ചാപിള്ളയാകുമോ കോ-ഓപ് കേരള ?
കേരളത്തിലെ സഹകരണസംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന 370 ഉല്‍പ്പന്നങ്ങളെ കോ-ഓപ് കേരള എന്ന ഏകീകൃത ബ്രാന്റിലേക്കു കൊണ്ടുവരാനും എല്ലാ പഞ്ചായത്തിലും കോ-ഓപ് മാര്‍ട്ട് എന്ന പേരില്‍ വിപണനശൃംഖലകള്‍ സ്ഥാപിക്കാനും മറ്റും ലക്ഷ്യമിട്ട് 2020 ല്‍ പ്രഖ്യാപിച്ച പദ്ധതി മരവിച്ചുകിടക്കുകയാണ്. വ്യവസായവകുപ്പ് കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ക്കു കേരള ബ്രാന്റ് കൊണ്ടുവരാന്‍ തീരുമാനിച്ചതോടെ കോ-ഓപ് കേരളയുടെ പ്രസക്തി നഷ്ടമായി.
സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി വിപുലപ്പെടുത്താനും ഇ-കൊമേഴ്‌സ് സംവിധാനമടക്കം ഒരുക്കി സഹകരണ വിപണനശൃംഖല സ്ഥാപിക്കാനും കേരളം തുടങ്ങിയ പദ്ധതിയാണു ബ്രാന്റിങ് ആന്റ് മാര്‍ക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്ട്. വായ്‌പേതരമേഖലയില്‍ സഹകരണ വകുപ്പ് പ്രഖ്യാപിച്ച ഏറ്റവും മികച്ച ഒരു പദ്ധതിയായിരുന്നു ഇത്. കേരളത്തില്‍ 370 ഉല്‍പ്പന്നങ്ങള്‍ സഹകരണസംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണു കണക്ക്. ഇവയെ കോ-ഓപ് കേരള എന്ന ഏകീകൃത ബ്രാന്റിലേക്കു കൊണ്ടുവരിക, എല്ലാ പഞ്ചായത്തുകളിലും കോ-ഓപ് മാര്‍ട്ട് എന്ന പേരില്‍ സഹകരണ വിപണനശൃംഖലകള്‍ സ്ഥാപിക്കുക, ഇതേപേരില്‍ ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം സജ്ജീകരിക്കുക, ഇതിനൊപ്പം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തടക്കം സഹകരണ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന സംവിധാനം ഒരുക്കുക എന്നെല്ലാമാണു 2020 ല്‍ പ്രഖ്യാപിച്ച പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഒന്നാം പിണറായിസര്‍ക്കാരിന്റെ അവസാനകാലത്തു പ്രഖ്യാപിച്ച പദ്ധതി ഇതുവരെ ട്രാക്കിലാക്കാനായിട്ടില്ല. പേരിനു 14 കോ-ഓപ് മാര്‍ട്ടുകള്‍ തുറന്നുവെന്നതുമാത്രമാണ് ഇതിലുണ്ടായ പുരോഗതി. ഓണ്‍ലൈന്‍ വിപണനത്തിനടക്കം പര്യാപ്തമാകുന്ന സോഫ്റ്റ് വെയറും മൊബൈല്‍ ആപ്പും തയാറാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തിയാക്കിയിട്ടില്ല. ഏതാനും ഉല്‍പ്പന്നങ്ങള്‍ ‘കോ-ഓപ് കേരള’ ബ്രാന്റിലിറക്കാനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിനപ്പുറത്തേക്കു നീങ്ങാതെ ഈ പദ്ധതി മരവിച്ചുകിടക്കുകയാണ്. രണ്ടു വര്‍ഷങ്ങളിലായി കൊച്ചിയില്‍ നടന്ന സഹകരണ എക്‌സ്‌പോ ഈ പദ്ധതിയുടെ ഭാഗമായിരുന്നു. ആ പ്രദര്‍ശന വിപണനമേള കേരളത്തിലെ സഹകരണ സംരംഭങ്ങള്‍ക്ക് ഉത്തേജനമായി മാറിയിട്ടുണ്ടെന്നതില്‍ സംശയമില്ല. പക്ഷേ, സഹകരണ വിപണന ശൃംഖലയും സഹകരണ ഇ-കൊമേഴ്‌സും തുടര്‍നടപടിയില്ലാതെ പാതിവഴിയിലാണ്.
