ഇന്ത്യന്‍ ക്ഷീര മേഖലയെ തകര്‍ക്കരുതേ
വി. എന്‍. ബാബു
( കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ഫാക്കല്‍ട്ടി അംഗം )
(2020 മാര്‍ച്ച് ലക്കം)
സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്തക്കരാറില്‍ ഇന്ത്യയും ഒപ്പിടേണ്ടിവന്നാല്‍ അത് രാജ്യത്തെ ക്ഷീരമേഖലയെ തകര്‍ക്കും. ബഹുരാഷ്ടക്കുത്തകകള്‍ ഇവിടത്തെ ക്ഷീരമേഖല പിടിച്ചടക്കും
സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്തക്കരാറില്‍ ( ആര്‍ .സി. ഇ. പി. – Regional Comprehensive Economic Partnership ) ഒപ്പിടാതെ മാറിനിന്നതിന് നമ്മള്‍ എന്‍.ഡി.എ. സര്‍ക്കാരിന് നന്ദി പറയുക. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ, പ്രത്യേകിച്ച് ക്ഷീരോത്പാദന മേഖലയെ, ബഹുരാഷ്ട്രക്കുത്തകകളില്‍ നിന്നു സംരക്ഷിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ഇന്ത്യയിലെ ക്ഷീരോല്‍പ്പാദന മേഖലയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന് 1997 മുതല്‍ കാര്യശേഷിയോടെ പ്രവര്‍ത്തിച്ചത് ആനന്ദ് മാതൃകയിലുള്ള സഹകരണ ബിസിനസ്സ് സംവിധാനമാണ്. ഡോ. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ വളര്‍ത്തിയെടുത്ത ആനന്ദ് പാറ്റേണ്‍ ഒരു ഉല്‍പ്പന്നത്തിന്റെ വിത്തു മുതല്‍ വിപണിവരെ കര്‍ഷകരേയും ഉപഭോക്താവിനെയും സംരക്ഷിക്കുന്നതിനുള്ള നിതാന്ത ജാഗ്രതയോടെയാണ് പാലുല്‍പ്പാദനം, സംഭരണം, സംസ്‌കരണം, വിപണനം എന്നിവ കരുപ്പിടിപ്പിച്ചെടുത്തത്. യൂറോപ്യന്‍ രാജ്യങ്ങളുടെ കുത്തകയായ പാല്‍ ഉല്‍പ്പാദന, വ്യാപാര മേഖലയെ ബഹുദൂരം പിന്നിലാക്കി, മേഖലയെ ബഹുരാഷ്ട്രക്കുത്തകകളുടെ ചൂഷണത്തിന് ഇടം നല്‍കാതെ ഡോ. കുര്യന്‍ കൃഷ്ണമണി പോലെ മരണം വരെ സംരക്ഷിച്ചുപോന്നു.
