റിപ്പോനിരക്ക്‌ (5.25%) കുറച്ചു; കേന്ദ്രബോണ്ടുകളുടെ ഒരുലക്ഷംകോടിയുടെ ഒഎംഒ വരും

Moonamvazhi
  • 5ബില്യണ്‍ ഡോളറിന്റെ സെല്‍സ്വാപ്പ്‌
  • ഓംബുഡ്‌സ്‌മാന്‍പരാതികള്‍ തീര്‍ക്കാന്‍ കാംപെയ്‌ന്‍
  • ഭവനവായ്‌പയെടുത്തവര്‍ക്ക്‌ ആശ്വാസമാകും

റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ (ബാങ്കുകള്‍ അടിയന്തരഘട്ടത്തില്‍ റിസര്‍ബാങ്കില്‍നിന്ന്‌ എടുക്കുന്ന ഏകദിനവായ്‌പയുടെ പലിശ) കാല്‍ശതമാനം കുറച്ചു. 5.25 ശതമാനമാണു പുതിയ റിപ്പോ നിരക്ക്‌. 25 അടിസ്ഥാനപോയിന്റുകള്‍ കുറച്ചുകൊണ്ട്‌ അഞ്ചരശതമാനത്തില്‍നിന്നാണ്‌ അഞ്ചേകാല്‍ശതമാനമായി റിപ്പോ നിരക്കു കുറച്ചത.്‌ മൂന്നുദിവസത്തെ പണനയസമിതിയോഗത്തിനുശേഷം റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ സഞ്‌ജയ്‌ മല്‍ഹോത്ര പത്രസമ്മേളനത്തിലാണു റിപ്പോ നിരക്കു കുറക്കുന്നകാര്യം പ്രഖ്യാപിച്ചത്‌.
സ്‌റ്റാന്റിങ്‌ ഡെപ്പോസിറ്റ്‌ നിരക്ക്‌ അഞ്ചുശതമാനവും മാര്‍ജിനല്‍ സ്‌റ്റാന്റിങ്‌ ഫെസിലിറ്റി നിരക്കും ബാങ്ക്‌ നിരക്കും അഞ്ചരശതമാനവുമായിരിക്കും. സമ്പദ്‌വ്യവസ്ഥയിലേക്കു പണമൊഴുക്കാന്‍ ഒരുലക്ഷംകോടി കേന്ദ്രസര്‍ക്കാര്‍ബോണ്ടുകളുടെ തുറന്നവിപണീവാങ്ങല്‍പ്രവര്‍ത്തനം (ഒഎംഒ) നടത്താനും തീരുമാനിച്ചു. മൂന്നുകൊല്ലംകൊണ്ട്‌ അഞ്ചുശതകോടി (അഞ്ചുബില്യണ്‍)യുഎസ്‌ ഡോളര്‍/ ഇന്ത്യന്‍ രൂപ സെല്‍സ്വാപ്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട്‌. റിസര്‍വ്‌ബാങ്ക്‌ ഓംബുഡ്‌സ്‌മാനു സമര്‍പ്പിച്ചിട്ട്‌ ഒരുമാസത്തിലേറെയായി പരിഹാരമില്ലാതെ കിടക്കുന്ന പരാതികളുടെ പരിഹാരത്തിനായി 2026 ജനുവരി ഒന്നിനു രണ്ടുമാസത്തെ കാംപെയ്‌ന്‍ തുടങ്ങും.


ഓംബുഡ്‌സ്‌മാനു സമര്‍പ്പിക്കപ്പെടുന്ന പരാതികള്‍ വലിയതോതില്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണു പ്രചാരണപരിപാടികള്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ പ്രഖ്യാപിച്ചത്‌. എല്ലാ റിസര്‍വ്‌ ബാങ്ക്‌ നിയന്ത്രിതസ്ഥാപനങ്ങളും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കു മുഖ്യപരിഗണന നല്‍കണം. ഉപഭോക്താക്കളുമായുള്ള ബന്ധം വര്‍ധിപ്പിക്കുകയും അവരുടെ പരാതികള്‍ കുറക്കുകയും വേണം. 2026 ജനുവരിഒന്നിന്‌ ഇതിനായി രണ്ടുമാസത്തെ പ്രചാരണപരിപാടികള്‍ ആരംഭിക്കും. ആര്‍ബിഐ ഓംബുഡ്‌സ്‌മാനു സമര്‍പ്പിക്കപ്പെട്ട്‌ ഒരുമാസത്തിലേറെയായി പരിഹാരമിലിലാത്ത തുടരുന്ന പരാതികള്‍ പരിഹരിക്കാനാണു പ്രചാരണം. ഇക്കാര്യത്തില്‍ റിസര്‍വ്‌ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം.രണ്ടു ഭാഗമായായിരിക്കും ഒരുലക്ഷം കോടിയുടെ കേന്ദ്രസര്‍ക്കാര്‍ ബോണ്ടുകളുടെ ഒഎംഒ വാങ്ങല്‍ ലേലങ്ങള്‍ നടത്തുക. ഡിസംബര്‍ 11ന്‌ അരലക്ഷം കോടിയുടെത്‌ നടത്തും. ഡിസംബര്‍ 18നു വീണ്ടും അരലക്ഷം കൂടിയുടെതു നടത്തും.

