സഹകരണ പുനരുദ്ധാരണനിധി നിലവില്‍വന്നു
- പുനരുജ്ജീവനപദ്ധതിയുമായി അപേക്ഷിച്ചാല്‍ ധനസഹായം
- രണ്ടുവര്‍ഷത്തേക്കു തിരിച്ചടവിനു മോറട്ടോറിയം
- അഞ്ചുകൊല്ലംമുതല്‍ 10കൊല്ലംവരെ തിരിച്ചടവു കാലാവധി
- അര്‍ഹത നിശ്ചയിക്കാന്‍ മാനദണ്ഡസ്‌കോര്‍
- നിരീക്ഷിക്കാന്‍ സംഘം,താലൂക്ക്,ജില്ലാ,സംസ്ഥാനതല സമിതികള്‍
പ്രതിസന്ധിയിലായ സംഘങ്ങളെ സാമ്പത്തികമായി സഹായിച്ചു പുനരുജ്ജീവിപ്പിക്കാനുള്ള സഹകരണപുനരുദ്ധാരണനിധി പദ്ധതി (കോഒപ്പറേറ്റീവ് റിവൈവല്‍ഫണ്ട് സ്‌കീം) നിലവില്‍ വന്നു. ഇതുസംബന്ധിച്ച അസാധാരണഗസറ്റ് വിജ്ഞാപനം ഏപ്രില്‍ 15നു പ്രസിദ്ധീകരിച്ചു. ഉടന്‍ പ്രാബല്യത്തില്‍വരുംവിധമാണു വിജ്ഞാപനം.
പുനരുദ്ധാരണത്തിനായി നിധിയില്‍നിന്നു സാമ്പത്തികസഹായത്തിന് അപേക്ഷിക്കുന്ന പ്രതിസന്ധിയിലായ സംഘങ്ങള്‍ ഒരു പുനരുദ്ധാരണപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കേണ്ടതുണ്ടെന്നു വിജ്ഞാപനം വ്യക്തമാക്കുന്നു. അതു ജില്ലാതലമേല്‍നോട്ടസമിതി വിലയിരുത്തും. അതിനുശേഷം വ്യക്തമായ ശുപാര്‍ശയോടെ സംസ്ഥാനഉന്നതതലസമിക്കു സമര്‍പ്പിക്കും. സഹകരണസംഘംരജിസ്‌ട്രാര്‍ മുഖേനയാണു സമര്‍പ്പിക്കുക. സംസ്ഥാനസമിതി അപേക്ഷയും പുനരുദ്ധാരണപദ്ധതിയും പരിശോധിച്ചശേഷം എത്രരൂപ സഹായമായി അനുവദിക്കണമെന്നു ശുപാര്‍ശ ചെയ്യും. പലിശയും നിശ്ചയിക്കും. ഒപ്പം അതുസംബന്ധിച്ച വ്യവസ്ഥകളും.അനുവദിക്കുന്ന തുക പുനരുദ്ധാരണപദ്ധതിയില്‍ പറഞ്ഞിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂ. പുനരുദ്ധാരണനിധി പദ്ധതിയില്‍നിന്നു നല്‍കുന്ന വായ്‌പകളുടെയും അഡ്വാന്‍സുകളുടെയും ഈടുകളുടെ പ്രഥമചുതമല വഹിക്കുന്നതു ഫണ്ട് മാനേജര്‍ ആയിരിക്കും.
