പ്രളയ മേഖലയില്‍ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ സഹായം

Deepthi Vipin lal

മഴ കനത്തതും പല മേഖലകളിലും പ്രളയമുണ്ടായതും കണക്കിലെടുത്ത് ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചു. മരിക്കുന്ന കര്‍ഷകരുടെ അനന്തരാവകാശികള്‍ക്ക് ധനസഹായം, പ്രളയ ബാധിത മേഖലയിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, സൗജന്യമായി കാലിത്തീറ്റ എന്നിവയെല്ലാം അടങ്ങുന്നതാണ് പദ്ധതി. മില്‍മയുടെ തിരുവനന്തപുരം യൂണിയനാണ് അടിയന്തരമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചേര്‍ന്ന് സഹായ പദ്ധതിക്ക് രൂപം നല്‍കിയത്.


പ്രളയത്തില്‍ മരിച്ച ക്ഷീര കര്‍ഷകന്റെ കുടുംബത്തിന് 25,000 രൂപ അടിയന്തര സഹായമായി നല്‍കും. പ്രളയ ബാധിത മേഖലയില്‍ 15 ദിവസത്തേക്ക് മൃഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. പാല്‍ സംഭരണം മുടങ്ങിയ ക്ഷീര സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും. കാലിത്തൊഴുത്തുകള്‍ നിര്‍മ്മിക്കുന്നതിന് 20,000 രൂപ വരെ സഹായം നല്‍കും. കേടുപാടുകള്‍ പറ്റിയ ക്ഷീരസംഘങ്ങളുടെ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ 10,000 രൂപ നല്‍കും. മില്‍മയുടെ സംഭരണ വാഹനങ്ങള്‍ എത്തിച്ചേരാന്‍ കഴിയാത്ത സംഘങ്ങള്‍ക്ക് ട്രാര്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് പ്രത്യേകമായി നല്‍കും. പ്രളയ ബാധിത മേഖലകളില്‍ ക്ഷീര സംഘങ്ങള്‍ കേന്ദ്രീകരിച്ച് മൃഗചികിത്സാ ക്യാമ്പുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.


ഒരു കോടി രൂപയാണ് അടിയന്തര സഹായമായി മില്‍മ വകയിരുത്തിയിട്ടുള്ളത്. കൂടുതല്‍ പദ്ധതികള്‍ ദുരിത ബാധിത സംഘങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുമെന്നാണ് യൂണിയന്‍ കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ അറിയിച്ചിട്ടുള്ളത്. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ പരിഗണിച്ച് പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ സംരക്ഷിത ക്ഷീര മേഖലയായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News