മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്കു പുതിയ ശാഖ തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
- അനുമതിഅപേക്ഷയ്‌ക്കൊപ്പം 18രേഖകളും വേണം
- സംസ്ഥാനരജിസ്‌ട്രാറുടെ സാക്ഷ്യപത്രം വേണം
- പരാതിയും ക്രമക്കേടുമില്ലെന്നു സത്യവാങ്‌മൂലം നല്‍കണം
മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ പുതിയ ശാഖകളും ബിസിനസ് ഇടങ്ങളും തുറക്കാന്‍ കേന്ദ്രസഹകരണരജിസ്‌ട്രാറുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ നിര്‍ദേശിച്ചു. വോട്ടുള്ള അംഗങ്ങളില്‍നിന്നല്ലാതെ ആരില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നില്ലെന്നു സംസ്ഥാനസഹകരണരജിസ്‌ട്രാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകള്‍ ഇതിലുണ്ട്. ഈ സാക്ഷ്യപത്രമടക്കം 18 രേഖകള്‍ മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണമെന്നു ജൂലൈ 14നു പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. താഴെ പറയുന്ന രേഖകളാണു കേന്ദ്രസഹകരണരജിസ്‌ട്രാറുടെ പോര്‍ട്ടലില്‍ നല്‍കേണ്ടത്.
(1) പുതിയ ശാഖകള്‍ തുറക്കേണ്ടത് ആവശ്യമായി വന്നതിന്റെ കാരണം.
(2) നിക്ഷേപകര്‍ക്കോ അംഗങ്ങള്‍ക്കോ നിക്ഷേപം തിരിച്ചുകൊടുക്കാതിരുന്നതു സംബന്ധിച്ചോ മറ്റേതെങ്കിലും ക്രമക്കേടുസംബന്ധിച്ചോ സംഘത്തിനെതിരെ ഒരു പരാതിയുമില്ലെന്ന പ്രസ്‌താവന.
(3) ഇതു സംബന്ധിച്ചു വാര്‍ഷികപൊതുയോഗമോ വിശേഷാല്‍ പൊതുയോഗമോ കൂടി പാസ്സാക്കിയ പ്രമേയം.
(4) ആകെ അംഗങ്ങളുടെ എണ്ണം സംബന്ധിച്ചു സംസ്ഥാനം തിരിച്ചുള്ള കണക്ക്. (തൊട്ടുമുന്‍പുള്ള മൂന്നുവര്‍ഷങ്ങളിലെയും സ്‌ഥിരാംഗങ്ങളുടെയും നോമിനല്‍ അംഗങ്ങളുടെയും കണക്ക് വേര്‍തിരിച്ച് ഇതില്‍ രേഖപ്പെടുത്തിയിരിക്കണം).
(5) ഓരോശാഖയിലുംനിന്നു ശേഖരിച്ച ആകെ നിക്ഷേപത്തിന്റെ കണക്ക്. (തൊട്ടുമുന്‍പുള്ള മൂന്നുവര്‍ഷത്തെ കണക്കാണു നല്‍കേണ്ടത്. സ്ഥിരാംഗങ്ങളുടെയും നോമിനല്‍ അംഗങ്ങളുടെയും കണക്ക് വെവ്വേറെ വേണം).
(6) ആകെ ശാഖകളുടെ എണ്ണവും അവയുടെ മേല്‍വിലാസങ്ങളും ഈ ശാഖകള്‍ നടത്തിയ ബിസിനസിന്റെ വിശദവിവരങ്ങളും. (ഇതും തൊട്ടുമുന്‍പുള്ള മൂന്നുവര്‍ഷത്തേതാണു സമര്‍പ്പിക്കേണ്ടത്).
(7) തൊട്ടുമുന്‍ുപള്ള മൂന്നുവര്‍ഷം അംഗങ്ങളില്‍നിന്നു ശേഖരിച്ച നിക്ഷേപത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങള്‍.
(8) സംഘം നഷ്ടമാണോ ലാഭമാണോ എന്ന കാര്യം.
(9) തൊട്ടുമുന്‍പുള്ള മൂന്നുവര്‍ഷങ്ങളിലെ ഓഡിറ്റു ചെയ്‌ത കണക്കുകള്‍.
