സഹകരണപുനരുദ്ധാരണനിധി: നിക്ഷേപിക്കുന്ന സംഘങ്ങള്‍ക്കും വായ്‌പയെടുക്കുന്ന സംഘങ്ങള്‍ക്കുമുള്ള വ്യവസ്ഥകളായി
കേരളസഹകരണപുനരുദ്ധാരണനിധിയിലേക്കു തുക വകമാറ്റാനും നിധിയില്‍നിന്നു ധനസഹായം നല്‍കാനും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു(സര്‍ക്കുലര്‍ 12/26). നിധിയിലേക്കുള്ള വായ്‌പനല്‍കുന്ന സംഘങ്ങള്‍ക്കായി മൂന്നുനിര്‍ദേശമാണുള്ളത്. (1) ഈ സംഘങ്ങള്‍ക്കു കേരളബാങ്ക് കരുതല്‍ധനത്തിനു കൊടുക്കുന്ന പലിശയെക്കാള്‍ അരശതമാനം പലിശ കൂടുതല്‍ കൊടുക്കും.(2) വാര്‍ഷികഓഡിറ്റില്‍ കരുതല്‍ധനവും പുനരുദ്ധാരണഫണ്ടുവായ്‌പയും വെവ്വേറെ എഴുതണം. രണ്ടുംചേര്‍ത്തുള്ള ആകെ തുകയും എഴുതണം. (3) എല്ലാ സാമ്പത്തികവര്‍ഷവും (ആദ്യരണ്ടുകൊല്ലവും അടക്കം) മാര്‍ച്ച് 10നു പലിശ സംഘങ്ങളെ അറിയിക്കും. നിധിയുടെ ഓഡിറ്റു കഴിഞ്ഞു രണ്ടുമാസത്തിനകം പലിശ അനുവദിക്കും.

നിധിയില്‍നിന്നു വായ്‌പയെടുക്കുന്ന സംഘങ്ങള്‍ക്കായി അഞ്ചുനിര്‍ദേശമുണ്ട്. (1) വായ്‌പ കൈപ്പറ്റുംമുമ്പു സംഘവും സഹകരണരജിസ്‌ട്രാറും 500രൂപയുടെ മുദ്രപ്പത്രത്തില്‍ വായ്‌പക്കരാര്‍ ഒപ്പിടണം. രജിസ്‌ട്രാര്‍ക്കുവേണ്ടി ജില്ലാആസൂത്രണഅസിസ്റ്റന്റ് രജിസ്‌ട്രാറും സംഘത്തിനുവേണ്ടി പ്രസിഡന്റും സെക്രട്ടറിയും മറ്റുഭരണസമിതിയംഗങ്ങളും ഒപ്പിടണം. (2) ജില്ലാമോണിട്ടറിങ് കമ്മറ്റി ഈ സംഘങ്ങളെ മോണിട്ടര്‍ ചെയ്‌ത് എല്ലാമാസവും സഹകരണസംഘം രജിസ്‌ട്രാര്‍ നടത്തുന്ന ജില്ലാജോയിന്റ് രജിസ്‌ട്രാര്‍ ജനറല്‍മാരുടെ പ്രവൃത്തിഅവലോകനത്തില്‍ റിപ്പോര്‍ട്ടു ചെയ്യണം. (3) തിരിച്ചടവില്‍ വീഴ്‌ച വരുത്തിയാലും ദുരുപയോഗം ചെയ്‌താലും ഭരണസമിതിയംഗങ്ങളില്‍നിന്നു തുക ഈടാക്കും. (4) അംഗീകരിച്ച പദ്ധതിറിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്കേ വായ്‌പ ഉപയോഗിക്കുന്നുള്ളൂ എന്നു ജില്ലാമോണിട്ടറിങ് കമ്മറ്റി വിലയിരുത്തണം. വായ്‌പ ഉപയോഗത്തിന്റെ കണക്കുകള്‍ സംഘം വേര്‍തിരിച്ചു സൂക്ഷിക്കണം. (5) വായ്‌പബാക്കിക്കു സംഘം കാലാകാലം സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശ ഒരോമാസവും പത്താംതിയതിക്കുമുമ്പു സഹകരണരജിസ്‌ട്രാറുടെ കേരളബാങ്കിലെ അക്കൗണ്ടിലിടണം.
കേരളബാങ്കില്‍ സംഘങ്ങള്‍ നിക്ഷേപിക്കുന്ന കരുതല്‍ധനത്തിന്റെയും കൃഷിസ്ഥിരതാനിധിയുടെയും 50%ല്‍ കവിയാത്ത തുകയാണു പുനരുദ്ധാരണനിധി. സര്‍ക്കാരിന്റെയോ സഹകരണരജിസ്‌ട്രാറുടെയോ അനുമതിയോടെ റിസര്‍വ് ഫണ്ടില്‍നിനന് 50%വരെ സംഘത്തിന്റെ ബിസിനസിനോ സഹകരണപുനരുദ്ധാരണഫണ്ടിലേക്കു വായ്‌പയായോ ഉപയോഗിക്കാം.

