ചൂഷണരഹിത തൊഴിൽ സൃഷ്ടിക്ക് യുവ സഹകരണസംഘങ്ങൾ വേണം: സ്പീക്കർ ഷംസീർ
കേരളത്തിലെ യുവജനങ്ങളെ സ്വയം പര്യാപ്തരാക്കാനും, ചൂഷണമില്ലാത്ത തൊഴിൽ സാഹചര്യം സൃഷ്ടിക്കാനും യുവ സഹകരണ സംഘങ്ങൾക്ക് കഴിയുമെന്ന് നിയമസഭ സ്പീക്കർ എ. എൻ.ഷംസീർ പറഞ്ഞു.
കേരളത്തിലെ കലാലയങ്ങളിൽ പഠനത്തോടൊപ്പം തൊഴിൽ പഠനവും സാധ്യമാക്കാൻ യുവജന സഹകരണ സംഘങ്ങൾ വഴി സാധിക്കും. യുവാക്കൾ പഠനത്തോടൊപ്പം വരുമാനവും നേടാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കനകക്കുന്നു കൊട്ടാരം മൈതാനത്തു സഹകരണഎക്സ്പോ യുടെ ഭാഗമായി യുവജന സഹകരണസംഘങ്ങളുടെ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഈ നാട് യുവജന സഹകരണ സംഘം പ്രസിഡൻ്റ് സജേഷ് ശശി അധ്യക്ഷനായി.
വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് , സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത്ത് ബാബു, യുവജനസഹകരണ മേഖലയിലെ ആദ്യത്തെ മീഡിയ പ്രൊഡക്ഷൻ യൂണിറ്റ് ആയ ഐക്കൂപ്‌സിന്റെ സ്ഥാപകൻ മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു. കേരളത്തിൽ നിലവിൽ 46 യുവജന സഹകര സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.