സഹകരണനിയമത്തിലെ മാറ്റങ്ങള്‍ എന്തൊക്കെ?

moonamvazhi

1969 ലെ കേരള സഹകരണസംഘംനിയമത്തില്‍
കാലോചിതമായ മാറ്റം നിര്‍ദേശിക്കുന്ന സമഗ്രഭേദഗതിയാണു
2023 സെപ്റ്റംബര്‍ 14 നു കേരള നിയമസഭ പാസാക്കിയത്.
ഭരണ – പ്രവര്‍ത്തന രീതികളില്‍ ഒട്ടേറെ മാറ്റം നിര്‍ദേശിക്കുന്നതാണ്
ഈ ഭേദഗതി. പ്രധാനമായും 56 വകുപ്പുകളിലാണു മാറ്റം വരുത്തിയത്.
സഹകരണസംഘങ്ങളില്‍ ഒട്ടേറെ ക്രമക്കേടുകള്‍ പുറത്തുവരുന്ന
പശ്ചാത്തലത്തില്‍ അതു തടയാനുള്ള നിയന്ത്രണനിര്‍ദേശങ്ങള്‍
ഈ ഭേദഗതിയിലുണ്ട്.

 

കേരളത്തിലെ സഹകരണമേഖലയ്ക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1969 ലാണു സംസ്ഥാനത്ത് ഒരു ഏകീകൃത സഹകരണനിയമം വരുന്നതെങ്കിലും അതിനുംമുമ്പു സഹകരണപ്രസ്ഥാനം ഇവിടെ ശക്തമായിരുന്നു. കേരളസംസ്ഥാന രൂപവത്കരണത്തിനുമുമ്പു തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു മേഖലകളിലായി സഹകരണസംഘങ്ങളുണ്ടായിരുന്നു. ഈ മൂന്നു മേഖലകള്‍ക്കും മൂന്നു സഹകരണനിയമങ്ങളും ഉണ്ടായിരുന്നു. തിരുവിതാംകൂറും കൊച്ചിയും ഒന്നിച്ചപ്പോള്‍ തിരുക്കൊച്ചി സഹകരണനിയമം വന്നു. 1956 ല്‍ കേരളസംസ്ഥാനം രൂപവത്കരിക്കുമ്പോള്‍ രണ്ടു നിയമങ്ങളുടെ അടിസ്ഥാനത്തിലാണു സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. തിരുക്കൊച്ചി നിയമവും മലബാറില്‍ മദ്രാസ് സഹകരണസംഘം നിയമവും. രണ്ടു നിയമവ്യവസ്ഥകളെ ഒന്നാക്കി മാറ്റി സംഘങ്ങളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണത്തിനും ഏകീകൃത സ്വഭാവമുണ്ടാക്കിയതു 1969 ലെ നിയമനിര്‍മാണത്തിലൂടെയാണ്. ആദ്യത്തെ സഹകരണനിയമം പാസാക്കുമ്പോള്‍ കേരളത്തിന്റെ സഹകരണമന്ത്രി പി.ആര്‍. കുറുപ്പായിരുന്നു

ഈ നിയമത്തില്‍ പലപ്പോഴായി ഭേദഗതികളുണ്ടായിട്ടുണ്ട്. പക്ഷേ, കാതലായ മാറ്റങ്ങള്‍ ആദ്യം വരുത്തിയതു പിണറായി വിജയന്‍ സഹകരണമന്ത്രിയായിരുന്നപ്പോഴാണ്. അതിനുശേഷം കാലോചിതമായ മാറ്റം നിര്‍ദേശിക്കുന്ന സമഗ്രഭേദഗതിയാണു 2023 സെപ്റ്റംബര്‍ 14നു കേരള നിയമസഭ പാസാക്കിയത്. ഭരണ- പ്രവര്‍ത്തന രീതികളില്‍ ഒട്ടേറെ മാറ്റം നിര്‍ദേശിക്കുന്നതാണ് ഈ ഭേദഗതി. പ്രധാനമായും 56 വകുപ്പുകളിലാണു മാറ്റം വരുത്തിയത്. രാജ്യത്ത് ആദ്യമായി പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് ഏകീകൃതമായ ഒരു സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിനു നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരുന്നത് ഈ ഭേദഗതിയിലൂടെ കേരളത്തിലാണ്. സഹകരണസംഘങ്ങളില്‍ ഒട്ടേറെ ക്രമക്കേടുകള്‍ പുറത്തുവരുന്ന ഘട്ടത്തില്‍ അതിനെ തടയാനുള്ള നിയന്ത്രണനിര്‍ദേശങ്ങളും ഈ ഭേദഗതിയിലുണ്ട്.

സെലക്ട് കമ്മിറ്റിക്കു
വിടുന്നു

2022 ഡിസംബര്‍ 12 നാണു സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഇതിനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. അതു പതിനഞ്ചംഗ സെലക്ട് കമ്മിറ്റിക്കു വിടാനായിരുന്നു തീരുമാനം. സഹകരണമന്ത്രി ചെയര്‍മാനായ സമിതിയില്‍ ഭരണ-പ്രതിപക്ഷ കക്ഷികളിലെ 14 എം.എല്‍.എ. മാര്‍ അംഗങ്ങളായി. ഇവര്‍ക്കൊപ്പം, സഹകരണ-നിയമവകുപ്പിലെ ഉദ്യോഗസ്ഥര്‍, സഹകരണവകുപ്പ് സെക്രട്ടറി, സഹകരണസംഘം രജിസ്ട്രാര്‍ എന്നിവരും സമിതിയുടെ ഭാഗമായി. കേരളത്തിലെ 14 ജില്ലകളിലും സഹകാരികളുടേയും പൊതുജനങ്ങളുടേയും നിര്‍ദേശങ്ങള്‍ക്കായി തെളിവെടുപ്പ് നടത്തി. സഹകരണജീവനക്കാര്‍, സഹകരണ അപക്‌സ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, പ്രമുഖ സഹകാരികള്‍, സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനാപ്രതിനിധികള്‍, നിയമവിദഗ്ധര്‍ തുടങ്ങിയവരില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ചു. മഹാരാഷ്ട്ര സന്ദര്‍ശിച്ച് അവിടത്തെ സഹകരണമന്ത്രിയുമായും സ്പീക്കറുമായും കൂടിക്കാഴ്ച നടത്തി സഹകരണനിയമപരിഷ്‌കാരങ്ങള്‍ പഠിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍കൂടി ഉള്‍പ്പെടുത്തിയാണു സെലക്ട് കമ്മിറ്റി നിയമസഭയ്ക്കു റിപ്പോര്‍ട്ട് നല്‍കിയത്.

സെലക്ട് കമ്മിറ്റിയില്‍ ചില കാര്യങ്ങളില്‍ ഏകാഭിപ്രായമുണ്ടായിരുന്നില്ല. സഹകരണസംഘങ്ങളിലെ ഭരണസമിതിയംഗങ്ങള്‍ക്കു രണ്ടു തവണയില്‍ക്കൂടുതല്‍ തുടര്‍ച്ചയായി സ്ഥാനത്തിരിക്കാനാവില്ലെന്ന വ്യവസ്ഥയാണ് ഇതില്‍ പ്രധാനപ്പെട്ടത്. അത്തരമൊരു രീതി ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടാണു സമിതിയിലെ പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്വീകരിച്ചത്. പല സംഘങ്ങളുടെയും നിലനില്‍പ്പ് ചില സഹകാരികളുടെ അശ്രാന്തപരിശ്രമത്തിന്റെ ഭാഗമാണ്. അവരെ മാറ്റിനിര്‍ത്തുന്നത് ആ സംഘത്തിന്റെ വളര്‍ച്ചയെ മാത്രമല്ല, നിലനില്‍പ്പിനെപ്പോലും ബാധിക്കും. ജനാധിപത്യരീതിയാണു സഹകരണസംഘങ്ങളിലുള്ളത്. അവിടെ അംഗങ്ങള്‍ക്ക് അവരുടെ ഭരണസമിതിയംഗങ്ങളെ തിരഞ്ഞെടുക്കാന്‍ നിയന്ത്രണം കൊണ്ടുവരുന്നതു ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ഇവര്‍ വാദിച്ചു. പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് ഈ വ്യവസ്ഥ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.

