ഇത് ഒരു സഹകരണ സ്ഥാപനം: ഏകീകൃത ബോര്‍ഡ് നിലവില്‍ വന്നു
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്കായി ഇത് ഒരു സഹകരണ സ്ഥാപനം എന്നെഴുതിയ ഏകീകൃത ബോര്‍ഡ് നിലവില്‍ വന്നു. കേരള സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ പൊതുജനങ്ങള്‍ക്കും സഹകാരികള്‍ക്കും വ്യക്തമായി തിരിച്ചറിയുന്നതിനും ആധികാരികത ഉറപ്പ് വരുത്തുന്നതിനമാണ് പുതിയ പരിഷ്കരണം സഹകരണ വകുപ്പ് നടപ്പിലാക്കുന്നത്.
മള്‍ട്ടി സ്റ്റേറ്റ് പോലുള്ള കേന്ദ്ര സംഘങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വം ഇല്ലെന്നു പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും കേന്ദ്ര- സംസ്ഥാന സഹകരണ സംഘങ്ങളെ വേര്‍തിരിച്ചറിയാന്‍ ഈ പുതിയ ബോര്‍ഡ് സഹായകരമാകും. 69 മത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് സഹകരണ മന്ത്രി വി.എന്‍. വാസവന് ലോഗോ പ്രകാശനം ചെയ്തത്. ആദ്യ ലോഗോ മണ്ണാര്‍ക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ സുരേഷ്,സെക്രട്ടറി എം.പുരുഷോത്തമന് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സഹകാരികളെയും, പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഏകീകൃത ബോര്‍ഡ് എന്ന ആശയത്തിന്റെ പ്രസക്തി വലുതാണ്. നിലവില്‍ സംഘങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കാതെതന്നെ വകുപ്പ് തയ്യാറാക്കിയ ഏകീകൃത ബോര്‍ഡ് കൂടി സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് – മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
[mbzshare]