മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ ഏതു സംഘത്തെയും ലയിപ്പിക്കാം
സംസ്ഥാന നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെയും ഇനി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ ലയിപ്പിക്കാനാവും. ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഭേദഗതികളില്‍ ഈ വ്യവസ്ഥയും ഉള്‍പ്പെടുന്നു. 2002 ല്‍ നിലവില്‍ വന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ ഭേദഗതി വരുത്തിയാണു പുതിയ വ്യവസ്ഥ ചേര്‍ത്തിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ഒരു മള്‍ട്ടി സ്റ്റേറ്റ് സംഘത്തെ മാത്രമേ മറ്റൊരു മള്‍ട്ടി സ്റ്റേറ്റ് സംഘത്തില്‍ ലയിപ്പിക്കാനാവൂ. ബില്ലിന്റെ സെക്ഷന്‍ ആറിലാണു ഇതുസംബന്ധിച്ച ഭേദഗതി വരുത്തുന്നത്.
പ്രതിപക്ഷത്തുനിന്നുള്ള എതിര്‍പ്പുകള്‍ക്കിടയില്‍ ബുധനാഴ്ചയാണു ഭേദഗതിബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
വിവിധ സഹകരണ സംഘങ്ങളുടെ കൂട്ടിച്ചേര്‍ക്കലിനും ( Amalgamation ) ലയനത്തിനും വിഭജനത്തിനും പുതിയ ഭേദഗതി ബില്ലില്‍ വ്യവസ്ഥയുണ്ട്. ലയിക്കാനാഗ്രഹിക്കുന്ന സംഘത്തിന്റെ പൊതുയോഗത്തില്‍ ഇതുസംബന്ധിച്ചു പ്രമേയം പാസാക്കണം. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഇതിനുണ്ടാവണം. സംസ്ഥാനനിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട സഹകരണ സംഘങ്ങള്‍ക്കു നിലവിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘവുമായി ലയിക്കാമെന്നു ഭേദഗതിബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ ഇനി സഹകരണ ഇലക്ഷന്‍ അതോറിറ്റിയായിരിക്കും ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക. കേന്ദ്രസര്‍ക്കാരാണു അതോറിറ്റിയെ നിയമിക്കുക. തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നതും വോട്ടര്‍പട്ടിക തയാറാക്കുന്നതും അതോറിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. ഒരു ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍, മൂന്നുവരെ അംഗങ്ങള്‍ എന്നിവരാണു തിരഞ്ഞെടുപ്പ് അതോറിറ്റിയിലുണ്ടാവുക. ഒരു സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം കേന്ദ്രസര്‍ക്കാരാകും അതോറിറ്റി അംഗങ്ങളെ നിയമിക്കുക.
മള്‍ട്ടി സ്റ്റേറ്റ് സംഘത്തിലെ സജീവാംഗങ്ങള്‍ക്കു മാത്രമേ ഭരണസമിതിയംഗങ്ങളാകാനും ഭാരവാഹികളാകാനും കഴിയൂ എന്നാണു പുതിയ വ്യവസ്ഥകളില്‍ പറയുന്നത്. സംഘത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍, സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍, തുടര്‍ച്ചയായി കുറഞ്ഞതു മൂന്നു പൊതുയോഗങ്ങളിലെങ്കിലും ഹാജരായവര്‍ എന്നിവരെയാണു സജീവാംഗമായി കണക്കാക്കുക.
മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളിലെ ആവലാതികള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തികള്‍ നിശ്ചയിച്ച് ഒന്നോ അതിലധികമോ സഹകരണ ഓംബുഡ്‌സ്മാനെ നിയമിക്കും. നിക്ഷേപം, അംഗങ്ങളുടെ അവകാശം എന്നിവ സംബന്ധിച്ച പരാതികളുണ്ടാകുമ്പോള്‍ ഓംബുഡ്‌സ്മാനാണു അക്കാര്യം പരിശോധിക്കുക. പരാതിയില്‍ അന്വേഷണം നടത്തി മൂന്നു മാസത്തിനകം ഓംബുഡ്‌സ്മാന്‍ പരിഹാരം കണ്ടെത്തും. ഓംബുഡ്‌സ്മാന്റെ തീര്‍പ്പില്‍ അപ്പീല്‍ നല്‍കേണ്ടതു സെന്‍ട്രല്‍ രജിസ്ട്രാര്‍ക്കാണ്. അപ്പീല്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം.
രോഗാതുരമായ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനു അവയുടെ പുനരധിവാസത്തിനും പുനസ്സംഘടനയ്ക്കും വികസനഫണ്ടുണ്ടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. അടച്ചുതീര്‍ത്ത മൊത്തം മൂലധനത്തിനു തുല്യമായ സംഖ്യയോ അതില്‍ക്കവിഞ്ഞോ നഷ്ടം വരികയും രണ്ടു വര്‍ഷം സാമ്പത്തികനഷ്ടമുണ്ടാവുകയും ചെയ്തിട്ടുള്ള സംഘങ്ങളെയാണു പീഡിതസംഘമായി കണക്കാക്കുക. ഇവയുടെ പുനരധിവാസത്തിനും പുനസ്സംഘടനയ്ക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കും. തൊട്ടുമുമ്പത്തെ മൂന്നു സാമ്പത്തികവര്‍ഷം ലാഭമുണ്ടാക്കിയിട്ടുള്ള മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളായിരിക്കും ഇതിനാവശ്യമായ ഫണ്ട് നല്‍കുക. ഒരു കോടി രൂപ അല്ലെങ്കില്‍ അറ്റലാഭത്തിന്റെ ഒരു ശതമാനം, ഏതാണോ കുറവ് ആ തുക, സംഘങ്ങള്‍ ഫണ്ടില്‍ നിക്ഷേപിക്കണം.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തില്‍ 21 ഡയരക്ടര്‍മാര്‍വരെയുണ്ടാകും. കൂടാതെ, രണ്ടു ഡയരക്ടര്‍മാരെക്കൂടി ഭരണസമിതിയിലേക്കു കോ-ഓപ്റ്റ് ചെയ്യും. ഇവര്‍ ബാങ്കിങ്, ഫിനാന്‍സിങ്, സഹകരണ മാനേജ്‌മെന്റ്‌മേഖലകളില്‍ പരിചയസമ്പന്നരായിരിക്കണം. ഭരണസമിതിയില്‍ ഒരു പട്ടികജാതി / പട്ടികവര്‍ഗ അംഗത്തെയും രണ്ടു വനിതകളെയും ഉള്‍പ്പെടുത്താന്‍ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘമോ അതിലെ ഉദ്യോഗസ്ഥനോ അംഗമോ തെറ്റായ റിട്ടേണ്‍ ഫയലാക്കുകയോ തെറ്റായ വിവരം നല്‍കുകയോ സമന്‍സ് ധിക്കരിക്കുകയോ ചെയ്യുന്നതു കുറ്റമായിരിക്കും. ഇത്തരം കുറ്റങ്ങള്‍ക്കു 5000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പിഴ വിധിക്കാന്‍ ഭേദഗതിബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
[mbzshare]