(10) ഇപ്പോഴത്തെ ബോര്‍ഡിലേക്കും അതിനു തൊട്ടുമുന്‍പുള്ള രണ്ടുടേമുകളിലെ ബോര്‍ഡുകളിലേക്കും തിരഞ്ഞെടുപ്പു നടത്തിയ തിയതികള്‍ (വരണാധികാരിയുടെ പ്രൊപ്പോസലും വിശദമായ നടപടിക്രമങ്ങളും ഇതോടൊപ്പം വയ്‌ക്കണം).
(11) തൊട്ടുമുന്‍പത്തെ മൂന്നുവര്‍ഷത്തെ വാര്‍ഷികപൊതുയോഗത്തിന്റെ തിയതിയും രേഖകളും.
(12) 2002ലെ മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘംനിയമത്തിലെ 120-ാംവകുപ്പു പ്രകാരം ഫയല്‍ ചെയ്‌ത റിട്ടേണുകളുടെ തൊട്ടുമുന്‍പുള്ള മൂന്നുവര്‍ഷങ്ങളിലെ കോപ്പികള്‍.
(13) വോട്ടവകാശമുള്ള അംഗങ്ങളില്‍നിന്നല്ലാതെ ആരില്‍നിന്നും സംഘം നിക്ഷേപം സ്വീകരിക്കുന്നില്ലെന്ന സംസ്ഥാനസഹകരണരജിസ്‌ട്രാറുടെ സാക്ഷ്യപത്രം. (സംഘത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ അല്ലെങ്കില്‍ കേന്ദ്രഭരണപ്രദേശത്തെ സഹകരണരജിസ്‌ട്രാറില്‍നിന്നുള്ള സാക്ഷ്യപത്രമാണു നല്‍കേണ്ടത്).
(14) സിആര്‍എആര്‍ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന ഓഡിറ്ററുടെ റിപ്പോര്‍ട്ട്.
(15) മൊത്തനിഷ്‌ക്രിയസ്വത്തും അറ്റനിഷ്‌ക്രിയസ്വത്തും (എന്‍പിഎ) സംബന്ധിച്ച ഓഡിറ്ററുടെ സര്‍ട്ടിഫിക്കറ്റ്. (മൊത്തഎന്‍പിഎ ഏഴുശതമാനത്തിലും അറ്റഎന്‍പിഎ മൂന്നുശതമാനത്തിലും കുറവായിരിക്കണം).
(16) അറ്റലാഭം സംബന്ധിച്ച് ഓഡിറ്ററുടെ സര്‍ട്ടിഫിക്കറ്റ്. (തൊട്ടുമുമ്പത്തെ മൂന്നു അക്കൗണ്ടിങ് വര്‍ഷത്തിലും അറ്റലാഭം രേഖപ്പെടുത്തിയിരിക്കണം).
(17) 2024 ജനുവരി 22ന് നല്‍കിയ ഉത്തരവിലും മാര്‍ഗനിര്‍ദേശങ്ങളിലും നിഷ്‌കര്‍ഷിക്കുന്ന വിധത്തില്‍ പണക്ഷമതാകരുതല്‍ (ലിക്വിഡിറ്റി ബഫര്‍) തുടര്‍ച്ചയായി നിലനിര്‍ത്തുന്നുണ്ടെന്ന ഓഡിറ്ററുടെ സര്‍ട്ടിഫിക്കറ്റ്.
(18) സംഘത്തിന്റെ ആഭ്യന്തരനിയന്ത്രണസംവിധാനം സുശക്തമാണെന്നും ആവശ്യമായ കെവൈസി നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങളും മറ്റും ഏര്പ്പെടുത്തിയിട്ടുണ്ടെന്നുമു
14മുതല്‍ 18വരെയുള്ള രേഖകള്‍ വായ്‌പാ-സമ്പാദ്യ ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുള്ള മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സമര്‍പ്പിച്ചാല്‍ മതി. ശാഖകളായാലും ബിസിനസ്സ്‌ഇടങ്ങളായാലും നിലവിലുള്ള ശാഖകളുടെ/ബിസിനസ് ഇടങ്ങളുടെ എണ്ണത്തിന്റെ 10ശതമാനത്തില്‍ കൂടുതല്‍ ശാഖകളോ ബിസിനസ് ഇടങ്ങളോ ഒരു സാമ്പത്തികവര്‍ഷം തുറക്കാന്‍ അനുവദിക്കില്ല. ഇതു പരമാവധി 10 ശാഖകള്‍/ബിസിനസ് ഇടങ്ങള്‍ എന്നു നിജപ്പെടുത്തിയിട്ടുമുണ്ട്.