ഭര്‍ത്താവ് നഷ്ടപ്പെട്ടവര്‍ക്ക് അതിജീവനമേകി കാഞ്ഞൂര്‍ ബാങ്ക്

[mbzauthor]

– വി.എന്‍. പ്രസന്നന്‍

1941 ല്‍ ശ്രീനാരായണ പ്രസ്ഥാനം മുന്‍കൈയെടുത്തു
രൂപവത്കരിച്ച സംഘത്തിന്റെ ആദ്യത്തെ പേര് ശ്രീനാരായണ
പരസ്പര സഹായസംഘം എന്നായിരുന്നു. പിന്നീട് കാഞ്ഞൂര്‍
സര്‍വീസ് സഹകരണ ബാങ്ക് എന്ന ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ്
സഹകരണ സംഘമായി വളര്‍ന്നു. ഇപ്പോള്‍ 11,000ത്തില്‍പരം
അംഗങ്ങളുണ്ട്. 163 കോടി രൂപയാണു നിക്ഷേപം.

 

ഭര്‍ത്താവ് നഷ്ടപ്പെട്ട പതിമൂന്നു വനിതകളുടെ ജീവിതം ധന്യമാക്കി സഹകരണ സേവനത്തിന്റെ മനുഷ്യപ്പറ്റിനു പുതിയൊരു മാനം നല്‍കുകയാണ് എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. പല സഹകരണ ബാങ്കിനും സൂപ്പര്‍മാര്‍ക്കറ്റുണ്ടെങ്കിലും കാഞ്ഞൂര്‍ ബാങ്കിന്റെതിന് ഒരു പ്രത്യേകതയുണ്ട്. ഭര്‍ത്താവു മരിക്കുകയും സാമ്പത്തികമായി ബുദ്ധിമുട്ടുകയും ചെയ്ത 13 വനിതകള്‍ക്ക് ഇവിടെ ജോലി നല്‍കി എന്നതാണത്.

ബാങ്ക് ആസ്ഥാനത്തോടു ചേര്‍ന്നാണു ‘സഹകരണ നീതി സൂപ്പര്‍മാര്‍ക്കറ്റ്. പലവ്യഞ്‌നങ്ങള്‍ മുതല്‍ ഗിഫ്റ്റ് ഐറ്റങ്ങള്‍ വരെ കിട്ടും. ഏപ്രില്‍ മൂന്നിനു മന്ത്രി പി. രാജീവ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജീവനക്കാരികള്‍ക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തു. ഒറ്റപ്പെട്ട സാമ്പത്തിക സഹായങ്ങളെക്കാള്‍ സുസ്ഥിര ജീവിതമാര്‍ഗമാണു ഫലപ്രദം എന്ന കാഴ്ചപ്പാടാണ് ഈ സംരംഭത്തിലേക്കു നയിച്ചത്. ബാങ്ക് ഭരണസമിതിയില്‍ പ്രസിഡന്റ് പ്രൊഫ. എം.ബി. ശശിധരനാണു പദ്ധതി അവതരിപ്പിച്ചത്. ഭരണസമിതി ഒന്നടങ്കം പിന്തുണച്ചു. തുടര്‍ന്നു കേരള ബാങ്കുമായി ബന്ധപ്പെട്ടു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു. അങ്ങനെ കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഇതു യാഥാര്‍ഥ്യമായി. കേരളത്തില്‍ ഒരുമിച്ച് ഇത്രയും വിധവകള്‍ക്ക് ജീവിതമാര്‍ഗം ഏകുന്ന ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റാണിത്.

ആറു മാസംമുമ്പാണിതു നടപ്പാക്കാന്‍ ശ്രമം തുടങ്ങിയത്. ബാങ്കിന് ആസ്ഥാനത്തിനടുത്തുള്ള വിശാലമായ സ്ഥലത്ത് ഒരു ഹാളുണ്ടായിരുന്നു. കുറെക്കാലം അത് ഓഡിറ്റോറിയമായി ഉപയോഗിച്ചു. അതു പരിഷ്‌കരിച്ചാണു സൂപ്പര്‍മാര്‍ക്കറ്റാക്കിയത്. 60 ലക്ഷം രൂപ ചെലവിട്ടു. ജോലിക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ 21 വിധവകള്‍ അപേക്ഷിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയായി നിശ്ചയിച്ചു; പ്രായപരിധി 50 വയസ്സായും. യോഗ്യതകളുടെ അടിസ്ഥാനത്തില്‍ 12 പേരെ തിരഞ്ഞെടുത്തു. ഇവര്‍ക്കു സഹകരണസംഘങ്ങള്‍ നടത്തുന്ന രണ്ടു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ബാങ്കിന്റെ ചെലവില്‍ പരിശീലനം നല്‍കി. പരിശീലന കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യവും ബാങ്ക് ഒരുക്കി.

