എന്‍.എം.ഡി.സി: വിപണി പിടിച്ചെടുത്ത് തിരിച്ചുവരവ്
ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പ്രമുഖരുടെ നേതൃശേഷിയില്‍ വളര്‍ന്നുവന്ന എന്‍.എം.ഡി.സി. യുടെ ഇപ്പോഴത്തെ കുതിപ്പ് സഹകരണ മേഖലയ്ക്ക് വലിയൊരു പാഠമാണ്. മലബാറിലെ മലഞ്ചരക്ക് വിപണിയില്‍ ഇടപെട്ടുകൊണ്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് നഷ്ടത്തിലേക്ക് കൂപ്പു കുത്തിയെങ്കിലും 2008 ല്‍ തുടങ്ങിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടു. സംഘം ഇറക്കുന്ന ‘ കോപ്പോള്‍ ‘ വെളിച്ചെണ്ണ വിറ്റ് 2018-19 ല്‍ നേടിയത് 15.44 കോടി രൂപയാണ്.
നഷ്ടത്തിലേക്ക് കൂപ്പുകുത്തി അടച്ചു പൂട്ടിയ സഹകരണ വിപണന സംഘം അദ്ഭുതകരമായി തിരിച്ചു വന്ന് , നിശ്ചയദാര്‍ഢ്യത്തോടെ മത്സരിച്ച്, വിറ്റുവരവില്‍ റെക്കോഡ് ഭേദിച്ച്, ലാഭത്തിലേക്ക് കുതിച്ചുകയറിയപ്പോള്‍ അത് സഹകരണ മേഖലക്ക് നല്‍കിയത് പുതിയ പാഠങ്ങള്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്റ് മാര്‍ക്കറ്റിങ് സൊസൈറ്റി ( എന്‍.എം.ഡി.സി. ) യാണ് തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് പതുക്കെ പിടിച്ചു കയറി, കൃഷിക്കാരുടേയും ഉപഭോക്താക്കളുടേയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചുവടു വെച്ച്, മാറുന്ന വിപണിയും വിപണന തന്ത്രങ്ങളും സ്വന്തമാക്കി വികസനത്തിന്റെ പുതുവഴികള്‍ തേടുന്നത്.
മലഞ്ചരക്ക് വിപണിയില്‍ തുടക്കം
നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് പ്രൊഡ്യൂസ്് സെയില്‍ സൊസൈറ്റിയുടെ തുടക്കം 1936 ലായിരുന്നു. മദിരാശി സഹകരണ നിയമത്തിന് കീഴില്‍ കോഴിക്കോട് കേന്ദ്രമായി മലബാര്‍ ജില്ലകള്‍ പ്രവര്‍ത്തന പരിധിയായി സംഘം തുടങ്ങാന്‍ മുന്‍കൈ എടുത്ത റാവു ബഹാദൂര്‍ എം.കെ. കൃഷ്ണവര്‍മ രാജയായിരുന്നു ആദ്യ ചെയര്‍മാന്‍. മലബാറിലെ മലഞ്ചരക്ക് വിപണിയിലെ ഇടപെടലായിരുന്നു തുടക്കത്തില്‍ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. കാര്‍ഷികോല്‍പ്പന്ന വിപണിയിലെ ഇടത്തട്ടുകാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു. കാപ്പി, കുരുമുളക്, കൊപ്ര, ചുക്ക്, കശുവണ്ടി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ഉറപ്പു വരുത്താന്‍ സംഘത്തിന് കഴിഞ്ഞതോടെ കര്‍ഷകരുടെ വിശ്വാസം നേടിയെടുത്തു.