ശക്തമായ ക്ഷീരമേഖല
ക്ഷീര കര്‍ഷകരെ ചൂഷണം ചെയ്ത് കൊള്ളലാഭം നേടിയ പെസ്റ്റോണ്‍ജി എദുല്‍ജി ആരംഭിച്ച പോള്‍സണ്‍ ഡെയറി നടത്തിയ നീതിബോധമില്ലാത്ത ബിസിനസ്സിനെതിരെ ത്രിഭുവന്‍ദാസ് പട്ടേലിന്റെ നേതൃത്വത്തില്‍ 1946 ഡിസംബര്‍ 14 നാരംഭിച്ച കെയ്‌റ ഡിസ്ട്രിക്റ്റ് സഹകരണ മില്‍ക്ക് യൂണിയന്‍ ഒരു അംഗകേന്ദ്രീകൃത പാല്‍ വ്യാപാരം അമുല്‍ ബ്രാന്റില്‍ കെട്ടിപ്പടുത്തു. ഇന്ത്യയിലെ പാലുല്‍പ്പാദനം 1951 ല്‍ 17 ദശലക്ഷം ടണ്‍ ആയിരുന്നത് 2017-18 ആയപ്പോള്‍ 176.4 ദശലക്ഷം ടണ്ണായി വളര്‍ന്നു. 2016-17 ലെ ഉല്‍പ്പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍ 6.65 ശതമാനം വളര്‍ച്ചനിരക്ക് കൈവരിച്ചിട്ടുണ്ട്. ആളോഹരി പാല്‍ ലഭ്യത 1950-51 ല്‍ പ്രതിദിനം 130 ഗ്രാം എന്നതില്‍ നിന്ന് 2017-18 ല്‍ 374 ഗ്രാമായി വളര്‍ന്നിരിക്കുന്നു. 2017 ലെ കണക്കനുസരിച്ച് പ്രതിദിനം അന്തര്‍ദേശീയ പാല്‍ ഉപഭോഗം 294 ഗ്രാം മാത്രമായിരിക്കെ ഇന്ത്യയുടെ വളര്‍ച്ച അസൂയാവഹമാണ്.
ചിട്ടയായ പ്രവര്‍ത്തനം
ഇന്ത്യയിലെ ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ സുസ്ഥിരമായ ചിട്ടയായ പ്രവര്‍ത്തനം ക്ഷീരമേഖലയില്‍ മാത്രമാണ് നടക്കുന്നത്. കാര്‍ഷിക മേഖലയില്‍ സ്ഥിരമായ ഉല്‍പ്പാദന വളര്‍ച്ചനിരക്ക് നേടുന്നത് ക്ഷീരമേഖലയില്‍ മാത്രമാണ്. രണ്ടര ദശാബ്ദത്തില്‍ പാലുല്‍പ്പാദനത്തിന്റെ ഇഅഏഞ 4.3 ശതമാനവും പ്രതിദിന ആളോഹരി പാല്‍ ലഭ്യതയുടെ വളര്‍ച്ചനിരക്ക് 2.79 ശതമാനവും നേടി.
അസംഘടിത മേഖലയില്‍ ആശയറ്റ് ജീവിച്ച 166 ലക്ഷം കര്‍ഷകരെ 1,85,903 ഗ്രാമീണ ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങളിലൂടെ സംഘടിപ്പിച്ച സുശക്തമായ ബിസിനസ് സംവിധാനമാണ് ആനന്ദ് പാറ്റേണ്‍ ക്ഷീരോല്‍പ്പാദക ശൃംഖല . ലോക വിപണിയില്‍ ക്ഷീര മേഖലയില്‍ തളര്‍ച്ച നേരിടുന്ന ഈ അവസ്ഥയില്‍ സ്വകാര്യ മേഖല കര്‍ഷകര്‍ക്ക് പാല്‍ വില കുറച്ചപ്പോള്‍ അമുല്‍ മാതൃകാ സഹകരണ സംഘങ്ങള്‍ പാല്‍വിലയിലെ സ്ഥിരത നിലനിര്‍ത്തി സംഭരണത്തിലെ വളര്‍ച്ചനിരക്ക് 11 ശതമാനം നേടി ശക്തമായ സാന്നിധ്യമാണ് ഉറപ്പിച്ചിരിക്കുന്നത്. ഡെയറി സംഘങ്ങള്‍ 2016-2017 ല്‍ 428.7 ലക്ഷം കിലോ പാല്‍ പ്രതിദിനം സംഭരിച്ചപ്പോള്‍ 2017-18 ല്‍ അത് 475.6 ലക്ഷം കിലോയായി വര്‍ധിച്ചു.
