പ്രമുഖ സഹകാരി ബി. കെ. തിരുവോത്ത് അന്തരിച്ചു
സഹകരണ ജീവനക്കാരുടെ ആദ്യകാലസംഘാടകനും ഗ്രന്ഥകാരനും സാഹിത്യകാരനുമായ വടകര കാർത്തികപ്പള്ളി പൊന്നമ്പത്ത് ബി.കെ. തിരുവോത്ത്(ടി. ബാലകൃഷ്ണക്കുറുപ്പ്-92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോൺഗ്രസ് നേതാവുമായിരുന്നു. സഹകരണമേഖലയിലെ ജീവനക്കാരെയും പെൻഷൻകാരെയും സംഘടിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കാൻ മുന്നിൽനിന്ന തിരുവോത്ത് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്നു. നിലവിൽ പ്രൈമറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷനേഴ്സ് അസോസിയേഷന്റെ പ്രസിഡന്റാണ്.
മന്ത്രി പി.ആർ. കുറുപ്പ് 1968- 69ൽ സഹകരണ നിയമം കൊണ്ടുവന്നതിനു പിന്നിൽ തിരുവോത്തിന്റെ കൂടി ഇടപെടലുണ്ടായിരുന്നു. സഹകരണജീവനക്കാർക്ക് പെൻഷൻ നേടിയെടുക്കാ നും നേതൃത്വം നൽകി. വില്ല്യാപ്പള്ളി സഹകരണ ബാങ്ക് സെക്രട്ടറിയായാണ് വിരമിച്ചത്.പഠനകാലത്ത് വിദ്യാർഥി കോൺഗ്രസിൽ സജീവമായ തിരുവോത്ത് പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പക്ഷത്തെത്തി. സോഷ്യലിസ്റ്റ് യുവജനസഭാ സംസ്ഥാന സെക്രട്ടറിയുമായി. സ്വാതന്ത്ര്യസമര സേനാനി വി.പി. കുഞ്ഞിരാമക്കുറുപ്പിന്റെ ശിഷ്യനായ ഇദ്ദേഹം പിന്നീട് മാതൃസംഘടനായ കോൺഗ്രസിൽ തിരിച്ചെത്തി. ഡിസിസി അംഗമായി. കെ. കരുണാകരനോട് ഏറ്റവും അടുപ്പമുള്ള നേതാവായിരുന്നു.
സി. എൻ. വിജയകൃഷ്ണൻ അനുശോചിച്ചു
ബി.കെ. തിരുവോത്തിന്റെ നിര്യാണത്തിൽ എം. വി. ആർ. കാൻസർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അനുശോചിച്ചു.കോഴിക്കോട് ജില്ലയിൽ അറിയപ്പെടുന്ന ഏറ്റവും നല്ല സഹകാരിയും സഹകരണ രംഗത്തെ ഓരോ വിഷയവും വിശകലനം ചെയ്യുന്നയാളുമായിരുന്നു തിരുവോത്ത് എന്ന് അദ്ദേഹം പറഞ്ഞു. തിരുവോത്തിന്റെ വിയോഗം സഹകരണ മേഖലക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടിയുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ താനും പങ്കുചേരുന്നുവെന്ന് വിജയ കൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.