രണ്ടു ടേം വ്യവസ്ഥ
മൂന്നാക്കി

അതേസമയം, തര്‍ക്കത്തിലൂടെ ബില്ലവതരണം ഒഴിവാക്കണമെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനാല്‍, ബില്ല് പാസാക്കാന്‍ സഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പു തര്‍ക്കവിഷയങ്ങളില്‍ സമവായമുണ്ടാക്കാന്‍ തീരുമാനിച്ചു. ഇതിനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള കാലപരിധി വായ്പാസംഘങ്ങള്‍ക്കു മാത്രമാക്കി. മാത്രവുമല്ല, തുടര്‍ച്ചയായി രണ്ടു ടേം എന്നതു മൂന്നാക്കി മാറ്റുകയും ചെയ്തു. ഇത്തരത്തില്‍ സമവായചര്‍ച്ചയ്ക്കുശേഷം ഐകകണ്‌ഠ്യേന സെലക്ട് കമ്മിറ്റി അംഗീകരിച്ച ബില്ലാണു നിയമസഭയില്‍ സഹകരണമന്ത്രി അവതരിപ്പിച്ചത്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഭരണസമിതിയെ ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ കരടുബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു. 32 (എ) വകുപ്പായിട്ടാണ് ഇതുള്‍പ്പെടുത്തിയത്. എന്നാല്‍, ഈ വ്യവസ്ഥ പിന്നീട് ഒഴിവാക്കി. ഈ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ അത് ഒഴിവാക്കിയത്. അക്കാര്യം അന്തിമ ബില്ല് സഭയില്‍ അവതരിപ്പിക്കുന്ന ഘട്ടത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ വിശദീകരിക്കുകയും ചെയ്തു.

മാറ്റത്തെക്കുറിച്ച്
മന്ത്രി പറയുന്നു

സഹകരണമേഖലയുടെ സമഗ്രമുന്നേറ്റം ലക്ഷ്യമാക്കിയുള്ള ഭേദഗതിയാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ളതെന്നു സഹകരണമന്ത്രി വി.എന്‍.വാസവന്‍ വിശദീകരിക്കുന്നു. കേരളത്തിലെ സഹകരണമേഖലയ്ക്കു കരുത്തും യുവത്വവും പകരുന്ന നിയമഭേദഗതികളടങ്ങുന്നതാണു കേരളനിയമസഭ പാസാക്കിയ കേരള സഹകരണസംഘം മൂന്നാം ഭേദഗതി ബില്ല്. തുടര്‍ച്ചയായി മൂന്നു തവണയിലധികം ഒരംഗം വായ്പാസംഘങ്ങളുടെ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടാന്‍ പാടില്ല, യുവാക്കള്‍ക്കു ഭരണസമിതിയില്‍ സംവരണം, ആധുനികീകരണത്തിനായി ഏകീകൃത സോഫ്റ്റ്‌വെയര്‍, ഭരണസമിതിയില്‍ വിദഗ്ധ അംഗങ്ങള്‍ തുടങ്ങി സഹകരണ മേഖലയിലെ എല്ലാ വശങ്ങളെയും പരിഗണിച്ച് പുതിയ കാലഘട്ടത്തിനുതകുന്ന രീതിയിലാണു ബില്ല് അവതരിപ്പിച്ചത്.

സഹകരണസംഘങ്ങളില്‍ ഒരേ വ്യക്തികള്‍തന്നെ ദീര്‍ഘകാലം ഭാരവാഹികളായി തുടരുന്ന സാഹചര്യം നിലവിലുണ്ട്. പല സംഘങ്ങളിലും ഇത്തരം സഹകാരികളുടെ സേവനം ആ സംഘങ്ങളുടെ വളര്‍ച്ചയ്ക്കു വളരെയധികം സഹായം ചെയ്തിട്ടുള്ളതാണ്. എങ്കിലും, അടുത്ത കാലത്തായി സഹകരണമേഖലയിലുണ്ടായിട്ടുള്ള പല ക്രമക്കേടുകളും പരിശോധിക്കുമ്പോള്‍ ദീര്‍ഘകാലമായി ഒരേ വ്യക്തികള്‍തന്നെ ഭാരവാഹികളായി തുടരുന്ന സംഘങ്ങളില്‍ ഇത്തരം ക്രമക്കേടുകള്‍ കൂടുതലായി കണ്ടുവരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേല്‍സാഹചര്യത്തില്‍ വായ്പാ സഹകരണസംഘങ്ങളുടെ ഭാരവാഹികള്‍ തുടര്‍ച്ചയായി മൂന്നു തവണയിലധികം ഭരണസമിതിയംഗങ്ങളായി തുടരാന്‍ പാടില്ല എന്ന ഭേദഗതി സഹകരണനിയമം വകുപ്പ് 28 ഉപവകുപ്പ് 2 (ബി) ആയി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനമായും നിലവിലുള്ള സഹകരണനിയമത്തിലെ 56 വ്യവസ്ഥകളാണു ഭേദഗതിയായും കൂട്ടിച്ചേര്‍ക്കലായും ഭേദഗതിനിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായ്പാസംഘങ്ങളില്‍ ഭരണസമിതിയംഗങ്ങളുടെ ടേം വ്യവസ്ഥ, പ്രാഥമിക വായ്പാസംഘങ്ങള്‍, മറ്റു വായ്പാ സംഘങ്ങള്‍, പ്രാഥമികസംഘങ്ങള്‍ എന്നിവയുടെ നിര്‍വചനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി. യുവസംഘങ്ങള്‍ രൂപവത്കരിക്കാനുള്ള വ്യവസ്ഥ, സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയവര്‍ക്കായി സോഷ്യല്‍ സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാനുള്ള വ്യവസ്ഥ, അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ്, സംഘങ്ങള്‍ക്കു പൊതു സോഫ്റ്റ്‌വെയര്‍, സംഘങ്ങളില്‍ കമ്പ്യൂട്ടറധിഷ്ഠിത അക്കൗണ്ടിംഗും ഓഡിറ്റും, ടീം ഓഡിറ്റ് തുടങ്ങിയവ നിര്‍വചനങ്ങളായും വിവിധ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സഹകരണസംഘങ്ങളിലെ നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനായി വനിതാഫെഡ്, ലേബര്‍ഫെഡ്, ടൂര്‍ഫെഡ്, ഹോസ്പിറ്റല്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ പി.എസ്.സി. ക്കു വിടുന്നതിനുള്ള വ്യവസ്ഥ നിയമത്തില്‍ ഉറപ്പുവരുത്തി. നിലവില്‍, വായ്പാ സംഘങ്ങളിലെ ജൂനിയര്‍ ക്ലര്‍ക്കു മുതലുള്ള തസ്തികകളിലെ നിയമനം സഹകരണ പരീക്ഷാബോര്‍ഡ് മുഖാന്തിരമാണ് നടത്തിയിരുന്നത്. ഇനിമുതല്‍ എല്ലാ സംഘങ്ങളുടെയും ജൂനിയര്‍ ക്ലര്‍ക്കു മുതലുള്ള നിയമനങ്ങളും പരീക്ഷാ ബോര്‍ഡിനു നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കു നിലവിലുണ്ടായിരുന്ന മൂന്നു ശതമാനം സംവരണം നാലു ശതമാനമായി ഉയര്‍ത്തി. ഒ.ബി.സി. വിഭാഗങ്ങള്‍ക്കു സഹകരണമേഖലയിലെ സ്ഥാപനങ്ങളിലേക്കു പി.എസ്.സി. വഴി നടത്തുന്ന നിയമനങ്ങള്‍ക്കു നിലവില്‍ പൊതു സംവരണവ്യവസ്ഥ ബാധകമാണ്. അതു പ്രാഥമികസംഘങ്ങള്‍ക്കുകൂടി ബാധകമാക്കുന്നതുസംബന്ധിച്ച് ആവശ്യമായ പഠനങ്ങള്‍ നടത്താന്‍ കമ്മിറ്റിയെ നിയോഗിക്കും.

