ്യം, പച്ചക്കറി, പഴങ്ങള്‍, പൂവുകള്‍, ഔഷധച്ചെടികള്‍, വന ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വിപണന-വിതരണ സംവിധാനം ഒരുക്കുന്നതിലുമെല്ലാം സഹകരണ സംഘങ്ങളാണു മുന്നില്‍. പിന്നാക്ക വിഭാഗങ്ങള്‍ക്കും ഗ്രാമീണ മേഖലകള്‍ക്കും വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ ഏജന്‍സിയായി സഹകരണ സംഘങ്ങളെ ഉപയോഗപ്പെടുത്തുകയും സംഘങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണ മേഖലയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്’- ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണ സംഘങ്ങളുടെ പങ്ക് എത്രത്തോളമുണ്ടെന്നു രാജ്യസഭയില്‍ ഗീത എന്ന ചന്ദ്രപ്രഭ ചോദിച്ച ചോദ്യത്തിനു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ നല്‍കിയ മറുപടിയാണിത്.

 

ഇത് ഒരു വെറുംവാക്കല്ല. കേന്ദ്ര സഹകരണ മന്ത്രാലയം പുതിയതാണെങ്കിലും സഹകരണ മേഖലയുടെ സ്വാധീനത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ വിലയിരുത്തല്‍ പുതിയതല്ല. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണ സംഘങ്ങളുടെ പങ്കിനെക്കുറിച്ച് നബാര്‍ഡ് അതിന്റെ എല്ലാ റിപ്പോര്‍ട്ടുകളിലും ചൂണ്ടിക്കാണിക്കാറുണ്ട്. നെഹ്‌റുവിന്റെ കാലം മുതല്‍ കേന്ദ്ര സര്‍ക്കാരുകള്‍ അതിനു സാമ്പത്തികവും ഭരണപരവുമായ പിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്നു രാജ്യത്താകെ 8,54,355 സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വായ്‌പേതര സംഘങ്ങളാണു കൂടുതല്‍. കര്‍ഷകനു വിത്തും വളവും നല്‍കി സഹായിക്കുകയും അവന്റെ ഉല്‍പ്പന്നങ്ങള്‍ക്കു വില ഉറപ്പാക്കാന്‍ ഇടപെടുകയും ചെയ്യുന്ന സംഘങ്ങള്‍ ഏറെയാണ്. സഹകരണ മേഖലയുടെ വളര്‍ച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയുടെ ഫലമാണ്. എന്നാല്‍, ഇപ്പോള്‍ സഹകരണ സംഘങ്ങളോടുള്ള സര്‍ക്കാരുകളുടെ മനോഭാവത്തില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. മത്സരിച്ച് ജയിക്കാനും പൊരുതി അതിജീവിക്കാനും കഴിയണം എന്നതാണു സഹകരണ മേഖലയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനം. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുപരി പ്രത്യേക പരിഗണന സഹകരണ സ്ഥാപനങ്ങള്‍ക്കു നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ജനവിശ്വാസവും സാമ്പത്തിക അടിത്തറയും നേടിയെടുത്ത സഹകരണ മേഖല ഇനി സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ നിക്ഷേപകരാകണമെന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിനിടയില്‍ അംഗങ്ങളുടെ ക്ഷേമവും സാമ്പത്തിക മുന്നേറ്റവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകതയും ഉറപ്പുവരുത്തുന്ന സഹകരണ മേഖലയുടെ പ്രവര്‍ത്തനം എവിടെയൊക്കെയോ താളം തെറ്റിപ്പോകുന്നുവെന്നു സംശയിക്കണം. കേരളത്തിലെ സഹകരണ മേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളെ ഈ രീതിയില്‍ വിലയിരുത്തുമ്പോള്‍ നമുക്ക് ഈ അപകടം ബോധ്യപ്പെടും.

