പ്രകൃതിദുരന്തം: റിസര്‍വ്‌ ബാങ്ക്‌ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു

Moonamvazhi

പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എടുക്കേണ്ട ആശ്വാസനടപടികള്‍ സംബന്ധിച്ചു റിസര്‍വ്‌ ബാങ്ക്‌ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. കരടുനിര്‍ദേശങ്ങളാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. സംസ്ഥാനതലബാങ്കേഴ്‌സ്‌ സമിതിയുടെയും ജില്ലാകണ്‍സള്‍ട്ടേറ്റീവ്‌ കമ്മറ്റിയുടെയും തീരുമാനങ്ങള്‍ പരിഗണിച്ച്‌ ബാങ്കുകള്‍ക്കും മറ്റും സമാശ്വാസനടപടികള്‍ തയ്യാറാക്കി നടപ്പാക്കാവുന്നതാണ്‌. പ്രകൃതിദുരന്തമുണ്ടായ ദിവസവുമായി ബന്ധപ്പെട്ടു 30ദിവസപരിധിക്കുള്ളില്‍ വരുന്നതും ദുരന്തം ബാധിച്ചതുമായ ഡീഫാള്‍ട്ടുകള്‍,മറ്റുവിധത്തില്‍ സ്റ്റാന്റേഡ്‌ ആണെങ്കില്‍, സമാശ്വാസനടപടികള്‍ക്കു പരിഗണിക്കാവുന്നതാണ്‌. സ്റ്റാന്റേഡ്‌ ആയി കണക്കാക്കാവുന്ന അക്കൗണ്ടുകള്‍ മാത്രമാണ്‌ ആശ്വാസനടപടികള്‍ക്കു പരിഗണിക്കുക. ബാങ്കിലെ ഒരു വായ്‌പയുമായി ബന്ധപ്പെട്ടും പ്രകൃതിദുരന്തമുണ്ടായ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ 30ദിവസത്തിലേറെ കുടിശ്ശിക വരുത്തിയിരിക്കരുത്‌. സമാശ്വാസനപടികള്‍ക്കുള്ള വ്യവസ്ഥകള്‍ പാലിക്കാത്ത അക്കൗണ്ടുകളുടെ കാര്യത്തില്‍ വായ്‌പക്കാരുടെ കാര്യത്തില്‍ പരിമുറുക്കമുള്ള അക്കൗണ്ടുകളുടെ സമാശ്വാസനടപടികള്‍ സംബന്ധിച്ച മുന്‍ നിര്‍ദേശങ്ങള്‍ പ്രകാരം സമാശ്വാസനടപടികള്‍ക്ക്‌ അര്‍ഹതയുണ്ടായിരിക്കും. സമാശ്വാസനടപടികള്‍ റീഫിനാന്‍സ്‌ കാര്യങ്ങള്‍ക്കു ബാധകമായിരിക്കില്ല.

പണമടക്കലുകളുടെ പുനക്രമീകരണം, സഞ്ചിതമായ പലിശയുടെ മാറ്റല്‍, മറ്റൊരു വായ്‌പാസഹായത്തിലേക്കു കൂട്ടിച്ചേര്‍ക്കല്‍, കടാശ്വാസം അനുവദിക്കുക തുടങ്ങിയ സമാശ്വാസനടപടികളാണ്‌ എടുക്കാവുന്നത്‌. അധികധനസഹായം അനുവദിക്കുന്നതും പരിഗണിക്കാവുന്നതാണ്‌. വായ്‌പയെടുക്കുന്നയാളിന്റെ ലാഭക്ഷമത വിലയിരുത്തിയാണ്‌ ഇതൊക്കെ ചെയ്യേണ്ടത്‌. പ്രകൃതിദുരന്തമായി പ്രഖ്യാപിച്ചു 45 ദിവസത്തിനകമാണ്‌ ഈ പരിഹാരനടപടികള്‍ തുടങ്ങേണ്ടത്‌. റിസര്‍വ്‌ ബാങ്കിന്റെ റീജണല്‍ ഡയറക്ടറുടെയോ ചുമതലയുള്ള ഓഫീസറുടെ അനുമതിയുണ്ടെങ്കില്‍ 45 ദിവസത്തിനുശേഷവും പരിഹാരനടപടിക്കു തുടക്കം കുറിക്കാവുന്നതാണ്‌.

