പാലിനൊപ്പം മീനും പച്ചക്കറിയും

moonamvazhi

(2020 ജൂലായ് ലക്കം)

328 ക്ഷീര സംഘങ്ങളുള്ള പാലക്കാട് ജില്ലയില്‍ പാലുല്‍പ്പാദനത്തോടൊപ്പം ജൈവക്കൃഷിയും മീന്‍ വളര്‍ത്തലും ക്ഷീര സംഘങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. കോവിഡ് കാലത്ത് പകച്ചുപോയ ക്ഷീര സംഘങ്ങള്‍ അതിനെ മറികടന്ന് കേരളത്തിന് പുതിയ മാതൃക സൃഷ്ടിക്കുകയാണ്.

പാ ലക്കാട് ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ പുതിയ കാര്‍ഷിക പദ്ധതി തുടങ്ങി. ജൈവക്കൃഷിയിലേക്കും മീന്‍ വളര്‍ത്തലിലേക്കും കൂടി സംഘം പ്രവര്‍ത്തകരും ക്ഷീര കര്‍ഷകരും ഇറങ്ങിയതോടെ ഇതുവരെ തരിശുകിടന്ന സ്ഥലങ്ങള്‍ പച്ചത്തുരുത്തുകളായി.

സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം ആരംഭിക്കുന്നത്. നെല്ലറയായും പാലറയായും അറിയപ്പെടുന്ന പാലക്കാട് ജില്ലയില്‍, ക്ഷീര സംഘങ്ങളുടെയും ക്ഷീര കര്‍ഷകരുടെയും സഹകരണത്തോടെ പാലിനൊപ്പം വിഷരഹിത പച്ചക്കറിക്കൃഷിയും നെല്‍ക്കൃഷിയും മത്സ്യക്കൃഷിയും സംയോജിതമായി നടപ്പാക്കുന്നതാണ് പദ്ധതി.

ധവള വിപ്ലവത്തിനൊപ്പം കാര്‍ഷിക-മല്‍സ്യ വിപ്ലവവുമെന്ന ആശയം മുന്നോട്ടു വെച്ചത് ജില്ലാ ക്ഷീര വികസന വകുപ്പാണ്. കോവിഡും ലോക്ഡൗണും കാരണം പകച്ചുപോയ ക്ഷീര മേഖലക്ക് പുത്തനുണര്‍വ് നല്‍കാനും വരാനിടയുള്ള ഭക്ഷ്യദൗര്‍ലഭ്യത്തിന്റെ ആക്കം ഒരളവു വരെ പരിഹരിക്കാനുമാണ് പദ്ധതി ആവിഷ്‌കരിച്ചത്.

കാടു പിടിച്ച സ്ഥലത്ത് ഇനി കൃഷി

പാലക്കാട്ട് 328 ക്ഷീര സംഘങ്ങളുണ്ട്. സംസ്ഥാനത്ത് പാല്‍സംഭരണത്തില്‍ ഏറ്റവും മുന്നിലുള്ള ജില്ലയാണിത്. പ്രതിദിനം 2 .85 ലക്ഷം ലിറ്ററാണ് സംഭരണം. എഴുപതു ശതമാനം സംഘങ്ങള്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവമുണ്ട്. മുപ്പതിലേറെ ഏക്കര്‍ സ്ഥലം വരെ സ്വന്തമായുള്ള സംഘമുണ്ട് ജില്ലയില്‍. സംഘങ്ങളുടെ കെട്ടിടവും പരിസരവും ഒഴിച്ചുള്ള സ്ഥലം കാടുപിടിച്ചോ മാലിന്യം നിറഞ്ഞോ കിടക്കുകയായിരുന്നു ഇതുവരെ. ഇതെങ്ങനെ സംഘത്തിനും നാടിനും പ്രയോജനപ്പെടുത്താം എന്ന ആലോചനയില്‍ നിന്നാണ് വൈവിധ്യ കൃഷിരീതിയിലേക്ക് കടക്കാനുള്ള പദ്ധതി തയാറായതെന്നു പാലക്കാട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ജെ.എസ്. ജയ സുജീഷ് പറഞ്ഞു.

ജില്ലയിലെ വകുപ്പുദ്യോഗസ്ഥരും മുന്നൂറിലേറെ ക്ഷീര സംഘങ്ങളും മുപ്പതിനായിരത്തോളം ക്ഷീര കര്‍ഷകരും കണ്ണികളായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമ്പോള്‍, പരമ്പരാഗതമായി പരീക്ഷിച്ചറിഞ്ഞ നാട്ടറിവുകള്‍ സംരക്ഷിക്കാനും ശാസ്ത്രീയ രീതികളിലൂടെയുള്ള സംയോജിത കൃഷിയുടെ പ്രാധാന്യം പൊതുസമൂഹത്തിനു കൈമാറാനും കഴിയുമെന്ന് അധികൃതര്‍ കരുതുന്നു.