ഇതിനിടയിലാണു വ്യവസായവകുപ്പ് കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ക്കു ‘കേരള ബ്രാന്റ ് ‘ കൊണ്ടുവരാന്‍ തീരുമാനിച്ചത്. എല്ലാ വകുപ്പുകള്‍ക്കുംകീഴിലുള്ള സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കേരള ബ്രാന്റിനു കീഴിലാക്കാനും അതിന്റെ പ്രചരണം സര്‍ക്കാര്‍ ഏറ്റെടുക്കാനുമാണു തീരുമാനിച്ചത്. ഇതോടെ, കോ-ഓപ് കേരള ബ്രാന്റിങ്ങിന്റെ പ്രസക്തി ഇല്ലാതായി. ഈ ഉല്‍പ്പന്നങ്ങളെല്ലാം ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമിലെത്തിക്കാന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സുമായി (ഒ.എന്‍.ഡി.സി) സംസ്ഥാന വ്യവസായവകുപ്പ് ധാരണാപത്രം ഒപ്പിടുകയും ചെയ്തു. സംസ്ഥാനത്തെ ഒമ്പതു പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി വാങ്ങാം. ഓണ്‍ലൈനായി ഇവ കിട്ടുന്നതോടെ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ കൃത്യസമയത്തുതന്നെ ഉപഭോക്താവിനു ലഭിക്കും. ഹാന്‍വീവ്, ഹാന്‍ടെക്സ്, കയര്‍ ഉല്‍പ്പന്നങ്ങള്‍, കേരള സോപ്സിന്റെ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈനായി ലഭിക്കും. എന്നാല്‍, ഇതില്‍ സഹകരണോല്‍പ്പന്നങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. കേരളത്തില്‍ സഹകരണസംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കേരള ബ്രാന്റിന്റെ ഭാഗമാകുമെന്നാണു വ്യവസായവകുപ്പ് പറയുന്നത്. അങ്ങനെയെങ്കില്‍ കോ-ഓപ് കേരള എന്ന ബ്രാന്റ് ഇനി എന്തിനാണെന്ന സംശയം ബാക്കിയാണ്. ഇക്കാര്യത്തില്‍ ഒരു വ്യക്തത സഹകരണവകുപ്പില്‍നിന്നുണ്ടായിട്ടില്ല.
തമിഴ്‌നാടിന്റെ
കോ-ഓപ് മാര്‍ട്ട്
കോ-ഓപ് മാര്‍ട്ട് എന്ന പേരില്‍ കേരളത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി തമിഴ്‌നാട് സ്വന്തമാക്കി എന്നതാണു നിലവിലെ സ്ഥിതി. കോ-ഓപ് മാര്‍ട്ട് എന്ന പേരിലാണു കേരളത്തില്‍ വിപണനശൃംഖലയും ഓണ്‍ലൈന്‍ ആപ്പും തയാറാക്കാന്‍ നിശ്ചയിച്ചിരുന്നത്. കോ-ഓപ് മാര്‍ട്ട് എന്ന പേരില്‍ ഓണ്‍ലൈന്‍ വിപണന ആപ്പ് തമിഴ്നാട് പുറത്തിറക്കി. ഇതു ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. കോ-ഓപ് ബസാര്‍ എന്ന പേരിലാണു തുടക്കത്തില്‍ ആപ്പ് തയാറാക്കാന്‍ തമിഴ്നാട് പദ്ധതിയിട്ടത്. കേരളത്തില്‍ കോ-ഓപ് മാര്‍ട്ട് എന്നപേരില്‍ സഹകരണ ഇ -കൊമേഴ്സ് പദ്ധതി നിലവിലുള്ള സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍, കേരളത്തിലെ പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എങ്ങും