12 പേര്‍ക്കു പുറമെ ശുചീകരണ ജോലികള്‍ക്കും ഒരു വിധവയെ നിയോഗിച്ചു. എല്ലാവര്‍ക്കും യൂണിഫോം നല്‍കി. അക്കൗണ്ടിംഗ് പോലെ പ്രത്യേക വൈദഗ്ധ്യം വേണ്ട ജോലികള്‍ ചെയ്യുന്നതു ബാങ്കിന്റെ മറ്റു ജീവനക്കാരാണ്. മൂന്നു ഷിഫ്റ്റായാണു ജോലി. ശുചീകരണ വിഭാഗത്തിന്റെ ഷിഫ്റ്റ് പകല്‍ എട്ടു മുതല്‍ നാലു വരെയാണ്. വില്‍പന വിഭാഗത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെയും ഉച്ചയ്ക്കു 12 മുതല്‍ രാത്രി ഒമ്പതു വരെയും. 5000രൂപയാണ് അടിസ്ഥാനശമ്പളം. പ്രതിദിന വില്‍പനയുടെ 50,000 രൂപയില്‍ കൂടുതലുളള വരുമാനത്തിന്റെ അഞ്ചു ശതമാനം തുല്യമായി വീതിച്ചുനല്‍കുകയും ചെയ്യും. ഇവിടത്തെ ജോലിയില്‍ താന്‍ വളരെ സംതൃപ്തയാണെന്നു ജീവനക്കാരിലൊരാളായ ഷീലാ പ്രഭാകര്‍ പറഞ്ഞു

ബാങ്ക് ഭരണസമിതിയംഗങ്ങളായ മൂന്നു വനിതകളെ സൂപ്പര്‍മാര്‍ക്കറ്റിന്റെ കാര്യങ്ങള്‍ നോക്കാന്‍ നിയോഗിച്ചിട്ടുണ്ട്. അമ്മിണി ജോസ്, സജിതാലാല്‍, ബേബിശശി എന്നിവരാണവര്‍. ആശാവഹമാണു സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. 1,30,000 രൂപയുടെവരെ വില്‍പന നടന്ന ദിവസങ്ങളുണ്ട്. കനത്ത മഴദിവസങ്ങളില്‍ വില്‍പന കുറഞ്ഞപ്പോഴും 80,000 രൂപയില്‍ താഴെ പോയിട്ടില്ല. കല്യാണങ്ങള്‍ക്കും ഹോസ്റ്റലുകള്‍പോലുള്ള കേന്ദ്രങ്ങള്‍ക്കും സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ സൂപ്പര്‍മാര്‍ക്കറ്റിനു കഴിയും. ഒരു ഹോസ്റ്റല്‍ ഇതിനായി സമീപിച്ചിട്ടൂണ്ട്. സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തിനു പുറത്തു പ്രത്യേക സൗകര്യമൊരുക്കി മത്സ്യ-മാംസ വില്‍പനയ്ക്കും പരിപാടിയുണ്ട്. ഹോംഡെലിവറിയും തുടങ്ങും. കാറ്ററിങ് യൂണിറ്റും പരിഗണനയിലുണ്ട്.

സേവനങ്ങള്‍
പല തരം

ന്യായവിലയ്ക്കു ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റിനു പുറമെ വേറെയും സേവനങ്ങള്‍ ബാങ്കിനുണ്ട്. വളം ഡിപ്പോ, നീതി മെഡിക്കല്‍ സ്‌റ്റോര്‍, നീതി മെഡിക്കല്‍ ലാബ് എന്നിവ അവയില്‍ ചിലതാണ്. 2013 ലാണു മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയത്. മരുന്നുകള്‍ക്കു 15 മുതല്‍ 40 വരെ ശതമാനം വിലക്കുറവുണ്ട്. മെഡിക്കല്‍ ലാബില്‍ പരിശോധനകള്‍ മിതമായ നിരക്കിലാണ്. ഇതോടനുബന്ധിച്ചു നീതി ക്ലിനിക്കും തുടങ്ങിയിട്ടുണ്ട്. അവിടെ കുട്ടികളുടെ രോഗചികിത്സയില്‍ സ്‌പെഷ്യലിസ്റ്റ് ആയ ഡോക്ടറുടെ സേവനം കിട്ടും. ബാങ്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മരുന്നുവിതരണവും നടത്തിയിട്ടുണ്ട്. വയോജനങ്ങള്‍ക്കായി നീതി മെഡിക്കല്‍ ലാബിന്റെ ഡിസ്‌കൗണ്ട് കാര്‍ഡും ഏര്‍പ്പെടുത്തി. ചികിത്സാസഹായങ്ങളും ബാങ്കിനുണ്ട്. കാന്‍സര്‍രോഗികള്‍ക്ക് ഒരു ലക്ഷംരൂപ വരെ പലിശരഹിത വായ്പ നല്‍കുന്നു. കൗമാരക്കാരുടെ മാനസിക പ്രശ്‌നങ്ങള്‍ക്കു പരിഹാരമേകാന്‍ ശനിയാഴ്ചകളില്‍ സൗജന്യ കൗണ്‍സലിങ്ങുണ്ട്്. രാജഗിരി സോഷ്യല്‍ സയന്‍സ് കോളജിന്റെ സഹായത്തോടെയാണിത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കൗണ്‍സലിങ്ങിനു പുറമെ കരിയര്‍ ഗൈഡന്‍സും നല്‍കുന്നു.