സഹകരണമേഖലയിലെ ജനാധിപത്യസംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഭരണസമിതിക്കു പകരമായി നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങള്‍ അതതു സംഘത്തിലെ അംഗങ്ങളായിരിക്കണമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നിലവിലെ 90 ദിവസമെന്ന കാലാവധി 60 ദിവസമായി നിജപ്പെടുത്തി. സഹകരണസംഘങ്ങള്‍ വസ്തുജാമ്യത്തിന്മേല്‍ നല്‍കുന്ന വായ്പകള്‍ക്ക് ഈടുവസ്തുക്കളുടെ മൂല്യനിര്‍ണയം നടത്തുന്നതിനും സംഘങ്ങളുടെ ആവശ്യത്തിനായി വസ്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യക്തമായ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘങ്ങളിലെ ഭരണസമിതിയില്‍ യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 40 വയസിനുതാഴെയുള്ള ഒരു വനിതക്കും മറ്റൊരു വ്യക്തിക്കും ഭരണസമിതികളില്‍ സംവരണം ഉറപ്പാക്കി.

ക്രമക്കേടുകള്‍ക്കെതിരെ
കര്‍ശന വ്യവസ്ഥ

ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ കൈകാര്യം ചെയ്യുന്നതിനു കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള കുറ്റങ്ങള്‍ അഴിമതിനിരോധന വകുപ്പിലെ വ്യവസ്ഥപ്രകാരമുള്ള അന്വേഷണത്തിനായി പോലീസിനു നേരിട്ടുനല്‍കാനും അന്വേഷണങ്ങള്‍ തീര്‍പ്പാക്കുന്നതിനുള്ള കാലപരിധി കുറയ്ക്കാനും നഷ്ടത്തിന്മേലുള്ള ഉത്തരവാദിത്തം തിട്ടപ്പെടുത്താനുമുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹകരണ ആര്‍ബിട്രേഷന്‍ നടപടികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും സഹകരണ ആര്‍ബിട്രേഷന്‍കോടതികളിലെ പ്രിസൈഡിംഗ് ഓഫീസറായി ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നു ഉദ്യോഗസ്ഥരെ നിയമിക്കാനും വ്യവസ്ഥ ചെയ്തു. സഹകരണമേഖലയുടെ പുരോഗതിക്കായി ആവശ്യമെങ്കില്‍ നിലവിലുള്ള സംഘങ്ങള്‍ തമ്മില്‍ സംയോജിപ്പിക്കുന്നതിനുള്ള വ്യവസ്ഥയില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റു നിയമവ്യവസ്ഥയ്ക്കു വിധേയമായി സംഘങ്ങളുടെ കീഴില്‍ അനുബന്ധസ്ഥാപനങ്ങള്‍ ഇനിമേല്‍ ആരംഭിക്കാന്‍ പാടില്ലാ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. നിലവിലുള്ള അനുബന്ധ സ്ഥാപനങ്ങള്‍ക്കു ധനസഹായം ലഭ്യമാക്കുന്നതിനു കര്‍ശന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനുബന്ധസ്ഥാപനങ്ങളുടെ കണക്കുകള്‍ സംഘംപൊതുയോഗത്തില്‍ അവതരിപ്പിക്കാനും അനുബന്ധ സ്ഥാപനങ്ങള്‍ക്കു സഹകരണ ഓഡിറ്റ് നിര്‍ബന്ധമാക്കാനും വ്യവസ്ഥകള്‍ ചേര്‍ത്തു. സംഘംഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഘത്തിലുള്ള ബാധ്യത സംഘംപൊതുയോഗത്തില്‍ അവതരിപ്പിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. സഹകരണ നിയമഭേദഗതി പാസായതിനുപിന്നാലെ, ഇതിനനുസരിച്ച് ചട്ടങ്ങള്‍ തയാറാക്കാന്‍ പ്രത്യേകസമിതിക്കു രൂപം നല്‍കി. സഹകരണസംഘം രജിസ്ട്രാര്‍ കണ്‍വീനറായ ഏഴംഗ സമിതിയാവും ചട്ടങ്ങള്‍ രൂപപ്പെടുത്തുക. ഈ കമ്മിറ്റിയില്‍ നാല് അംഗങ്ങള്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും മൂന്നുപേര്‍ സഹകരണ മേഖലയില്‍ നിന്നുള്ള വിദഗ്ദ്ധരുമായിരിക്കും- മന്ത്രി പറഞ്ഞു.

പ്രധാന ഭേദഗതി
നിര്‍ദേശങ്ങള്‍

വകുപ്പ് 2 ലെ നിര്‍വചനങ്ങളില്‍ കമ്പ്യൂട്ടറൈസ്ഡ് ഓഡിറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ്, സംഘങ്ങള്‍ക്കു പൊതു സോഫ്റ്റ്‌വെയര്‍, സംഘങ്ങളുടെ കണ്‍സോര്‍ഷ്യം, യുവ സഹകരണസംഘങ്ങള്‍, സോഷ്യല്‍ സഹകരണസംഘങ്ങള്‍ എന്നിവ സംബന്ധിച്ച് പുതിയ നിര്‍വചനങ്ങള്‍ ഉള്‍പ്പെടുത്തി. ഫെഡറല്‍ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, പ്രാഥമിക വായ്പാസംഘങ്ങള്‍, പ്രാഥമിക സംഘങ്ങള്‍ എന്നിവയുടെ നിര്‍വചനങ്ങളില്‍ കാലോചിതമായ ഭേദഗതികളും കൊണ്ടുവന്നു.

വകുപ്പ് 3 ലെ ഭേദഗതി: രജിസ്ട്രാറായി എതെങ്കിലും ഒരു വ്യക്തിയെ നിയമിക്കാമെന്നതിനെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാം എന്നു മാറ്റം വരുത്തി. വകുപ്പ് 7 ലെ ഭേദഗതി: പുതുതായി വായ്പാസംഘങ്ങള്‍ ആരംഭിക്കുന്നതിനു പ്രാഥമിക ഓഹരിമൂലധനമായി കുറഞ്ഞത് 2,50,000 രൂപയും വായ്‌പേതര സംഘങ്ങള്‍ക്കു 1,00,000 രൂപയും സ്വരൂപിക്കണമെന്നു പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തി. ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന പട്ടിക ജാതി /പട്ടിക വര്‍ഗ്ഗം, വനിത, സ്‌കൂള്‍ / കോളേജ്, പ്രാഥമിക ആനന്ദ് മാതൃകാ ക്ഷീര സഹകരണസംഘങ്ങള്‍, പരമ്പരാഗത വ്യവസായ സഹകരണസംഘങ്ങള്‍, മത്സ്യത്തൊഴിലാളി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗങ്ങളിലുള്ള സഹകരണ സംഘങ്ങള്‍ക്കു മേല്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഓഹരിമൂലധനം വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒരു സംഘം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അതു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലാവധി നിലവിലെ 90 ദിവസം എന്നതു 60 ദിവസമാക്കി. അപേക്ഷ നിരസിക്കുന്നപക്ഷം ആ വിവരം അപേക്ഷകനെ അറിയിക്കുന്നതിനുള്ള ഏഴു ദിവസം എന്ന കാലയളവ് 15 ദിവസമാക്കി. വകുപ്പ് 8 എ യിലെ ഭേദഗതിപ്രകാരം അപക്്‌സ് സംഘങ്ങളിലും സെന്‍ട്രല്‍ സംഘങ്ങളിലും പ്രാഥമിക സംഘങ്ങളെ അഫിലിയേറ്റ് ചെയ്യുന്നതിന് അപേക്ഷ നല്‍കിയാല്‍ 60 ദിവസത്തിനകം അംഗത്വം നല്‍കണമെന്നത് 45 ദിവസമായി കുറച്ചു.