എത്താത്ത സ്ഥിതിയായതോടെ തമിഴ്നാടിന്റെ കോ-ഓപ് ബസാര്‍ കോ-ഓപ് മാര്‍ട്ട് എന്നപേര് സ്വന്തമാക്കി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുടങ്ങി. തമിഴ്നാട് സംസ്ഥാന മാര്‍ക്കറ്റിങ് സഹകരണ ഫെഡറേഷനായ ടാന്‍ഫെഡിനു കീഴിലാണു കോ-ഓപ് മാര്‍ട്ട് ഇ- കൊമേഴ്സ് സംവിധാനം ഒരുക്കിയിട്ടുള്ളത്. സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടി എക്സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ സൈറ്റ് എന്നതാണു തമിഴ്നാടിന്റെ അവകാശവാദം. മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നുവെന്നതുമാത്രമല്ല, ധാര്‍മികമൂല്യത്തോടെ പ്രവര്‍ത്തിക്കുന്ന സഹകരണകൂട്ടായ്മകള്‍ക്ക് ഒപ്പം നില്‍ക്കുകകൂടിയാണ് ഈ സൈറ്റിന്റെ ഭാഗമാകുമ്പോള്‍ ചെയ്യുന്നതെന്നു ടാന്‍ഫെഡ് പറയുന്നു. ഇതൊരു പാരമ്പര്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സാംസ്‌കാരികമായ യാത്രയാണെന്നാണു ടാന്‍ഫെഡിന്റെ വിവരണം.
ലാര്‍ജ് ഏരിയ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി, കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റി എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ക്കു മികച്ച വിപണനസാധ്യത ഉണ്ടാക്കിക്കൊടുക്കുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. ഇതിനായി വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ ഈ സംഘങ്ങള്‍വഴി ഉല്‍പ്പാദിപ്പിക്കാനുള്ള സഹായവും നല്‍കുന്നുണ്ട്. മറ്റു സഹകരണസംഘങ്ങള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കും ഈ ശൃംഖലയുടെ ഭാഗമാകാനാവും. 16 കാറ്റഗറി സാധനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ കിട്ടും. വെളിച്ചെണ്ണ അടക്കമുള്ള ഓയിലുകള്‍, ധാന്യങ്ങള്‍, പലചരക്ക് സാധനങ്ങള്‍, മസാലകള്‍, വളം, കീടനാശിനികള്‍, കോഫി എന്നിവയെല്ലാം ഇതിലുണ്ട്. യു.പി.ഐ., ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിങ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാനാകും. വിതരണത്തിനു വരുന്ന ചെലവാണു നേരിടുന്ന പ്രധാനപ്രശ്നമായി കണക്കാക്കിയിട്ടുള്ളത്. ഇരുപതിനായിരത്തിലധികം ഇടപാടുകാര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതൊടെ വിതരണച്ചെലവ് 50 ശതമാനംവരെ കുറയ്ക്കാനായി. ഓരോ മാസവും ലഭിക്കുന്ന ഓര്‍ഡറുകളുടെ എണ്ണം കൂട്ടിയാല്‍മാത്രമേ വിതരണച്ചെലവ് കുറയ്ക്കാനാവുകയുള്ളൂവെന്നാണു തമിഴ്നാട് സഹകരണവകുപ്പ് വിലയിരുത്തിയിട്ടുള്ളത്.
ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂട്ടുന്നതിനു തമിഴ്‌നാട്ടില്‍ സഹകരണവകുപ്പുതന്നെ മുന്നിട്ടിറങ്ങുന്നുണ്ട്. 50,000 സ്ഥിരം ജീവനക്കാരാണു തമിഴ്നാട്ടിലുള്ളത്. ഇതില്‍ ആയിരം ജീവനക്കാര്‍ ഒരു മാസം ഒരു ഓര്‍ഡറെങ്കിലും നല്‍കിയാല്‍ ഓണ്‍ലൈന്‍ വില്‍പ്പന ഗണ്യമായി കൂട്ടാനാകുമെന്നാണു സഹകരണസംഘം രജിസ്ട്രാര്‍ വകുപ്പുദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുള്ളത്. അതിനാല്‍, എല്ലാ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരും സഹകരണ ജീവനക്കാരെയും സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടര്‍മാര്‍ അവരുടെ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഇക്കാര്യം അറിയിക്കണമെന്നാണു നിര്‍ദേശം. ഇതിനൊപ്പം, പൊതുജനങ്ങളെയും കോ-ഓപ് മാര്‍ട്ട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കണം. ഈ സംരംഭം വിജയിപ്പിക്കേണ്ടതിന്റെ അനിവാര്യത രജിസ്ട്രാര്‍ ആദ്യം ബോധ്യപ്പെടുത്തിയതു വകുപ്പുജീവനക്കാരെയാണ്.
കേരള ബ്രാന്റിന്റെ
നേട്ടം
കേരള ബ്രാന്റ് സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ഉല്‍പ്പന്നങ്ങള്‍ക്കു ദേശീയ – അന്തര്‍ദേശീയതലത്തില്‍ ‘മെയ്ഡ് ഇന്‍ കേരള’ എന്ന തനതായ ബ്രാന്റ് ് നാമത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ കഴിയും. ഈ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സര്‍ക്കാരിന്റെ ഇ -മാര്‍ക്കറ്റുകളില്‍ സൗജന്യ പ്രമോഷന്‍ ലഭിക്കും. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറുള്ള നിര്‍മാതാക്കള്‍ക്കുള്ള വിപണനാവസരങ്ങള്‍ കേരള ബ്രാന്റിങ് ഗണ്യമായി മെച്ചപ്പെടുത്തുമെന്നാണു കണക്കാക്കുന്നത്. സംസ്ഥാന ഫണ്ട് സ്‌കീമുകളില്‍ മുന്‍ഗണന, സംസ്ഥാനം പങ്കെടുക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളകളിലെ പ്രദര്‍ശനസൗകര്യം, കേരളീയര്‍ താമസിക്കുന്ന രാജ്യങ്ങളിലെ പ്രമോഷണല്‍ പിന്തുണ എന്നിവയും കേരള ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ക്കു സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ ‘കേരള ബ്രാന്റി’ല്‍ പുറത്തിറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സഹകരണോല്‍പ്പന്നങ്ങള്‍ക്കു ബാധകമാക്കിയില്ല. അതിനാല്‍, കേരള ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ക്കു കേരളത്തിനകത്തും പുറത്തും വിപണനസാധ്യതയുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാക്കുന്ന പ്രമോഷന്‍പദ്ധതിയുടെ ഗുണം നിലവില്‍ സഹകരണോല്‍പ്പന്നങ്ങള്‍ക്കു കിട്ടാതാവുന്ന സ്ഥിതിയാണുള്ളത്.
സഹകരണസംഘങ്ങള്‍ക്കു കീഴിലാണെങ്കിലും ഫാക്ടറീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു കേരള ബ്രാന്റ് രജിസ്ട്രേഷനായി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തു പ്രാഥമിക സഹകരണ ബാങ്കുകളുടെ സംരംഭങ്ങള്‍ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്. ഇവയൊന്നും ഫാക്ടറീസ് ആക്ടിനു കീഴിലല്ല. അതിനാല്‍, ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കു കേരള ബ്രാന്റ് രജിസ്ട്രേഷന്‍ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങളെല്ലാം ‘കേരള ബ്രാന്റ്’ സര്‍ട്ടിഫിക്കറ്റും ട്രേഡ് മാര്‍ക്കും നല്‍കി പുറത്തിറക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്. മികച്ച ഗുണനിലവാരമുള്ള തനത് ഉല്‍പ്പന്നങ്ങള്‍ എന്ന രീതിയില്‍ എല്ലാ ഇ-മാര്‍ക്കറ്റ് മേഖലയിലും മെയ്ഡ് ഇന്‍ കേരള ബ്രാന്റ്് സര്‍ക്കാര്‍തന്നെ പ്രചരിപ്പിക്കും. മികച്ച ഗുണനിലവാരം, ബാലവേല ഇല്ലാതെയും സ്ത്രീകള്‍ക്കു ജോലിപങ്കാളിത്തം ഉറപ്പാക്കിയുമുള്ള നൈതികമായ നിര്‍മാണ രീതി, ഹരിത-പുനരുപയോഗ ഊര്‍ജം ഉപയോഗിക്കുന്നതടക്കമുള്ള ഉത്തരവാദിത്ത വ്യവസായരീതി എന്നിവയെല്ലാം ഉറപ്പാക്കിയ ശേഷമായിരിക്കും കേരള ബ്രാന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ ഇനി ‘മെയ്ഡ് ഇന്‍ കേരള’എന്ന പേരില്‍ ആഭ്യന്തര-വിദേശ വിപണിയിലടക്കം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനാകൂ.
