ആറു പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി കാക്കൂര്‍ സഹകരണ ബാങ്ക് മുന്നോട്ട്
1962 ല്‍ സ്ഥാപിതമായ കോഴിക്കോട് കാക്കൂര്‍ സഹകരണ ബാങ്ക്
61 വര്‍ഷം പിന്നിടുമ്പോള്‍ 98 കോടി രൂപ നിക്ഷേപവും
പതിമൂവായിരത്തോളം അംഗങ്ങളുമുണ്ട്. നഷ്ടത്തില്‍നിന്നു
കഠിനാധ്വാനത്തിലൂടെ കരകയറിയ ചരിത്രമാണ് ഈ ബാങ്കിനുള്ളത്.
സ്വന്തമായി അഞ്ചുനിലക്കെട്ടിടം, രണ്ട് ശാഖകള്‍, നീതി മെഡിക്കല്‍
സെന്റര്‍, മെഡിക്കല്‍ സ്റ്റോര്‍, ഹോം അപ്ലയന്‍സസ് ഷോറും,
ഓഡിറ്റോറിയം എന്നിവ ബാങ്കിനുണ്ട്.
നഷ്ടക്കണക്കുകളില്‍നിന്നു കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ കോഴിക്കോട് ജില്ലയിലെ മുന്‍നിര ക്ലാസ് വണ്‍ സ്പെഷ്യല്‍ ഗ്രേഡ് ബാങ്കെന്ന പദവിയിലേക്ക് ഉയര്‍ത്തിയതിനു പിന്നില്‍ സഹകാരികളുടെയും ജീവനക്കാരുടെയും കഠിനാധ്വാനവും നാട്ടുകാരുടെ പിന്തുണയുമാണുള്ളത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ നാലു കോടി രൂപയോളം നഷ്ടത്തിലായിരുന്നു ബാങ്ക്. എന്നാലിപ്പോള്‍ ലാഭത്തിലാണ്. ബാങ്കിനു 98 കോടി രൂപയോളം നിക്ഷേപവും രണ്ടു കോടിയോളം ഓഹരി നിക്ഷേപവുമുണ്ട്. 79 കോടി രൂപയോളം വായ്പയായി അനുവദിച്ചിട്ടുണ്ട്. ബാങ്കിനു സ്വന്തമായുളള 39 സെന്റ് സ്ഥലത്തു ഗ്രൗണ്ട് ഫ്‌ളോര്‍ അടക്കം അഞ്ചുനില കെട്ടിടം, സായാഹ്ന ശാഖയടക്കം രണ്ട് ശാഖകള്‍, നീതി മെഡിക്കല്‍ സെന്റര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍, ഹോം അപ്ലയന്‍സസ് ഷോറും, മികച്ച ഓഡിറ്റോറിയം തുടങ്ങിയവയെല്ലാമുണ്ട്.
1962 ല്‍ സ്ഥാപിതമായ കാക്കൂര്‍ സഹകരണ ബാങ്ക് നിരവധി പ്രതിസന്ധികളെ അതിജീവിച്ച് 61 വര്‍ഷം പിന്നിടുകയാണ്. കര്‍ഷകരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി രൂപവത്കരിച്ച നടുവല്ലൂര്‍ ഐക്യ നാണയസംഘമാണു കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്ന നിലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുന്നത്. ഏഴു വര്‍ഷം മുമ്പു പന്ത്രണ്ടു കോടി രൂപയായിരുന്നു മൂലധനം. ബാങ്കിങ് മേഖലയില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായിട്ടുപോലും ഇപ്പോള്‍ 98 കോടി രൂപയുടെ നിക്ഷേപമുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ സഹകരണ ബാങ്കിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്, 2017-18 ല്‍ പ്രാഥമിക ബാങ്കിനു ദേശീയതലത്തില്‍ നല്‍കുന്ന ബാങ്കിങ് ഫ്രോണ്ടിയര്‍ അവാര്‍ഡ്, നബാര്‍ഡിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. കാക്കൂര്‍ പഞ്ചായത്തിലെ കുടുംബശ്രീക്കു നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തി പഞ്ചായത്ത് സി.ഡി.എസ്സിന്റെ വക ഉപഹാരവും കാക്കൂര്‍ ബാങ്കിനു ലഭിച്ചിട്ടുണ്ട്.
