ഡിജിറ്റല്‍ സിഗ്നേച്ചറില്ലാത്തതുംമറ്റുംമൂലം സാമൂഹ്യസുരക്ഷാപെന്‍ഷന്‍ മുടങ്ങിയവര്‍ക്ക് കുടിശ്ശിക നല്‍കാന്‍ തുക അനുവദിച്ചു
2023ഏപ്രില്‍മുതല്‍ 2025 ജനുവരിവരെ പലകാരണത്താലും സാമൂഹ്യസുരക്ഷാപെന്‍ഷന്‍ മുടങ്ങിയവര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ ധനവകുപ്പ് തുക അനുവദിച്ചു. ഇത് ഏപ്രില്‍ ഒമ്പതിനകം വിതരണം ചെയ്‌തുതീര്‍ക്കണമെന്നു സഹകരണസംഘംരജിസ്‌ട്രാര്‍ നിര്‍ദേശിച്ചു. അതുകഴിഞ്ഞുബാക്കിത്തുക കേരളബാങ്കിന്റെ ഹെഡ്‌ഓഫീസ് ബ്രാഞ്ചില്‍ കേരളസാമൂഹ്യസുരക്ഷാപെന്‍ഷന്‍ലിമിറ്റഡിന്റെ പേരിലുള്ള നിര്‍ദിഷ്ടഅക്കൗണ്ടില്‍ തിരിച്ചടക്കണം. ജില്ലകളില്‍ പെന്‍ഷന്‍വിതരണച്ചുമതലയുള്ള നോഡല്‍ഓഫീസര്‍മാര്‍ ഇത് ഉറപ്പാക്കണം. അതിന്റെ റിപ്പോര്‍ട്ട് 22നകം സമര്‍പ്പിക്കയും വേണം.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ചെയ്‌തില്ല, ഒരു തദ്ദേശസ്വയംഭരണസ്ഥാപനപരിധിയില്‍നിന്നു മറ്റൊരിടത്തേക്കു മാറിയപ്പോള്‍ മസ്‌റ്ററിങ് അപ്‌ഡേറ്റ് ആയില്ല, പുനര്‍വിവാഹിതയല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും മുടങ്ങി തുടങ്ങിയ കാരണങ്ങളാല്‍ പെന്‍ഷന്‍ മുടങ്ങിയവര്‍ക്കുള്ള തുകയാണ് അനുവദിച്ചത്. ഇവര്‍10590പേരുണ്ട്. 1,95,27600രൂപയാണ് അനുവദിച്ചിട്ടുള്ളത്. 6180പേര്‍ ബാങ്കുവഴി പെന്‍ഷന്‍ വാങ്ങുന്നവരാണ്. അവര്‍ക്കതു നല്‍കാന്‍ 1,13,89,400രൂപ തദ്ദേശസ്വയംഭരണവകുപ്പുഡയറക്ടറുടെ (റൂറല്‍) പേരില്‍ സ്റ്റേറ്റ്‌ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സിറ്റിബ്രാഞ്ചിലെ നിര്‍ദിഷ്ട അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യും. 4410പേര്‍ക്കാണു സഹകരണസ്ഥാപനങ്ങള്‍വഴി വീടുകളില്‍ എത്തിക്കുന്നത്. ഇതിന് 8138200രൂപയാണു വേണ്ടത്. ഈ തുക വെള്ളയമ്പലം സബ് ട്രഷറിയിലെ നിര്‍ദിഷ്ട സ്‌പെഷ്യല്‍ ടിഎസ്‌ബി അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യും. ഈ തുകകള്‍ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ലിമിറ്റഡിന്റെ അക്കൗണ്ടില്‍നിന്നു ക്രെഡിറ്റ് ചെയ്യാന്‍ ആ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തുകകള്‍ ബാങ്കുവഴി ലഭിക്കുന്നവര്‍ക്ക് അവരുടെ അക്കൗണ്ടില്‍ നേരിട്ടും വീട്ടില്‍ എത്തിച്ചുകൊടുക്കപ്പെടുന്നവര്‍ക്ക് അതിനും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ തദ്ദേശസ്വയംഭരണവകുപ്പു പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലെ ഡിബിടി സെല്ലിനെ ചുമതലപ്പെടുത്തി.