ബാങ്കിനു കാലടി ചെങ്ങലില്‍ ശാഖയും തെക്കേയങ്ങാടി, തുറവുങ്കര, കൈപ്ര എന്നിവിടങ്ങളില്‍ കളക്ഷന്‍ കേന്ദ്രങ്ങളുമുണ്ട്. ധാരാളം ഇഷ്ടികക്കളങ്ങളുണ്ട് കാഞ്ഞൂരില്‍. അവിടങ്ങളില്‍ പണിയില്ലാത്ത കാലങ്ങളില്‍ ബാങ്ക് കൃഷി പ്രോത്സാഹിപ്പിക്കുന്നു. വര്‍ഷം ആറു മാസമാണ് ഇഷ്ടിക നിര്‍മാണം. ബാക്കി ആറു മാസം അവിടങ്ങളില്‍ കൃഷിയിറക്കാന്‍ ഉടമകള്‍ക്കു ബാങ്ക് വിത്തും വളവും നല്‍കും. ഇഷ്ടികത്തൊഴിലാളികള്‍ക്കു കൃഷിപ്പണി ലഭിക്കുകയും ചെയ്യും. 2016-17 ലാണിതു തുടങ്ങിയത്. ഇഷ്ടികക്കളങ്ങളിലെ ഈ ഓഫ് സീസണ്‍ കൃഷി ഒരു കാഞ്ഞൂര്‍ മാതൃകയായി മാറി.

ടി.കെ. കതിര്‍
എന്ന ജൈവ അരി

പച്ചക്കറിക്കു പലിശരഹിതവായ്പ മറ്റിടങ്ങളില്‍ ആരംഭിക്കുംമുമ്പേ നടപ്പാക്കിയ പാരമ്പര്യം ബാങ്കിനുണ്ട്. കാര്‍ഷിക ക്ലാസുകളും സെമിനാറുകളും നടത്താറുണ്ട്. തരിശുഭൂമികള്‍ ഏറ്റെടുത്തു കര്‍ഷകരുടെ സഹായത്തോടെ പച്ചക്കറിക്കൃഷി നടത്തുന്നു. 180 ഏക്കറില്‍ ജൈവ നെല്‍ക്കൃഷിയുണ്ട്. ബാങ്കിന്റെ സഹകരണത്തോടെ ‘ടി.കെ. കതിര്‍’ എന്ന ജൈവ അരി ഉല്‍പാദിപ്പിക്കുന്നുണ്ട്. 13 അങ്കണവാടികള്‍ക്കു പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. പട്ടികജാതി-വര്‍ഗക്കാരുടെ ഉന്നമനത്തിനായി ഔഷധ സസ്യക്കൃഷി നടത്തുന്നു. ധനമന്ത്രിയായിരിക്കെ തോമസ് ഐസക്ക് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി. രാജീവിനൊപ്പം വന്നു ബാങ്കിന്റെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ കണ്ടിരുന്നു.

ബാങ്കിന് ഒരു ആംബൂലന്‍സും രണ്ടു മൊബൈല്‍ ഫ്രീസറുമുണ്ട്. മിതമായ നിരക്കേയുളൂ. 2018 ലെ പ്രളയകാലത്ത് ആംബുലന്‍സിന്റെ സേവനം സൗജന്യമായിരുന്നു. മൂന്നു ദുരിതാശ്വാസക്യാമ്പുകള്‍ കാഞ്ഞൂരിലുണ്ടായിരുന്നു. അവിടെയൊക്കെ ഭക്ഷണച്ചെലവു വഹിച്ചു. അംഗങ്ങള്‍ക്കു 10,000 രൂപയുടെ പലിശരഹിതവായ്പയും നല്‍കി. നാലു ‘കെയര്‍ ഹോം’ വീടുകള്‍ പണിതുകൊടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 10 ലക്ഷം രൂപ നല്‍കി.