നിക്ഷേപം
തിരിച്ചുകൊടുക്കാത്ത
സംഘങ്ങള്‍

സംസ്ഥാനത്തെ 164 സഹകരണ സംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കാത്ത ഗണത്തിലുണ്ടെന്ന ഷോക്കിങ് വാര്‍ത്തയാണ് ഈയിടെ സഹകരണ മേഖലയെ പിടിച്ചുലച്ചത്. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ വിവരമാണിത്. മാധ്യമങ്ങള്‍ അത് ആഘോഷിച്ചു. അതിനൊരു കാരണവുമുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രശ്‌നങ്ങള്‍ ഏറെ നാളായി അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ട്. അവിടുത്തെ നിക്ഷേപകരില്‍ ഒരാളായ ഫിലോമിന മരിച്ചു. അവര്‍ക്കു ചികിത്സ നല്‍കാനുള്ള പണം ബാങ്കില്‍നിന്നു കിട്ടിയില്ലെന്ന പരാതിയുമായി ഫിലോമിനയുടെ മൃതദേഹവുമായി അവരുടെ ഭര്‍ത്താവ് ബാങ്കിനു മുമ്പില്‍ കുത്തിയിരിപ്പ് നടത്തി. ഇതു വലിയ വാര്‍ത്തയായി. ഈ സംഭവത്തിന്റെ തൊട്ടുപിറ്റേ ദിവസമാണു 164 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തു നിക്ഷേപം തിരിച്ചുനല്‍കാത്തതായി വേറെയുമുണ്ടെന്ന നിയമസഭാ രേഖകള്‍ പുറത്തുവന്നത്. ഇതാണ് ആ വാര്‍ത്ത മാധ്യമങ്ങളില്‍ ആഘോഷമാകാന്‍ കാരണം. ആ 164 സംഘങ്ങളില്‍ സഹകരണ ബാങ്കുകള്‍ കുറവാണെന്നും 132 എണ്ണവും മിസലേനിയസ് വിഭാഗത്തില്‍പ്പെട്ടതാണെന്നുമുള്ള വിശദീകരണമാണു മന്ത്രി നല്‍കിയത്. അത് അപകടകരമായ വിശദീകരണമാണെന്നതില്‍ തര്‍ക്കമില്ല. സംസ്ഥാനത്തു പന്ത്രണ്ടായിരത്തോളം സഹകരണ സംഘങ്ങള്‍ ഈ മിസലേനിയസ് വിഭാഗത്തില്‍പ്പെടുന്നതാണ്. അവയെ അവിശ്വാസത്തില്‍ നിര്‍ത്തുന്ന മറുപടിയാണു മന്ത്രി നല്‍കിയത് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അത് ആ രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. അതിനാല്‍, ഇടപാടുകാരിലും നിക്ഷേപകരിലും വലിയ ആശങ്കയ്ക്കു വഴിവെച്ചതുമില്ല.

നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടിയിലെ ഭൂരിപക്ഷ സംഘങ്ങളും നിയമപരമായി പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നടപടി നേരിടുന്നവയാണ്. അതുകൊണ്ടുതന്നെ, അവ സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിനു സുരക്ഷാ ഭീഷണിയുണ്ടെന്നതിന് ഉദാഹരണമായി അവതരിപ്പിക്കേണ്ടവയേയല്ല. 25 പേരെങ്കിലുമുള്ള ഒരു കൂട്ടായ്മയായാണു സഹകരണ സംഘം തുടങ്ങുന്നത്. അവര്‍ ഒരു പൊതുലക്ഷ്യം നിശ്ചയിക്കും. കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഇടപെടല്‍, പ്രാദേശിക സാധ്യത ഉപയോഗപ്പെടുത്തി ടൂറിസം പദ്ധതികള്‍ കൊണ്ടുവരിക എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ളതാകും ഒരു പ്രാഥമിക വായ്‌പേതര സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം. ഇതിനു സര്‍ക്കാര്‍ ഗ്രാന്റുകള്‍, ഓഹരികള്‍, ആ പ്രദേശത്ത് അംഗങ്ങളായിട്ടുള്ളവരുടെ ചെറിയ നിക്ഷേപം എന്നിവയൊക്കെ ഉപയോഗപ്പെടുത്തിയാകും പ്രവര്‍ത്തിക്കുക. എല്ലാ ലക്ഷ്യവും വിജയത്തിലെത്താന്‍ കഴിയണമെന്നില്ല. ചിലതു പരാജയപ്പെടും. അങ്ങനെ ലക്ഷ്യം പരാജയപ്പെട്ട് പ്രവര്‍ത്തനം മതിയാക്കാന്‍ തീരുമാനിച്ചവയാണു നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത സംഘങ്ങളുടെ പട്ടികയായി നിരന്നിട്ടുള്ളതിലേറെയും. അത്തരം സംഘങ്ങളെയും കോടികളുടെ ഇടപാട് നടക്കുന്ന പ്രാഥമിക ബാങ്കുകളെയും ഒറ്റക്കണക്കില്‍ 164 എന്ന പട്ടികയായി നല്‍കിയതില്‍ അനൗചിത്യമുണ്ട്. അതു മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ സഹകരണ ബാങ്കുകളടക്കം നിക്ഷേപം സുരക്ഷിതമല്ലാത്ത വിഭാഗമാണെന്ന തോന്നല്‍ പൊതുജനങ്ങളിലുണ്ടാക്കിയിട്ടുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. അത്തരം പ്രചരണത്തിനു വഴിയൊരുക്കുന്ന സാഹചര്യം നിയമസഭയില്‍ മന്ത്രി നല്‍കിയ ഉത്തരത്തിലുണ്ടാകാന്‍ പാടില്ലായിരുന്നു.