സഹകരണസംഘം നിയമത്തിലെ 57 ഇ പ്രകാരമാണു പദ്ധതി വിജഞാപനം ചെയ്‌തിട്ടുള്ളത്.അസാധാരണസാഹചര്യങ്ങള്‍മൂലം സാമ്പത്തികമായി ദുര്‍ബലമോ മുരടിച്ചതോ ആയ അവസ്ഥയിലുള്ള സഹകരണസംഘങ്ങളെ സാമ്പത്തികസഹായം നല്‍കി പുനരുജ്ജീവിപ്പിക്കലാണു പദ്ധതിയുടെ ലക്ഷ്യം. അവയുടെ പ്രവര്‍ത്തനക്ഷമതയും സുസ്ഥിരതയും പുനസ്ഥാപിക്കലും ലക്ഷ്യമാണ്.പ്രവര്‍ത്തനം കാര്യക്ഷമമല്ലാതാകുകയോ പ്രവര്‍ത്തനമൂലധനമില്ലാതാകുകയോ ചെയ്‌തതുമൂലം ഏതെങ്കിലും സംഘത്തിന്റെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലായാല്‍ ഈ പദ്ധതി പ്രകാരം സംഘത്തിനു പുനരുദ്ധാരണപദ്ധതി തയ്യാറാക്കാം. ഇതിനായി സംഘത്തിന്റെ സാമ്പത്തികനില വിലയിരുത്താനുള്ള മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന സംഘങ്ങളെയാണു സാമ്പത്തികസഹായത്തിനു പരിഗണിക്കുക. മാനദണ്ഡങ്ങള്‍ പ്രകാരം പുനരുജ്ജീവിക്കാനുള്ള സാധ്യത കണക്കാക്കുമ്പോള്‍ 20മുതല്‍ 50വരെ റാങ്കുകളിലുള്ള സ്‌കോര്‍ ലഭിക്കുന്ന സംഘങ്ങളെയാണു സാമ്പത്തികസഹായത്തിനു പരിഗണിക്കുക. 19പോയിന്റുകള്‍ക്കുതാഴെമാത്രം പോയിന്റുകള്‍ ഉള്ളവയെയും 51മുതല്‍ മുകളിലേക്കുള്ള പോയിന്റുകള്‍ ഉള്ളവയെയും സാമ്പത്തികസഹായത്തിനു പരിഗണിക്കില്ല.
പദ്ധതിപ്രകാരം ലഭിക്കുന്ന ധനസഹായത്തിനുപുറമെ, സഞ്ചിതമായ റിസര്‍വ് ഫണ്ടുകള്‍ ഉണ്ടെങ്കില്‍ അവയും സംഘങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. രജിസ്‌ട്രാര്‍ വയ്‌ക്കുന്ന നിബന്ധനകള്‍ക്കു വിധേയമായായിരിക്കും ഇത്.പുനരുദ്ധാരണനിധിപദ്ധതി പ്രകാരം കിട്ടുന്ന ധനസഹായം രണ്ടുവര്‍ഷത്തേക്കു തിരിച്ചടക്കേണ്ട. അഞ്ചുവര്‍ഷംമുതല്‍ 10വര്‍ഷംവരെയുള്ള കാലാവധിയിലാണു തുക തിരിച്ചടക്കേണ്ടത്. തിരിച്ചടക്കേണ്ട തവണകളുടെ ഘടനയും പലിശനിരക്കും സംസ്ഥാനതലഉന്നതസമിതിയാണു തീരുമാനിക്കുക. പലിശ വര്‍ഷം എട്ടരശതമാനത്തില്‍കൂടില്ല.ധനസഹായത്തിനുള്ള അപേക്ഷയുടെ മാതൃക വിജ്ഞാപനത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.സഹകരണനിയമത്തിലെ 56-ാംവകുപ്പിലെ ഒന്നാംഉപവകുപ്പിലെ ക്ലോസ് എ പ്രകാരമുള്ള റിസര്‍വ് ഫണ്ടിന്റെ 50 ശതമാനത്തില്‍ കവിയാത്ത തുകയും, കാര്‍ഷികവായ്‌പാസംഘങ്ങള്‍ അറ്റലാഭത്തില്‍നിന്നു നീക്കിവച്ചതും കേരളബാങ്കില്‍ സഹകരണസംഘം നിയമത്തിന്റെ 56-ാംവകുപ്പിന്റെ രണ്ടാം ഉപവകുപ്പിന്റെ ക്ലോസ് സി പ്രകാരം നിക്ഷേപിച്ചതുമായ കാര്‍ഷികവായ്‌പാസ്ഥിരതാനിധിയുടെ 50 ശതമാനത്തില്‍ കവിയാത്ത തുകയും, സര്‍ക്കാര്‍ കാലാകാലങ്ങളില്‍ അനുവദിക്കുന്ന തുകയും, സ്‌കീംപ്രകാരം നിധിയില്‍ ലഭ്യമാവുന്ന മറ്റുതുകകളും അടങ്ങിയതായിരിക്കും പുനരുദ്ധാരണനിധി.
