അനന്ത സാധ്യതകളുടെ വാതായനം
എഴുമാവില്‍ രവീന്ദ്രനാഥ്
( കേരള കോ-ഓപ് ജേര്‍ണല്‍ മുന്‍ എഡിറ്ററും
സഹജ ഓണ്‍ലൈന്‍ ചീഫ് എഡി
എ.ഡി. 1336 മുതല്‍ 1485 വരെ വിജയനഗരം ആസ്ഥാനമാക്കി ഭരണനിര്‍വ്വഹണം നടത്തിയ സംഘമ രാജവംശ കാലത്തു പ്രചുരപ്രചാരം നേടിയ വാക്യമാണ് ‘ലോക സമസ്ത സുഖിനോ ഭവന്തു. സമസ്ത ലോകങ്ങള്‍ക്കും സുഖം നേരുന്ന ഉദാത്തമായ ഈ ആശയത്തില്‍ നന്നാവണം സഹകരണ പ്രസ്ഥാനത്തിന്റെ പ്രാക്രൂപം ഉണ്ടായത്. എല്ലാ നന്മകളുടെയും ഈറ്റില്ലമായ ഭാരതത്തില്‍ പക്ഷേ വ്യവസ്ഥാപിതമായ ഒരു സഹകരണ ധനകാര്യ സംവിധാനം രൂപീകൃതമായതായി സുവ്യക്തമായ രേഖകളില്ലാതെ പോയതിനാലാവാം പാശ്ചാത്യദേശത്തിന് ഇതിന്റെ് ക്രെഡിറ്റ് ലഭ്യമായത്. ബ്രിട്ടനില്‍ ഉത്ഭവം എന്നും വളര്‍ച്ച എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഭാരത ദേശത്ത് പ്രാചീനകാലം മുതല്‍ തുടര്‍ന്നുവന്ന കാര്‍ഷിക സംസ്കൃതിയില്‍ കുബേരനും കുബേരക്കുഞ്ഞുങ്ങളും മണ്ഡലുകളും മണ്ഡികളും ഹുണ്ടികളുമൊക്കെ നിലനിന്നിരുന്നു.
ഇന്നലെകളിലൂടെ ഒരു യാത്ര
ഒരു സംഘടിത സ്ഥാപനമായി സഹകരണ പ്രസ്ഥാനം വളര്‍ന്നതും പടര്‍ന്നുപന്തലിച്ചതും യു.കെ.യില്‍ത്തന്നെ. ഒരു സമാന്തര സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ വളരുകയും സാമൂഹത്തിലെ സമസ്ത മേഖലകളിലേക്കും പടരുകയും ചെയ്ത സഹകരണ പ്രസ്ഥാനത്തെപ്പറ്റി വീണ്ടും ഓര്‍മിപ്പിക്കാന്‍ കാരണം ജി. മുരളീധരന് പിള്ള രചിച്ച് മെന്റര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘സഹകരണപ്രസ്ഥാനം ഇന്നലെ ഇന്ന്’ എന്ന പുതിയ പുസ്തകമാണ്. സഹകരണ പ്രസ്ഥാനത്തിന്റെ ഇന്നലെകളിലൂടെ ഗ്രന്ഥകര്‍ത്താവ് നടത്തുന്നതു വളരെ വിശാലമായ ഒരു യാത്രയാണ്. സഹകരണം എന്ന പദത്തിന്റെ ആശയത്തിലൂടെ തുടങ്ങി സഹകരണ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവവും വളര്‍ച്ചയും വിവരിച്ചുകൊണ്ട് അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ സഹകരണ വിശേഷങ്ങളിലേക്ക് അയത്നലളിതമായി അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന ശൈലിയാണ് ഇവിടെ പിന്തുടര്ന്നിരിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കു ചാലകശക്തിയായി മാറിയ മഹത് വ്യക്തിത്വങ്ങള്‍, സ്ഥാപനങ്ങള്‍, സംഭവങ്ങള്‍, പരിഷ്കാരങ്ങള്‍, നിയമനിര്‍മാണങ്ങള്‍, ശുപാര്‍ശകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം പ്രൗഢഗംഭീരമായ വിവരണങ്ങള്‍ തന്നെയാണ് ഈ പഠനഗ്രന്ഥത്തിലുള്ളത്.
