ആര്‍.ബി.ഐ. പിന്നോട്ടില്ല; സംഘങ്ങള്‍ ബാങ്ക് എന്ന് ഉപയോഗിക്കരുത്, നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല

Deepthi Vipin lal

സഹകരണ സംഘങ്ങള്‍ക്ക് എതിരായ നീക്കത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങളെക്കുറിച്ച് പത്രപ്പരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആര്‍.ബി.ഐ. പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ക്കെതിരെ കേരളം ഉള്‍പ്പടെ പ്രതിഷേധിക്കുന്നതിനിടെയാണ് ആര്‍.ബി.ഐ. നിലപാട് കടുപ്പിക്കുന്നത്.

സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നു ആര്‍.ബി.ഐ. വ്യക്തമാക്കി.
കേരളം ശക്തമായി എതിര്‍ക്കുന്ന ഈ വ്യവസ്ഥയില്‍ പിന്നോട്ടില്ലെന്നാണ് നിലപാട്. ഇക്കാര്യം
വ്യക്തമാക്കിയാണ് പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെയുള്ള
ജാഗ്രതാ നിര്‍ദ്ദേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ച പത്രപ്പരസ്യം. 2020 സെപ്തംബര്‍ 29ന് നിലവില്‍
വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമ പ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍ എന്നീ വാക്കുകള്‍ അവരുടെ പേരിന്റെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. ചില സഹകരണ സംഘങ്ങള്‍ പേരിന്റെകൂടെ ബാങ്കര്‍ എന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ആര്‍.ബി.ഐ. പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്നു. ഇത്തരം ബാങ്കുകള്‍ക്ക് ബാങ്കിംഗ് റഗുലേഷന്‍ ആക്ട് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ഇവയെ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന്   അധികാരപ്പെടുത്തിയിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ വ്യക്തമാക്കി. ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക്
ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പ്പേറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കില്ലെന്നും ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്ക് നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍.ബി.ഐ. ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇപ്പോഴത്തെ ആര്‍.ബി.ഐ.യുടെ കുറിപ്പില്‍ ഭേദഗതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ
മറികടക്കാനാണ് ശ്രമിക്കുന്നതെന്നു മന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News