സഹകരണ മേഖലയുടെ സ്പര്‍ശമേല്‍ക്കാത്ത ഒരു മേഖലയും കേരളത്തിലില്ല: മുഖ്യമന്ത്രി

moonamvazhi

സഹകരണ മേഖലയുടെ സ്പര്‍ശമേല്‍ക്കാത്ത ഒരു മേഖലയും കേരളത്തില്‍ ഇല്ലെന്നും അത്ര വിപുലമാണു കേരളത്തിലെ സഹകരണ മേഖലയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയന്‍ സംഘടിപ്പിച്ച സഹകാരി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സഹകരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തു വീടുകള്‍തോറും ബാങ്കിങ് സംസ്‌കാരം വളര്‍ത്തിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ കുടുംബങ്ങളേയും ബാങ്കുകളുമായി ബന്ധപ്പെടുത്തി സമ്പൂര്‍ണ ബാങ്കിങ് രീതി ആര്‍ജിക്കാന്‍ കഴിഞ്ഞതു സഹകരണ മേഖലയുടെ പ്രവര്‍ത്തനഫലമാണ്. ആഗോളവത്കരണ നയത്തിനു മുന്‍പുള്ള അവസ്ഥയും ശേഷമുള്ള അവസ്ഥയും സഹകരണ മേഖലയെ വ്യത്യസ്തമായി ബാധിച്ചു.

ആഗോളവത്കരണ നയം അംഗീകരിക്കുന്നതിനു മുന്‍പ് സഹകരണ രംഗത്തിനുവേണ്ടി പ്രവര്‍ത്തിച്ച കമ്മിഷനുകള്‍ ഈ മേഖലയ്ക്കു കരുത്തു പകരുന്ന നിര്‍ദേശങ്ങളാണു സമര്‍പ്പിച്ചിരുന്നതെങ്കില്‍ അതിനു ശേഷം വന്നവ ഈ മേഖലയ്ക്കു നാശം വിതയ്ക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളാണു സമര്‍പ്പിച്ചിരുന്നത്. ഈ ഘട്ടത്തിലെല്ലാം കേരളം അതിന്റേതായ പ്രത്യേക തനിമ നിലനിര്‍ത്തിപ്പോന്നു.

സഹകരണ മേഖലയ്ക്ക് ഏതെങ്കിലും തരത്തില്‍ പ്രതികൂലമാകുന്ന നിര്‍ദേശങ്ങള്‍ അഖിലേന്ത്യാതലത്തില്‍ രൂപംകൊണ്ട കമ്മിഷനകള്‍ മുന്നോട്ടുവച്ചാല്‍ അവയെ തുറന്നുകാണിക്കുന്നതിനും എതിര്‍ക്കുന്നതിനും കേരളത്തിലെ സഹകാരികള്‍ ഒറ്റക്കെട്ടായി നിന്നു. കേരളത്തിലെ സഹകരണ മേഖലയ്ക്കു ദോഷമുണ്ടാക്കുന്ന എല്ലാ നിര്‍ദേശങ്ങളേയും ശക്തമായി എതിര്‍ക്കുന്ന സമീപനമാണു മാറിവന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചുവന്നത്.

സഹകരണ രംഗം നാട് നേടിയ വലിയ നേട്ടമാണ്. അതിനു നേര്‍ക്കു കണ്ണുവച്ചുള്ള തെറ്റായ നീക്കങ്ങള്‍ വലിയ തോതില്‍ ശക്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. സഹകരണ സംഘങ്ങള്‍ നിക്ഷേപം വാങ്ങുന്നതും വായ്പ നല്‍കുന്നതും നിശ്ചിത വ്യവസ്ഥകളനുസരിച്ചാണ്. പലിശ നിരക്ക് കൃത്യമായി നിശ്ചയിക്കാനുള്ള നിയമപരമായ സംവിധാനം കേരളത്തിലുണ്ട്. തോന്നിയപോലെ പലിശ നിശ്ചയിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണു ചിലര്‍ ഇങ്ങോട്ടു കടന്നുവരുന്നത്. മള്‍ട്ടി സ്റ്റേറ്റെന്നു പറഞ്ഞാണു പല വേഷത്തിലും രൂപത്തിലും അവര്‍ വരുന്നത്. നിക്ഷേപം സ്വീകരിച്ചു മോഹ പലിശ നല്‍കാമെന്നു പറയും. പലരും വഞ്ചിക്കപ്പെടുന്നത് മോഹ പലിശയെന്നു കേള്‍ക്കുമ്പോഴാണ്. ആ ദുര്‍ഗതിയിലേക്കാണു മെല്ലെ ആളുകള്‍ നീങ്ങുന്നതെന്നു തിരിച്ചറിയണം. സാധാരണ പലിശ കിട്ടുക, നിക്ഷേപം ഭദ്രമായിരിക്കുക എന്നതാണു സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ അനുഭവം. പുതിയ കൂട്ടര്‍ മോഹപലിശ നല്‍കി നിക്ഷേപം സീകരിച്ച് അതിന്റെ ഭാഗമായായി മറ്റുതരത്തിലുള്ള പ്രവര്‍ത്തങ്ങളിലേക്കു പോകുകയാണ്. ഇതിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ട്.