പരിഹാരത്തിനുള്ള അപേക്ഷയുടെ കാര്യത്തില്‍ ബാങ്കും വായ്‌പക്കാരും തമ്മില്‍ ധാരണയിലെത്തിയാല്‍ 90ദിവസത്തിനകം സമാശ്വാസപദ്ധതി നടപ്പാക്കണം. ഇത്തരം അക്കൗണ്ടുകള്‍ മറ്റുപ്രകാരത്തില്‍ സ്റ്റാന്റേഡ്‌ അക്കൗണ്ടുകളാണെങ്കില്‍ സമാശ്വാസനടപി നടപ്പാക്കപ്പെടുമ്പോഴും സ്‌റ്റാന്റേഡ്‌ ആയിത്തന്നെ കണക്കാക്കും. നിഷ്‌ക്രിയസ്വത്തായി കണക്കാക്കപ്പെടില്ല. ഇത്തരം അക്കൗണ്ടുകളുടെ പലിശവരുമാനം സഞ്ചിതഅടിസ്ഥാനത്തിലാണു കണക്കാക്കുക. എങ്കിലും വായ്‌പബാക്കിനില്‍പിന്റെ അഞ്ചുശതമാനം അകത്തരം അക്കൗണ്ടുകളുടെ കാര്യത്തില്‍ അധികപ്രൊവിഷനിങ്‌ നിശ്‌ചയിക്കാവുന്നതാണ്‌. ഇത്തരം അധികപ്രൊവിഷനിങ്‌ പ്രൂഡന്‍ഷ്യല്‍ വ്യവസ്ഥകള്‍ക്കും മുകളിലായിരിക്കും.

വായ്‌പകള്‍ പുനക്രമീകരിക്കുമ്പോള്‍ വായ്‌പക്കാര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍നിന്നു കിട്ടാനിടയുള്ള ഇന്‍ഷുറന്‍സ്‌ വരുമാനവും പരിഗണിക്കാവുന്നതാണ്‌. പുതിയ വായ്‌പ കൊടുത്തിട്ടുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ്‌ തുക കിട്ടുന്ന മുറയ്‌ക്ക്‌ ആ തുക വായ്‌പയില്‍ ക്രമീകരിക്കണം. എന്നാല്‍ ഇന്‍ഷുറന്‍സ്‌ ക്ലെയിം പ്രകാരമുള്ള തുക കിട്ടാന്‍ കാത്തുനില്‍ക്കാതെതന്നെ വായ്‌പ പുനക്രമീകരിക്കുകയും പുതിയ വായ്‌പ അനുവദിക്കുകയും ചെയ്യേണ്ടതാണ്‌. സമാശ്വാസനടപടികള്‍ എടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും നല്‍കിയതും നല്‍കിക്കൊണ്ടിരിക്കുന്നതുമായ ആശ്വാസങ്ങളും കണക്കിലെടുക്കണം.

കാര്‍ഷികവായ്‌പകളുടെ കാര്യത്തില്‍ ഭൂമിയാണു ജാമ്യമായി കൊടുത്തിട്ടുള്ളതെങ്കില്‍ റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ ധനസഹായത്തിനു പരിഗണിക്കും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരുടെ കാര്യത്തിലാണിത്‌. ആറാംപട്ടികയിലുള്ളതുപോലെ സമൂഹത്തിന്റെ ഉടമസ്ഥതയിലാണു ഭൂമിയെങ്കില്‍ സമൂഹഅധികാരികളുടെ സര്‍ട്ടിഫിക്കറ്റ്‌ മതിയാകും.