സ്ത്രീശാക്തീകരണ ഉറവിടം
കോടിക്കണക്കിന് മാര്‍ജിനല്‍ കര്‍ഷകര്‍ക്ക് ഉപവരുമാനം നേടിക്കൊടുക്കുന്ന മേഖലയാണ് സഹകരണ ഡെയറി. ഇന്ത്യയിലെ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളിലൂടെ 49 ലക്ഷം വനിതകള്‍ക്ക് സുസ്ഥിര തൊഴില്‍ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാറ്റിലുമുപരി 32,092 വനിതാ സംഘങ്ങളിലൂടെ വനിതാ നേതൃത്വമാതൃക സൃഷ്ടിച്ചെടുക്കാനും സഹകരണ ക്ഷീരമേഖലയ്ക്കു കഴിഞ്ഞു.
ഇന്ത്യയിലെ മൊത്തം പാലുല്‍പ്പാദനത്തിന്റെ 48 ശതമാനവും ഉല്‍പ്പാദന ഉറവിടത്തിലോ അയല്‍വാസികളോ ഉപയോഗിക്കുകയാണ്. ഉല്‍പ്പാദനത്തിന്റെ 52 ശതമാനം വരുന്ന മിച്ചം നഗരപ്രദേശങ്ങളില്‍ വില്‍ക്കുന്നു. വിപണന മിച്ചത്തിന്റെ 40 ശതമാനം മാത്രമാണ് സംഘടിത മേഖലയില്‍ വ്യാപാരം നടത്തുന്നത്. ഇതില്‍ത്തന്നെ 20 ശതമാനത്തില്‍ താഴെയേ സഹകരണ മേഖല കൈകാര്യം ചെയ്യുന്നുള്ളു. എന്നിരുന്നാലും, ഇന്ത്യയിലെ പാല്‍ വ്യാപാരം നിയന്ത്രിക്കുന്നത് സഹകരണസംഘങ്ങളാണ്. ഈ മേഖല തകര്‍ന്നാല്‍ ക്ഷീരോല്‍പ്പാദക മേഖല ബഹുരാഷ്ട്രക്കുത്തകകളുടെ ചൂഷണത്തിന്റെ കൂത്തരങ്ങായി മാറും.
വിലനിലവാര ചൂതാട്ടമില്ലാത്ത മേഖല
ക്ഷീരോല്‍പ്പന്നം മാത്രമാണ് കര്‍ഷകര്‍ക്ക് ഒരാഴ്ചയോ രണ്ടാഴ്ചയോ കൂടുമ്പോള്‍ പണലഭ്യത ഉറപ്പുവരുത്തി കുടുംബത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുപകരിക്കുന്നത്. ഈ മേഖല കര്‍ഷകരുടെ ഉത്തമ സംരക്ഷകനായി മാറിയിട്ടുണ്ടെന്നതിനുള്ള ചില വസ്തുതകള്‍ നോക്കുക:
1. ഇടനിലക്കാരെ ഒഴിവാക്കി.
2. ഉല്‍പ്പാദന പ്രക്രിയയില്‍ കര്‍ഷകന്‍ മുഖേന ഉണ്ടാക്കുന്ന മിച്ചമൂല്യം ഉല്‍പ്പാദക ബോണസ്, ഉരുക്കളുടെ ചികിത്സ, ഇന്‍ഷ്വറന്‍സ് സബ്‌സിഡി, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് സബ്‌സിഡി, സജീവ അംഗങ്ങള്‍ക്ക് പെന്‍ഷന്‍, പാലുല്‍പ്പാദനത്തിനുള്ള അസംസ്‌കൃത പദാര്‍ഥങ്ങളുടെ സബ്‌സിഡിയോടെയുള്ള വിതരണം, ജനുസ്സുകളുടെ ഗുണമേന്മ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, നിരന്തര വിജ്ഞാന വ്യാപനത്തിലൂടെ അംഗങ്ങളെ പാലുല്‍പ്പാദക പ്രൊഫഷണലുകളാക്കി മാറ്റുന്ന നിരന്തര പ്രവര്‍ത്തനം എന്നിവയിലൂടെ കര്‍ഷകനു തന്നെ തിരിച്ചു നല്‍കുന്നു. ചൂഷണമില്ലാത്ത ഒരു ഉല്‍പ്പാദന പ്രക്രിയ ഡോ. വര്‍ഗീസ് കുര്യന്റെ ദര്‍ശനത്തിലൂടെ വികസിപ്പിച്ചെടുത്ത് കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും മുതലാളിത്ത വ്യവസ്ഥയുടെയും സദ്ഗുണങ്ങളെ സംയോജിപ്പിച്ചിരിക്കുന്ന ഏക മേഖലയാണ് ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങള്‍.