കേരളത്തിലെ സഹകരണ മേഖലയെ ലക്ഷ്യമിട്ടു ചില ഏജന്‍സികള്‍ വരാനും നടപടികള്‍ സ്വീകരിക്കാനും തയാറായിട്ടുണ്ട്. അത്തരമൊരു പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവിടുത്തെ സഹകരണ വകുപ്പ് തന്നെയാണു നടപടി സ്വീകരിച്ചത്. അതിന്റെ ഭാഗമായി പൊലീസ് കേസടക്കം വന്നു. അവിടെയാണ് ഈ ഏജന്‍സി ഓടിയെത്തിയത്. അതിനൊപ്പം സഹകരണ മേഖലയിലാകെ എന്തോ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടക്കുകയാണെന്ന ചിത്രം ഉയര്‍ത്തിക്കാട്ടാനും ശ്രമിക്കുന്നു. ഇതിനു പിന്നില്‍ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുകയെന്ന ദുരുദ്ദേശ്യമുണ്ട്. അത് നമുക്ക് അംഗീകരിക്കാന്‍ പറ്റില്ല.

ഒരു സ്ഥാപനത്തില്‍ അഴിമതി നടന്നാല്‍ അതിന്റെ വിശ്വാസ്യതയെയാണു ബാധിക്കുന്നത്. ഇതിനെതിരേ നടപടിയെടുക്കുമ്പോള്‍ അവിടെ നിക്ഷേപം നടത്തിയവരെയാണു സംരക്ഷിക്കേണ്ടതുണ്ട്. തെറ്റു ചെയതവര്‍ക്കെതിരേ കര്‍ക്കശമായ എല്ലാ നടപടിയും സ്വീകരിക്കണം. ആ നടപടികള്‍ ഒരുഭാഗത്തു നടക്കുമ്പോള്‍ത്തന്നെ സഹകരണ മേഖലയുടെ വിശ്വാസ്യതയുടെ ഭാഗമായി ഈ സ്ഥാപനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനവും നടത്തണം. അതു തെറ്റുകാരെ സംരക്ഷിക്കലല്ല. തെറ്റുകാര്‍ക്കെതിരേ കര്‍ക്കശ നടപടിയുണ്ടാകും. ആവശ്യമായ പൊലീസ് കേസടക്കമുണ്ടാകും. എന്നാല്‍ സഹകരണ മേഖല ഇതിന്റെ ഭാഗായി തകര്‍ച്ചയനുഭവിക്കരുത്. അതിന്റെ വിശ്വാസ്യതയ്ക്കു കോട്ടംതട്ടരുത്. അതു സംരക്ഷിക്കുന്നതിന് ആവശ്യമായ പിന്തുണ സ്ഥാപനത്തിനു നല്‍കേണ്ടതായുണ്ട്. അങ്ങനെവന്നാല്‍ സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കാനാകും. നല്ല രീതിയില്‍ മുന്നേറാനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍ വി.കെ. പ്രശാന്ത്, വി. ജോയ്, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, പ്രകാശ് ബാബു, ബീമാപ്പള്ളി റഷീദ്, കരകുളം കൃഷ്ണപിള്ള, മനയത്ത് ചന്ദ്രന്‍, എം.എസ്. ഷെറിന്‍, സി.പി. ജോണ്‍, സംസ്ഥാ സഹകരണ യൂണിയന്‍ അഡിഷണല്‍ രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂര്‍, പി. നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News