സഹകരണ വകുപ്പിലെ പരാതി പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ സെല്ലില്‍ നോഡല്‍ ഓഫീസറെ നിയോഗിച്ചു

Deepthi Vipin lal

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് സഹകരണവകുപ്പുമായി ബന്ധപ്പെട്ടുവരുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനും പ്രത്യേകം ഉദ്യോഗസ്ഥനെ നിയോഗിച്ചു. സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.കെ.ഗോപകുമാറിനെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത്. പരാതി, നിവേജനം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ സെല്ലുമായി ആശയവിനിമയം നടത്തേണ്ട ചുമതലയും നോഡല്‍ ഓഫീസര്‍ക്കാണ്.

വീട്ടിലിരുന്നുതന്നെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്ന വിധത്തിലാണ് പരാതി പരിഹാര സെല്ലിന്റെ ക്രമീകരണം. ഇതില്‍ ഓരോ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം കൈകാര്യം ചെയ്യാന്‍ 10,000 ലധികം ഉദ്ദ്യോഗസ്ഥരുടെ സംസ്ഥാന തല ശൃംഖലയുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി സെക്രട്ടറിയേറ്റിലെ സ്ട്രെയിറ്റ് ഫോര്‍വേഡ് കൗണ്ടര്‍ 2016 ഒക്ടോബര്‍ 20 മുതല്‍ പ്രവര്‍ത്തിക്കുന്നു.

പുതിയ സാങ്കേതിക സംവിധാനത്തോടെയാണ് ഇതിനായി തയ്യാറാക്കിയ വെബ് പ്ലാറ്റ് ഫോം പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ കൈവശം അവശേഷിക്കുന്ന പരാതികളുടെ എണ്ണം മേലോട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ എസ്.എം.എസ്., ഇ-മെയില്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കാലതാമസം പരിശോധിക്കാന്‍ വകുപ്പുതല വീഡിയോ കോണ്‍ഫറന്‍സുകളും നടക്കും. എല്ലാ റിപ്പോര്‍ട്ടുകളും എല്ലാ തലങ്ങളിലും ഇലക്ട്രോണിക് രീതിയില്‍ പ്രോസസ് ചെയ്ത് വേഗത്തില്‍ തീരുമാനമുണ്ടാകുന്നുണ്ട്.

‘ഓരോ ഫയലും ഒരു ജീവിതത്തെ പ്രതിനിധീകരിക്കുന്നുവെന്ന’ തിരിച്ചറിവാണ് ജീവനക്കാരെ സാധാരണക്കാരോട് സഹാനുഭൂതിയോടെ പെരുമാറാനും കാര്യക്ഷമതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും ഭരണനിര്‍വഹണം നടത്താനും പ്രേരിപ്പിക്കുന്നതെന്നാണ് സി.എം.ഓഫീസ് പരാതി പരിഹാര സംവിധാനത്തിന്റെ ആമുഖമായി ചേര്‍ത്തിട്ടുള്ള കുറിപ്പ്. വികേന്ദ്രീകൃതാസൂത്രണം ശക്തിപ്പെടുത്തുന്നതും പ്രാദേശിക തലത്തില്‍ സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നതും സിവില്‍ സര്‍വീസ് കാര്യക്ഷമമാക്കുവാന്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുന്നതും ഈ ഉള്‍ക്കാഴ്ചയില്‍ നിന്നാണെന്ന് കുറിപ്പില്‍ പറയുന്നു. ഇവിടെ ലഭിക്കുന്ന ഓരോ പരാതിയും കൃത്യമായി രേഖപ്പെടുത്തി കൈപ്പറ്റ് രസീത് നല്‍കുന്നുണ്ട്.

പരാതികള്‍ കൃത്യതയോടെ പരിഹരിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ മേല്‍നോട്ട സംവിധാനമുണ്ട്. നിജ സ്ഥിതി അറിയാന്‍ ഡോക്കറ്റ് നമ്പറും, പേരും അടിസ്ഥാനമാക്കിയുള്ള തിരച്ചില്‍ സംവിധാനം. ഡോക്കറ്റ് നമ്പര്‍ അറിയില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ അയച്ചുതരുന്ന ഒറ്റതവണ പാസ്സ്വേര്‍ഡ് ഉപയോഗിച്ചും തിരച്ചില്‍ നടത്താം. മൊബൈല്‍ നമ്പര്‍ നല്‍കുന്നുവെങ്കില്‍ പരാതിയുടെ തല്‍സ്ഥിതി അറിയുന്നതിന് കൂടുതല്‍ സേവനം ലഭിക്കും. പരാതി നടപടിക്കായി ഓരോ ഓഫീസിലേക്കും അയക്കുമ്പോള്‍ എസ്.എം.എസ്. സംവിധാനം പരാതിക്കാരന് ലഭ്യമാകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!