പദ്ധതി നടത്തിപ്പിനായി മേല്‍പറഞ്ഞ റിസര്‍വ് ഫണ്ടും കാര്‍ഷികവായ്‌പാസ്ഥിരതാഫണ്ടും സംഘങ്ങള്‍ വകയിരുത്തേണ്ടതാണ്.സംസ്ഥാനഉന്നതതലസമിതിയുടെ അനുവാദം കിട്ടിയാല്‍ സഹകരണരജിസ്‌ട്രാര്‍ നിധിയില്‍നിന്ന് ആവശ്യമായ തുക പിന്‍വലിച്ച് പുനരുദ്ധാരണപദ്ധതി നടപ്പാക്കാനായി അനുവദിക്കും.ഫണ്ടില്‍ നിക്ഷേപിക്കുന്ന തുകയ്‌ക്ക് സംഘത്തിന് കേരളബാങ്ക് സംഘങ്ങള്‍ക്കു കാലാകാലങ്ങളില്‍ റിസര്‍വ് ഫണ്ടിന് ഗ്യാരന്റി ചെയ്യുന്നതില്‍ കുറയാത്ത പലിശ കിട്ടാന്‍ അര്‍ഹതയുണ്ടായിരിക്കും. ഇതിലെ പലിശവ്യത്യാസത്തില്‍നിന്ന് അരശതമാനംതുക ഭരണപരമായ ചെലവുകള്‍ക്കായി നീക്കിവയ്‌ക്കും.സഹകരണപുനരുദ്ധാരണനിധിത്തുക കേരളബാങ്കില്‍ സഹകരണസംഘം രജിസ്‌ട്രാറുടെയോ പുനരുദ്ധാരണനിധിനിയമപ്രകാരം രൂപവല്‍കരിക്കുന്ന കണ്‍സോര്‍ഷ്യത്തിന്റെയോ മറ്റേതെങ്കിലും നിക്ഷേപസ്‌കീമിന്റെയോ പദ്ധതിയുടെയോ പേരില്‍ സ്ഥിരനിക്ഷേപം നടത്തുകയാണു ചെയ്യുക. സംസ്ഥാനഉന്നതസമിതിയോ സര്‍ക്കാരോ നിശ്ചയിക്കുന്ന രീതിയിലായിരിക്കും ഇത്.
സ്‌കീംപ്രകാരമുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും കേരളബാങ്ക് കാലാകാലങ്ങളില്‍ സംഘങ്ങളുടെ റിസര്‍വ് ഫണ്ട് നിക്ഷേപങ്ങള്‍ക്കു ഗ്യാരന്റി ചെയ്യുന്ന പലിശനിരക്കിനെക്കാള്‍ കുറയാത്ത പലിശനിരക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും.സ്‌കീമിന്റെ ഫണ്ട് മാനേജര്‍ സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസിലെ അഡീഷണല്‍രജിസ്‌ട്രാര്‍ (ആസൂത്രണവും സംയോജിതസഹകരണവികസനപദ്ധതിയും) ആയിരിക്കും.സംസ്ഥാനഉന്നതതലസമിതിയുടെ ചെയര്‍മാന്‍ സഹകരണമന്ത്രിയായിരിക്കും. സഹകരണസംഘം രജിസ്‌ട്രാര്‍ ആയിരിക്കും കണ്‍വീനര്‍. സഹകരണവകുപ്പുസെക്രട്ടറി, സംസ്ഥാനസഹകരണയൂണിയന്‍ പ്രസിഡന്റ്, കേരളബാങ്ക് പ്രസിഡന്റ്, പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളുടെ അസോസിയേഷന്റെ പ്രസിഡന്റ്, സഹകരണസംഘം (വായ്‌പ) അഡീഷണല്‍ രജിസ്‌ട്രാര്‍, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ടുവിദഗ്‌ധര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. അഡീഷണല്‍ രജിസ്‌ട്രാര്‍ (വായ്‌പ) ആയിരിക്കും മെമ്പര്‍ സെക്രട്ടറി.
സഹകരണസംഘംരജിസ്‌ട്രാര്‍ ഓഫീസിലെ അഡീഷണല്‍ രജിസ്‌ട്രാര്‍ (പ്ലാനിങ്-ഐസിഡിപി) ചെയര്‍മാനും സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കണ്‍വീനറും സഹകരണഓഡിറ്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (ക്രെഡിറ്റ്1), ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (ക്രെഡിറ്റ് 2), അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (സിപി സെക്ഷന്‍), അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (സിബി സെക്ഷന്‍), അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (പിആന്റ് എം സെക്ഷന്‍) എന്നിവര്‍ അംഗങ്ങളുമായി സംസ്ഥാനതലമേല്‍നോട്ടസമിതിയുണ്ടാകും.
