അമുല്‍ ആന്ധ്രയില്‍ പുതിയ ക്ഷീരസംഭരണശാല തുടങ്ങുന്നു
385 കോടി രൂപയാണു ക്ഷീരസംഭരണശാലയ്ക്കായി അമുല്‍ ചെലവഴിക്കുന്നത്. 5,000 പേര്‍ക്കു പുതുതായി ജോലി നല്‍കുന്ന ഈ സംരംഭം രണ്ടു ലക്ഷം പേര്‍ക്കു പരോക്ഷമായും ജോലി നല്‍കും. ഇരുപതു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചിറ്റൂരിലെ ക്ഷീരസംഭരണശാല പുനരുജ്ജീവിപ്പിച്ചുകൊണ്ടാണു പുതിയ സംരംഭം തുടങ്ങുന്നത്. സംഭരണശാലയുടെ കടം 182 കോടിയായി വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ആ പദ്ധതി ഉപേക്ഷിച്ചത്. കരാറനുസരിച്ചു ചിറ്റൂര്‍ ഡെയറിയുടെ ഭൂമി പാട്ടത്തിനു കിട്ടിക്കഴിഞ്ഞാല്‍ അമുല്‍ പത്തു മാസത്തിനുള്ളില്‍ അവിടെ പാല്‍സംസ്‌കരണ യൂണിറ്റ് പൂര്‍ത്തിയാക്കും. പനീര്‍, തൈര്, പാല്‍ക്കട്ടി, വെണ്ണ, ഐസ്‌ക്രീം എന്നിവയുണ്ടാക്കാനുള്ള യൂണിറ്റുകളും പാല്‍പ്പൊടി ഫാക്ടറിയും ഇവിടെ പണിയും.
ചിറ്റൂര്‍ ഡെയറിയുടെ പതനത്തിനു കാരണക്കാരന്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണെന്നു തറക്കല്ലിടല്‍ ചടങ്ങില്‍ ജഗന്‍മോഹന്‍ റെഡ്ഡി ആരോപിച്ചു. നായിഡുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഒരു സ്വകാര്യ ക്ഷീരസംഭരണക്കമ്പനി തുടങ്ങിയതാണു ചിറ്റൂര്‍ ഡെയറിയുടെ നഷ്ടത്തിനു കാരണമെന്നും നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്തു 2002 ആഗസ്റ്റ് 31 നാണു ചിറ്റൂര്‍ ഡെയറി അടച്ചുപൂട്ടിയതെന്നും ജഗന്‍മോഹന്‍ റെഡ്ഡി കുറ്റപ്പെടുത്തി. ഒരു ചില്ലിങ് പ്ലാന്റായി പ്രവര്‍ത്തനമാരംഭിച്ച ഡെയറിയില്‍ 1988 ല്‍ പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിച്ചിരുന്നു. 93 ആകുമ്പോഴേക്കും ഇതിന്റെ ശേഷി മൂന്നു ലക്ഷം ലിറ്റര്‍വരെയെത്തി- റെഡ്ഡി പറഞ്ഞു.
വ്യാജ വിഡിയോക്കെതിരെ കേസ്
ഗുജറാത്തില്‍ അമുല്‍പാലിനെതിരെ വ്യാജവിഡിയോ തയാറാക്കി പ്രചരിപ്പിച്ച ആള്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമുല്‍പാലില്‍ യൂറിയ അംശം കണ്ടെത്തിയെന്ന തെറ്റായ വിവരമടങ്ങിയ വിഡിയോ ഇയാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണു കേസ്. അമുലിന്റെ സല്‍പ്പേര് നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെ പ്രചരിപ്പിച്ച വിഡിയോക്കെതിരെ ഗാന്ധിനഗറിലെ അമുല്‍ഫെഡ് ഡെയറിയുടെ സീനിയര്‍ മാനേജര്‍ അങ്കിത്കുമാര്‍ സത്യേന്ദ്രഭായ് പരീഖാണു പരാതി നല്‍കിയത്. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.