റെഡി റഫറന്‍സ് പ്ലാറ്റ്ഫോം
മൂന്നു ഭാഗങ്ങളിലായി മുപ്പത്തിനാല് അധ്യായങ്ങളാണ് ഈ ഗ്രന്ഥത്തില്‍. സഹകാരികള്‍, സഹകരണ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, തൊഴിലന്വേഷകര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സാധാരണ വായനക്കാര്‍ എന്നിവര്‍ക്കെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ഗ്രന്ഥം സഹകരണ സംബന്ധിയായ ഒരു റെഡി റഫറന്‍സ് പ്ലാറ്റ്ഫോമാണെന്നു നിസ്സംശയം പറയാം. വിഷയം സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ വരെ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കേന്ദ്രത്തിലെ പുതിയ സഹകരണ മന്ത്രാലയ രൂപവത്കരണവും സംസ്ഥാനത്തെ പുതിയ സഹകരണ വകുപ്പ് മന്ത്രിയുടെ സ്ഥാനാരോഹണവും ഉദാഹരണങ്ങളാണ്. പുസ്തകം അച്ചടിക്കിടയില്‍ നടന്ന ഈ സംഭവവികാസങ്ങള്‍ പോലും കൃത്യമായി രേഖപ്പെടുത്താനായതു ഗ്രന്ഥകര്‍ത്താവിന്റെ സൂക്ഷ്മ നിരീക്ഷണ പാടവത്തിന് ഒരു ഉദാഹരണമാണ്.
അതേസമയം, ഇതിലേക്കു ചേര്‍ക്കേണ്ട ഏതാനും വിഭവങ്ങള്‍ കൂടിയുണ്ട്. പ്രാചീന ഭാരതത്തിലെ സഹകരണ പ്രസ്ഥാനത്തോട് സാദൃശ്യമുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വായനക്കാര്‍ക്കു കൗതുകമുണര്‍ത്തുന്ന ഒന്നാണ്. സഹകരണ മാധ്യമങ്ങളെ സംബന്ധിച്ച പരാമര്‍ശവും ഗ്രന്ഥത്തില്‍ ഉണ്ടാവേണ്ടതായിരുന്നു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിമാരെക്കുറിച്ച് പറയുമ്പോള്‍ അവരുടെ കാലത്തുണ്ടായ ചില പ്രധാന പരിഷ്കാരങ്ങളെക്കുറിച്ചും സൂചന വേണ്ടിയിരുന്നു. ഉദാഹരണത്തിന് എം. കമലത്തിന്റെ കാലത്താണു കൃഷി വകുപ്പില്‍ നിന്നു സഹകരണ വകുപ്പിനെ സ്വതന്ത്രമാക്കിയത്. വിദേശരാജ്യങ്ങളിലെ സഹകരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യവും പൂര്‍ണതയിലേക്ക് എത്തിയിട്ടില്ല. ഇവയൊക്കെ അടുത്ത പതിപ്പിലൂടെ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഇത്തരം ഒരു ഗ്രന്ഥം എഴുതാന്‍ മുരളീധരന് പിള്ള കാട്ടിയ സാഹസികതയെ ശ്ലാഘിച്ചേ മതിയാവൂ. കെട്ടിലും മട്ടിലും ആഢ്യത്തം പുലര്‍ത്തുന്ന ഈ ഗ്രന്ഥം ഉള്ളടക്കത്തിലും പാലിച്ച മിതത്വം വായനക്കാരെ ഏറെ ആകര്‍ഷിക്കും. സഹകരണ മേഖലയില്‍ കേരളത്തില്‍ ആരംഭിച്ച നവീന സംരംഭങ്ങളെ ക്കുറിച്ചുള്ള വിവരണങ്ങള്‍ ഏവരിലും ആവേശം ജനിപ്പിക്കുന്ന ഒന്നുതന്നെയാണ്. പുതുതലമുറയെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കാനും സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളിലേക്കു സഹകരണ മേഖലയെ സന്നിവേശിപ്പിക്കാനും ഇതു കാരണമാകും.
ഒരു പഠന ഗ്രന്ഥത്തിന്റെ ദുര്‍ഗ്രഹത ഒഴിവാക്കി ലളിതമായ ശൈലിയാണ് ഈ ഗ്രന്ഥരചനയില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ളത്. തന്മൂലം സാമാന്യ വായനക്കാര്‍ക്കും ഈ പുസ്തകം സ്വീകാര്യമാകും. സഹകരണ പരീക്ഷാ ബോര്‍ഡും പബ്ലിക് സര്‍വീസ് കമ്മീഷനും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് നടത്തുന്ന പരീക്ഷകള്‍ക്കു പലയിടം തിരയാതെ ഒരിടം എന്ന നിലയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഗ്രന്ഥം പ്രയോജനപ്പെടുകതന്നെ ചെയ്യും. അനന്തസാധ്യതകളുള്ള സഹകരണ മേഖല നാളെ അത്ഭുതങ്ങള്‍ കാഴ്ചവയ്ക്കുമെന്ന് ഭൂതകാലവും വര്‍ത്തമാനകാലവും വിലയിരുത്തി പരോക്ഷമായ ഒരു പ്രവചനവും കൂടി നടത്തിയാണ് ഈ പുസ്തകം പൂര്‍ണമാകുന്നത്.