കേരള ബാങ്കിനെതിരെ സഹകരണ ജനാധിപത്യ വേദി യുടെ നേതൃത്വത്തിൽ കണ്ണൂരിലും കാസർകോടും പ്രതിഷേധക്കൂട്ടായ്മ.

adminmoonam

കേരള ബാങ്ക് രൂപവൽക്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് കിഫ്‌ബിയിലേക്ക് എളുപ്പത്തിൽ പണം കണ്ടെത്താനാണെന്നു കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ ആരോപിച്ചു. യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ കാസർകോട് നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയിലെ നിക്ഷേപം കിഫ്ബിയിലേക്കു മാറ്റുകയാണ് ഇപ്പോഴത്തെ സർക്കാരിന്റെ ലക്ഷ്യം. കേരള ബാങ്ക് രൂപവത്കരണത്തിന് എതിരെയും റിസ്ക് ഫണ്ട് ബേദഗതികെതിരെയും നടന്ന കളക്ടറേറ്റ് ധർണയിൽ ജില്ലയിലെ യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു.

സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, മുസ്ലിം ലീഗ് നേതാവ് എ. അബ്ദുറഹ്മാൻ, സിഎംപി നേതാവ് ബി.കമ്മാരൻ,കെ.സി.ഇ.എഫ് ട്രഷറർ വിനയകുമാർ, കെ.സി.ഇ. എഫ് ജില്ലാ പ്രസിഡണ്ട് പി.കെ.വിനോദ് കുമാർ, ബാലകൃഷ്ണൻ പെരിയ, എന്നിവർ സംസാരിച്ചു. സമരം പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് തിരുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബാങ്കിന്റെ മറവിൽ കിഫ്ബിയിലെക്ക് പണം കണ്ടെത്താനാണ് സർക്കാർ ശ്രമം. ഇതിനെതിരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നിട്ടിറങ്ങണമെന്നും പാച്ചേനി പറഞ്ഞു.

കേരള ബാങ്കിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന സഹകരണ ബാങ്ക് അഗ്രിക്കൾച്ചർ ഇൻസ്റ്റ്യൂട്ട് മുൻ ഡയറക്ടർ ബി.പി.പിള്ള ക്ലാസ്സെടുത്തു. നേതാക്കളായ മുണ്ടേരി ഗംഗാധരൻ, അഡ്വക്കേറ്റ് ജയ്സൺ തോമസ്, സി.എ.അജീർ, എ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലും പ്രതിഷേധം നടക്കും എന്ന് ജനാധിപത്യ വേദി നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!