പരേതനായ മേയന സി.പി. ചാപ്പുണ്ണി നായരാണു ബാങ്കിന്റെ സ്ഥാപകപ്രസിഡന്റ്. തുടര്‍ന്ന് ആര്‍. ചന്തുക്കുട്ടി നായര്‍, കുളുക്കയില്‍ കണ്ടക്കുട്ടി മാസ്റ്റര്‍, ഇ.സി. ദാമോദരന്‍ നായര്‍, പറമ്പടി ദാമോദരന്‍ മാസ്റ്റര്‍, പൂമംഗലത്ത് അബ്ദുറഹിമാന്‍, കെ. ദേവദാസന്‍ കിടാവ്, കെ. സദാനന്ദന്‍ കിടാവ്, പി.കെ. മാധവന്‍, കെ.സി. ബാലകൃഷ്ണന്‍, സി.ടി. ആരിഫ് എന്നിവര്‍ പ്രസിഡന്റുമാരായി. നിലവില്‍ സി.പി. വിശ്വനാഥന്‍ നായര്‍ പ്രസിഡന്റും ഒ.കെ. ലോഹിതാക്ഷന്‍ വൈസ് പ്രസിഡന്റുമായ 11 അംഗ ഭരണസമിതിയാണു ബാങ്കിനു നേതൃത്വം നല്‍കുന്നത്. കാക്കൂര്‍ ബസാറിലും പാവണ്ടൂരിലും ബാങ്കിനു ശാഖകളുണ്ട്. ഒന്നര വര്‍ഷം കൊണ്ടാണു കാക്കൂരങ്ങാടിയില്‍ ബാങ്കിന്റെ പുതിയ ബഹുനിലക്കെട്ടിടം നിര്‍മിച്ചത്. 2022 മാര്‍ച്ച് പത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തറക്കല്ലിട്ട മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗ് കോംപ്ലക്‌സ് അദ്ദേഹംതന്നെ 2023 ജൂലായ് ആറിന് ഉദ്ഘാടനം ചെയ്തു.
അഞ്ചുനില
കെട്ടിടം
കാക്കൂരിന്റെ ഹൃദയഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ അഞ്ചു നിലകളിലായി 20,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള കെട്ടിടമാണു ബാങ്കിനുവേണ്ടി നിര്‍മിച്ചത്. ബാങ്കിന്റെ ഒന്നാം നിലയില്‍ നീതി മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. വൈദ്യശാസ്ത്ര മേഖലയിലെ ആധുനിക സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. നീതി മെഡിക്കല്‍ സെന്ററില്‍ പോളി ക്ലിനിക്ക്, നീതി ലാബ്, നീതി ഫാര്‍മസി എന്നിവയുമുണ്ട്. നൂതനമായ ഡി.ആര്‍. ടെക്‌നോളജിയിലുളള എക്‌സ്‌റേ മെഷീനാണ് ഇവിടെയുളളത്. രണ്ട് സ്ഥിരം ഡോക്ടര്‍മാരും മറ്റു പത്തു ഡോക്ടര്‍മാരും ഇവിടെ സേവനത്തിനെത്തുന്നുണ്ട്.
മുന്നൂറിലധികം ആളുകളെ ഉള്‍ക്കൊളളാന്‍ കഴിയുന്ന, മികച്ച ശബ്ദ-വെളിച്ച സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളള ശീതീകരിച്ച ഓഡിറ്റോറിയം ബാങ്കിനുണ്ട്. സ്ഥിരമായി പരിപാടികള്‍ നടക്കുന്നതു കാരണം നല്ലൊരു വരുമാനം ഇതിലൂടെയും ലഭിക്കുന്നു. ലീഡര്‍ കെ. കരുണാകരന്‍ മെമ്മോറിയല്‍ ഹാള്‍ എന്നാണ് ഓഡിറ്റോറിയം അറിയപ്പെടുന്നത്. വര്‍ഷത്തില്‍ 40 ലക്ഷം രൂപ വരെ വിറ്റുവരവുളള വളം ഡിപ്പോയും ബാങ്കിനുണ്ട്. ബാങ്കിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി മുമ്പു നടത്തിയ ടൂവീലര്‍ മേള ശ്രദ്ധേയമായിരുന്നു. 101 വനിതകള്‍ക്കാണു ടൂവീലര്‍ വായ്പ നല്‍കിയത്. ഇവരെല്ലാം തുക തിരിച്ചടച്ചിട്ടുണ്ട്.