3. വിലനിലവാര ക്രമീകരണം സൂക്ഷ്മതയോടെ നിയന്ത്രിച്ച് നിറുത്തുന്ന ഏക കാര്‍ഷിക ഉല്‍പ്പന്നമാണ് പാല്‍. കഴിഞ്ഞ രണ്ടര ദശാബ്ദത്തില്‍ വിലയിലുള്ള അസ്ഥിരത 10 ശതമാനത്തില്‍ താഴെ നിലനിറുത്തിയ ഏക കാര്‍ഷിക ഉല്‍പ്പന്നവും പാല്‍ തന്നെ.
4. യു.എസ്സില്‍ ചില്ലറ പാല്‍ വില്‍പ്പനവിലയുടെ 30 ശതമാനം മാത്രമാണ് കര്‍ഷകര്‍ക്ക് എത്തുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഇത് 70-80 ശതമാനത്തോളമാണ്.
5. പ്രധാനമന്ത്രിയുടെ പദ്ധതികളായ പണരഹിത സാമ്പത്തിക ഇടപാട്, നേരിട്ട് ആനുകൂല്യം കൈമാറല്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നിവ ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങള്‍ ആത്മാര്‍ഥമായി നടപ്പാക്കിയിട്ടുണ്ട്. ദിനംപ്രതി 120 കോടിയുടെയും പ്രതിവര്‍ഷം 44,000 കോടിയുടെയും ബാങ്കിടപാടാണ് രണ്ടു കോടി കര്‍ഷകര്‍ നടത്തുന്നത്. ക്ഷീര കര്‍ഷകരുടെ എല്ലാ ആനുകൂല്യങ്ങളും ഇന്ന് DBT സംവിധാനത്തിലൂടെ ആയിക്കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആത്മാര്‍ഥതയോടെ നടപ്പാക്കുന്ന ഏക പ്രസ്ഥാനവുമിതാണ്.
രഹസ്യ അജന്‍ഡ
കോര്‍പ്പറേറ്റുകള്‍ക്കും ബഹുരാഷ്ട്രക്കുത്തകകള്‍ക്കും കടന്നുകയറാന്‍ കഴിയാത്ത രീതിയിലുള്ള ആനന്ദ് പാറ്റേണ്‍ സംവിധാനം ഞഇഋജ മുഖേന തകര്‍ക്കാന്‍ കഴിയും. ഈ രഹസ്യ അജന്‍ഡ ഞഇഋജ യിലൂടെ നടപ്പാക്കുന്നുണ്ടോ എന്ന് ക്ഷീരകര്‍ഷകര്‍ സംശയിക്കുന്നു. കോമേഴ്‌സ് മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്റര്‍ ഓഫ് റീജണല്‍ ട്രേഡ് ( CRT ) വരുന്ന പത്തു വര്‍ഷത്തില്‍ ഇന്ത്യയിലെ പാലുല്‍പ്പാദനം കുറയുകയും ഇന്ത്യ പാല്‍ക്ഷാമ രാജ്യമായി മാറുകയും ചെയ്യും എന്ന വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തുന്നതായി ആരോപണമുണ്ട്. എന്നാല്‍, ഇന്ത്യയുടെ ബുദ്ധികേന്ദ്രമായ നീതിആയോഗിന്റെ നിഗമനം ഡിമാന്റിനെക്കാളുമധികം ഉല്‍പ്പാദനം ഉണ്ടാകുമെന്നാണ്.