കര്‍ഷകര്‍ക്ക് വിളകളുടെ ഈടിന്‍മേല്‍ വായ്പ അനുവദിക്കാന്‍ തുടങ്ങിയത് നല്ല പ്രതികരണമുണ്ടാക്കി. കോഴിക്കോട്, വടകര, വയനാട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് വായ്പാ വിതരണം ആരംഭിച്ചത് കാര്‍ഷിക രംഗത്തെ കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കൊട്ടത്തേങ്ങയുടെ ഈടിന്‍മേല്‍ വടകര ഭാഗത്ത് നല്‍കിയ വായ്പ ‘ കൂടലോണ്‍ ‘ എന്ന പേരിലാണ് അറിയപ്പെട്ടത്. കോഫി മേഖലയില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമായി പ്രയോജനപ്പെടുത്താന്‍ സംഘം മുന്നിട്ടിറങ്ങിയത് വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് ആശ്വാസമായി. കാര്‍ഷിക വിപണനരംഗത്ത ്ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന വയനാട് പ്രദേശത്തെ കര്‍ഷകര്‍ക്കാണ് സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സഹായമായത്. അതുകൊണ്ടു തന്നെ വയനാട്ടിലെ ധാരാളം ചെറുകിട കര്‍ഷകര്‍ സംഘത്തില്‍ അംഗത്വമെടുക്കുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു.
തലപ്പത്ത് പ്രമുഖര്‍
1960 ലാണ് സംഘത്തിന്റെ പേര് നോര്‍ത്ത് മലബാര്‍ സിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്റ് മാര്‍ക്കറ്റിങ് സൊസൈറ്റി എന്നാക്കിയത്. എന്‍.എം.ഡി.സി. എന്ന ചുരുക്കപ്പേരിലാണ് പിന്നീട് വിപണനരംഗത്ത് നിറഞ്ഞു നിന്നത്. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പല പ്രമുഖരും ആദ്യത്തെ 50 വര്‍ഷം സംഘത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ വയനാട് സന്ദര്‍ശന പരിപാടിയുടെ ചുക്കാന്‍പിടിച്ച, സ്വാതന്ത്യ സമരസേനാനിയും കോഫി പ്ലാന്ററുമായിരുന്ന എം.എ. ധര്‍മരാജയ്യര്‍ സംഘത്തിന്റെ ചെയര്‍മാനായിരുന്നു. റാവു ബഹാദൂര്‍ പി. കെ കുഞ്ഞുണ്ണി മേനോന്‍, എം.കെ. കുഞ്ഞിരാമ മേനോന്‍, റാവു ബഹാദൂര്‍ വി.കെ. ഏറാടി, സി. മുകുന്ദന്‍, സി. ജനാര്‍ദ്ദനന്‍, പി.ജി. മേനോന്‍ എന്നിവരും അഭിഭാഷകരായിരുന്ന പി.എം. വര്‍ദ്ധമാനന്‍, കെ.കെ. രാഘവന്‍, കെ.ചന്ദ്രശേഖരന്‍, എം.കെ. പ്രഭാകരന്‍ തുടങ്ങിയവരും സംഘത്തെ നയിച്ചു. ഐ.പി.എസ്സുകാരനായിരുന്ന എന്‍.രാധാകൃഷ്ണനും മൂന്നു വര്‍ഷം അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നു.
സംസ്‌കരണ രംഗത്തേക്ക്
കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണ-വിതരണത്തോടൊപ്പം സംസ്‌കരണ രംഗത്തേക്ക് കടന്നതാണ് സംഘത്തിന്റെ വളര്‍ച്ചയിലെ വഴിത്തിരിവ്. കൊപ്ര, കാപ്പി എന്നിവയുടെ സംസ്‌കരണ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. വടകരയില്‍ എട്ടു ചക്കുകള്‍ സ്ഥാപിച്ച് സംഘം ഉല്‍പാദിപ്പിച്ച വെളിച്ചെണ്ണ കോപ്പോള്‍ എന്ന പേരില്‍ വലിയ തോതില്‍ വിറ്റഴിഞ്ഞു. വയനാട്ടിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച കാപ്പി കല്‍പ്പറ്റ യൂണിറ്റില്‍ സംസ്‌കരിച്ച് പരിപ്പാക്കി തരംതിരിച്ച് കോഫി ബോര്‍ഡിന് വേണ്ടി വിപണനം നടത്തിയത് സംഘത്തിന്റെ വിറ്റുവരവില്‍ വന്‍വര്‍ധനക്ക് കാരണമായി. കാപ്പിയുടെ വിപണനം പൂര്‍ണമായി കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലായിരുന്ന അക്കാലത്ത് കോഫി ബോര്‍ഡിന്റെ എ. ക്ലാസ് എജന്‍സി പദവിയുള്ള ചുരുക്കം സംഘങ്ങളില്‍ ഒന്നായിരുന്നു എന്‍.എം.ഡി.സി. 1995-ല്‍ കല്‍പ്പറ്റയില്‍ കോഫി പൗഡര്‍ യൂണിറ്റ് സ്ഥാപിച്ച ് മലബാര്‍ കോഫി എന്ന പേരില്‍ കാപ്പിപ്പൊടി വിപണിയിലെത്തിച്ചപ്പോള്‍ നല്ല സ്വീകരണമായിരുന്നു. ഇരുനൂറോളം ജീവനക്കാരാണ് സംഘത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്. ജില്ല സഹകരണബാങ്കില്‍ ജോലി ലഭിച്ചിട്ട് പോലും പോവാതെ എന്‍.എം.ഡി.സി.യില്‍ തുടര്‍ന്ന ജീവനക്കാരുണ്ടായിരുന്നു. അത്ര ആകര്‍ഷകമായിരുന്നു സംഘത്തിലെ സേവന -വേതന വ്യവസ്ഥകള്‍. ജനറല്‍ മാനേജര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡപ്യൂട്ടേഷന്‍ തസ്തികയായി.