വകുപ്പ് 14 ലെ ഭേദഗതി: നിലവിലുള്ള സംഘങ്ങളുടെ അമാല്‍ഗമേഷന്‍, ആസ്തി ബാധ്യതയുടെ കൈമാറല്‍, സംഘങ്ങളുടെ വിഭജനം എന്നിവയോടൊപ്പം സംഘങ്ങളുടെ സംയോജനം ( മെര്‍ജര്‍ ) എന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. മള്‍ട്ടി സ്റ്റേറ്റ് സഹകരണനിയമത്തില്‍ പുതുതായി വന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍, സംസ്ഥാനനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളെ മറ്റൊരു സഹകരണസംഘവുമായി മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുകയുള്ളൂ എന്ന ഭേദഗതി സെലക്ട് കമ്മറ്റിയുടെ നിര്‍ദേശപ്രകാരം വ്യവസ്ഥയാക്കി. കൂടാതെ, മേല്‍വകുപ്പ് പ്രകാരമുള്ള തീരുമാനമെടുക്കുന്നതിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം എന്നതു കേവലഭൂരിപക്ഷം എന്നു ഭേദഗതി വരുത്തി.

സബ്‌സിഡറി
സ്ഥാപനങ്ങള്‍

വകുപ്പ് 14 (എ എ) ലെ ഭേദഗതി:: നിലവിലുള്ള വ്യവസ്ഥപ്രകാരം ഒരു സഹകരണസ്ഥാപനത്തിന്റെ കീഴില്‍ നിലവിലുള്ള ഏതു നിയമപ്രകാരവും സബ്‌സിഡറി സ്ഥാപനങ്ങള്‍ ആരംഭിക്കാവുന്നതാണ്. പ്രസ്തുത ഭേദഗതിനിയമം പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ സബ്‌സിഡറി സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയില്ല എന്നു വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, നിലവിലുള്ള സബ്‌സിഡറി സ്ഥാപനങ്ങള്‍ക്ക് അതതു സംഘങ്ങളുടെ ലാഭവിഹിതത്തില്‍ നിന്നു വ്യവസ്ഥകള്‍ക്കു വിധേയമായിമാത്രം ധനസഹായം നല്‍കാനും ഇത്തരത്തില്‍ നല്‍കുന്ന ധനസഹായം ഓഡിറ്റിനു വിധേയമാക്കാനും വ്യവസ്ഥ ചെയ്തു. സബ്‌സിഡറി സ്ഥാപനത്തിന്റെ കണക്കുകള്‍ സംഘത്തിന്റെ പൊതുയോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സബ്‌സിഡറി സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു മാതൃസംഘത്തിന്റെ പ്രവര്‍ത്തനമൂലധനം സബ്‌സിഡറി സ്ഥാപനത്തിലേക്കു വകമാറ്റുകയും ഇതിലൂടെ മാതൃസംഘത്തിന്റെ സാമ്പത്തിക ഭദ്രതയെത്തന്നെ അപകടപ്പെടുത്തുകയും ചെയ്യുന്നത് ഒഴിവാക്കാനാണു ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.

വകുപ്പ് 14 (ബി) ലെ ഭേദഗതി: സംഘങ്ങളിലെ പാര്‍ട്ണര്‍ഷിപ്പ്പ്രകാരം പൊതുസംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയില്‍ സംരംഭങ്ങള്‍ സംബന്ധിച്ച പ്രോജക്ട്‌റിപ്പോര്‍ട്ട് സംഘങ്ങളുടെ പൊതുയോഗം അംഗീകരിക്കണമെന്നും പ്രോജക്ടുകള്‍ രജിസ്ട്രാര്‍ മുഖാന്തിരം സര്‍ക്കാരില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളുടെ കണക്കുകള്‍ ഓഡിറ്റിനു വിധേയമാക്കണമെന്നും വ്യവസ്ഥ ചെയ്തു. കൂടാതെ, ഇത്തരം സ്ഥാപനങ്ങള്‍ക്കു പൊതുതാല്‍പ്പര്യാര്‍ഥം ധനസമാഹരണം നടത്താനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തി.

യുവസംഘങ്ങളിലെ
പ്രായപരിധി 45 വയസ്

വകുപ്പ് 16 ലെ ഭേദഗതി: യുവസംഘങ്ങളില്‍ വോട്ടവകാശമുള്ള അംഗത്വം എടുക്കുന്നതിനുള്ള പ്രായപരിധി 45 വയസ്സായി നിജപ്പെടുത്തി. ഈ പ്രായപരിധിക്കുശേഷം പ്രസ്തുത അംഗങ്ങള്‍ക്കു നോമിനല്‍ / അസോസിയേറ്റ് അംഗങ്ങളായി തുടരാനും വ്യവസ്ഥ ചെയ്തു. വകുപ്പ് 18 ലെ ഭേദഗതി: സംഘങ്ങളിലെ നോമിനല്‍/അസോസിയേറ്റ് അംഗങ്ങള്‍ക്കു ബൈലോ വ്യവസ്ഥകള്‍ക്കു വിധേയമായി വായ്പ ലഭിക്കുന്നതടക്കമുള്ള അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. വകുപ്പ് 19 ലെ ഭേദഗതി: സംഘങ്ങള്‍ ബൈലോ ഭേദഗതിയിലൂടെ വ്യക്തിഗത ഓഹരിമൂലധനം ഉയര്‍ത്തുന്ന സാഹചര്യങ്ങളില്‍ അംഗങ്ങള്‍ക്കു വര്‍ധിപ്പിച്ച ഓഹരിമൂലധനം അടച്ചുതീര്‍ക്കുന്നതിനു കൂടുതല്‍ സമയം അനുവദിക്കാനും അതിലൂടെ അംഗത്വവും അവകാശങ്ങളും നഷ്ടപ്പെടുന്നത് ഒഴിവാക്കാനുമുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി.

വകുപ്പ് 19 (ബി) ലെ ഭേദഗതി: സംഘാംഗങ്ങള്‍ക്കു സംഘവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനുള്ള അവകാശത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ന്യൂനതാസംഗ്രഹവും ന്യൂനതാപരിഹരണറിപ്പോര്‍ട്ടുംകൂടി ഉള്‍പ്പെടുത്തി. വകുപ്പ് 20 ലെ ഭേദഗതി: ക്ലാസ് (ഡി) പ്രകാരം ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന വ്യവസ്ഥയ്‌ക്കൊപ്പം ഭാരവാഹികള്‍ക്കെതിരായ അവിശ്വാസപ്രമേയത്തിലും പങ്കെടുക്കാന്‍ പാടില്ല എന്നു വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 22 ലെ ഭേദഗതി: അര്‍ബന്‍ ബാങ്കിലെ ഒരു വ്യക്തിഗതഅംഗത്തിന് എടുക്കാവുന്ന പരമാവധി ഓഹരിമൂലധനം ബാങ്കിന്റെ അടച്ചുതീര്‍ത്ത ആകെ ഓഹരിമൂലധനത്തിന്റെ അഞ്ചു ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല എന്നു വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത ഭേദഗതി ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥപ്രകാരം ഉള്‍പ്പെടുത്തി. വകുപ്പ് 26 ലെ ഭേദഗതി: മരിച്ച ഒരം ഗം സംഘത്തിന്റെ കടങ്ങള്‍ക്കു മരണശേഷം രണ്ടു വര്‍ഷംകൂടി ബാധ്യതപ്പെട്ടിരിക്കും എന്ന വ്യവസ്ഥ മൂന്നു വര്‍ഷമായി ഉയര്‍ത്തി. ഈ വ്യവസ്ഥ മുന്‍ അംഗങ്ങള്‍ക്കുംകൂടി ബാധകമാക്കി.