പ്രകൃതിദുരന്തത്തെത്തുടര്‍ന്നു തിരിച്ചറിയല്‍ രേഖകളും മറ്റു വ്യക്തിഗതരേഖകളും നഷ്ടപ്പെട്ടേക്കാം. അത്തരം കേസുകളില്‍ ചെറിയ അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവദിക്കാവുന്നതാണ്‌. പ്രകൃതിദുരന്തമുണ്ടായിടത്തെ ബാങ്കുശാഖകള്‍ ബന്ധപ്പെട്ട റീജിയണല്‍ ഓഫീസിന്റെ നിര്‍ദേശപ്രകാരം താല്‍ക്കാലികക്രമീകരണം ഏര്‍പ്പെടുത്താവുന്നതാണ്‌. താല്‍കാലികക്രമീകരണം 30ദിവസത്തിലേറെ തുടരണമെങ്കില്‍ ആര്‍ബിഐ റീജിയണല്‍ ഓഫീസിന്റെ അനുമതി വേണം. ഉപഗ്രഹഓഫീസുകള്‍ തുറന്നും എക്‌സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ തുറന്നും മൊബൈല്‍ ബാങ്കിങ്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ദുരന്തബാധിതപ്രദേശങ്ങളില്‍ ബാങ്കിങ്‌ സേവനങ്ങള്‍ക്കു സൗകര്യം ഏര്‍പ്പെടുത്തണം. ഇതു റിസര്‍വ്‌ ബാങ്കിനെ അറിയിക്കുകയും വേണം.

എ.ടി.എം.സേവനങ്ങള്‍ കഴിയുംവേഗം പുനസ്ഥാപിക്കണം. ദുരന്തബാധിതപ്രദേശങ്ങളിലെ അടിയന്തരസാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ വേഗം പണം ലഭിക്കുന്നതിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്‌. വിവിധയിനം ഫീസുകളും നിരക്കുകളും കുറയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതും പരിഗണിക്കണം. ഇത്തരം കുറയ്‌ക്കലുകള്‍്‌ക്കും ഒഴിവാക്കലുകള്‍ക്കും ഒരുകൊല്ലത്തിലേറെ പ്രാബല്യം അനുവദിക്കരുത്‌. സമാശ്വാസനടപടികള്‍ അര്‍ധവാര്‍ഷികാടിസ്ഥാനത്തില്‍ സെപ്‌റ്റംബര്‍ 30നകംവും മാര്‍ച്ച്‌ 31നകവും സിഐഎംഎസ്‌ പോര്‍ട്ടലില്‍ ചേര്‍ക്കുകയും വേണം.

സമാശ്വാസനടപടികള്‍സംബന്ധിച്ച്‌ സമയബന്ധിതമായി ഉപഭോക്താവുമായി ധാരണയിലെത്താന്‍ ഒരു ജാലകം ഉണ്ടായിരിക്കണം. ഇതിനുശേഷം നടപ്പാക്കലിന്റെ കാര്യത്തിലും ഒരു ജാലകം ഇതിനായി ഉണ്ടായിരിക്കണം.

2026 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇവയെപ്പറ്റി ആക്ഷേപങ്ങളും നിര്‍ദേശങ്ങളുമുള്ളവര്‍ ഫെബ്രുവരി 17നകം അറിയിക്കണം. റിസര്‍വ്‌ ബാങ്കിന്റെ കണക്ട്‌ 2 റെഗുലേറ്റ്‌ ലിങ്കിലൂടെ ഇത്‌ അറിയിക്കാം. ഇ-മെയിലായും അയക്കാം. ഫോര്‍ട്ട്‌ മുംബൈയിലുള്ള വായ്‌പാറിസ്‌ക്‌ ഗ്രൂപ്പ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ക്കു കത്തെഴുതിയും അറിയിക്കാവുന്നതാണ്‌. വാണിജ്യബാങ്കുകള്‍, ചെറുധനകാര്യബാങ്കുകള്‍, പ്രാദേശികഏരിയാബാങ്കുകള്‍, അര്‍ബന്‍സഹകരണബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍, റൂറല്‍ സഹകരണബാങ്കുകള്‍, ഗ്രാമീണസഹകരണബാങ്കുകള്‍, ബാങ്കിതരധനകാര്യക്കമ്പനികള്‍, അഖിലേന്ത്യാധനകാര്യക്കമ്പനികള്‍ എന്നിവയ്‌ക്കു ബാധകമാകുന്ന വിധത്തിലാണ്‌ കരടുനിര്‍ദേശങ്ങള്‍.

 

 

Moonamvazhi

Authorize Writer

Moonamvazhi has 905 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!