റേഷന്‍ മൊത്തവ്യാപാരം
അതിനിടെ റേഷന്‍ മൊത്തവ്യാപാര രംഗത്തേക്ക് കൂടി സംഘം കടന്നതോടെ കണ്ണൂര്‍ ജില്ലയിലും വേരുറപ്പിച്ചു. തലശ്ശേരി, മട്ടന്നൂര്‍, ഇരിട്ടി, വടക്കെ വയനാട് എന്നിവിടങ്ങളിലാണ് റേഷന്‍ മൊത്ത വ്യാപാരം ഏറ്റെടുത്തത്. ഇടുക്കി ജില്ലയിലെ ഏലവിപണിയിലേക്ക് കൂടി സംഘം ചുവടുവെച്ചു. കാലിത്തീറ്റ നിര്‍മാണം, സോപ്പ് നിര്‍മാണം, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയവയും ആരംഭിച്ചു. മാര്‍ക്കറ്റിങ് ഫെഡറേഷന്‍, നാഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഏജന്‍സി ജോലിയും സംഘം ഏറ്റെടുത്തതോടെ വിറ്റുവരവ് ഗണ്യമായി വര്‍ധിച്ചതിന് പുറമെ സാമ്പത്തിക അടിത്തറയും ശക്തമായി. കോടികള്‍ വിലമതിക്കുന്ന ആസ്തികളാണ് ഇതിനിടെ സംഘം സ്വന്തമാക്കിയത്. കോഴിക്കോട് ബീച്ചില്‍ സില്‍ക്ക് സ്ട്രീറ്റില്‍ 44 സെന്റ് സ്ഥലവും രണ്ട് കെട്ടിടങ്ങളും ഗോഡൗണുമുണ്ട്. ഇവിടെയാണ് സംഘത്തിന്റെ ഹെസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വടകരയില്‍ ബ്രാഞ്ച് ഓഫീസും 39 സെന്റ് സ്ഥലവും മൂന്നു കെട്ടിടങ്ങളുമുണ്ട്. ഇവിടെ കൊപ്ര ഡ്രയര്‍ യൂണിറ്റ്, ഓയില്‍ മില്‍, ഓയില്‍ എക്‌സ്‌പെല്ലര്‍, ഓയില്‍ ഫില്‍ട്ടര്‍ പ്രസ്, ഓയില്‍ പാര്‍ക്കിങ് മെഷീന്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. കല്‍പ്പറ്റയില്‍ 2.80 ഏക്കര്‍ സ്ഥലവും ഏഴ് ഗോഡൗണുകളും അഞ്ച് ഗാര്‍ബിളിങ് ഷെഡ്ഡുകളും കാപ്പി ഉണക്കുന്ന യന്ത്രങ്ങളും പൊടിക്കുന്ന യന്ത്രങ്ങളും ഉണ്ടായിരുന്നു. വേങ്ങരയില്‍ ഒന്നര ഏക്കറും ഗോഡൗണും തളിപ്പറമ്പില്‍ രണ്ടേക്കര്‍ സ്ഥലവും പടിഞ്ഞാറത്തറയില്‍ 2.20 ഏക്കര്‍ സ്ഥലവും വാങ്ങിയിരുന്നു.