ജില്ലകളില്‍നിന്നു സംസ്ഥാനഉന്നതതലസമിതിക്കു കിട്ടുന്ന അപേക്ഷകളിലെ രേഖകള്‍ പരിശോധിക്കുന്നതും വിലയിരുത്തുന്നതും ഇവരായിരിക്കും. രജിസ്‌ട്രാര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ റസീപ്‌റ്റുകളുമായും ചെലവുകളുമായും ഫണ്ട് വിനിയോഗവുമായും ബന്ധപ്പെട്ട പ്രസ്‌താവനകളും രജിസ്റ്ററുകളും സൂക്ഷിക്കേണ്ട ചുമതലയും മേല്‍നോട്ടസമിതിക്കാണ്. ധനസഹായം കിട്ടിയ സംഘങ്ങളില്‍ ഇവര്‍ കാലാകാലങ്ങളില്‍ പരിശോധന നടത്തുകയും വേണം. ഒപ്പം രജിസ്‌ട്രാര്‍ക്കു വാര്‍ഷികറിപ്പോര്‍ട്ടു സമര്‍പ്പിക്കയും വേണം.സഹകരണജില്ലാജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ചെയര്‍മാനായി ജില്ലകളിലും മേല്‍നോട്ടസമിതിയുണ്ടാകും. ജില്ലാസര്‍ക്കിള്‍ സഹകരണയൂണിയന്‍ പ്രസിഡന്റും ജില്ലാജോയിന്റ് രജിസ്‌ട്രാറും (ഓഡിറ്റ്) അസിസ്‌റ്റന്റ് രജിസ്‌ട്രാറും (ആസൂത്രണം), താലൂക്ക് അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍മാരും (ജനറല്‍) അംഗങ്ങളായിരിക്കും. അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (ആസൂത്രണം) ആയിരിക്കും കണ്‍വീനര്‍.
സംഘങ്ങളില്‍നിന്നു കിട്ടുന്ന പുനരുദ്ധാരണപദ്ധതിഅപേക്ഷകള്‍ പരിശോധിച്ച് സഹകരണരജിസ്‌ട്രാര്‍മുഖേന സംസ്ഥാനഉന്നതതലസമിതിക്കു സമര്‍പ്പിക്കേണ്ട ചുമതല ജില്ലാതലമേല്‍നോട്ടസമിതിക്കാണ്. സംഘങ്ങള്‍ സാമ്പത്തികസഹായം ശരിയാംവണ്ണം വിനിയോഗിക്കുന്നുണ്ടെന്നു നിരീക്ഷിക്കേണ്ടതു ജില്ലാതലസമിതിയാണ്. കൃത്യമായ തിരിച്ചടവ് ഉറപ്പാക്കേണ്ടത് അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ആസൂത്രണം) ആണ്. സമിതി ഓരോമൂന്നുമാസവും യോഗം ചേര്‍ന്നു സംസ്‌ഥാനമേല്‍നോട്ടസമിതിക്കു വിലയിരുത്തല്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കണം.അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ചെയര്‍മാനും അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) കണ്‍വീനറുമായി ഒരോ താലൂക്കിലും മേല്‍നോട്ടസമിതിയുണ്ടാകും. സംഘങ്ങള്‍ക്കുള്ള ധനസഹായവിതരണവും ഉപയോഗവും തിരിച്ചടവും നിരീക്ഷിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതും ഈ സമിതിയാണ്.കൂടാതെ സംഘംതലത്തിലും മേല്‍നോട്ടസമിതിയുണ്ടാകും. കിട്ടുന്ന ധനസഹായത്തിന്റെ ഉപയോഗം, തിരിച്ചടവ് തുടങ്ങിയകാര്യങ്ങള്‍ക്കു സംഘംതലത്തില്‍ മേല്‍നോട്ടം വഹിക്കലാണു ചുമതല. യൂണിറ്റ് ഇന്‍സ്‌പെക്ടറായിരിക്കും ഇതിന്റെ ചെയര്‍മാന്‍. സമിതി ഓരോമാസവും യോഗംചേര്‍ന്നു താലൂക്ക്‌സമിതിക്കു റിപ്പോര്‍ട്ടു സമര്‍പ്പിക്കണം.പദ്ധതിയുടെ മൊത്തത്തിലുള്ള വാര്‍ഷികഓഡിറ്റ് ചുമതല സഹകരണഓഡിറ്റ് ഡയറക്ടര്‍ക്കായിരിക്കും.