നിക്ഷേപം തിരിച്ചുകൊടുക്കാത്ത സംഘങ്ങളുടെ വിവരത്തെ രാഷ്ട്രീയപരമായി വിലയിരുത്താന്‍ ശ്രമിക്കുന്നുവെന്നതാണു സഹകാരികളുടെ വീഴ്ച. അതു മാധ്യമവാര്‍ത്തയുണ്ടാക്കിയ തെറ്റായ ചിന്തയാണെന്നു തിരിച്ചറിയേണ്ടതുണ്ട്. എന്തുകൊണ്ടാണു സഹകരണ സംഘങ്ങള്‍ക്കു നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്തത് എന്നതിനെക്കുറിച്ചായിരുന്നു സഹകാരികളുടെ ചിന്ത ഉണരേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നതു നിര്‍ഭാഗ്യകരമാണ്. മാത്രവുമല്ല, ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന അപകടം തിരിച്ചറിയാന്‍ കഴിയാതെ പോവുകയും ചെയ്യും. മാധ്യമ വാര്‍ത്തകളും അതിനു പിന്നാലെയുണ്ടായ ചര്‍ച്ചകളും കാണുന്ന ഒരാള്‍ക്ക് സഹകരണ സംഘങ്ങളിലെ ഭരണസമിതികളുടെ കൊള്ളരുതായ്മയും തട്ടിപ്പുമാണ് ഈ സ്ഥിതിയുണ്ടാക്കിയത് എന്നാണു തോന്നുക. സത്യത്തില്‍ ഈ 164 സംഘങ്ങളില്‍ എത്രയെണ്ണം അത്തരം വീഴ്ചകള്‍കൊണ്ടു പ്രതിസന്ധിയിലായി എന്നതു മന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. ഭൂരിപക്ഷവും അത്തരം ക്രമക്കേടുകളാല്‍ പ്രതിസന്ധിയിലായതല്ലെന്ന വിശദീകരണമാണു പിന്നീട് മന്ത്രി നല്‍കിയിട്ടുള്ളത്. എങ്കില്‍ എന്തുകൊണ്ടു സഹകരണ സംഘങ്ങള്‍ പ്രതിസന്ധി നേരിടുന്നുവെന്നും എവിടെയൊക്കെ, ഏതൊക്കെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കാണു പ്രശ്‌നങ്ങള്‍ വന്നിട്ടുള്ളത് എന്നും പരിശോധിക്കേണ്ടതു ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്.

അപകട
സൂചന

164 സഹകരണ സംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കുന്നില്ലെന്ന വാര്‍ത്ത വന്നതു വലിയ കെടുതിയായാണു സഹകാരികള്‍ കാണുന്നത്. അത്തരം വാര്‍ത്ത വന്നിരുന്നില്ലെങ്കില്‍ ഇക്കാര്യം ആരും അറിയില്ലായിരുന്നുവെന്നതാണ് ഈ ചിന്തയുടെ സാമാന്യ യുക്തി. പക്ഷേ, ഇതു പുറത്തുവരേണ്ട വിവരംതന്നെയാണെന്നു സഹകാരികളെങ്കിലും തിരിച്ചറിയണം. തട്ടിപ്പുകള്‍ മാറ്റിനിര്‍ത്താം. അതൊരു ക്രിമിനല്‍ കുറ്റമാണ്. അല്ലാതെയുള്ള പ്രശ്‌നങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഒരു സംഘം അതു ലക്ഷ്യമിട്ട പ്രവര്‍ത്തനം വിജയത്തിലെത്തിക്കാന്‍ കഴിയാത്തതുകൊണ്ടാണു പ്രതിസന്ധിയിലാകുന്നത്. ഒന്നുകില്‍, ദീര്‍ഘവീക്ഷണമില്ലാത്ത ആസൂത്രണമാകും അത്തരം പരാജയത്തിനു കാരണം. അല്ലെങ്കില്‍, ആ സംഘത്തിനു പ്രവര്‍ത്തിക്കാന്‍ തടസ്സമാകുന്ന വിധത്തില്‍ സാമൂഹിക-ഭൗതിക സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകണം. ആദ്യം പറഞ്ഞതാണു കാരണമെങ്കില്‍, അതു സ്വാഭാവിക പരാജയമായി കാണാം. ഉദാഹരണത്തിനു പട്ടിക വിഭാഗക്കാരെ സംരംഭകരാക്കാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ ഒരു സഹകരണ സംഘം പട്ടികവിഭാഗക്കാര്‍ ഒരിക്കലും ഏറ്റെടുക്കാന്‍ സാധ്യതയില്ലാത്ത സംരംഭ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പരാജയം ഉറപ്പാണ്. രണ്ടാമത്തേതാണു കാരണമെങ്കില്‍ അതു പഠിക്കേണ്ടതാണ്. സര്‍ക്കാരിന്റെ നയം, സാമൂഹിക-സാമ്പത്തിക രംഗത്തുണ്ടാകുന്ന ചലനങ്ങള്‍, ആ സംഘം പ്രതിനിധാനം ചെയ്യുന്ന ജീവിത സാഹചര്യങ്ങളുടെ മാറ്റം എന്നിവയൊക്കെ ഒരു സഹകരണ സംഘത്തിന്റെ പ്രതിസന്ധിക്കു കാരണമാകുന്നുണ്ടെങ്കില്‍ അത് ഒരു സാമൂഹിക പ്രശ്‌നമാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ചാലക ശക്തിയാണു സഹകരണ സംഘങ്ങളെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റിസര്‍വ് ബാങ്ക്, നബാര്‍ഡ് പോലുള്ള ധനകാര്യ നിയന്ത്രണ സ്ഥാപനങ്ങളും വിലയിരുത്തുന്നുണ്ടെങ്കില്‍, ആ ചാലക ശക്തിക്കുണ്ടാകുന്ന പരിക്കുകള്‍ പരിശോധിക്കേണ്ടത് അനിവാര്യമാണെന്നുകൂടി തിരിച്ചറിയണം.

നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടിയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സഹകരണ സംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കാത്തവയുടെ പട്ടികയിലുണ്ട്. ഇതില്‍ ഏറെയും പലവക സംഘങ്ങളാണ്. കൂടുതലുള്ളതു തിരുവനന്തപുരത്തുമാണ്. ഒരു പ്രത്യേക ലക്ഷ്യത്തോടെ തുടങ്ങുന്ന പലവക സംഘങ്ങള്‍, ആ ലക്ഷ്യത്തില്‍നിന്ന് മാറി സഞ്ചരിക്കുന്നത് അപകടത്തിനു വഴിയൊരുക്കുന്നുവെന്ന സൂചന ഈ കണക്ക് നല്‍കുന്നുണ്ട്. ഒരു നാട്ടില്‍ ചെറിയ സംരംഭം ലക്ഷ്യമിട്ടു തുടങ്ങിയ ഒരു സംഘം പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ ആ പ്രദേശത്തുള്ളവരെ അംഗങ്ങളാക്കി അവരില്‍നിന്നു നിക്ഷേപം സ്വീകരിക്കും. ആ സംരംഭം വിജയിച്ചെങ്കില്‍ അത് ഏറ്റവും ശരിയായി ബോധ്യപ്പെടുക ആ സംഘത്തിലെ അംഗങ്ങളായ പ്രദേശവാസികള്‍ക്കാണ്. പരാജയപ്പെട്ടാല്‍ ആ നിക്ഷേപം അവര്‍ നഷ്ടമായി അംഗീകരിക്കും. പക്ഷേ, തട്ടിപ്പാണെങ്കില്‍ അവര്‍ നേരിട്ട് ചോദ്യം ചെയ്യും. ഈ 164 സംഘങ്ങളില്‍ നിക്ഷേപം തിരിച്ചുകൊടുക്കാത്തതിന്റെ പേരില്‍ നിക്ഷേപകര്‍ ബഹളം വെച്ചതു മിസലേനിയസ് സംഘങ്ങളിലല്ല എന്നതു ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ചെറിയ നിക്ഷേപവും വലിയ സ്വപ്‌നങ്ങളും ഇല്ലാതായിപ്പോയതിന്റെ സങ്കടമാണു ഭൂരിപക്ഷം മിസലേനിയസ് സംഘങ്ങളും പ്രതിസന്ധിയിലാകുമ്പോള്‍ ആ സംഘങ്ങളിലെ അംഗങ്ങള്‍ക്കുണ്ടാകുന്നത്. മറിച്ച്, ക്രെഡിറ്റ് ബിസിനസ് ലക്ഷ്യമിട്ടു തുടങ്ങുന്ന സംഘങ്ങളിലെ അംഗങ്ങളുടെ മനോഭാവം ഇങ്ങനെയല്ല. അതൊരു ധനകാര്യ സ്ഥാപനമായി, പലിശ വാങ്ങി ലാഭമുണ്ടാക്കുന്ന സംഘമായിത്തന്നെയാണു ജനങ്ങള്‍ കാണുന്നത്. അവിടെ നിക്ഷേപം തിരിച്ചുകിട്ടിയില്ലെങ്കില്‍ ജനങ്ങള്‍ പ്രകോപിതരാകും. അതാണു കരുവന്നൂരില്‍ കണ്ടത്.