തകര്‍ച്ചയിലേക്ക്
കാപ്പി വിപണിയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ 1998-ല്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെ ഈ രംഗത്തേക്ക് സ്വകാര്യ സംരംഭകര്‍ കുതിച്ചെത്തി. ഇവരോട് മത്സരിച്ച് പിടിച്ചു നില്‍ക്കാനാവാതെ സംഘം പിന്‍മാറ്റം തുടങ്ങി. ഏലക്കച്ചവടവും നഷ്ടത്തില്‍ കലാശിച്ചു. ആധുനികവല്‍ക്കരണത്തിന്റെ അഭാവം നാളികേര സംസ്‌കരണത്തെ ബാധിച്ചു. വളര്‍ച്ചയുടെ ഗ്രാഫ് താഴേക്ക് വന്നതോടെ സംഘം നല്‍കിയ കടങ്ങള്‍ തിരിച്ചുകിട്ടാതായി. റിട്ടയര്‍മെന്റ് ആനുകുല്യങ്ങള്‍ പോലും മുടങ്ങിയത് മൂലം തൊഴില്‍ ബന്ധങ്ങള്‍ മോശമായി. സംഘത്തില്‍ നിക്ഷേപം നടത്തിയ സ്ഥാപനങ്ങള്‍ വ്യവഹാരത്തിലേക്ക് നീങ്ങി. 1995-96നും 2008-09നും ഇടയില്‍ അറ്റ നഷ്ടം 3.29 കോടി രൂപയായിരുന്നു. തലശ്ശേരി, പയ്യന്നൂര്‍ ബ്രാഞ്ചുകള്‍ പൂട്ടി. റേഷന്‍ മൊത്തവ്യാപാരം നിലച്ചു. സോപ്പ്, കാലിത്തീറ്റ എന്നിവയുടെ ഉല്‍പാദനം നിര്‍ത്തി. സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടി. 2004നും 2007നും ഇടയില്‍ സംഘം കാര്യമായ പ്രവര്‍ത്തനങ്ങളില്ലാത്ത നിലയിലായി. ജീവനക്കാരുടെ ആനുകൂല്യങ്ങളും വില്‍പ്പന നികുതി കുടിശ്ശികയും നിക്ഷേപ ബാധ്യതകളും തീര്‍ക്കാന്‍ ആസ്തികള്‍ വില്‍ക്കാന്‍ തുടങ്ങി. വേങ്ങര, തളിപ്പറമ്പ്, പടിഞ്ഞാറത്തറ ഏന്നിവിടങ്ങളിലെ സ്ഥലങ്ങള്‍ വിറ്റു. കല്‍പ്പറ്റയിലെ 2.80 ഏക്കറില്‍ 55 സെന്റ് വയനാട് ജില്ലാബാങ്കിന് വിറ്റു. പയ്യന്നൂര്‍ സഹകരണ ബാങ്കിന് സ്ഥിര നിക്ഷേപം തിരികെ നല്‍കാത്തതിനാല്‍ കല്‍പ്പറ്റയിലെ 45 സെന്റ് ജപ്തിവഴിയും നഷ്ടമായി. ജീവനക്കാരുടെ എണ്ണം 2007 ല്‍ ഇരുനൂറില്‍ നിന്ന് 28 ലേക്ക് ചുരുങ്ങി. ഉള്ളവര്‍ക്ക് ശമ്പളവും മുടങ്ങി. അതിനിടെ പല തവണ അസ്മിനിസ്‌ട്രേറ്റര്‍മാരുടെ ഭരണവും വന്നു.