ആര്‍.സി. ഇ. പി. യഥാര്‍ഥ്യമായാല്‍ കരാറില്‍ അംഗങ്ങളാവുന്ന, കോര്‍പ്പറേറ്റ് ഫാര്‍മിംഗ് നടത്തുന്ന പ്രമുഖ രാജ്യങ്ങളോട് ഇന്ത്യക്ക് ചെറുത്തുനില്‍ക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. പാലുല്‍പ്പാദനത്തില്‍ ബഹുദൂരം മുന്നോട്ട് പോയ രാജ്യമാണ് ആസ്‌ത്രേലിയ. അവിടെ 8594 ഫാമുകളിലായി 16 ലക്ഷം പശുക്കള്‍. 1000 മുതല്‍ 5000 വരെ പശുക്കളുള്ള ഫാമുകള്‍ സര്‍വ്വസാധാരണം. ശരാശരി ഒരു ഫാമില്‍ 273 പശുക്കള്‍. പാലിന്റെ വിലയിലുള്ള അസ്ഥിരത കാരണം പശുക്കളെ ബീഫിന് വേണ്ടി ഉപയോഗിക്കുന്നതാണ് ആസ്‌ത്രേലിയയിലെ വര്‍ത്തമാനകാല പ്രതിസന്ധി.
ഇന്ത്യയ്ക്ക് ഏറ്റവും കുടുതല്‍ മത്സരം നേരിടേണ്ടിവരുന്നത് ന്യൂസിലാന്റില്‍ നിന്നായിരിക്കും. വളരെ കുറഞ്ഞ ജനസംഖ്യയുള്ള ഈ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ 95 ശതമാനവും കയറ്റി അയക്കുകയാണ്. പശുക്കളെ വളര്‍ത്തുന്നവര്‍ കേവലം 6940 .
ജപ്പാന്‍ കോര്‍പ്പറേറ്റ് ഫാമിങ്ങിലേക്ക് തിരിയുകയാണ്. ചൈന പാലുല്‍പ്പാദനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണെങ്കിലും പാല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. എന്നാല്‍, നാഷണല്‍ ബ്യൂറോ ഒഫ് സ്‌ററാറ്റിസ്റ്റ്ക്‌സിന്റെ 2017 ലെ കണക്കനുസരിച്ച് ചൈനയിലെ പാലുല്‍പ്പാദനം 42 ശതമാനം വളര്‍ച്ചനിരക്കോടെ 293 ലക്ഷം ടണ്ണായി ഉയര്‍ന്നുകഴിഞ്ഞു.
പല യൂറോപ്യന്‍ രാജ്യങ്ങളിലും പാലുല്‍പ്പാദനത്തിലുണ്ടായ അമിത വര്‍ധന കാരണം സര്‍ക്കാര്‍ സബ്‌സിഡി കുറയ്ക്കുന്നതിനുവേണ്ടി ഫാമുകള്‍ക്ക് ക്വോട്ടാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കയാണ്. അമിതമായി ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ സ്വന്തം ഫാമുകളില്‍ കുഴികളുണ്ടാക്കി നശിപ്പിക്കുകയാണവിടെ. ആര്‍.സി.ഇ.പി.യില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ വില കുറച്ച് ഈ പാല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അവസ്ഥയുണ്ടാവും.