വകുപ്പ് 28 ലെ ഭേദഗതി: ഉപവകുപ്പ് (1) നുശേഷമുള്ള മൂന്നാം ക്ലിപ്ത നിബന്ധനയില്‍ സംഘം കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്താന്‍ പാടുള്ളതല്ല എന്നതു പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളും മറ്റു പ്രാഥമിക സംഘങ്ങളും എന്നു ഭേദഗതി ചെയ്തു. ഉപവകുപ്പ് (1 സി) പ്രകാരം നിക്ഷേപമണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു കുറഞ്ഞതു 10,000 രൂപ നിക്ഷേപം ഉണ്ടായിരിക്കണമെന്നതു 25,000 രൂപയാക്കി. ഉപവകുപ്പ് (1 സി) ക്കുശേഷം ഉപവകുപ്പ് (1 സി എ) ആയി സംഘങ്ങളിലെ ഭരണസമിതിയിലേക്കു വനിതാമണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ആളും പൊതുമണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ആളും 40 വയസ്സില്‍ അധികരിക്കാത്തവരായിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. സഹകരണസംഘങ്ങളുടെ ഭരണസമിതിയില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണു ഭേദഗതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപവകുപ്പ് (1 ജി ) യില്‍ സംഘങ്ങളുടെ ഭരണസമിതിയിലേക്കു വിദഗ്ധരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി രണ്ടു പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്ന നിലവിലുള്ള വ്യവസ്ഥയില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരുടെ ബാങ്കിംഗ് മേഖലയിലെ പരിചയസമ്പന്നത എന്നതു വ്യക്തത വരുത്തി ഭേദഗതി ചെയ്തു. ഇതിലൂടെ, ബാങ്കിംഗ് മേഖലയിലെ പരിചയം എന്നതില്‍ വിവിധ സഹകരണബാങ്കുകളിലെ ഓഫീസര്‍ തസ്തികയിലുള്ള പ്രവൃത്തിപരിചയവും പരിഗണിക്കാന്‍ കഴിയും. ഉപവകുപ്പ് (2) നുശേഷം പുതുതായി ചേര്‍ത്ത ഉപവകുപ്പ് (2 എ) തുടര്‍ച്ചയായി മൂന്നു തവണയിലധികം ഒരംഗം വായ്പാ സംഘങ്ങളുടെ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെടാന്‍ പാടില്ല എന്നു വ്യവസ്ഥ ചെയ്യുന്നു. ഉപവകുപ്പ് (3) നുശേഷമുള്ള ക്ലിപ്ത നിബന്ധനയില്‍ ഒരു വ്യക്തി ഒരേ തരത്തിലുള്ള ഒന്നിലധികം സംഘങ്ങളില്‍ ഭരണസമിതിയംഗമാകാന്‍ പാടില്ല എന്ന വ്യവസ്ഥയോടൊപ്പം വ്യത്യസ്ത തരത്തിലുള്ള രണ്ടിലധികം സംഘങ്ങളില്‍ ഭാരവാഹിയാകാന്‍ പാടില്ല എന്നും വ്യവസ്ഥ ചെയ്യുന്നു.

ഭാരവാഹികളെ
പുറത്താക്കല്‍

വകുപ്പ് 28 (എ ബി ) ലെ ഭേദഗതി: ഉപവകുപ്പ് (2) ല്‍ ഒരു സംഘത്തിന്റെ ഭരണസമിതിയ്ക്കു തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുന്നതിനുള്ള വ്യവസ്ഥയില്‍ മറ്റൊരു സംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെക്കൂടി പുറത്താക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. വകുപ്പ് 28 (ബി) ലെ ഭേദഗതി: ഉപവകുപ്പ് (1) ല്‍ സംസ്ഥാന സഹകരണ യൂണിയന്റെയും സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെയും ഭരണസമിതിതിരഞ്ഞെടുപ്പ് സംസ്ഥാന സഹകരണ ഇലക്ഷന്‍ കമ്മീഷന്റെ ചുമതലയിലാ യിരിക്കുമെന്നു വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 29 ലെ ഭേദഗതി: ഉപവകുപ്പ് (1) ലെ നിലവിലെ ക്ലാസ് (സി ഇ) ക്കു പകരമായി സംഘങ്ങളുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഘത്തിലുള്ള ബാധ്യതകള്‍ സമര്‍പ്പിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. ഇതിലേക്കായി കുടുംബാംഗങ്ങള്‍ എന്നതു ഭാര്യ, ഭര്‍ത്താവ്, ദത്തെടുക്കപ്പെട്ടതുള്‍പ്പെടെയുള്ള കുട്ടികള്‍, അച്ഛന്‍, അമ്മ എന്നു വ്യക്തത വരുത്തി. വകുപ്പ് 31 ലെ ഭേദഗതി: നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന്മലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ പാടില്ല എന്ന വ്യവസ്ഥയോടൊപ്പം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ പാടില്ല എന്ന വ്യവസ്ഥകൂടി വകുപ്പ് 31 ലെ ഉപവകുപ്പ് (3) ല്‍ ഉള്‍പ്പെടുത്തി.

വകുപ്പ് 32 ലെ ഭേദഗതി: ഉപവകുപ്പ് (1) ല്‍ ക്ലാസ് (ബി എ) ആയി സംഘത്തിനെതിരെ നടപടി സ്വീകരിക്കുന്ന വ്യവസ്ഥകളില്‍ വകുപ്പ് 76 പ്രകാരമുള്ള ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തുന്നത് ഒരു കാരണമായി ഉള്‍പ്പെടുത്തി. ക്ലാസ് (ഡി) യില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ പ്രസ്തുത സംഘത്തിലെ അംഗങ്ങളായിരിക്കണമെന്നും വ്യവസ്ഥ ചെയ്തു. ക്ലാസ് (ഇ) യില്‍ വകുപ്പ് 32 പ്രകാരം പിരിച്ചുവിടപ്പെട്ട ഭരണസമിതിയംഗങ്ങള്‍ക്കുള്ള അയോഗ്യത രണ്ടു ടേം എന്നുള്ളത് ഒരു ടേം എന്നു ഭേദഗതി ചെയ്തു. ഉപവകുപ്പ് (4) ല്‍ അഡ്മിനിസ്‌ട്രേറ്റര്‍/അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നല്‍കുന്ന അംഗത്വം തുടര്‍ന്നു വരുന്ന തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ക്രമീകരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു.

വകുപ്പ് 33 ലെ ഭേദഗതി: ഉപവകുപ്പ് (1) ക്ലാസ് (ബി) യില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ പ്രസ്തുത സംഘത്തിലെ അംഗങ്ങളായിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. ഉപവകുപ്പ് (2) ല്‍ അഡ്മിനിസ്‌ട്രേറ്റര്‍/അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നല്‍കുന്ന അംഗത്വം തുടര്‍ന്നു വരുന്ന തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ക്രമീകരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 34 നുശേഷം വകുപ്പ് 34 എ പുതുതായി കൂട്ടിച്ചേര്‍ത്തു. ഉപവകുപ്പ് (1) പ്രകാരം എല്ലാ സഹകരണസംഘങ്ങളും പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള അക്കൗണ്ടിംഗ് തത്വങ്ങള്‍ പ്രകാരമുള്ള കണക്കുകള്‍ ഡബിള്‍ എന്‍ട്രി ബുക്ക്കീപ്പിംഗ് രീതിയില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. ഉപവകുപ്പ് (2) പ്രകാരം സംഘങ്ങള്‍ക്കു പൊതു സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തുന്നതിനു വ്യവസ്ഥ ഉള്‍പ്പെടുത്തി. ഉപവകുപ്പ് (3) പ്രകാരം സഹകരണസംഘം രജിസ്ട്രാറുടെ ഓഫീസില്‍ സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച സാങ്കേതികവിദഗ്ദ്ധരുടെ ഒരു സാങ്കേതികവിഭാഗം രൂപവത്കരിക്കുന്നതിനു വ്യവസ്ഥ ചെയ്തു. വകുപ്പ് 36 ( എ ) ലെ ഭേദഗതി: സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് നിയമത്തിലെ ഗഹാന്‍ സംബന്ധിച്ചു കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തിരിച്ചടവ് ഉറപ്പാക്കുന്നു.