പലവക സംഘം
വായ്പാസംഘമാവുന്നു

മിസലേനിയസ് സംഘമായി തുടങ്ങുകയും പ്രവര്‍ത്തനം കൊണ്ട് വായ്പാ സംഘമായി മാറുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ കൂടുതലാണ്. വായ്പാ സംഘങ്ങള്‍ക്കു കേരളത്തില്‍ പ്രവര്‍ത്തനപരിധി നിശ്ചയിച്ചിട്ടുണ്ട്. അതു വായ്പാ നിയന്ത്രണത്തിനുകൂടിയാണ്. ഒരേ പ്രദേശത്ത് ഒന്നിലേറെ വായ്പാ സംഘങ്ങളുണ്ടായാല്‍ ഒരാള്‍തന്നെ ഒന്നിലേറെ സംഘങ്ങളില്‍നിന്നു വായ്പയെടുക്കുന്ന സ്ഥിതിവരും. അങ്ങനെവന്നാല്‍, ഗ്രാമീണ ജനതയുടെ സാമ്പത്തിക ബുദ്ധിമുട്ട് ചൂഷണം ചെയ്തു വട്ടിപ്പലിശക്കാര്‍ സ്വീകരിക്കുന്ന വായ്പാ വിതരണ രീതിയിലേക്കു സഹകരണ വായ്പാ രീതിയും മാറും. ഒരാളുടെ സാമ്പത്തികാവശ്യം എന്താണ്, അത് ഉല്‍പ്പാദനപരമായ ആവശ്യത്തിന് ഉപയോഗിക്കുമോ, അതില്‍നിന്നു വരുമാനം ഉറപ്പാക്കി വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമോ, അങ്ങനെ ആ ഇടപാടുകാരനെ സജ്ജമാക്കുന്നതിനു സംഘം മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടോ എന്നീ കാര്യങ്ങളെല്ലാം ഒരു കാര്‍ഷിക വായ്പാ സഹകരണ സംഘം പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടാണു കൃഷിയെ അടിസ്ഥാനമാക്കി വായ്പ നല്‍കുന്നതും ആ കാര്‍ഷിക വിളയ്ക്കു ന്യായവില ഉറപ്പാക്കി വിപണന സംവിധാനം ഒരുക്കാന്‍ ആ സംഘംതന്നെ മുന്നോട്ടുവരുന്നതും. ഒരു കാര്‍ഷിക വായ്പാ സഹകരണ സംഘം കര്‍ഷകന്റെ ആശ്രിതകേന്ദ്രമായി മാറണമെന്നതാണു സഹകരണ കാഴ്ചപ്പാട്. എന്നാല്‍, ഒരേ പ്രദേശത്ത് ഒന്നിലേറെ സംഘങ്ങള്‍ ഇഷ്ടം പോലെ വായ്പ നല്‍കിയാല്‍ ഒരാളുടെ തിരിച്ചടവുശേഷി പരിഗണിക്കാതെ വായ്പ കിട്ടുന്ന സ്ഥിതിയുണ്ടാകും. ഉല്‍പ്പാദനപരമല്ലാത്ത കാര്യങ്ങളിലേക്കും അദ്ദേഹം കടം വാങ്ങി ചെലവിടുന്ന രീതി വരും. ഇത് ആത്യന്തികമായി കര്‍ഷകനില്‍ കടക്കാരനെ സൃഷ്ടിക്കുകയാണു ചെയ്യുക. പേരുകൊണ്ട് മിസലേനിയസ് സംഘങ്ങളാവുകയും പ്രവൃത്തികൊണ്ട് വായ്പാ സംഘങ്ങളായി മാറുകയും ചെയ്യുന്ന സ്ഥിതി ആവര്‍ത്തിക്കപ്പെട്ടാല്‍ കേരളത്തിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അടിവേരിന് ഇളക്കം തട്ടുമെന്നുറപ്പാണ്. ഈ 164 എന്ന സംഖ്യ അത്തരം പ്രവര്‍ത്തനത്തിന്റെ സൃഷ്ടിയാണോയെന്നതു സഹകാരികള്‍ പരിശോധിക്കേണ്ടതുണ്ട്.