ബാങ്കുകള്‍ക്ക്‌ ഡോളര്‍ നല്‍കി പകരം രൂപ സ്വീകരിക്കുകയും പിന്നീടു ഡോളര്‍ തിരികെ സ്വീകരിച്ചു രൂപ നല്‍കുകയും ചെയ്യുന്ന രീതി (സെല്‍സ്വാപ്‌) വഴി സമ്പദ്‌വ്യവസ്ഥയിലേക്കു പണമൊഴുക്കുന്നതിനായി മൂന്നുകൊല്ലംകൊണ്ടു അഞ്ചുശതകോടി യുഎസ്‌ ഡോളര്‍/ഇന്ത്യന്‍രൂപ യുടെ സാന്നിധ്യം സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന നടപടി ഡിസംബര്‍ 16നുതന്നെ തുടങ്ങും. ഒഎംഒയുടെയും സെല്‍സ്വാപ്പിന്റെയും വിശദവിവരങ്ങള്‍ വൈകാതെ തീരുമാനിക്കും. .
റിപ്പോ നിരക്കു കുറച്ചത്‌ വീടുവായ്‌പയെടുത്തവര്‍ക്ക്‌ ആശ്വാസമാകും. ബാങ്കുകള്‍ പലിശനിരക്കു കുറക്കുന്നതോടെയാണിത്‌. ഉപഭോക്തൃവായ്‌പകളും ചെറുകിയബിസിനസ്‌ വായ്‌പകളുമൊക്കെ കൂടുതല്‍ അനായാസമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
റിപ്പോ നിരക്കു കുറക്കാനുള്ള തീരുമാനം ഏകകണ്‌ഠമായിരുന്നു. പണനയസമിതിയുടെ 58-ാമത്‌ യോഗമാണു തീരുമാനമെടുത്തത്‌. ഗവര്‍ണര്‍ സഞ്‌ജയ്‌ മല്‍ഹോത്രക്കുപുറമെ ഡോ. നാഗേഷ്‌കുമാര്‍, സൗഗതഭട്ടാചാര്യ, പ്രൊഫ. രാംസിങ്‌, ഡോ. പൂനം ഗുപ്‌ത, ഇന്ദ്രാണി ഭട്ടാചാര്യ എന്നിവരും പങ്കെടുത്തു.

ആഗോളതലത്തില്‍ പണപ്പെരുപ്പ്‌ അസന്തുലിതമായി തുടരുകയാണെന്നു യോഗം വിലയിരുത്തി. പ്രമുഖവികസിത സമ്പദ്‌വ്യവസ്ഥകളിലൊക്കെ ഇതാണു സ്ഥിതി. ഇന്ത്യയില്‍ റിയല്‍ മൊത്തആഭ്യന്തരോല്‍പാദനം ആറു ത്രൈമാസപാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.2 ശതമാനമാണ്‌. 2025-26 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാപാദത്തിലെ സ്ഥിതയാണിത്‌. മികച്ച ആഭ്യന്തരഡിമാന്റ്‌്‌ ആണ്‌ ഇതിനു പ്രേരകം. ആഗോളതലത്തിലെ വ്യാപരത്തിലെയും നയങ്ങളിലെയും അനിശ്ചിതത്വത്തിനിടയിലാണിത്‌. 2025 ഒക്ടോബറില്‍ വിലക്കയറ്റം ഏറ്റവും താഴ്‌ന്ന നിരക്കിലായി്‌. പ്രതീക്ഷതിലും വേഗത്തിലാണു വിലക്കയറ്റത്തിലെ ഇടിവ്‌. ആഭ്യന്തരസാമ്പത്തികപ്രവര്‍ത്തനങ്ങള്‍ മികച്ചനിലയിലാണ്‌. അതേസമയം പ്രധാനപ്പെട്ട ചില സൂചികകള്‍ ദൗര്‍ബല്യം പ്രകടമാക്കുന്നുണ്ട്‌.ഈ വര്‍ഷം ജിഡിപി വളര്‍ച്ച പ്രതീക്ഷ 7.30 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്‌. വിലക്കയറ്റ പ്രതീക്ഷ 2.6ല്‍നിന്നു രണ്ടായി കുറച്ചു. നേരത്തേനടന്ന രണ്ടു പണനയസമിതിയോഗങ്ങളും റിപ്പോ നിരക്ക്‌ അഞ്ചരശതമാനമായി നിലനിര്‍ത്താനാണു തീരുമാനിച്ചിരുന്നത്‌.

Moonamvazhi

Authorize Writer

Moonamvazhi has 790 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!