ലോക്ഡൗണിന്റെ തുടക്കത്തില്‍, ഏപ്രിലില്‍ ഒരു മത്സരം പോലെ മുന്നോട്ടു വെക്കുകയായിരുന്നു ഈ പദ്ധതി. മികച്ച കൃഷിയിടം ഒരുക്കുന്ന അഞ്ചു സംഘങ്ങള്‍ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചു. നവീന കൃഷി രീതികള്‍ സംഘം പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്താന്‍ ‘ഡെയറി ഡ്രീംസ്’ എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പും തുടങ്ങി. ആവേശകരമായ പ്രതികരണമാണ് ക്ഷീര സംഘങ്ങളില്‍ നിന്ന് പിന്നീടുണ്ടായത്. വെറുതെ കിടന്ന നിലം വൃത്തിയാക്കി പച്ചക്കറിത്തൈകള്‍ നട്ടു. വാഴയും ഇഞ്ചിയും കപ്പയും വിളവിറക്കി. മണ്ണില്‍ മാത്രമല്ല, സ്ഥലപരിമിതിയുള്ളവര്‍ ഗ്രോ ബാഗുകളിലും ചെടിച്ചട്ടികളിലും കൃഷി തുടങ്ങി. രാസവളമിടാതെ ജൈവക്കൃഷിയാണ് നടത്തുന്നത്. സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള കുളങ്ങളും കിണറുകളും വൃത്തിയാക്കി മത്സ്യക്കൃഷിയും തുടങ്ങി. പച്ചക്കറിക്കൊപ്പം പല സംഘങ്ങളും തീറ്റപ്പുല്ലും കൃഷി ചെയ്തതോടെ പശുക്കള്‍ക്ക് നല്ല പച്ചപ്പുല്ലും യഥേഷ്ടം കിട്ടുന്നുണ്ട്.

ലോക ഭൗമദിനമായ ഏപ്രില്‍ 22 നാരംഭിച്ച കൃഷിയില്‍ ചിലത് വിളവെടുപ്പും തുടങ്ങിക്കഴിഞ്ഞു. മുതലമട ഈസ്റ്റ് ക്ഷീര സംഘത്തിന് മുപ്പതിലേറെ ഏക്കര്‍ സ്ഥലമാണുള്ളത്. ഇവിടെ രണ്ടര ഏക്കറില്‍ പച്ചക്കറിയും പത്തേക്കറില്‍ തീറ്റപ്പുല്ലും കൃഷിയിറക്കി. മുണ്ടൂരില്‍ കപ്പക്കൃഷിയാണ് ആരംഭിച്ചത്. അട്ടപ്പാടിയില്‍ ഇഞ്ചിക്കൃഷിയാണ് കൂടുതല്‍. മൂലത്തറയില്‍ 83 സെന്റ് സ്ഥലത്തെ കുളം വൃത്തിയാക്കി മീനുകളെ വളരാന്‍ വിട്ടിട്ടുണ്ട്.

കന്നുകാലികള്‍ക്കാവശ്യമായ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് പരമാവധി സ്ഥലം പ്രയോജനപ്പെടുത്തും. കൃഷിക്കാവശ്യമായ ചാണകം ക്ഷീര കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നതുവഴി കര്‍ഷകര്‍ക്ക് അധികവരുമാനമുണ്ടാകും. സംഘവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന കര്‍ഷകര്‍ക്കും പാല്‍ ഉപഭോക്താക്കള്‍ക്കും സുരക്ഷിതമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നല്‍കാന്‍ സാധിക്കും. സംഘങ്ങളുടെ കെട്ടിടങ്ങള്‍തന്നെ വിപണന കേന്ദ്രങ്ങളാക്കാനും കഴിയും.

എല്ലായിടത്തു നിന്നും പ്രോത്സാഹനം

സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ച ‘സുഭിക്ഷ കേരളം’ പദ്ധതിയുമായി ബന്ധപ്പെട്ട സഹായം ഇപ്പോള്‍ പാലക്കാട്ടെ ക്ഷീര-ജൈവ-മത്സ്യക്കൃഷിക്ക് ലഭ്യമാക്കാമെന്നു വിവിധ വകുപ്പുകള്‍ അറിയിച്ചതായി ജയസുജീഷ് പറഞ്ഞു. ഡ്രിപ്പ് ഇറിഗേഷന്‍ പോലുള്ള നൂതന ജലസേചന സംവിധാനത്തിന് കൃഷി വകുപ്പ് സഹായം നല്‍കും. ഫിഷറീസ് വകുപ്പ് മത്സ്യക്കൃഷിക്ക് സഹായം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും പ്രോത്സാഹനവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

ചെറിയ തോതില്‍ തുടങ്ങിയ പദ്ധതി വന്‍ വിജയമായിരിക്കയാണിപ്പോള്‍. അതോടെ ഉല്‍പന്നങ്ങളുടെ വിപണന സാധ്യതയും പരിശോധിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ചുരുങ്ങിയ വിലയ്ക്ക് പ്രാദേശികമായി വില്‍പന നടത്താനാണ് ആലോചിച്ചത്. കൂടുതല്‍ വിളവുണ്ടാവുകയാണെങ്കില്‍ ഇങ്ങനെയുള്ള വില്‍പനക്ക് ശേഷം സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ജൈവ പച്ചക്കറി ശാലകളില്‍ എത്തിച്ച് വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി ഡയരക്ടര്‍ പറഞ്ഞു. ഇതിനുള്ള വാഹന സൗകര്യം മിക്ക സംഘങ്ങള്‍ക്കുമുണ്ട്. പാല്‍ വില്‍പനക്ക് പുറമെ സംഘങ്ങള്‍ക്ക് പുതിയ വരുമാന മാര്‍ഗവും നാട്ടുകാര്‍ക്ക് വിഷരഹിത പച്ചക്കറിയും നല്ല മത്സ്യവും കിട്ടുന്ന പുതിയ ‘ക്ഷീര പദ്ധതിയെ’ കാര്‍ഷിക ജില്ലയായ പാലക്കാടാകെ കൈനീട്ടി വരവേറ്റു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News