ട്രേഡ് മാര്‍ക്ക് നിയമമനുസരിച്ചുള്ള ലോഗോ ഉല്‍പ്പന്നങ്ങള്‍ക്കു നല്‍കും. കേരള ബ്രാന്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ഉല്‍പ്പന്നങ്ങള്‍ മെയ്ഡ് ഇന്‍ കേരള എന്നുപയോഗിച്ചാല്‍ അതിനെതിരെ നടപടിയുണ്ടാകും. മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ മെയ്ഡ് ഇന്‍ കേരളയായി കേരള ബ്രാന്റില്‍ വിപണിയിലുണ്ടാകാന്‍ പാടുള്ളൂവെന്നു വ്യവസായവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഓരോ ഉല്‍പ്പന്നത്തിനുമുള്ള വിപണിയിലെ ഉയര്‍ന്ന നിലവാരമാനദണ്ഡം അനുസരിച്ചായിരിക്കും കേരള ബ്രാന്റ്് സര്‍ട്ടിഫിക്കറ്റ് നല്‍കുക. നിലവാരം നിശ്ചയിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രത്യേക സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒമ്പതംഗ വിദഗ്ധരാണ് ഈ സമിതിയിലുള്ളത്. ഇത്രയും വ്യവസ്ഥകളോടെ കേരള ബ്രാന്റ് വരുമ്പോള്‍ കോ-ഓപ് കേരള ബ്രാന്റിങ്ങില്‍ വരുന്ന സഹകരണോല്‍പ്പന്നങ്ങള്‍ക്കു മെയ്ഡ് ഇന്‍ കേരള എന്നുവെക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാവും. അല്ലെങ്കില്‍, കോ-ഓപ് കേരള ഉല്‍പ്പന്നങ്ങള്‍ കേരള ബ്രാന്റ് സര്‍ട്ടിഫിക്കറ്റ് വേറെ നേടേണ്ടിവരും.
വെളിച്ചെണ്ണയ്ക്ക്
മാര്‍ഗരേഖ
സഹകരണസംഘങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും ജനകീയമായതും പൊതുവിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളതും വെളിച്ചെണ്ണയ്ക്കാണ്. 72 ബ്രാന്റില്‍ കേരളത്തിലെ സഹകരണസംഘങ്ങളുടെ വെളിച്ചെണ്ണ വിപണിയിലെത്തുന്നുണ്ട്. ഇതില്‍ ചിലതു വിദേശങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നുണ്ട്. കേരള ബ്രാന്റ് നല്‍കുന്നതിനായി ഓരോ ഉല്‍പ്പന്നത്തിനും ഗുണനിലവാരമാനദണ്ഡം നിശ്ചയിക്കേണ്ടതുണ്ട്. പത്ത് ഉല്‍പ്പന്നങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വ്യവസായവകുപ്പ് മാനദണ്ഡം നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അതില്‍ ആദ്യത്തേതു വെളിച്ചെണ്ണയാണ്. ഇതിനു കരട് മാര്‍ഗരേഖ വ്യവസായവകുപ്പ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അസംസ്‌കൃത വസ്തുക്കള്‍ സ്വീകരിക്കുകയോ കേരളത്തിനു പുറത്ത് ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുകയോ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്കൊന്നും ഇനി മുതല്‍ ‘മെയ്ഡ് ഇന്‍ കേരള’ ബ്രാന്റ് നല്‍കാനാവില്ലെന്നാണ് ഇതിലെ പ്രധാന നിബന്ധനകളിലൊന്ന്. മാത്രവുമല്ല, സ്വന്തമായി ഉല്‍പ്പാദന യൂണിറ്റുകള്‍ ഉണ്ടാവുകയും വേണം. കരട് മാര്‍ഗരേഖയനുസരിച്ച് സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ് എന്നീ സ്ഥാപനങ്ങളുടെ വെളിച്ചെണ്ണയ്ക്കു കേരള ബ്രാന്റ്് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കില്ല. ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും സ്വന്തമായി വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകളില്ല. റീ പാക്കിങ് നടത്തിയാണ് ഈ സ്ഥാപനങ്ങളുടെ വെളിച്ചെണ്ണ പുറത്തിറക്കുന്നത്.