രണ്ടു ജില്ലകളില്‍
സംഭവിക്കുന്നത്

ആ 164 സംഘങ്ങളുടെ പട്ടികയില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്ഥിതി പേടിപ്പിക്കുന്നതാണ്. ഈ രണ്ടു ജില്ലകളിലും നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതു മുഴുവന്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളാണ്. രണ്ടു ജില്ലയിലും 15 വീതം സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ആലപ്പുഴയിലെയും പത്തനംതിട്ടയിലേയും പ്രാഥമിക സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലാകുന്നുണ്ടെങ്കില്‍ അത് ആ സംഘങ്ങളുടെ ഭരണസമിതിയുടെയോ ജീവനക്കാരുടെയോ വീഴ്ചയായി കണക്കാക്കേണ്ടതല്ല. അവിടുത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിന് എന്തോ പ്രശ്‌നം സംഭവിച്ചിരിക്കുന്നുവെന്നു പ്രാഥമികമായി വിലയിരുത്തേണ്ടിവരും. കോവിഡ് വ്യാപനം കേരളത്തിലെ എല്ലാ ജില്ലകളെയും ഒരുപോലെ ബാധിച്ചതാണ്. അത് എല്ലാ സഹകരണ സ്ഥാപനങ്ങളിലും സാമ്പത്തിക ആഘാതമുണ്ടാക്കിയിട്ടുണ്ട്. എല്ലാ ജനങ്ങളിലും സാമ്പത്തിക ശോഷണത്തിന് വഴിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളിലും വായ്പാ തിരിച്ചടവിനെ കോവിഡ് ബാധിച്ചിട്ടുണ്ട്. പല ബാങ്കുകളും കൂട്ടത്തോടെ നഷ്ടത്തില്‍ പോകുന്നതു കഴിഞ്ഞ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടതാണ്. അപ്പോഴും, നിക്ഷേപം തിരിച്ചുകൊടുക്കാനാകാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ ബാങ്കുകളൊന്നും പോയിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കൂടുതലായി ബാധിച്ച മറ്റൊരു ഘടകം പ്രളയമാണ്. 2018 ലെ മഹാപ്രളയവും അതിനു പിന്നാലെവന്ന മഴക്കെടുതിയും ഈ രണ്ടു ജില്ലകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കാര്‍ഷിക മേഖലയെ ആശ്രയിച്ചാണു ബാങ്കുകളില്‍ തിരിച്ചടവ് ലഭിക്കുന്നത്. അവിടെ കാര്‍ഷിക മേഖല കൊടിയ പ്രശ്‌നങ്ങളിലാണ്. അതു സ്വാഭാവികമായി ബാങ്കുകളെയും ബാധിക്കും.

പ്രളയാനന്തരം കാര്‍ഷിക മേഖലയിലെ വായ്പ ഉള്‍ക്കൊള്ളാനുള്ള ശേഷി മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. ഒരേക്കര്‍ കൃഷിയിടത്തില്‍ നേരത്തെ വിവിധ കൃഷികളില്‍നിന്ന് ഒരു ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നുവെങ്കില്‍ ആ കൃഷിയുടമയായ കര്‍ഷകന് ഒരു ലക്ഷം രൂപ വായ്പ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്നു കണക്കാക്കാം. പ്രളയത്തിനുശേഷം ഭൂമിയുടെ സ്വാഭാവിക ഘടനയിലുണ്ടായ മാറ്റം കൃഷിയെയും ബാധിച്ചിട്ടുണ്ട്. മുമ്പുള്ള രീതിയിലുള്ള കൃഷിയോ കൃഷിരീതിയോ ചെലവോ പറ്റാതെ വന്നിരിക്കുന്നു. കൃഷിയില്‍നിന്നു ലഭിച്ചിരുന്ന വരുമാനം ഗണ്യമായി കുറഞ്ഞു. ഈ മാറ്റം പരിഗണിക്കാതെ ഒരു ലക്ഷം രൂപ അതേ കര്‍ഷകന്‍ വായ്പ എടുത്താല്‍ അവനു തിരിച്ചടവ് സാധ്യമാവില്ല. ആലപ്പുഴയിലും പത്തനംതിട്ടയിലും കര്‍ഷകരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കുന്നുണ്ട്. സാധാരണക്കാരും കര്‍ഷകരുമാണു പ്രാഥമിക സഹകരണ ബാങ്കിലെ ഇടപാടുകാര്‍. അതിനാല്‍, ആ ബാങ്കില്‍ വായ്പാ തിരിച്ചടവ് വരാതെ സാമ്പത്തിക ശോഷണം നേരിടുന്നുണ്ടെങ്കില്‍ അത് ആ പ്രദേശം നേരിടുന്ന സാമ്പത്തിക ആഘാതത്തിന്റെ തെളിവാണ്. അതു തിരിച്ചറിയാതെ സഹകരണ ബാങ്കുകളുടെ എന്തോ കുഴപ്പം കൊണ്ടാണ് അവ പ്രതിസന്ധി നേരിടുന്നതെന്ന പൊതുബോധത്തിലെത്തുന്നത് അപകടകരമായ രീതിയാണ്. ഈ രണ്ടു ജില്ലയിലെയും ഗ്രാമീണ സാമ്പത്തിക ഘടനയ്ക്കു സംഭവിക്കുന്ന മാറ്റത്തെക്കുറിച്ച് പഠിക്കാനാണു നമ്മള്‍ ശ്രമിക്കേണ്ടത്.