പുതുജീവന്‍
2008-ല്‍ ചുമതലയേറ്റ പുതിയ ഭരണസമിതി സംഘം പുനരുദ്ധരിക്കാന്‍ നടത്തിയ കൂട്ടായ ശ്രമത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. സര്‍ക്കാറും സഹകരണവകുപ്പും ജില്ലാസഹകരണ ബാങ്കും നല്ല സഹായം നല്‍കി. പ്രാഥമിക സംഘമായിരുന്ന എന്‍.എം.ഡി.സി.യെ ഫെഡറല്‍ സംഘമാക്കി മാറ്റിയതോടെ അംഗങ്ങളായി സഹകരണ ബാങ്കുകളും സൊസൈറ്റികളും കടന്നുവന്നു. 82 സഹകരണ സംഘങ്ങള്‍ എന്‍.എം.ഡി.സി.യുടെ ഓഹരി ഉടമകളായി. വടകരയിലെ വെളിച്ചണ്ണമില്‍ നവീകരിക്കാനുള്ള തീരുമാനമാണ് സംഘത്തിന് പുതുജീവന്‍ നല്‍കിയത്. ഐ.സി.ഡി.പി ധനസഹായത്തോടെ പുതിയ എക്‌സ്‌പെല്ലര്‍ സ്ഥാപിച്ച് മുന്തിയ ഇനം വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിച്ച് വീണ്ടും വിപണി പിടിച്ചു. വെളിച്ചെണ്ണ വിപണിയില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായതിനാല്‍ സഹകരണ സ്ഥാപനത്തിന്റെ വെളിച്ചെണ്ണക്ക് വിശ്വാസ്യത നേടാന്‍ സാധിച്ചു. നാളികേര വികസന ബോര്‍ഡിന്റെ ലാബില്‍ എല്ലാ മാസവും ബി.ഐ.എസ്. 8 മാര്‍ഗരേഖ പ്രകാരമുള്ള എട്ടിനം ടെസ്റ്റുകള്‍ നടത്തി ഗുണമേ• ഉറപ്പു വരുത്തിയ ഗ്രേഡ് വണ്‍ ആയി തരംതിരിച്ച വെളിച്ചെണ്ണയാണ് കോപ്പോള്‍ എന്നതിനാല്‍ വിപണിയില്‍ ആവശ്യക്കാര്‍ കൂടി. തേങ്ങ സംഭരണം മുതല്‍ സംഘം പുലര്‍ത്തുന്ന ജാഗ്രതയാണ് വെളിച്ചെണ്ണക്ക് ഗുണമേ• ഉറപ്പുവരുത്താന്‍ സഹായമാവുന്നത്. സംഘത്തില്‍റ രജിസ്റ്റര്‍ ചെയ്ത അമ്പതോളം കര്‍ഷകരില്‍ നിന്നാണ് മാര്‍ക്കറ്റ് വിലയില്‍ ഒരു രൂപ കൂടുതല്‍ നല്‍കി തേങ്ങ സംഭരിക്കുന്നത്. പുറമേരിയിലെ പച്ചത്തേങ്ങ സംസ്‌കരണ യൂണിറ്റില്‍ ഇപ്പോള്‍ എട്ട് തൊഴിലാളികളുണ്ട്. മലബാറിലെ വെളിച്ചെണ്ണ വിപണിയില്‍ കോപ്പോള്‍ ആധിപത്യമുറപ്പിച്ചതോടെ സംഘം കരകയറാന്‍ തുടങ്ങി. ചൂരല്‍മലയില്‍ യൂണിറ്റ് സ്ഥാപിച്ച് അതേ പേരില്‍ ഹയര്‍ഓയിലും എന്‍.എം.ഡി.സി. മാര്‍ക്കറ്റിലെത്തിച്ചു.