കൊറോണക്കാലത്തു കോവിഡ് രോഗികളുണ്ടായിരുന്ന വീടുകളില്‍ സൗജന്യമായി നിത്യോപയോഗ സാധനക്കിറ്റുകളും മെഡിക്കല്‍ക്കിറ്റുകളും എത്തിച്ചു. ഈ വീടുകളില്‍ അണുനശീകരണവും നടത്തി. ബാങ്ക് കെട്ടിടത്തില്‍ സമൂഹ അടുക്കള നടത്തി പ്രതിദിനം ഇരുന്നൂറ്റമ്പതോളം പേര്‍ക്കു ഭക്ഷണപ്പൊതി എത്തിച്ചുകൊടുത്തു. കോവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് സേവനവും സൗജന്യമായിരുന്നു. അംഗങ്ങള്‍ക്ക് 5000 രൂപയുടെ പലിശരഹിത വായ്പയും നല്‍കി. ഐ.എം.എ.യ്ക്കു 300 മാസ്‌ക്കും 10 ലിറ്റര്‍ സാനിറ്റൈസറും കൊടുത്തു. കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളായ ബോര്‍ഡംഗം കൂടിയായ കളമശ്ശേരി മെഡിക്കല്‍കോളജ് ജീവനക്കാരന്‍ നിജോ ജോയ്, ബാങ്ക് അക്കൗണ്ടന്റ് എം.കെ. ലെനിന്‍, ആംബുലന്‍സ് ഡ്രൈവര്‍ സുബിന്‍ മോഹന്‍ എന്നിവരെ ആദരിച്ചു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കാര്‍ഷികവായ്പ, സ്വയംതൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ, കുടുംബശ്രീ വായ്പ, സ്വര്‍ണപ്പണയ വായ്പ, ഗൃഹോപകരണ വായ്പ, സാധാരണ വായ്പ, ശമ്പള വായ്പ, ഭവന വായ്പ, വാഹന വായ്പ, ഓവര്‍ഡ്രാഫ്റ്റ് വായ്പ, ബിസിനസ് വായ്പ, വസ്തുപ്പണയവായ്പ തുടങ്ങിയ വായ്പകളുണ്ട്. ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.റ്റി സേവനങ്ങളും ബാങ്കിനുണ്ട്. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് അരശതമാനം പലിശ അധികം നല്‍കും. മുതിര്‍ന്ന അംഗങ്ങള്‍ക്കു സഹകാരി പെന്‍ഷനുണ്ട്. ബാങ്കില്‍ അംഗത്വമെടുത്ത് 20 വര്‍ഷമായവരും 70 വയസ്സു കഴിഞ്ഞവരുമായവര്‍ക്കാണ് ഇതിനര്‍ഹത.

കലാ, സാംസ്‌കാരിക രംഗത്തും ബാങ്ക് സക്രിയം. നാടകകാരന്‍ എം.പി. മത്തായി., നാടന്‍പാട്ടു കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം, ഭരതനാട്യ കലാകാരി ശാന്തകുമാരീ കൃഷ്്ണന്‍ എന്നിവരെ ഓണാഘോഷത്തില്‍ ആദരിച്ചു. പുള്ളുവന്‍പാട്ട്, ഡാവേലി എന്നീ കലകള്‍ക്കു വേദിയൊരുക്കുകയും ആ കലാകാരന്‍മാരെ ആദരിക്കുകയും ചെയ്തു. പത്തു ദിവസം കലാ, സാംസ്‌കാരിക പരിപാടികളുണ്ടായിരുന്നു. എല്ലാ വര്‍ഷവും പൂക്കളമത്സരമുണ്ട്. നാലു ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പുസ്തകോത്സവത്തില്‍ പങ്കെടുപ്പിച്ചു പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തു. നാലു വായനശാലകള്‍ക്കു പുസ്തകങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ ലൈബ്രറിഗ്രാന്റ് നല്‍കുന്നു.