പ്രവാസിപ്പണം
കുറഞ്ഞു

റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന വിലയിടിവ് പ്രശ്‌നം, പ്രവാസിപ്പണത്തിലുണ്ടായ ശോഷണം എന്നിവയെല്ലാം പത്തനംതിട്ട ജില്ലയെ ബാധിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ മാത്രമല്ല, കോട്ടയത്തും ഈ പ്രശ്‌നങ്ങള്‍ കാണാനാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന ജില്ലയാണു പത്തനംതിട്ട. പല ബാങ്കുകളിലെയും വായ്പാ തിരിച്ചടവ് പ്രവാസിപ്പണത്തെ ആശ്രയിച്ചായിരുന്നു. കോവിഡ് വ്യാപനത്തിനുശേഷം ഇതു ഗണ്യമായി കുറഞ്ഞു. ഇതും സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന ഘടകമാണ്. മാത്രവുമല്ല, നിക്ഷേപ-വായ്പാ അനുപാതം ഏറ്റവും കുറഞ്ഞ ജില്ലകൂടിയാണു പത്തനംതിട്ട. പ്രവാസി മലയാളികളുടെ പണം സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി എത്തുന്നതുകൊണ്ടുകൂടിയാണിത്. വായ്പയില്‍ തിരിച്ചടവ് മുടങ്ങുമ്പോഴും നിലവിലെ നിക്ഷേപത്തില്‍ വലിയ കുറവ് ഈ ജില്ലകളിലുണ്ടായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. വായ്പയില്‍നിന്നു ലഭിക്കുന്ന പലിശവരുമാനത്തില്‍നിന്നു നിക്ഷേപത്തിനു നല്‍കേണ്ട പലിശവിഹിതം കുറച്ചാല്‍ ലഭിക്കുന്നതാണ് ഒരു ബാങ്കിന്റെ ലാഭം. ഇതനുസരിച്ചു വായ്പയ്ക്കു പലിശയും മുതലും തിരിച്ചടവ് വരാതിരിക്കുകയും നിക്ഷേപത്തിനു പലിശ നല്‍കേണ്ടിവരികയും ചെയ്യുമ്പോള്‍ ഏതു ബാങ്കും പ്രതിസന്ധിയിലാകും. ഇതു ധനശാസ്ത്രത്തിലെ സാമാന്യ തിയറിയാണ്.

കേരളത്തിലെ കാര്‍ഷിക വായ്പാ സംഘങ്ങള്‍ പ്രവര്‍ത്തനത്തിലും വിശ്വാസ്യതയിലും മികച്ചവയാണ്. അതുകൊണ്ടാണ് എണ്ണത്തില്‍ കുറവായിട്ടും ഇന്ത്യയിലെ മൊത്തം സഹകരണ നിക്ഷേപത്തിന്റെ 60 ശതമാനം പങ്കും കേരളത്തില്‍നിന്നായി മാറിയത്. ഈ പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തു നിക്ഷേപ സമാഹരണ യജ്ഞം നടത്തിയപ്പോള്‍ ലക്ഷ്യമിട്ടതിലും 3000 കോടി രൂപ അധികം നേടാന്‍ കഴിഞ്ഞതു ജനവിശ്വാസത്തിന്റെ തെളിവാണ്. പക്ഷേ, ഗുണമേന്മയുള്ള വായ്പാ വിതരണ രീതിയും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്ന പ്രവര്‍ത്തനവുമില്ലെങ്കില്‍ നിക്ഷേപത്തിന്റെ തോത് ഉയരുമ്പോഴും സംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുമെന്നത് ഒരു സാമ്പത്തിക ശാസ്ത്രവിധിയാണ്. പറഞ്ഞുവരുന്നത്, വായ്പാ തിരിച്ചടവ് നിശ്ചലമാകുന്ന ഘട്ടത്തില്‍ നടപ്പാക്കുന്ന നിക്ഷേപ സമാഹരണയജ്ഞം പോലും അപകടരമായ സാമ്പത്തിക ആഘാതത്തിനു വഴിവെക്കുമെന്നാണ്. നല്ല വായ്പാ വിതരണ അന്തരീക്ഷമാണു സഹകരണ മേഖലയില്‍ ഉണ്ടാക്കേണ്ടത്.

