ക്ഷാമബത്തനിയന്ത്രണനിര്‍ദേശം പിന്‍വലിക്കണം: കെസിഡബ്ലിയുഎഫ്
സഹകരണസംഘം ജീവനക്കാര്‍ക്കു കുടിശ്ശികയായാ ഒരു ഗഡു ക്ഷാമബത്ത (6%) അനുവദിച്ചപ്പോള്‍ അതിനു നിയന്ത്രണങ്ങളേര്‍പ്പെടുത്തി സെപ്‌റ്റംബര്‍ ഒമ്പതിനു ഇറക്കിയ നിര്‍ദേശം പിന്‍വലിക്കണമെന്നു കേരള കോഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി സുമോദ് എന്‍.സി ആവശ്യപ്പെട്ടു. ഇതുവരെയില്ലാത്തതരം നിര്‍ദേശങ്ങളാണു സഹകരണരജിസ്‌ട്രാറുടെതെന്നു ഫെഡറേഷന്‍ കുറ്റപ്പെടുത്തി. ക്ഷാമബത്ത് അനുവദിക്കാന്‍ തടസ്സമായി പറയുന്ന മൂന്നു കാര്യത്തിനും ജീവനക്കാര്‍മാത്രമല്ല ഉത്തരവാദികള്‍. സര്‍ക്കാരും സഹകരണവകുപ്പും ഫൈനാന്‍സ് ബാങ്കായ കേരളബാങ്കും അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാരും ഉത്തരവാദികളാണ്. ജീവനക്കാരെമാത്രം പഴിചാരുന്നതു ശരിയല്ല. സര്‍ക്കാരും സഹകരണവകുപ്പും സഹകരണസംഘം രജിസ്‌ട്രാറും കാലാകാലങ്ങളില്‍ ശമ്പളപരിഷ്‌കരണം, ക്ഷാമബത്ത, ബോണസ്, അലവന്‍സ് തുടങ്ങിയ അനുവദിക്കാന്‍ ഉത്തരവും പുറപ്പെടുവിക്കാറുണ്ട്. ആ ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും അടിസ്ഥാനത്തില്‍ സംഘത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ചാണു ഭരണസമിതികള്‍ ആനുകൂല്യങ്ങള്‍ നല്‍കാറുള്ളത്. സെപ്‌റ്റംബര്‍ ഒമ്പതിലെ നിര്‍ദേശം അതിനു വിഘാതമാണ്. അതിനാല്‍ അതു പിന്‍വലിക്കണമെന്നു ഫെഡറേഷന്‍ സഹകരണസംഘം രജിസ്‌ട്രാറോട് ആവശ്യപ്പെട്ടു.