കേന്ദ്ര സഹകരണ പുനര്‍നിര്‍മാണനിധി സക്രിയമാക്കും
കേന്ദ്രതലത്തില്‍ സഹകരണ പുനരധിവാസ,പുനര്‍നിര്‍മാണ,വികസനനിധി (സി.ആര്‍.ആര്‍.ഡി.എഫ്) സക്രിയമാക്കാന്‍ നീക്കം. രാജ്യത്തെമ്പാടുമുള്ള പീഡിത മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പുനരധിവാസത്തിനും വികസനത്തിനും സഹായം നല്‍കലാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി കേന്ദ്രസഹകരണരജിസ്‌ട്രാറും കേന്ദ്രസഹകരണമന്ത്രാലയ അഡീഷണല്‍ രജിസ്‌ട്രാറുമായ രബീന്ദ്രകുമാര്‍ അഗര്‍വാളിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ദേശീയതലത്തിലുള്ള സഹകരണസ്ഥാപനങ്ങളുടെയും ഫെഡറേഷനുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. സിആര്‍ആര്‍ഡിഎഫിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ പ്രാഥമിക കരട് ചര്‍ച്ചചെയ്യാനായിരുന്നു യോഗം. യോഗത്തിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മാസം അവസാനത്തോടെ കരടിന് അന്തിമരൂപം നല്‍കും. സഹകരണസ്ഥാപനങ്ങളുടെ സാമ്പത്തികശൈഥില്യം പരിഹരിക്കലും ആധനികീകരണവും പോലുള്ള വെല്ലുവിളികല്‍ ഫലപ്രദമായി നേരിടാനുള്ള ചട്ടക്കൂട് സആര്‍ആര്‍ഡിഎഫ് തയ്യാറാക്കുമെന്നാണു പ്രതീ്‌ക്ഷ. പീഡിതസഹകരണസ്ഥാപനങ്ങള്‍ക്കുംമറ്റും പണം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ലളിതമാക്കാന്‍ സിആര്‍ആര്‍ഡിഎഫിനു കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ 63 എ വകുപ്പുപ്രകാരമാണു സിആര്‍ആര്‍ഡിഎഫ് രൂപവല്‍കരിച്ചത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിസറ്റേറ്റ്‌സംഘങ്ങള്‍ കഴിഞ്ഞമൂന്നുസാമ്പത്തികവര്‍ഷത്തിന്റെ അറ്റാദായത്തിന്റെ ഒരുശതമാനം വര്‍ഷംതോറും സംഭാവനചെയ്‌താണു നിധിക്കു സാമ്പത്തികപിന്‍ബലം കൈവരുത്തുന്നത്. പരമാവധി ഒരുകോടിരൂപയാണ് ലാഭത്തിലുള്ള സംഘങ്ങള്‍ നല്‍കേണ്ടിവരിക. കൂടാതെ എല്ലാ മള്‍ട്ടിസ്റ്റേറ്റ്‌സംഘങ്ങളും അറ്റാദായത്തിന്റെ 0.005 ശതമാനംമുതല്‍ 0.1ശതമാനംവരെ വിഭവലഭ്യത സുഗമമാക്കാന്‍ നല്‍കേണ്ടതുണ്ട്. ഈ തുക പീഡിതസഹകരണസ്ഥാപനങ്ങളെ പുനരുദ്ധരിക്കാനും വികസനപദ്ധതികള്‍ക്കു ധനസഹായം നല്‍കാനും ഉപയോഗിക്കും. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്.