രണ്ട് ആശുപത്രിസംഘങ്ങള്‍ ലിക്വിഡേഷനിലേക്ക്
മലപ്പുറംജില്ലയിലും കണ്ണൂര്‍ ജില്ലയിലും ഒാരോ സഹകരണആശുപത്രിസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. കണ്ണൂരില്‍ ഒരു സഹകരണസംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. കോഴിക്കോട് ജില്ലയില്‍ ഒരു ക്ഷീരസംഘത്തില്‍ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചു.
മലപ്പുറം ജില്ലയിലെ ചെറുകാവ് സഹകരണഹോസ്‌പിറ്റല്‍ സംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ എം 709) ലിക്വിഡേറ്ററായി കൊണ്ടോട്ടി അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ കൊണ്ടോട്ടി യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. ഡോക്ടറും ചികില്‍സയും കിടത്തിച്ചികില്‍സയും ഉണ്ടായിരുന്ന ഇവിടെ കുറഞ്ഞനിരക്കില്‍ മരുന്നുകളും നഴ്‌സുമാരുടെ സേവനവും നല്‍കിയിരുന്നതാണ്. പക്ഷേ, സാമ്പത്തികബുദ്ധിമുട്ടുമൂലം സ്ഥിരം ഡോക്ടര്‍മാരെയും സ്‌പെഷ്യലൈസ്‌ഡ് ഡോക്ടര്‍മാരെയും കൊണ്ടുവരാനായില്ല. അതുകൊണ്ടു കൂടുതല്‍ രോഗികളെ ആകര്‍ഷിക്കാനാകാതെയും മെച്ചപ്പെട്ട സേവനം നല്‍കാനാവാതെയും നഷ്ടത്തിലായി നിത്യച്ചെലവിനുപോലും വരുമാനമില്ലാതായെന്നു ജില്ലാസഹകരണസംഘം ജോയിന്റ് രജിസ്‌ട്രാറുടെ (ജനറല്‍) ഉത്തരവില്‍ പറയുന്നു. ഭരണസമിതിയുടെ കാലാവധി 2016 ജനുവരി 30നു തീര്‍ന്നു. 2017 ജനുവരി 27മുതല്‍ കൊണ്ടോട്ടി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പാര്‍ട് ടൈം അഡ്‌മിനിസ്‌ട്രേറ്ററാണ്. പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ അംഗങ്ങള്‍ക്കു താല്‍പര്യമില്ലെന്നും ഉത്തരവിലുണ്ട്.
കണ്ണൂര്‍ ജില്ലയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഓപ്പറേറ്റീവ് ഹോസ്‌പിറ്റല്‍ സഹകരണസംഘത്തിലും (ക്ലിപ്‌തം നമ്പര്‍ സി 1681) ലിക്വിഡേറ്ററെ നിയമിച്ചു. തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ആലക്കോട് യൂണിറ്റ് ഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍. ഇവിടെ ലിക്വിഡേറ്ററെ നിയമിക്കുന്നത് ഇതു രണ്ടാംതവണയാണ്. 2011 മാര്‍ച്ച് രണ്ടിനും ലിക്വിഡേറ്ററെ നിയമിച്ചിരുന്നു. എങ്കിലും അംഗങ്ങളുടെ അപേക്ഷയില്‍ സംഘം പുനരുജ്ജീവിപ്പിച്ച് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചുമതലയേറ്റു. 2023 മാര്‍ച്ച് 22ന് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയായെങ്കിലും പുനരുജ്ജീവിപ്പിക്കാന്‍ നടപടിയെടുക്കുകയോ തിരഞ്ഞെടുപ്പു നടത്തി ഭരണസമിതിയെ ഏല്‍പ്പിക്കുകയോ ചെയ്‌തില്ലെന്നു ജില്ലാസഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഉത്തരവില്‍ പറയുന്നു. പ്രവര്‍ത്തിക്കുന്നില്ലെന്നും പുനരുജ്ജീവിപ്പിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും തളി്‌പ്പറമ്പ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) റിപ്പോര്‍ട്ടു നല്‍കുകയും ചെയ്‌തു.കണ്ണൂര്‍ ദൃശ്യകലാസാഹിത്യവിദ്യാഭ്യാസസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ സി 1760) ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു രജിസ്‌ട്രേഷന്‍ റദ്ദാക്കി.
കോഴിക്കോട് ജില്ലയിലെ പരപ്പുപാറ ക്ഷീരോല്‍പാദകസഹകരണസംഘം ക്ലിപ്‌തം നമ്പര്‍ ഡി 262(ഡി) ആപ്‌കോസില്‍നിന്നു കിട്ടേണ്ടതുണ്ടെന്ന് ആര്‍ക്കെങ്കിലും അവകാശവാദമുണ്ടെങ്കില്‍ രണ്ടുമാസത്തിനകം തന്നെ അറിയിക്കണമെന്നു ലിക്വിഡേറ്ററായ വടകര ക്ഷീരവികസനഓഫീസര്‍ അറിയിച്ചു. ജൂലൈ 29ലെ ഗസറ്റിലാണ് അറിയിപ്പ്. സംഘത്തില്‍ തുക അടയ്‌ക്കാനുള്ളവര്‍ നടപടി ഒഴിവാക്കാനായി രണ്ടുമാസത്തിനകം പണമടച്ചു രീശീത് വാങ്ങണമെന്നും അറിയിപ്പിലുണ്ട്.