പരമ്പരാഗത രീതിയില്‍ പ്രകൃതിദത്ത ഔഷധ സസ്യങ്ങള്‍ ചേര്‍ത്ത് തയാറാക്കുന്ന ഹെയര്‍ ഓയില്‍ 2016 ലാണ് വിപണനം തുടങ്ങിയത്. 2018-19 ല്‍ മാത്രം 15.44 കോടി രൂപയുടെ വെളിച്ചെണ്ണയാണ് സംഘം വിറ്റത്. 8.01 കോടിയുടെ പിണ്ണാക്കും കിട്ടി. കഴിഞ്ഞ ഓണക്കാലത്ത് 6.70 കോടിയുടെ കോപ്പോള്‍ വെളിച്ചെണ്ണ കണ്‍സ്യൂമര്‍ ഫെഡ് വാങ്ങുകയുണ്ടായി. മൂരാട്, പുറമേരി, മടപ്പള്ളി നാദാപുരം റോഡ്, പയ്യോളി, വില്ല്യാപ്പള്ളി, മേപ്പാടി , കമ്പളക്കാട്, പുറക്കാട്, ആയഞ്ചേരി, ഓര്‍ക്കാട്ടേരി, തിരുവള്ളൂര്‍, തോടന്നൂര്‍, മുയിപ്പോത്ത്, കീഴല്‍മുക്ക് എന്നിവിടങ്ങളില്‍ സംഘം ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടുണ്ട്. എന്‍.സി.ഡി.സി. ധനസഹായത്തോടെ 65 ലക്ഷം രൂപ ചെലവില്‍ വെളിച്ചെണ്ണമില്‍ നവീകരിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. പ്രതിദിന വെളിച്ചെണ്ണ ഉല്‍പാദനം 2500 കി. ഗ്രാമില്‍ നിന്ന് 6300 കി. ഗ്രാമിലേക്ക് ഉയര്‍ത്തുന്നതോടെ ആവശ്യത്തിനനുസരിച്ച് വിപണിയില്‍ സാധനം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് ബീച്ചിലെ ഹെഡ് ഓഫീസിനോട് ചേര്‍ന്ന് 25 ലക്ഷം രൂപ അടങ്കലില്‍ എള്ളെണ്ണ നിര്‍മാണ യൂണിറ്റിന്റെ പണിയും താമസിയാതെ പൂര്‍ത്തിയാവും.
വൈവിധ്യവല്‍ക്കരണം
വെളിച്ചെണ്ണയിലൂടെ തിരിച്ചുവരവ ്‌നടത്തിയ എന്‍.എം.ഡി.സി. അതിന്റെ പ്രതാപകാലത്തെ വ്യാപാരങ്ങളും ഒന്നൊന്നായി പുനരാരംഭിക്കുന്നുണ്ട്. പക്ഷേ, കാലത്തിനൊപ്പം മാറിക്കൊണ്ടാണ് എന്ന വ്യത്യാസമുണ്ട്. കല്‍പ്പറ്റ ബ്രാഞ്ചില്‍ കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, റബ്ബര്‍, ചേന, വാഴക്കുല തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നുണ്ട്. കല്‍പ്പറ്റയില്‍ കോപ്പ്‌ടെക്‌സ് എന്ന പേരില്‍ ടെക്സ്റ്റയില്‍ ഷോപ്പും സംഘം ആരംഭിച്ചു കഴിഞ്ഞു. കല്‍പ്പറ്റയില്‍ പച്ചക്കറിവില്‍പ്പന കേന്ദ്രവും ആഗ്രോ പ്രോസസിങ് സെന്ററും തുറന്നു. ചെറുകിട കാപ്പി കര്‍ഷകരില്‍ നിന്ന് കാപ്പിക്കുരു ശേഖരിച്ചു ്‌പൊടിച്ച് പാക്കറ്റിലാക്കി വില്‍ക്കുന്നു. വയനാട് എന്ന പേരില്‍ ചായപ്പൊടി വില്‍ക്കുന്നുണ്ട്. ചുക്ക്, ഏലം, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക് എന്നിവ പാക്കറ്റ് ചെയ്ത് സംഘം വിപണനം നടത്തുന്നു.. 2016-17-ല്‍ കല്‍പ്പറ്റ ബ്രാഞ്ചിന്റെ കീഴില്‍ വിഷുവിന് പടക്കങ്ങള്‍ വിറ്റ് സംഘം നേടിയ ലാഭം 9.45 ലക്ഷം രൂപയായിരുന്നു.
അംഗീകൃതഏജന്‍സി
കേരള സോപ്‌സ ഉല്‍പ്പന്നങ്ങളുടെ വിപണനം എന്‍.എം.ഡി.സി. യാണ് നടത്തുന്നത്. സംസ്ഥാനത്തെ അംഗനവാടികളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഏജന്‍സിയായി എന്‍.എം.ഡി.സി.യെ സര്‍ക്കാര്‍ ഉത്തരവു വഴി ചുമതലപ്പെടുത്തിയപ്പോള്‍ വിറ്റുവരവില്‍ നേട്ടമുണ്ടായി. ജയിലുകള്‍, സര്‍ക്കാര്‍ ഹോസ്റ്റലുകള്‍, പട്ടികജാതി ഹോസ്റ്റലുകള്‍ തുടങ്ങിയവക്കും അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാണ് എന്‍.എം.ഡി.സി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്, ആര്‍ട് കോ എന്നീ സ്ഥാപനങ്ങള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നവരുടെ പട്ടികയിലും സംഘമുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹിയില്‍ എന്‍സി.ഡി.സി. സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണ വ്യാപാര മേളയില്‍ എന്‍.എം.ഡി.സി.യുടെ സ്റ്റാള്‍ ശ്രദ്ധേയമായിരുന്നു.