വകുപ്പ് 56 ലെ ഭേദഗതി: നിലവില്‍ ഉപവകുപ്പ് (2) (സി സി) പ്രകാരം ലാഭവിഭജനം നടത്തേണ്ട ഇനമായി ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ട് നിയമപ്രകാരം ലാഭവിഭജനം നടത്തേണ്ട വിഭാഗമായ ഉപവകുപ്പ് (1) ല്‍ ക്ലാസ് (ഡി) ആയി ഉള്‍പ്പെടുത്തി. വകുപ്പ് 56 ( എ ) ലെ ഭേദഗതി: നിലവിലെ വകുപ്പില്‍ ക്ലിപ്തനിബന്ധനയായി സംഘങ്ങള്‍ ലേലനടപടിയിലൂടെ സ്വരൂപിക്കുന്ന ആസ്തികള്‍ നിശ്ചിത കാലയളവിനുശേഷം ആവശ്യമെങ്കില്‍ സംഘത്തിന്റെ തനത് ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു.

വകുപ്പ് 57 ( സി ) ലെ ഭേദഗതി: ഉപ വകുപ്പ് (1) ല്‍ കണ്‍സോര്‍ഷ്യത്തിനു വായ്പ നല്‍കുന്ന വ്യവസ്ഥയില്‍ പൊതു ആവശ്യത്തിനായി എന്ന വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ത്തു. വകുപ്പ് 59 ലെ ഭേദഗതി: വ്യക്തികള്‍ക്കു കടം വാങ്ങാവുന്ന പരിധി ലംഘിച്ച് ഏതെങ്കിലും സംഘം വായ്പ അനുവദിച്ചാല്‍ ആ നിയമലംഘനത്തിനു സംഘത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവിനെയും ഭരണസമിതിയെയും ഉത്തരവാദികളാക്കാനും നിയമനടപടി സ്വീകരിക്കാനും വകുപ്പിലെ ഉപവകുപ്പുകള്‍ ക്രമീകരിച്ച് ഉപവകുപ്പ് (3) ആയി വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 59 എ പുതുതായി കൂട്ടിച്ചേര്‍ത്തു. സംഘങ്ങള്‍ വസ്തുഈടിന്മേല്‍ നല്‍കുന്ന വായ്പകള്‍ക്കു പത്തു ലക്ഷം രൂപവരെ സംഘം ഭരണസമിതി നിശ്ചയിക്കുന്ന സംഘംഉദ്യോഗസ്ഥരും പത്തു ലക്ഷത്തില്‍ അധികരിച്ച വായ്പകള്‍ക്കു ചീഫ് എക്‌സിക്യൂട്ടീവ് ഉള്‍പ്പെടെയുള്ള സംഘത്തിലെ രണ്ടുദ്യോഗസ്ഥരും രണ്ടു ഭരണസമിതിയംഗങ്ങളും ഒരു സ്വതന്ത്ര വാല്യുവറും ഉള്‍പ്പെടുന്ന അഞ്ചംഗസമിതിയും വാല്യുവേഷന്‍ നിശ്ചയിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 59 ബി പുതുതായി കൂട്ടിച്ചേര്‍ത്തു. സംഘം ആവശ്യത്തിലേക്കായി സംഘത്തിന്റെ ഫണ്ടുപയോഗിച്ച് സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നതിനു ചട്ടത്തിലെ വ്യവസ്ഥകള്‍പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെടണമെന്നു ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.

ആദായനികുതിക്കുള്ള
സ്റ്റേറ്റ്‌മെന്റ്

വകുപ്പ് 63 ലെ ഭേദഗതി: സാമ്പത്തികവര്‍ഷം അവസാനിച്ച് മൂന്നു മാസങ്ങള്‍ക്കകം സഹകരണ ഓഡിറ്റര്‍മാര്‍ ആദായനികുതിയ്ക്കായി സമര്‍പ്പിക്കേണ്ട സ്റ്റേറ്റ്‌മെന്റ് സാക്ഷ്യപ്പെടുത്തി സംഘങ്ങള്‍ക്കു നല്‍കണമെന്ന വ്യവസ്ഥ ഉപവകുപ്പ് ( 4 ) ലെ ആദ്യത്തെ ക്ലിപ്തനിബന്ധനയ്ക്കുശേഷം ഉള്‍പ്പെടുത്തി. നിലവിലെ ഉപവകുപ്പ് (9) ഉം അതിന്റെ ക്ലിപ്തനിബന്ധനയ്ക്കും പകരമായി എല്ലാ സഹകരണസംഘങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചുനല്‍കുന്ന പദ്ധതിക്കു വിധേയമായി സഹകരണ ഓഡിറ്റ് ഡയറക്ടര്‍ നിയോഗിക്കുന്ന ഓഡിറ്റര്‍മാരുടെ ടീം ഓഡിറ്റ് നടത്തണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു. സംഘങ്ങളില്‍ ടീംഓഡിറ്റ് സമ്പ്രദായം നടപ്പാക്കുന്നതിനാണു ഈ ഭേദഗതി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ അപെക്‌സ് സംഘങ്ങളുടെയും അര്‍ബന്‍ ബാങ്കുകളുടെയും സാമ്പത്തികഓഡിറ്റ് ഓഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ചുനല്‍കുന്ന പാനലില്‍ നിന്നുള്ള ഓഡിറ്റിംഗ് സ്ഥാപനം നിര്‍വ്വഹിക്കണമെന്നും മേല്‍സംഘങ്ങളുടെ ഭരണപരമായ ഓഡിറ്റ് വകുപ്പുതല ഓഡിറ്റര്‍മാര്‍ നിര്‍വ്വഹിക്കണമെന്നും നിലവിലെ ഉപവകുപ്പ് (10) നു പകരമായി വ്യവസ്ഥ ചെയ്യുന്നു. ഇപ്രകാരമുള്ള ഓഡിറ്റുകളില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഓഡിറ്റ്ടീം പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കി സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്കും രജിസ്ട്രാര്‍ക്കും സമര്‍പ്പിക്കേണ്ടതാണെന്നും ഈ റിപ്പോര്‍ട്ട് കിട്ടിയാല്‍ രജിസ്ട്രാര്‍ നേരിട്ടും ഓഡിറ്റ് ഡയറക്ടര്‍ രജിസ്ട്രാറുമായി കൂടിയാലോചിച്ചും വകുപ്പ് 68 എ പ്രകാരം നിയമിച്ചിട്ടുള്ള വിജിലന്‍സ് ഓഫീസര്‍ക്കു വിശദപരിശോധനയ്ക്കായി സമര്‍പ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. നിലവിലെ ഉപവകുപ്പ് (12) നുശേഷം പുതുതായി ഉപവകുപ്പ് (12 എ) ആയി പുതിയ വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. ഒരു ഓഡിറ്റ് സ്ഥാപനമോ ഓഡിറ്റര്‍മാരുടെ ടീമോ ഒരു സംഘത്തില്‍ തുടര്‍ച്ചയായി രണ്ടു തവണയിലധികം ഓഡിറ്റ് നടത്താന്‍ പാടില്ല എന്നതാണ് ഈ വ്യവസ്ഥ.