നിക്ഷേപമായി പണം കുമിഞ്ഞുകൂടിയിട്ട് കാര്യമില്ല. അവ ഉല്‍പ്പാദനക്ഷമതയുള്ള വായ്പകളാക്കി മാറ്റാനാവണം. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടാം ഭാഗം സഹകരണ മേഖലയില്‍ നടക്കുന്നില്ല. ഇതു ചില അപകടരമായ രീതികള്‍ക്കു വഴിവെച്ചിട്ടുണ്ട്. നിക്ഷേപം കൂടുന്നതിനനുസരിച്ച് വ്യക്തികള്‍ക്കു നല്‍കുന്ന വായ്പയുടെ തോത് ഉയര്‍ത്തുകയാണു സഹകരണ ബാങ്കുകള്‍ ചെയ്യുന്നത്. 50 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന രീതി നിര്‍ബാധം തുടര്‍ന്നു. പത്തനംതിട്ടയില്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കുകളുടെ വായ്പാ രീതി പരിശോധിച്ചാല്‍ ഇതു പ്രകടമാണ്. മറ്റു ജില്ലകളിലെയും ഉയര്‍ന്ന നിക്ഷേപമുള്ള ബാങ്കുകളിലെല്ലാം ഈ രീതിയുണ്ട്. കൂടുതല്‍ പണം ലഭിച്ചുതുടങ്ങിയതോടെ പത്തനംതിട്ടയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ സഹകരണ ബാങ്കുകളെ കൂടുതലായി ആശ്രയിച്ചതിന്റെയും സൂചനകളുണ്ട്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലുണ്ടായ മന്ദിപ്പ് അങ്ങനെ സഹകരണ ബാങ്കുകളെയും ബാധിച്ചു. 50 ലക്ഷത്തിന്റെ പത്തോ ഇരുപതോ വായ്പ കുടിശ്ശികയായാല്‍ മതി ആ ബാങ്കിന്റെ സാമ്പത്തികനില തകിടം മറിയാന്‍. പത്തനംതിട്ടയില്‍ ഈ പ്രവണതയും കാണുന്നുണ്ട്.

ഇതു സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളും നേരിടാനിരിക്കുന്ന ഒരു പ്രശ്‌നം കൂടിയാണ്. സഹകരണ ബാങ്കുകളില്‍ 30-40 ശതമാനമെങ്കിലും ഉല്‍പ്പാദനപരമായ നിക്ഷേപം നടത്തുന്നതിനുള്ള വായ്പയായി മാറണം. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഈ രീതിയില്ല. പെരുപ്പിച്ച കാട്ടിയ ഈടുവസ്തുവില്‍ വായ്പ നല്‍കുന്ന രീതിയാണു നിലവിലുള്ളത്. സംരംഭ വായ്പകള്‍ക്കു പ്രോത്സാഹനമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴും അതു സഹകരണ ബാങ്കുകളിലൂടെ ഉറപ്പാക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. പദ്ധതിരേഖ പരിശോധിച്ച് വായ്പ നല്‍കാനുള്ള പ്രാപ്തി സഹകരണ ബാങ്കുകള്‍ക്കില്ലാത്തതാണ് ഈ പ്രശ്‌നത്തിനു കാരണം. ഒരു പദ്ധതിരേഖ ഒരാള്‍ സമര്‍പ്പിച്ചാല്‍ മറ്റു വാണിജ്യ ബാങ്കുകള്‍ ചെയ്യുന്നതുപോലെ ആ പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക, വരുമാന, പരിസ്ഥിതി വശങ്ങള്‍ പരിശോധിച്ച് വിലയിരുത്താനുള്ള സംവിധാനം സഹകരണ ബാങ്കുകള്‍ക്കില്ല. ഇതെല്ലാം സഹകരണ ബാങ്കുകളുടെ നില അതീവ അപകടത്തിലാക്കുമെന്ന സൂചനയാണു നല്‍കുന്നത്. അതിനാല്‍, ആ 164 സഹകരണ മേഖലയെ സംബന്ധിച്ചിടത്തോളം വെറുമൊരു സംഖ്യയല്ല. ഒരുപാട് കാര്യങ്ങള്‍ പഠിച്ച് തിരുത്തേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!