പോലീസുകാരുടെ ക്ഷേമം നോക്കും ഈ വായ്പാ സംഘം
– സ്റ്റാഫ് പ്രതിനിധി
കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസുകാരുടെ ക്ഷേമത്തിനായി 17 കൊല്ലം മുമ്പു സഹകരണ സംഘം തുടങ്ങുമ്പോള്‍ ആകെ അംഗങ്ങള്‍ 398. ഓഹരി മൂലധനം 94,800 രൂപ മാത്രം. ഇന്നു 3034 അംഗങ്ങള്‍. പ്രവര്‍ത്തന മൂലധനം 56 കോടി രൂപ. പതിനാലര സെന്റ് സ്ഥലം. അതില്‍ ഇരുനിലക്കെട്ടിടം. അഭിമാനിക്കാന്‍ ഏറെയുണ്ട് ഈ പോലീസ് സഹകരണ സംഘത്തിന്.
കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസുകാരുടെ സഹകരണ സ്ഥാപനമായ പോലീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വളരുകയാണ്. പതിനേഴു വര്‍ഷം മുമ്പു 398 അംഗങ്ങളുമായിട്ടായിരുന്നു തുടക്കം. അന്നത്തെ ഓഹരി സംഖ്യ 94,800 രൂപ മാത്രം. ഇന്നു കഥ മാറി. 3034 അംഗങ്ങളും 56 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനവുമായി സംഘം വളര്‍ന്നിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ മികച്ച വായ്പാ സംഘമായി പോലീസ് ക്രെഡിറ്റ് സൊസൈറ്റി മാറിക്കഴിഞ്ഞു.
2003 മാര്‍ച്ച് 22 നാണു സംഘം രജിസ്റ്റര്‍ ചെയ്തത്. അക്കൊല്ലം ജൂണ്‍ 21 നു പ്രവര്‍ത്തനം തുടങ്ങി. മുന്‍ ആരോഗ്യ മന്ത്രി പി. ശങ്കരനാണു സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. സൊസൈറ്റി കെട്ടിടത്തിനു തറക്കല്ലിട്ടത് മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍. ഉദ്ഘാടനം ചെയ്തത് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ വരെ സംഘത്തില്‍ അംഗങ്ങളാണ്. 21 ചിട്ടികള്‍ സൊസൈറ്റി നടത്തുന്നുണ്ട്. പോലീസുകാരല്ലാത്തവര്‍ക്കും ഡി. ക്ലാസ് മെമ്പര്‍ഷിപ്പ് എടുത്തു ചിട്ടിയില്‍ ചേരാം. പോലീസുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായാണു സൊസൈറ്റി രൂപവത്കരിച്ചത്. റിട്ടയര്‍ ചെയ്ത പോലീസുകാരുടെ നിക്ഷേപവും സംഘം സ്വീകരിക്കുന്നുണ്ട്.
2003 ല്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനടുത്തുളള പഴയ ക്വാര്‍ട്ടേഴ്സുകളിലൊന്നു ഓഫീസാക്കി മാറ്റിയാണു ക്രെഡിറ്റ് സൊസൈറ്റി പ്രവര്‍ത്തിച്ചു തുടങ്ങിയത്. പിന്നീട് ദേശീയ പാതയ്ക്കു പടിഞ്ഞാറായി അഞ്ചര സെന്റ് സ്ഥലം വാങ്ങി ഇരുനിലക്കെട്ടിടം പണിതു. സൊസൈറ്റി വളര്‍ന്നതോടെ പ്രവര്‍ത്തനം കുറെക്കൂടി വ്യാപിപ്പിക്കേണ്ടതായി വന്നു. തൊട്ടടുത്തുതന്നെ ഒന്‍പത് സെന്റ് സ്ഥലം കൂടി വാങ്ങിയതോടെ ആസ്തി പതിനാലര സെന്റായി ഉയര്‍ന്നു.