വനിതകള്‍ക്ക്
രണ്ടു പദ്ധതി
സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനുവേണ്ടി രണ്ടു പദ്ധതികള്‍ ബാങ്ക് നടത്തി. സമ്പൂര്‍ണ കോഴിഗ്രാമം പദ്ധതിയാണ് ഒന്ന്. ഇതില്‍പ്പെടുത്തി കോഴിയും കോഴിക്കുഞ്ഞും വിതരണം ചെയ്തു. തയ്യല്‍ മെഷീന്‍ വാങ്ങാനുളള സഹായമായിരുന്നു മറ്റൊരു പദ്ധതി. വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനു പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാര്‍ഥിമിത്ര ഡെപ്പോസിറ്റ് സ്‌കീം ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള നിക്ഷേപം ബാങ്ക് ജീവനക്കാര്‍ നിശ്ചിത ദിവസങ്ങളില്‍ സ്‌കൂളില്‍ ചെന്നു ശേഖരിക്കുകയാണ്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ ബിസിനസ് ലോണ്‍ നല്‍കുന്നുണ്ട്. ബാങ്കിന്റെ കോ-ഓപ്പറേറ്റീവ് ഹോം അപ്ലയന്‍സസ് ഗൃഹോപകരണങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്നവരുടെ പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞു.
കുറഞ്ഞ പലിശയില്‍ വിവിധതരം വായ്പകള്‍ ബാങ്ക് നല്‍കുന്നുണ്ട്. കാര്‍ഷികവായ്പ, വാഹനവായ്പ, ഭവനനിര്‍മാണ വായ്പ, സ്വയംസഹായ സംഘങ്ങള്‍ക്കുളള വായ്പ, കച്ചവടവായ്പ എന്നിവയാണ് ഇവയില്‍ പ്രധാനം. കാക്കൂര്‍ പഞ്ചായത്തിലെ രണ്ടായിരത്തോളം പേര്‍ക്കു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതു കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുഖാന്തരമാണ്.
കോവിഡ്കാലത്ത് എഫ്.എല്‍.ടി.സി.യിലേക്ക് അമ്പതു കിടക്കകള്‍ ബാങ്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറു ലക്ഷം രൂപ നല്‍കി. വിദ്യാര്‍ഥികള്‍ക്കു വിദ്യാതരംഗിണി എന്ന പേരില്‍ പലിശരഹിത വായ്പയും നല്‍കിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാറിന്റെ പെന്‍ഷന്‍ കണ്‍സോര്‍ഷ്യം സ്‌കീമിലേക്കു രണ്ടു കോടി രൂപയാണു ബാങ്ക് നല്‍കിയത്. ആധുനികരീതിയിലുളള മൊബൈല്‍ ബാങ്കിങ്, എസ്.എം.എസ്. അലര്‍ട്ട്, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി. സൗകര്യങ്ങളും ബാങ്കിനുണ്ട്.
13,000
അംഗങ്ങള്‍
2023 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ബാങ്കിനു 2205 എ ക്ലാസ് മെമ്പര്‍മാരും 4639 സി ക്ലാസ് മെമ്പര്‍മാരും 6138 ഡി ക്ലാസ് മെമ്പര്‍മാരുമാണുള്ളത്. ഇപ്പോള്‍ 19 ജീവനക്കാരും മൂന്നു കളക്ഷന്‍ ഏജന്റുമാരുമുണ്ട്. സി.പി. വിശ്വനാഥന്‍ നായര്‍ പ്രസിഡന്റായും ഒ.കെ. ലോഹിതാക്ഷന്‍ വൈസ് പ്രസിഡന്റുമായുള്ള ഭരണസമിതിയില്‍ പി. ബിജു, സി. ഷാജു, പി. പ്രജീഷ്, പി.കെ. ശ്രീശന്‍, സി.ടി. മുഹമ്മദാലി, പി.പി. ഷൈജിത്ത്, കെ. ഫാത്തിമ, സി.പി. രജില, പി.എം. റസീന എന്നിവരും അംഗങ്ങളാണ്. കെ. സുജേഷ് കുമാറാണു സെക്രട്ടറി.
(മൂന്നാംവഴി സഹകരണ മാസിക ജനുവരി ലക്കം 2024)
[mbzshare]