കൊപ്ര ഉണക്കിയെടുക്കുന്നതടക്കം എല്ലാ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ത്തന്നെയായിരിക്കണമെന്നാണു കരട് മാര്‍ഗരേഖയിലെ പ്രധാന വ്യവസ്ഥ. കേരളത്തില്‍ ഉല്‍പ്പാദന യൂണിറ്റുകളുള്ള സ്ഥാപനങ്ങള്‍ അധികവും പൊള്ളാച്ചി കാങ്കോലില്‍നിന്നാണു കൊപ്ര വാങ്ങുന്നത്. ആയിരത്തിലധികം വെളിച്ചെണ്ണനിര്‍മാണ യൂണിറ്റുകള്‍ കേരളത്തിലുണ്ടെന്നാണു കണക്ക്. മാര്‍ഗരേഖ തയാറാക്കുന്നതിനുമുമ്പായി വ്യവസായവകുപ്പ് 800 യൂണിറ്റുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ 200 എണ്ണത്തിനുമാത്രമാണു നിലവിലെ മാനദണ്ഡം പാലിക്കാനാകുന്നത്. ഇവയ്ക്കാകും ആദ്യഘട്ടത്തില്‍ കേരള ബ്രാന്റ്് സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. ഐ.എസ്.ഐ, അഗ്മാര്‍ക്ക് രജിസ്‌ട്രേഷനുള്ള വെളിച്ചെണ്ണയാണു കേരള ബ്രാന്റിനു പരിഗണിക്കുക. ബാലവേല പാടില്ല എന്നതടക്കമുള്ള മറ്റു ചില പൊതുമാനദണ്ഡങ്ങള്‍കൂടി ഇതിനൊപ്പം പാലിക്കേണ്ടതുണ്ട്. കേരളത്തിലേക്കു ടാങ്കറില്‍ വെളിച്ചെണ്ണ എത്തിച്ച് ഇവിടെ റീ പാക്കിങ് നടത്തിയാണു നിലവിലെ പല ‘മെയ്ഡ് ഇന്‍ കേരള’ വെളിച്ചെണ്ണയും പുറത്തിറങ്ങുന്നത്. കേരള ബ്രാന്റ് വരുന്നതോടെ ആ ഉല്‍പ്പന്നങ്ങളില്‍നിന്നെല്ലാം ‘മെയ്ഡ് ഇന്‍ കേരള’ എന്ന പേര് ഒഴിവാക്കേണ്ടിവരും. നാലു ഗ്രേഡിലുള്ള വെളിച്ചെണ്ണ ഇപ്പോള്‍ കേരളത്തിലെ വിപണിയില്‍ ഭക്ഷ്യഎണ്ണയായി നല്‍കുന്നുണ്ട്. അതില്‍ ഗ്രേഡ്-1 വെളിച്ചെണ്ണയ്ക്കുമാത്രം കേരള ബ്രാന്റ്് രജിസ്‌ട്രേഷന്‍ നല്‍കിയാല്‍ മതിയെന്നാണു തീരുമാനം.
(മൂന്നാംവഴി സഹകരണ മാസിക ഡിസംബര്‍ ലക്കം)