ഒന്‍പതംഗ ഭരണ സമിതിയാണു സൊസൈറ്റിക്കുളളത്. സംഘത്തിന്റെ പ്രഥമ പ്രസിഡന്റ് വി.കെ. നാരായണനും വൈസ് പ്രസിഡന്റ് കെ.പി. സുധാകരനുമായിരുന്നു. വി.പി. അനില്‍കുമാറായിരുന്നു പ്രഥമ സെക്രട്ടറി. ടി. വേണുഗോപാല്‍, കെ. ബാബു, പി.പി. ഗോപാലന്‍, കെ. ശ്രീധരന്‍, പി.കെ. കുഞ്ഞിക്കേളു നമ്പ്യാര്‍, കെ. പുഷ്പ എന്നിവര്‍ മുന്‍കാല ഡയരക്ടര്‍മാരാണ്. 2018 ല്‍ പുതിയ ഡയരക്ടര്‍ ബോര്‍ഡ് നിലവില്‍ വന്നു. പുതിയ ഭരണ സമിതിയുടെ പ്രസിഡന്റ് പയ്യോളി സ്റ്റേഷനിലെ എസ്.ഐ.യായ വി.പി. അനില്‍കുമാറാണ്. വൈസ് പ്രസിഡന്റ് ഇ.പി. ശിവാനന്ദ ( എസ്.ഐ, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസ്, കണ്ണൂര്‍ ) നും. കെ. ബാബു, എം.കെ. പുരുഷോത്തമന്‍, പി. രാജേഷ്, ഒ. സ്വപ്നേഷ്, സി. വിജയകുമാര്‍, പി.എം താര, എന്‍.ഡി. വിനില, വി.കെ. ഷീബ എന്നിവര്‍ ഡയരക്ടര്‍മാരാണ്. എം.കെ. ബീനയാണ് സെക്രട്ടറി ഇന്‍ചാര്‍ജ്.
വിവിധ തരം വായ്പകള്‍
ഒട്ടേറെ വായ്പാ പദ്ധതികളിലൂടെ സംഘാംഗങ്ങളെ സഹായിക്കുന്നുണ്ട്. 56 കോടി നിക്ഷേപമുളള സംഘം അംഗങ്ങള്‍ക്കു ഇതുവരെ 27 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ക്കു ഒന്‍പതു ശതമാനം പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നുണ്ട്. ശമ്പള സര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കിയാല്‍ മതി. ടൂവിലര്‍ വാങ്ങാന്‍ എട്ടര ശതമാനം നിരക്കിലാണു വായ്പ നല്‍കുന്നത്. 10,000 രൂപവരെ കോവിഡ്കാല പലിശ രഹിത വായ്പയും നല്‍കിയിട്ടുണ്ട്. പോലീസുകാരുടെ മക്കള്‍ക്കു വിദ്യാഭ്യാസാവശ്യത്തിനു ലാപ്ടോപ്, കമ്പ്യൂട്ടര്‍ എന്നിവ വാങ്ങാനും പലിശ രഹിത വായ്പ നല്‍കുന്നുണ്ട്. അടിയന്തിര വായ്പയായി ഒരു ലക്ഷം രൂപവരെ നല്‍കുന്ന സംഘം ഹയര്‍ പര്‍ച്ചേഴ്സ് വായ്പയായും ഇരുചക്ര വാഹന വായ്പയായും രണ്ടു ലക്ഷം രൂപവരെ നല്‍കും. കാര്‍ വാങ്ങാന്‍ പത്തു ലക്ഷം രൂപ വരെ നല്‍കും.
സംസ്ഥാന സര്‍ക്കാറിനു സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ ഏഴു കോടി രൂപയാണു പോലീസ് ക്രെഡിറ്റ് സൊസൈറ്റി വായ്പയായി നല്‍കിയത്. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കണ്‍സോര്‍ഷ്യം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നിവ നല്‍കാനായി സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം മൂന്നു തവണകളായി ആകെ ഏഴു കോടി രൂപ സൊസൈറ്റി നല്‍കിയിട്ടുണ്ട്. ഇങ്ങനെ സര്‍ക്കാറിനു വായ്പയായി നല്‍കിയതിനുളള പലിശ ജില്ലാ ബാങ്കിലെ സേവിങ്്സ് ബാങ്ക് അക്കൗണ്ടിലേക്കു കൃത്യമായി വരുന്നുണ്ടെന്നു പ്രസിഡന്റ് വി.പി. അനില്‍കുമാര്‍ പറഞ്ഞു.