വകുപ്പ് 64 ലെ ഭേദഗതി: ഉപവകുപ്പ് (1) നുശേഷം ക്ലിപ്തനിബന്ധനകള്‍ ചേര്‍ത്തു. സംഘങ്ങളിലെ കണക്കുകള്‍ പൊതു സോഫ്റ്റ്‌വെയറോ രജിസ്ട്രാര്‍ അംഗീകരിച്ച സോഫ്റ്റ്‌വെയറോ മുഖേന തയാറാക്കേണ്ടതാണെന്നും ഇത്തരം സംഘങ്ങളുടെ ഓഡിറ്റ് എന്നതില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സോഫ്റ്റ്‌വെയറിന്റെയും ഹാര്‍ഡ്‌വെയറിന്റെയും പരിശോധന എന്നതും ഉള്‍പ്പെടുന്നു എന്ന വ്യവസ്ഥ ഒന്നാം ക്ലിപ്ത നിബന്ധനയായി ഉള്‍പ്പെടുത്തി. സോഫ്റ്റ്‌വെയറിലോ ഹാര്‍ഡ്‌വെയറിലോ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലോ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കും സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് എന്നു രണ്ടാം ക്ലിപ്ത നിബന്ധനയായും വ്യവസ്ഥ ചെയ്തു. 1,2 ക്ലിപ്തനിബന്ധന പ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന ക്രമക്കേടുകള്‍ സഹകരണസംഘം രജിസ്ട്രാര്‍ നേരിട്ടോ ഓഡിറ്റ് ഡയറക്ടര്‍ രജിസ്ട്രാറുമായി കൂടിയാലോചിച്ചോ പരിശോധനയ്ക്കായി പോലീസിനോ വിജിലന്‍സ് ഓഫീസര്‍ക്കോ റിപ്പോര്‍ട്ട് ചെയ്യണമെന്നു ക്ലിപ്തനിബന്ധന 3 ആയി വ്യവസ്ഥ ചെയ്തു. ഉപവകുപ്പ് 4 (എ), 4 (ബി), 5 എന്നിവപ്രകാരം സംഘങ്ങളില്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനുള്ള സമയക്രമം പുന:ക്രമീകരിക്കുന്നു. ഓഡിറ്റ് പൂര്‍ത്തീകരിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമുമ്പായി ബന്ധപ്പെട്ട ഓഡിറ്റര്‍മാര്‍ ഭരണസമിതിയംഗങ്ങളുമായി ഓഡിറ്റ്‌ന്യൂനത സംബന്ധിച്ച് ചര്‍ച്ച ചെയ്തു മറുപടി ലഭ്യമാക്കണമെന്നു നിലവിലുള്ള ഉപവകുപ്പ് 5 നുശേഷം ഉപവകുപ്പ് 5(എ) ആയി വ്യവസ്ഥ ചെയ്യുന്നു.

ഓഡിറ്റിലെ
അപാകത

നിലവിലെ ഉപവകുപ്പ് (9) ലെ വ്യവസ്ഥക്കുപകരമായി വ്യവസ്ഥ വെച്ചിട്ടുണ്ട്. സംഘങ്ങളുടെ ഓഡിറ്റില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന വൈകല്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഭരണസമിതി അതു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും ഓഡിറ്റ്‌റിപ്പോര്‍ട്ടും പരിഹരണ റിപ്പോര്‍ട്ടും പൊതുയോഗത്തിനുമുമ്പാകെ സമര്‍പ്പിക്കേണ്ടതുമാണ് എന്നതാണ് പുതിയ വ്യവസ്ഥ. ഇപ്രകാരമുള്ള ന്യൂനതകള്‍ പരിഹരിക്കാന്‍ ഭരണസമിതി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതും തുടര്‍ന്നുള്ള ജനറല്‍ ബോഡി യോഗങ്ങളില്‍ ന്യൂനതകള്‍ പരിഹരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്. കൂടാതെ, കമ്മിറ്റി സ്വീകരിച്ച നടപടിറിപ്പോര്‍ട്ട് ജനറല്‍ ബോഡി ചേര്‍ന്ന തീയതിക്കുശേഷം 15 ദിവസത്തിനുള്ളില്‍ ഓഡിറ്റ് ഡയറക്ടര്‍ക്കും സഹകരണസംഘം രജിസ്ട്രാര്‍ക്കും സമര്‍പ്പിക്കണം. സഹകരണ ഓഡിറ്റ് ഡയറക്ടറോ അദ്ദേഹം ചുമതലപ്പെടുത്തിയ ഓഡിറ്ററോ ഏതെങ്കിലും ഒരു സംഘത്തില്‍ ഏതെങ്കിലും വ്യക്തി നിയമനടപടികളില്‍ നിന്ന് ഒഴിവാകുന്നതിനായി സംഘംരേഖകളില്‍ കൃത്രിമം കാണിക്കുകയോ നശിപ്പിക്കുകയോ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ രജിസ്ട്രാറുമായോ രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനുമായോ കൂടിയാലോചന നടത്തി പോലീസിനോ വിജിലന്‍സ് ഓഫീസര്‍ക്കോ സമര്‍പ്പിക്കുന്നതിനായി നിയന്ത്രണ ഉദ്യോഗസ്ഥനു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണെന്നു ഉപവകുപ്പ് 10 നുശേഷം ക്ലിപ്ത നിബന്ധനയായി വ്യവസ്ഥ ചെയ്യുന്നു.

വകുപ്പ് 65 ലെ ഭേദഗതി: ഉപവകുപ്പ് (1) ക്ലാസ് ( സി ) യുടെ ഭേദഗതിയായി സംഘങ്ങളില്‍ 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തുന്നതിനുള്ള വ്യവസ്ഥയില്‍ ഭരണസമിതിയംഗങ്ങളുടെ ഭൂരിപക്ഷമോ മൊത്തം അംഗങ്ങളുടെ മൂന്നിലൊന്നോ അല്ലെങ്കില്‍ സംഘം പൊതുയോഗത്തിന്റെ ക്വാറമോ ഏതാണോ കുറവ് അത്രയും അംഗങ്ങളുടെ അപേക്ഷയിന്മേല്‍ എന്നു ഉപവകുപ്പ് (1) ക്ലാസ് ( സി ) യുടെ ഭേദഗതിയായി വ്യവസ്ഥ ചെയ്യുന്നു. ക്ലാസ് ( ഇ ) ആയി അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നു ഭേദഗതി ചെയ്യുന്നു. ഉപവകുപ്പ് (2) നിലവിലെ ക്ലാസ് ( സി ) ക്കുശേഷം ക്ലാസ് ( ഡി ) ആയി 65 വകുപ്പ് പ്രകാരമുള്ള പരിശോധനയുടെ ഭാഗമായി ബന്ധപ്പെട്ടവരെ നേരില്‍ കേള്‍ക്കല്‍കൂടി ഉള്‍പ്പെടുത്തുന്നു.

നിലവിലെ ഉപവകുപ്പ് ( 2 ) നുശേഷം ഉപവകുപ്പ് ( 2 എ ) യും ക്ലിപ്തനിബന്ധനയും കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ, അന്വേഷണറിപ്പോര്‍ട്ടിന്റെ ഭാഗമായി ക്രമക്കേട് നടത്തിയ തുകയും നഷ്ടത്തിന്റെ ഉത്തരവാദിത്തവും നിര്‍ണയിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്നു. അന്വേഷണത്തില്‍ ക്രിമിനല്‍ നടപടിക്രമം പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നപക്ഷം ഒരു പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കേണ്ടതും രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കേണ്ടതും രജിസ്ട്രാര്‍ അതുടനെ പോലീസിനോ വിജിലന്‍സ് ഓഫീസര്‍ക്കോ വിശദപരിശോധനയ്ക്കായി കൈമാറേണ്ടതുമാണ്. അന്വേഷണ കാലാവധി ആറു മാസം എന്നതു നാലു മാസമായി ഉപവകുപ്പ് 5 ല്‍ ഭേദഗതി ചെയ്തു. ഉപവകുപ്പ് 6 നുശേഷം ഉപവകുപ്പ് 7 കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തില്‍ ക്രമക്കേട്, പണാപഹരണം, ആസ്തി ബാധ്യതകള്‍ നഷ്ടപ്പെടുത്തല്‍ എന്നിവ വെളിവായാല്‍ സംഘത്തിനുണ്ടായ നഷ്ടം ഈടാക്കുന്നതിനു രജിസ്ട്രാറോ രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ നഷ്ടം തിട്ടപ്പെടുത്തി അത് ഈടാക്കാനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണ് എന്നതാണ് ഉപവകുപ്പ് ഏഴ്.