അധ്യയന വര്‍ഷാരംഭം വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് നടത്താറുണ്ട്. ബാങ്കുപരിധിയില്‍ 100 ശതമാനം വിജയം നേടിയ നാലു സ്‌കൂളിനു പുരസ്‌കാരം നല്‍കി. എസ്.എസ്.എല്‍.സി.ക്കും ഹയര്‍സെക്കണ്ടറിക്കും ഫുള്‍ എ പ്ലസ് നേടിയവര്‍ക്കു ക്യാഷ് അവാര്‍ഡുണ്ട്. ഉന്നതപഠനത്തിനു ഗ്രാന്റും പലിശരഹിത വായ്പയും കൊടുക്കുന്നു. ബാങ്ക്പരിധിയിലെ പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കു സൗജന്യമായി യൂണിഫോമും പഠനോപകരണങ്ങളും നല്‍കുന്നു. നാലു സ്‌കൂളിനു ടി.വി. കൊടുത്തു. ഓണം, ക്രിസ്മസ്, റംസാന്‍ കാലങ്ങളില്‍ അവശ്യസാധന വിപണനമേള നടത്താറുണ്ട്. കഴിഞ്ഞ ഓണത്തിനു ഇരുചക്ര, നാലുചക്ര വാഹനങ്ങള്‍ക്കുള്‍പ്പെടെ വാഹന വിപണനമേള നടത്തി.

വരുന്നൂ
അമ്മൂമ്മച്ചൂല്‍

11,000 ത്തില്‍ പരം അംഗങ്ങള്‍ ബാങ്കിനുണ്ട്. 163 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. വായ്പ 121 കോടി. 2020-21 സാമ്പത്തിക വര്‍ഷം 83 ലക്ഷം രൂപയാണു ലാഭം. വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പ്പാദക സംഘങ്ങള്‍ രൂപവത്കരിക്കുകയും ‘അമ്മൂമ്മച്ചൂല്‍’ പോലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയുമാണു ഭാവിപരിപാടികളെന്നു പ്രസിഡന്റ് പ്രൊഫ. എം.ബി. ശശിധരന്‍ പറഞ്ഞു. വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന പ്രായമായ സ്ത്രീകളെക്കൊണ്ടു ചൂലുകള്‍ ഉണ്ടാക്കിച്ചു വരുമാനം നേടിക്കൊടുക്കലാണ് ‘അമ്മുമ്മച്ചൂല്‍’ കൊണ്ടുദ്ദേശിക്കുന്നത്. എടത്തല അല്‍അമീന്‍ കോളജ് പ്രിന്‍സിപ്പലായി വിരമിച്ച ശശിധരന്‍ സി.പി.എം. ലോക്കല്‍ക്കമ്മറ്റിയംഗമാണ്. വി.എസ്. വര്‍ഗീസ്, പി.കെ. സദാനന്ദന്‍, എ.എ. ഗോപി, നിജോ ജോയ്, ടി.ഡി. റോബര്‍ട്ട്, പി.എസ്. പരീത്, അമ്മിണി ജോസ്, സജിതാ ലാല്‍, ബേബി ശശി എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. കെ.എസ്. ഷാജിയാണു സെക്രട്ടറി.

എണ്‍പതിന്റെ നിറവിലാണു ബാങ്ക്. 1941 ല്‍ ശ്രീനാരായണ പ്രസ്ഥാനം മുന്‍കൈയെടുത്തു രൂപവത്കരിച്ച സംഘമാണിത്. കൊല്ലവര്‍ഷം 1117 വൃച്ഛികം നാലിനായിരുന്നു രജിസ്‌ട്രേഷന്‍. വൃച്ഛികം 29 നു പ്രവര്‍ത്തനം ആരംഭിച്ചു. ചാരമ്പിള്ളി രാമന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ശ്രീനാരായണ പരസ്പര സഹായസംഘം എന്ന പേരില്‍ തുടങ്ങിയ ആ സംഘമാണ് ഇന്നത്തെ കാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്ന ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ് സഹകരണ സംഘമായി വളര്‍ന്നത്.

2016 ല്‍ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ആംബുലന്‍സ്, ആര്‍.ടി.ജി.എസ്-എന്‍.ഇ.എഫ്.റ്റി. സേവനങ്ങള്‍, മൂന്നു കളക്ഷന്‍ കേന്ദ്രങ്ങള്‍, അടുക്കളത്തോട്ടം-മട്ടുപ്പാവ് കൃഷി പരിശീലനം തുടങ്ങിയവ ജൂബിലിവര്‍ഷം ആരംഭിച്ചു. പുതിയ വായ്പാ പദ്ധതികളും തുടങ്ങി. ബാങ്കിനു സൂപ്പര്‍ ഗ്രേഡും കിട്ടി. 2017 ഏപ്രില്‍ 21 നു അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണു ജൂബിലി സമാപനം ഉദ്ഘാടനം ചെയ്തത്. സഹകരണ നീതി ലാബും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

[mbzshare]

Leave a Reply

Your email address will not be published.