സൊസൈറ്റി യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്നു സുരക്ഷാ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. 14,94,656 രൂപ ഇതിനായി സംഘം നല്‍കിയിട്ടുണ്ട്.
കോവിഡ് ദുരിതാശ്വാസം
കോവിഡ് കാലത്തെ സാലറി ചാലഞ്ച് പിരീഡില്‍ വായ്പകള്‍ക്കു സംഘം മൊറോട്ടോറിയം നല്‍കി. മെമ്പര്‍മാര്‍ക്കു പലവ്യഞ്ജന കിറ്റുകള്‍ വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചുകൊടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒരു ലക്ഷം രൂപ സംഭാവന നല്‍കി. കോഴിക്കോട് റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കു മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നല്‍കി. കൊയിലാണ്ടി നഗരസഭയിലെ നാല്‍പ്പത്തിയൊന്നാം വാര്‍ഡില്‍ തീരദേശ മേഖലയിലെ അര്‍ഹരായവര്‍ക്കു സൗജന്യമായി പല വ്യഞ്ജന കിറ്റുകള്‍ നല്‍കി.
സ്‌കൂള്‍ ബസാറും നീതി സ്റ്റോറും
സൊസൈറ്റിയുടെ സ്‌കൂള്‍ ബസാര്‍ നല്ല പ്രവര്‍ത്തനമാണു നടത്തുന്നത്. ഓരോ വര്‍ഷവും പത്തു ലക്ഷം രൂപയുടെ പഠനോപകരണങ്ങള്‍ സ്‌കൂള്‍ ബസാറില്‍ വില്‍ക്കുന്നു. കോവിഡും ലോക്ഡൗണും ഈ അധ്യയന വര്‍ഷം സ്‌കൂള്‍ ബസാറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണു സ്‌കൂള്‍ ബസാറില്‍ സാധനങ്ങള്‍ വില്‍ക്കുന്നത്. ഓണം, ബക്രീദ് ചന്തകള്‍ എല്ലാ വര്‍ഷവും സൊസൈറ്റി സംഘടിപ്പിക്കാറുണ്ട്. ഈ ചന്തകളിലൂടെ പൊതു വിപണിയിലെതിനേക്കാള്‍ അഞ്ചു മുതല്‍ 55 ശതമാനം വരെ വിലക്കുറവില്‍ ഭക്ഷ്യ വസ്തുക്കള്‍ പൊതുജനങ്ങള്‍ക്കും അംഗങ്ങള്‍ക്കും നല്‍കുന്നുണ്ട്.
സൊസൈറ്റിയുടെ കീഴില്‍ നല്ല നിലയിലാണു നീതി സ്റ്റോറും പ്രവര്‍ത്തിക്കുന്നത്. സംഘാംഗങ്ങള്‍ക്കു ക്രെഡിറ്റ് സൗകര്യമൊരുക്കി ഇതിന്റെ പ്രവര്‍ത്തനം സജീവമാക്കുന്നുണ്ട്. സംഘത്തില്‍ ശമ്പളം പറ്റുന്ന മൂന്നു സ്ഥിരം ജീവനക്കാരാണുളളത്. ഇവര്‍ക്കു പുറമെ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന അഞ്ചു താല്‍ക്കാലിക ജീവനക്കാരുമുണ്ട്.