ശരാശരി 10 കറവമാടുകള്‍ മാത്രമുള്ള ഇന്ത്യന്‍ ക്ഷീരോല്‍പ്പാദകര്‍ക്ക് സ്വകാര്യ കുത്തകകളോട് മത്സരിക്കാന്‍ ഇതുവരെ സര്‍ക്കാരിന്റെ സഹായത്തോടെ കഴിഞ്ഞു. എന്നാല്‍, ഇന്ത്യയിലെ ക്ഷീര കര്‍ഷകന് ഒരു ഗുണവുമില്ലാത്ത ആര്‍.സി.ഇ.പി. വഴി ഇന്ത്യയിലെ ചുരുക്കം കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് ഞഇഋജ യിലെ രാജ്യങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ അവസരമുണ്ടാക്കുകയാണ്. സേവന മേഖലയിലൂടെ ഉണ്ടാകാവുന്ന നാമമാത്ര നേട്ടത്തിനു വേണ്ടി കോടിക്കണക്കിനു വരുന്ന കര്‍ഷകരുടെ അത്താണിയായ ഉല്‍പ്പാദനമേഖലയെ നശിപ്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ല.
കള്ളപ്രചാരണം
ഇന്ന് വിപണിയിലുള്ള അ-1 പാല്‍ സങ്കരയിനം പശുക്കളുടേതാണെന്നും ഈ പാലുപയോഗിച്ചാല്‍ ഹൃദ്രോഗവും അമിതവണ്ണവുമുണ്ടാകുമെന്നുമുള്ള പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യന്‍ പശുക്കളെ സങ്കരയിനമാക്കി മാറ്റി നാടന്‍ കാളകളേയും പശുക്കളേയും കൊന്നൊടുക്കിയിട്ട് ഇപ്പോള്‍ സങ്കരയിനം പശുക്കളുടെ പാല്‍ മോശമാണെന്ന് പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിലുള്ള 43 ഇനം നാടന്‍ പശുക്കളില്‍ 22 ജനുസ്സുകള്‍ക്ക്് 100 ശതമാനം അ-2 കണികകളുള്ള ( Beta Casein ) പാലുല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ജനുസ്സുകളെ ഇന്‍ ബ്രീഡിംഗ് നടത്തി ഉല്‍പ്പാദനശേഷി കൂട്ടി അ-2 എന്ന രണ്ടാം തലമുറ പാല്‍വിപണി ലക്ഷ്യംവച്ചുള്ള വിപണനതന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. എരുമപ്പാലിന്റേയും സങ്കരയിനം പശുക്കളുടെ പാലിന്റേയും വിപണനം നിരുത്സാഹപ്പെടുത്താന്‍ വ്യാപകമായ പ്രചാരവേല വരികയാണ്. ഇതെല്ലാം ഇന്ത്യന്‍ ക്ഷീരോത്പാദനത്തിന്റെ അടിവേരിളക്കും.
തകരുന്നത് സഹകരണ പ്രസ്ഥാനം
ആര്‍.സി.ഇ.പി യില്‍ ഇന്ത്യ ഒപ്പിട്ടാല്‍ കാര്‍ഷിക മേഖലയിലുള്ള സഹകരണ സംഘങ്ങള്‍ക്ക് ദോഷമാണ്. എന്നാല്‍, തുടക്കം മുതല്‍ പ്രതിരോധം തീര്‍ത്തത് അമൂലും നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡും മാത്രമാണ്. ദേശീയ സഹകരണ യൂണിയനോ മറ്റ് സഹകാരികളോ ഒന്നുംതന്നെ കാര്യക്ഷമമായ പ്രതിരോധം സൃഷ്ടിക്കുന്നില്ല. രാഷ്ട്രത്തലവന്‍മാരുടെ ചര്‍ച്ച വരുന്നതിനു മുമ്പ് സഹകാരികളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാവണം. അന്താരാഷ്ട്ര സഹകരണ സഖ്യം ( ICA ), ഏഷ്യ പസഫിക്ക് സഹകരണ സഖ്യം എന്നിവ അടിയന്തരമായി ആര്‍.സി.ഇ.പി. യില്‍ ഇന്ത്യന്‍ ക്ഷീര മേഖലയെ ഉള്‍പ്പെടുത്താതിരിക്കാന്‍ ശക്തമായി ഇടപെടണം.