മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാം

moonamvazhi

സംസ്ഥാനത്തു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും നല്‍കുന്ന 2021-22 സാമ്പത്തിക വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലായ് ഒന്നിനു അന്താരാഷ്ട്ര സഹകരണദിനത്തിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കുക.

അര്‍ബന്‍ ബാങ്ക്, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍, എംപ്ലോയീസ് സഹകരണസംഘം, വിദ്യാഭ്യാസ സഹകരണസംഘം, വനിതാ സഹകരണസംഘം, പട്ടികജാതി / പട്ടികവര്‍ഗ സഹകരണസംഘം, ആശുപത്രി / വിദ്യാഭ്യാസ സഹകരണസംഘം, ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം / പലവക സഹകരണസംഘം, മാര്‍ക്കറ്റിങ് സഹകരണസംഘം എന്നിങ്ങനെ പത്തു വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അവാര്‍ഡിനായി എല്ലാ സഹകരണസംഘങ്ങളും നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട താലൂക്ക് അസി. രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

താലൂക്കുതലം, ജില്ലാതലം, സംസ്ഥാനതലം എന്നീ മൂന്നു ഘട്ടങ്ങളിലായുള്ള പരിശോധനയിലൂടെയാണു മികച്ച സംഘങ്ങളെ തിരഞ്ഞെടുക്കുന്നത്. താലൂക്കുതലത്തിലാണ് ആദ്യം അപേക്ഷകള്‍ നല്‍കേണ്ടത്. ഓരോ വിഭാഗത്തിലുംപെട്ട സംഘങ്ങള്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ അസി. രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കണം. താലൂക്കുതലങ്ങളില്‍ കിട്ടുന്ന അപേക്ഷകള്‍ പരിശോധിച്ച് ഓരോ വിഭാഗത്തില്‍നിന്നും ഏറ്റവും മികച്ച അഞ്ചെണ്ണം ലിസ്റ്റ് ചെയ്തു സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസില്‍ ജൂണ്‍ പതിനഞ്ചിനകം എത്തിക്കും. ജില്ലകളില്‍നിന്നു കിട്ടുന്ന അപേക്ഷകള്‍ പരിശോധിച്ച് പട്ടികയാക്കി സംസ്ഥാനതല അവാര്‍ഡ്കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കും.

2021-22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും ആകെ പ്രവര്‍ത്തനങ്ങളുടെയും പൊതുവായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു മികച്ച സംഘങ്ങളെ നിര്‍ണയിക്കുന്നത്. അവാര്‍ഡിനായി സമര്‍പ്പിക്കുന്ന അപേക്ഷാഫോറത്തില്‍ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തലോടെയാണു അസി. രജിസ്ട്രാര്‍ഓഫീസില്‍ സമര്‍പ്പിക്കേണ്ടത്. അധികമായി സൂചിപ്പിക്കാനുള്ള കാര്യങ്ങള്‍ പ്രത്യേക ഷീറ്റില്‍ എഴുതി ഉള്ളടക്കം ചെയ്യാം. സംഘങ്ങളുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടുകളും സംഘത്തെക്കുറിച്ചുള്ള ലഘുവിവരണവും സംക്ഷിപ്തമായി ഉള്ളടക്കം ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News