വിവിധ ജില്ലകളിലെ പോലീസ് ക്രെഡിറ്റ് സൊസൈറ്റികളില്‍ ഭൂരിഭാഗവും ആഭ്യന്തര വകുപ്പിന്റെ കീഴിലുളള കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. പഴയ ക്വാര്‍ട്ടേഴ്സുകള്‍, ഓഫീസുകള്‍ എന്നിവ സൊസൈറ്റി ഓഫീസുകളാക്കി മാറ്റി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍, കോഴിക്കോട് റൂറല്‍ പോലീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്കു സ്വന്തമായി പതിനാലര സെന്റ് സ്ഥലവും കെട്ടിടവും ഉണ്ടെന്നതു അഭിമാനകരമാണെന്നു പ്രസിഡന്റ് വി.പി. അനില്‍കുമാര്‍ പറഞ്ഞു.രണ്ടുനില കെട്ടിടത്തിലാണു സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയില്‍ നീതി സ്റ്റോറും ഒന്നാം നിലയില്‍ സംഘം ഓഫീസും രണ്ടാം നിലയില്‍ സ്‌കൂള്‍ ബസാറും ഹാളും.
പുതിയ ലക്ഷ്യം, പ്രതീക്ഷകള്‍
വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സുകളും ടയര്‍ തുടങ്ങിയവയും മിതമായ നിരക്കില്‍ നല്‍കുന്ന ഒരു യൂണിറ്റ് തുടങ്ങാന്‍ സൊസൈറ്റി ലക്ഷ്യമിടുന്നുണ്ട്. ആഭ്യന്തര വകുപ്പിലേതടക്കം വിവിധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു ടയറും മറ്റു സ്പെയര്‍പാര്‍ട്സുകളും ഈ യൂണിറ്റ് വഴി നല്‍കാന്‍ കഴിയും. ഇപ്പോള്‍ പോലീസിന്റെതുള്‍പ്പടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സുകള്‍ അധികവും സ്വകാര്യ ഏജന്‍സികളില്‍ നിന്നാണു വാങ്ങുന്നത്. ഇതു സൊസൈറ്റി വഴി നല്‍കിയാല്‍ സൊസൈറ്റിക്കും സര്‍ക്കാറിനും ഒരുപോലെ പ്രയോജനപ്പെടും.
റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലിചെയ്യുന്ന പോലീസുകാരായ അംഗങ്ങളുടെ സാമ്പത്തിക ഇടപാടുകളെ സഹായിക്കാന്‍ ഒരു മൊബൈല്‍ ബാങ്ക് സര്‍വ്വീസ് തുടങ്ങാനും ആലോചനയുണ്ട്. ഇതിനായി എല്ലാവിധ ബാങ്കിങ്് സൗകര്യങ്ങളോടും കൂടിയ വാഹനം വാങ്ങും.
നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി ലാബ് എന്നിവ തുടങ്ങാനും പരിപാടിയുണ്ട്. പോലീസുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിരമിച്ച പോലീസുകാര്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുക.
പോലീസുകാരുടെ മക്കളില്‍ ഉന്നത വിജയം നേടുന്നവര്‍ക്കു എല്ലാ വര്‍ഷവും പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. ഇതു കുറെക്കൂടി വിപുലപ്പെടുത്തും.
കാന്‍സര്‍ ചികിത്സാ പദ്ധതി
കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കും എം.വി.ആര്‍. കാന്‍സര്‍ സെന്ററും കെയര്‍ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന സൗജന്യ കാന്‍സര്‍ ചികില്‍സാ പദ്ധതിയില്‍ പോലീസ് ക്രെഡിറ്റ് സൊസൈറ്റിയിലെ മുഴുവന്‍ പോലീസ് കുടുംബാംങ്ങളെയും റിട്ടയര്‍ ചെയ്ത പോലീസുകാരെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കാളികളാക്കുന്നുണ്ട്. 15,000 രൂപ നിക്ഷേപിച്ച് പദ്ധതിയില്‍ ചേരുന്നവര്‍ക്കു ഇന്ത്യയിലെ മികച്ച കാന്‍സര്‍ സെന്ററായ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികില്‍സ ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതിയില്‍ ചേരുന്ന പോലീസുകാര്‍ക്കു ക്രെഡിറ്റ് സൊസൈറ്റി ആറു ശതമാനം പലിശ നിരക്കില്‍ ലളിതമായ തവണ വ്യവസ്ഥയില്‍ ലോണ്‍ സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്.