പഴയ നഷ്ടം നികത്തി
2008-09 ല്‍ 3.96 ലക്ഷം രൂപ നഷ്ടപ്പെടുത്തിയ എന്‍.എം.ഡി.സി. 2009 – 10 ല്‍ 1.89 ലക്ഷം രൂപ ലഭമുണ്ടാക്കി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2018-19 ല്‍ സംഘത്തിന്റെ ലാഭം 1.04 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സംഘം വരുത്തിയ മൊത്തം നഷ്ടം 3.29 കോടി രൂപയില്‍ നിന്ന് 86.55 ലക്ഷത്തിലേക്ക് കുറച്ചു കൊണ്ടുവരാന്‍ അടുത്തകാലത്തെ ലാഭം വഴി കഴിഞ്ഞിട്ടുണ്ട്. പഴയ നഷ്ടം നികത്താനുള്ള സംഘത്തിന്റെ ശ്രമങ്ങളെ 2018-19 ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നുണ്ട്. നഷ്ടം മൂലം പ്രവര്‍ത്തനം നിലച്ച സ്ഥാപനം വീണ്ടും തുറന്നു പ്രവര്‍ത്തിച്ച് വാര്‍ഷിക വിറ്റുവരവ് 33 കോടിയിലെത്തിച്ചവരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.
ഭരണ സമിതിയും ജീവനക്കാരും ഒത്തൊരുമയോടെ കഠിനാധ്വാനം ചെയ്ത് നേടിയതാണ് എന്‍.എം.ഡി.സി. യുടെ ഇപ്പോഴത്തെ നേട്ടങ്ങള്‍. സര്‍ക്കാറും ജനങ്ങളും എഴുതിത്തള്ളിയ സ്ഥാപനത്തെ നിശ്ചയദാര്‍ഢ്യത്തിലൂടെ മുന്നാട്ട് നയിച്ച ഭരണ സമിതിക്ക് 2008 മുതല്‍ നേതൃത്വം നല്‍കുന്നത് വയനാട് സ്വദേശിയായ പി. സൈനുദ്ദീനാണ്. സ്ഥാവര സ്വത്തുക്കള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കാനുള്ള തീരുമാനം മാറ്റി സ്ഥാപനം നന്നായി നടത്തി ലാഭമുണ്ടാക്കി ബാധ്യത തീര്‍ക്കാനുള്ള ശ്രമമാണ് തിരിച്ചുവരവിന് വഴിയൊരുക്കിയത്. സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയവും ചെലവഴിക്കുന്ന ചെയര്‍മാന്‍ ജീവനക്കാരെ ഏകോപിപ്പിക്കുന്നതിലും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും ആധുനികീകരണം , വൈവിധ്യവല്‍ക്കരണം എന്നിവയിലൂടെ സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിലും വ്യക്തമായ നിലപാടുമായാണ് മുന്നാട്ട് പോവുന്നത്.
