സഹകരണമേഖലയിലെ പ്രതിസന്ധികൾ മറികടക്കാൻ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം – സി.എൻ.വിജയകൃഷ്ണൻ
രാഷ്ട്രീയ ലാഭത്തിന് വേണ്ടി സഹകരണമേഖലയെ ഉപയോഗിക്കാതെ, നാടിന്‍റെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് പ്രമുഖ സഹകാരിയും എം.വി.ആർ. കാൻസർ സെന്‍റർ ചെയർമാനുമായ സി.എൻ വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.സഹകരണമേഖല – വെല്ലുവിളികളും പ്രതിസന്ധികളും എന്ന വിഷയത്തിൽ ദൂരദർശൻ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസവും സഹകരണമേഖലയുമാണ് നാടിന്‍റെ വളർച്ചയിൽ നിർണായകശക്തികളാകുന്നത്. കൂടുതൽ ചെറുപ്പക്കാരെ സഹകരണമേഖലയിലേക്ക്
ആകർഷിക്കുന്ന തരത്തിൽ സമൂലമായ മാറ്റം ആവശ്യമാണ്. ഓഡിറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങളിൽ സമഗ്ര പരിഷ്കാരം വേണം. സ്റ്റാഫ് പാറ്റേൺ പരിഷ്ക്കരിക്കുന്നതിന് സർക്കാർ തയ്യാറാകണം -വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധികളിലും സർക്കാരിന് കൈത്താങ്ങാവുന്ന സഹകരണപ്രസ്ഥാനത്തെ തകർക്കുന്ന കറുത്ത കരങ്ങളെ ഒരുമിച്ച് നേരിടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സഹകരണമേഖലയിൽ സമൂലമായ മാറ്റം വേണമെന്ന് ചർച്ചയിൽ പങ്കെടുത്ത സഹകരണവകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടർ എ.കെ.ജയമോഹൻരാജ് പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള സഹകരണപ്രസ്ഥാനങ്ങൾ
മറ്റ് മേഖലകൾക്ക് മാതൃകയാണ്. ഏകീകൃതമായ സംവിധാനം കൊണ്ടുവന്ന് വീഴ്ചകൾ പരിഹരിക്കണം.ഏതെങ്കിലും ചെറിയ പ്രശ്നത്തെ ഉയർത്തിക്കാണിച്ച് സഹകരണമേഖലയുടെ മൊത്തം വീഴ്ചയായി
ചിത്രീകരിക്കുന്നത് ശരിയല്ല. ഏകീകൃത സംവിധാനത്തിലൂടെ പഴുതടച്ചുള്ള നടപടികൾ
വേണം. കൂടുതൽ തൊഴിലവസരങ്ങൾ സഹകരണമേഖലക്ക് സൃഷ്ടിക്കാനാവും. കൂട്ടുത്തരവാദിത്തത്തോടെ വലിയ പദ്ധതികൾ തുടങ്ങാൻ സഹകരണപ്രസ്ഥാനങ്ങൾ മുന്നോട്ട് വരണം – അദ്ദേഹം പറഞ്ഞു.
സമഗ്രമായ സഹകരണനിയമഭേദഗതി അനിവാര്യമാണെന്ന് കൺസ്യൂമർഫെഡ് മുൻ എം.ഡി. ഡോ. എം.രാമനുണ്ണി
അഭിപ്രായപ്പെട്ടു. പുതിയ കാലത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വേണം. കോർബാങ്കിങ് സംവിധാനം എത്രയും വേഗം നടപ്പാക്കണം. അതോടെ സിസ്റ്റം ഓഡിറ്റിങ് കാര്യക്ഷമമാക്കാനാവും .ഓഡിറ്റ് മാനുവൽ കൊണ്ടുവരണം.ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലും ഇൻകംടാക്സ് നടപടികളും റിസർവ്ബാങ്ക് നിയന്ത്രണങ്ങളും സഹകരണമേഖലയെ വീർപ്പുമുട്ടിക്കുകയാണ്. സംസ്ഥാന സർക്കാരും സഹകാരികളും ഒരുമിച്ച് നിന്ന് കേന്ദ്രസർക്കാരിനെ പ്രശ്നങ്ങളും പ്രായോഗികതയും ബോധ്യപ്പെടുത്തണം. ജീവനക്കാർക്ക് പരിശീലനം, സൂക്ഷ്മനിരീക്ഷണം , നിയമനടപടികൾ വേഗത്തിലാക്കൽ എന്നിവയിലൂടെ വീഴ്ചകൾ പരിഹരിക്കണമെന്നും എം. രാമനുണ്ണി പറഞ്ഞു.