വകുപ്പ് 66 ലെ ഭേദഗതി: അപെക്‌സ്, സെന്‍ട്രല്‍, ഫെഡറല്‍ സൊസൈറ്റികളില്‍ പരിശോധന നടത്തുന്നതിനായി പ്രത്യേക ഇന്‍സ്‌പെക്ഷന്‍ ടീം രൂപവത്കരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 66 ( എ ) ലെ ഭേദഗതി: പുതുതായി ക്ലിപ്തനിബന്ധന കൂട്ടിച്ചേര്‍ത്തു സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍തലത്തില്‍ പ്രത്യേക പദ്ധതി തയാറാക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. വായ്പാപ്രവര്‍ത്തനം നടത്തുന്ന എല്ലാ സഹകരണസംഘങ്ങളും അതു സംബന്ധിച്ച ത്രൈമാസ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കണമെന്നു വകുപ്പ് 66 (സി ) ലെ ഭേദഗതി ഉപവകുപ്പ് (2) വ്യവസ്ഥ ചെയ്യുന്നു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ 10,000 രൂപവരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

അഴിമതിക്കെതിരായ
കേസുകള്‍

നിലവിലെ വകുപ്പ് 68 ( എ ) ക്കുശേഷം വകുപ്പ് 68 ( ബി ) പുതുതായി കൂട്ടിച്ചേര്‍ത്തു. 1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ 1988 ലെ അഴിമതി നിരോധന നിയമപ്രകാരമോ ഉള്ള കുറ്റകൃത്യങ്ങള്‍ സഹകരണസംഘങ്ങളില്‍ നടന്നതായി ബോധ്യപ്പെട്ടാല്‍ സര്‍ക്കാരിനോ രജിസ്ട്രാര്‍ക്കോ തുടരന്വേഷണത്തിനായി പോലീസിനോ വിജിലന്‍സിനോ നല്‍കാവുന്നതാണെന്നും അഴിമതി നിരോധനപ്രകാരമുള്ള കേസുകളില്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ അന്വേഷണാനുമതി നല്‍കാനുള്ള അധികാരം സര്‍ക്കാരിനും രജിസ്ട്രാര്‍ക്കുമായിരിക്കുമെന്നും ഇതില്‍ വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 69 ലെ ഭേദഗതി: തര്‍ക്കം എന്നതിന്റെ നിര്‍വചനത്തില്‍ വകുപ്പ് 14 ( എഎ ), 14 ( ബി ) എന്നിവ പ്രകാരം രൂപവത്കരിക്കുന്ന സ്ഥാപനങ്ങളും ഉള്‍പ്പെടുന്നതാണ് എന്നു വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 69 ( എ ) ലെ ഭേദഗതി: എല്ലാ സഹകരണസ്ഥാപനങ്ങളുടെയും സേവനം സംബന്ധമായ പരാതികള്‍ ഓംബുഡ്‌സ്മാനു പരിഗണിക്കാവുന്നതാണെന്നു വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തികവിഷയത്തിലുള്ള ആര്‍ബിട്രേഷന്‍ കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നു വകുപ്പ് 70 ലെ ഭേദഗതിപ്രകാരം വ്യവസ്ഥചെയ്യുന്നു. ആര്‍ബിട്രേഷന്‍ കോടതികളിലെ പ്രിസൈഡിംഗ് ഓഫീസറായി ജുഡീഷ്യല്‍ സര്‍വീസിലെ മുന്‍സീഫോ മജിസ്‌ട്രേറ്റോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥനോ ആവണമെന്നു വകുപ്പ് 70 (എ ) യിലെ ഉപവകുപ്പ് (2) ഭേദഗതി ചെയ്തു വ്യവസ്ഥ ചെയ്യുന്നു.

വകുപ്പ് 80 ലെ ഭേദഗതി: സഹകരണ സംഘങ്ങളിലെ നിയമനങ്ങള്‍ ക്രമീകരിക്കുന്നതിനു മുമ്പായി ഉദ്യോഗാര്‍ഥിയുടെ സ്വഭാവവും മുന്‍കാലചരിത്രവും പോലീസ് വെരിഫിക്കേഷനിലൂടെ പരിശോധിക്കാന്‍ ഉപവകുപ്പ് (3) ല്‍ ഭേദഗതി വരുത്തി. ഉപവകുപ്പ് (5) പ്രകാരം ഭിന്നശേഷി സംവരണം മൂന്നു ശതമാനത്തില്‍ നിന്നു നാലു ശതമാനമായി ക്രമീകരിച്ചു. വകുപ്പ് 80 (എ ) ലെ ഭേദഗതിപ്രകാരം സംസ്ഥാന സഹകരണയൂണിയനിലെ ജീവനക്കാരേയും സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എല്ലാവിധ സഹകരണ സംഘങ്ങളുടേയും ബോര്‍ഡുകളുടേയും മറ്റു സ്ഥാപനങ്ങളുടേയും ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ മുകളിലേയ്ക്കുള്ള തസ്തികകളുടെ നിയമനം വകുപ്പ് 80 (ബി ) ലെ ഭേദഗതിയിലൂടെ സംസ്ഥാന സഹകരണ പരീക്ഷാ ബോര്‍ഡിനെ ചുമതലപ്പെടുത്തി. വകുപ്പ് 94 ലെ ഭേദഗതി പ്രകാരം വിവിധ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളായി നിശ്ചയിക്കപ്പെട്ടിട്ടുള്ള പിഴത്തുക കാലോചിതമായി വര്‍ധിപ്പിച്ചു.

വകുപ്പ് 106 (എ ) ആയി പുതിയ വകുപ്പ് ഉള്‍പ്പെടുത്തുന്നു. ഇതനുസരിച്ച്, സഹകരണനിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധുമുട്ടുകള്‍ നേരിട്ടാല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് ആവശ്യമായ ഭേദഗതി വരുത്തും. ഭേദഗതിനിയമം പ്രാബല്യത്തില്‍ വന്ന് ആവശ്യമെങ്കില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതു നടപ്പാക്കുന്നതിനുള്ള വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയത്. ഷെഡ്യുള്‍ (1) ലെ ഭേദഗതിവഴി വനിതാഫെഡ്, ടൂര്‍ഫെഡ്, ലേബര്‍ഫെഡ്, ഹോസ്പിറ്റല്‍ ഫെഡ് എന്നിവിടങ്ങളിലെ നിയമനം കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴി നടത്തുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി.

പതിനഞ്ചംഗ സെലക്ട് കമ്മിറ്റി

സഹകരണമന്ത്രി വി.എന്‍. വാസവന്‍ ചെയര്‍മാനായുള്ള പതിനഞ്ചംഗ സെലക്ട്കമ്മിറ്റിയിലെ മറ്റംഗങ്ങള്‍: ഇ. ചന്ദ്രശേഖരന്‍, വി. ജോയ്, കോവൂര്‍ കുഞ്ഞുമോന്‍, ടി.ഐ. മധുസൂദനന്‍, ശാന്തകുമാരി കെ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വി.ആര്‍. സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, തോമസ് കെ.തോമസ് ( ഭരണപക്ഷം ), പി. അബ്ദുള്‍ഹമീദ്, ഡോ. മാത്യു കുഴല്‍നാടന്‍, മോന്‍സ് ജോസഫ്, കെ.കെ. രമ, സണ്ണി ജോസഫ് ( പ്രതിപക്ഷം ).

                                                         (മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം – 2023)

 

Leave a Reply

Your email address will not be published. Required fields are marked *

Latest News