ന്യൂഡല്‍ഹി സഹകരണ അജണ്ടയോടെ ആഗോളസഹകരണസമ്മേളനത്തിനു സമാപനം

Moonamvazhi

ഭാവിസഹകരണപ്രസ്ഥാനങ്ങള്‍ക്കായുള്ള ന്യൂഡല്‍ഹി കര്‍മപരിപാടിയുടെ അവതരണത്തോടെ അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ ആഗോളസമ്മേളനം സമാപിച്ചു. ന്യൂഡല്‍ഹി ഭാരതമണ്ഡപത്തില്‍ ഐ.സി.എ. ഡയറക്ടര്‍ ജനറല്‍ ജെരോയെന്‍ ഡഗ്ലസാണ് ന്യൂഡല്‍ഹി ആക്ഷന്‍ അജണ്ട അവതരിപ്പിച്ചത്. അസമത്വം, കാലാവസ്ഥ, സംഘര്‍ഷം തുടങ്ങിയ ആഗോളവെല്ലുവിളികള്‍ പരിഹരിക്കാനുള്ള സഹകരണപ്രസ്ഥാനങ്ങളുടെ ശക്തിയുടെ ഉദ്‌ഘോഷണമായാണ് 2025 അന്താരാഷ്ട്രസഹകരണവര്‍ഷമായി ആചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2030ഓടെ സുസ്ഥിരവികസനത്തിനുള്ള എൈക്യരാഷ്ട്രഅജണ്ടയിലെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. സഹകരണപ്രസ്ഥാനത്തിന് മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാനാവുമെന്നു കാണിച്ചുകൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഒരു റോഡ്മാപ്പാണു ന്യൂഡല്‍ഹി ആക്ഷ്ന്‍ അജണ്ട. സഹകരണപ്രതിച്ഛായ ഊട്ടിയുറപ്പിക്കല്‍, അതിനു പിന്‍ബലമേകുന്ന നയങ്ങള്‍ ഒരുക്കല്‍, ശക്തമായ നേതൃത്വത്തെ വികസിപ്പിച്ചെടുക്കല്‍, സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കല്‍ എന്നിവയാണു അജണ്ടയുടെ നെടുംതൂണുകള്‍. സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്്ക്കായി പ്രവര്‍ത്തനനിരതരാകാന്‍ അജണ്ട ആഹ്വാനം ചെയ്യുന്നു. സഹകരണപ്രസ്ഥാനങ്ങള്‍, സമൂഹങ്ങള്‍, പൗരസമൂഹം, സ്വകാര്യമേഖല, അഭിപ്രായരൂപവത്കരണ ശേഷിയുള്ളവര്‍, സര്‍ക്കാര്‍, ബഹുമുഖസ്ഥാനങ്ങള്‍ എന്നിവയെല്ലാം കര്‍മോന്‍മുഖരാകേണ്ടതുണ്ടെന്ന് അജണ്ട വ്യക്തമാക്കുന്നു.

ലോകമെമ്പാടുമുള്ള മൂവായിരത്തോളം സഹകാരികള്‍ പങ്കെടുത്തു.ഇന്ത്യയുടെ വിജയത്തില്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്കു വലിയ പങ്കുണ്ടെന്നും സഹകരണചൈതന്യം വളര്‍ത്തേണ്ടതു വളെരെ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോളസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞിരുന്നു.സുസ്ഥിരവികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സഹകരണപ്രസ്ഥാനത്തിനു നിര്‍ണായക പ്രാധാന്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരെസ് ഓണ്‍ലൈന്‍ പ്രഭാഷണത്തില്‍ പറഞ്ഞു.

മനുഷ്യകേന്ദ്രിതമായ സഹകരണമൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു കേന്ദ്രം തെക്കന്‍ഭൂട്ടാനില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു ഭൂട്ടാന്‍ പ്രധാനമന്ത്രി ഡാഷോ ടിഷെറിങ് ടോബ്ഗായ് പറഞ്ഞു.
ഐ.സി.എ. പ്രസിഡന്റ് ഡോ. ഏരിയെല്‍ ഗുവാര്‍കോ ഇഫ്‌കോ മാനേജിങ് ഡയറക്ടര്‍ ഡോ. ഉദയ്ശങ്കര്‍ അവാസ്തിക്ക് റോച്ച്്ഡേല്‍ പയനിയേഴ്‌സ് അവാര്‍ഡ് സമ്മാനിച്ചു. സേവനം എത്താത്തവരിലേക്കും സേവനം എത്തിക്കലും ഏറ്റവും വിദൂരമായ ഇടങ്ങളിലും അതിന്റെ പ്രയോജനം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഇന്ത്യയിലെ സഹകരണപ്രസ്ഥാനമെന്ന് ഡോ. അവാസ്തി പറഞ്ഞു.ഐ.സി.എ. യുവജനസമിതിയുടെ അധ്യക്ഷ അന അഗുയ്‌റെ കോപ്പത്തോണ്‍ ചര്‍ച്ചകള്‍ നയിച്ചു.ഫിജി ഉപപ്രധാനമന്ത്രി മനോവ കാമികാമിക, കേന്ദ്ര സഹകരണവകുപ്പു സഹമന്ത്രി മുരളീധര്‍ മോഹോല്‍, ഐ.സി.എ എ.പി പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍സിങ് യാദവ്, ഇഫ്‌കോ ചെയര്‍മാന്‍ ദിലീപ് സംഘാനി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. സാംസ്‌കാരികപരിപാടികളോടെയാണു സമ്മേളനം സമാപിച്ചത്.

Moonamvazhi

Authorize Writer

Moonamvazhi has 104 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News