സംഘത്തിന് സര്‍ക്കാറില്‍ നിന്നും വിവിധ ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട സഹായങ്ങള്‍ ശക്തമായ സമ്മര്‍ദ്ദങ്ങളിലൂടെ നേടിയെടുക്കാന്‍ സൈനുദ്ദീന് കഴിഞ്ഞിട്ടുണ്ട്. മലബാറിലെ പ്രമുഖ സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാര്‍ ഉള്‍പ്പെടുന്ന അനുഭവ സമ്പത്തുള്ള ഭരണസമിതിയാണ് സംഘത്തിന്റെ പിന്‍ബലം. പുറമേരി സഹകരണ ബാങ്ക് പ്രസിഡന്റും ട്രേഡ് യൂണിയന്‍ നേതാവുമായ വി.പി. കുഞ്ഞിക്കൃഷ്ണന്‍ എന്‍.എം.ഡി.സി. യുടെ വൈസ് ചെയര്‍മാനും സംഘത്തിന്റെ നേതൃനിരയിലെ കരുത്തുമാണ്. തകര്‍ച്ചയുടെ നാളുകളില്‍ സംഘത്തില്‍ ദിനവേതനാടിസ്ഥാനത്തില്‍ ജോലിചെയ്ത് പിന്നീട് ക്ലാര്‍ക്ക് തസ്തികയിലിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന എം.കെ. വിപിനയാണ് 2016 മുതല്‍ സംഘത്തിന്റെ സെക്രട്ടറിയും ജനറല്‍ മാനേജരുമായി പ്രവര്‍ത്തിക്കുന്നത്. പ്രൊഫഷനലിസത്തിലൂടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞു എന്നതാണ് വിപിനയുടെ നേട്ടം. കേസുകളും പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം കുഴഞ്ഞുമറിഞ്ഞ അവസ്ഥയില്‍ സംഘത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയ വിപിന ദീര്‍ഘവീക്ഷണത്തോടെ സംഘത്തിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ നേതൃത്വം നല്‍കുന്നു. 15 കരാര്‍ ജീവനക്കാരടക്കം 42 പേര്‍ സംഘത്തിന്റെ കീഴില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ചുനിന്ന് ആത്മാര്‍ഥതയോടെ ജോലി ചെയ്ത് ജീവനക്കാര്‍ മാതൃക കാട്ടി. ഫെഡറല്‍ സംഘമായി ഉയര്‍ത്തിയെങ്കിലും ജീവനക്കാരുടെ ശമ്പള സ്‌കെയില്‍ നിജപ്പെടുത്താത്തതിനാല്‍ പ്രാഥമിക സംഘങ്ങളുടെ ആനുകൂല്യമാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്.
പി.ടി. ഉലഹന്നാന്‍, കെ. രോഹിണി, കെ. മാധവന്‍, ഇ. അരവിന്ദാക്ഷന്‍, കെ. വി. വേലായുധന്‍, കെ.ടി. ഗോപിനാഥന്‍, കെ. കുഞ്ഞപ്പ, പൊന്നത്ത് കുമാരന്‍ എന്നിവരാണ് എന്‍.എം.ഡി.സി. ഡയരക്ടര്‍മാര്‍.
സഹകരണ മേഖലക്ക് പാഠം
എന്‍.എം.ഡി.സി. യുടെ തിരിച്ചുവരവ് സഹകരണ മേഖലക്ക് നല്‍കുന്ന ചില പാഠങ്ങളുണ്ട്. സാമ്പത്തിക അടിത്തറ എത്ര ഭദ്രമാണെങ്കിലും ദീര്‍ഘവീക്ഷണത്തോടെ വികസനപദ്ധതികള്‍ നടപ്പാക്കിയില്ലെങ്കില്‍ ഏതു സ്ഥാപനവും അടച്ചുപൂട്ടേണ്ടി വരും എന്നത് ആദ്യപാഠം. നഷ്ടത്തിലാവുമ്പോള്‍ വിത്തെടുത്ത് കുത്തുന്നതിന് പകരം കരകയറാനുള്ള എല്ലാ സാധ്യതകളും ആരായണം. സ്ഥാപനത്തിന്റെ ഭരണ-ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തലപ്പത്തുള്ളവര്‍ മെയ് മറന്ന് പ്രവര്‍ത്തിച്ച് മാതൃക കാട്ടിയാല്‍ ഒപ്പമുള്ളവര്‍ അതേ വഴിയില്‍ നടന്നുവരും എന്നും എന്‍.എം.ഡി.സി. ഓര്‍മിപ്പിക്കുന്നു. ഏതായാലും, കോഴിക്കോട്ടുകാരുടെ പഴയ മലഞ്ചരക്ക് സംഘം ഏതു പുതിയ ഉല്‍പ്പന്നവുമായാണ് ്ഇനി മാര്‍ക്കറ്റിലെത്തുന്നതെന്ന് കാത്തിരുന്നു കാണാം.