ബി.ആർ ആക്റ്റിൽ പാക്സിന് നൽകിയ പ്രത്യേക പരിഗണന, പുതിയ ഓർഡിനൻസിൽ നഷ്ടപ്പെടുന്നില്ലെന്ന് മൂന്നാംവഴി വെബിനാർ.

adminmoonam

ബി.ആർ ആക്റ്റിൽ പാക്സിന് നൽകിയ പ്രത്യേക പരിഗണന, പുതിയ ഓർഡിനൻസിൽ നഷ്ടപ്പെടുന്നില്ലെന്നും നിയമഭേദഗതിക്കനുസരിച്ചുള്ള മാറ്റങ്ങൾക്ക് സഹകരണ സംഘങ്ങൾ തയ്യാറെടുക്കണമെന്നും മൂന്നാംവഴിയുടെ വെബിനാറിൽ അഭിപ്രായം.

ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് നൽകിയ പ്രത്യേക പരിഗണന പുതിയ ഓർഡിനൻസിൻ്റെ വെളിച്ചത്തിൽ നഷ്ടപ്പെടുന്നില്ലെന്നും നിയമഭേദഗതിക്കനുസരിച്ചുള്ള മാറ്റങ്ങൾക്ക് സഹകരണ സംഘങ്ങൾ തയ്യാറെടുക്കണമെന്നും മൂന്നാംവഴി സംഘടിപ്പിച്ച സഹകാരി വെബിനാറിൽ അഭിപ്രായമുയർന്നു. വകുപ്പ് 3 പ്രകാരം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കുള്ള ഇളവ് ഇപ്പോളും തുടരുന്നുണ്ട്. എന്നാൽ ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്നീ പദങ്ങളും ചെക്ക് മുഖേനയുള്ള ഇടപാടുകളും സംഘങ്ങൾ ഒഴിവാക്കേണ്ടി വരും. ഇതു മൂലം ബാങ്ക് എന്ന പദം ഉപയോഗിച്ചത് വഴി സംഘങ്ങൾക്ക് ആദായ നികുതി ഇളവ് നിഷേധിച്ച ആദായ നികുതി ഉദ്ധ്യോഗസ്ഥരുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.

വകുപ്പ് 7ൻ്റെയും 22 ൻ്റെയും ഇളവുകൾ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് ഉണ്ടായിരുന്നു എന്ന വാദം ശരി വെക്കുന്നതാണ് പുതിയ ഭേദഗതി. ദേദഗതിക്കനുസരണമായി സംഘങ്ങളായി നാമകരണം ചെയ്ത് കേരള ബാങ്കുമായി സഹകരിച്ച് പരസ്പര യോജിപ്പോടെ ഇടപാടുകൾ നടത്തുന്നതിന് തയ്യാറെടുക്കുന്നതിനെക്കുറച്ച് സഹകാരികൾ ആലോചിക്കണമെന്ന് വിഷയം അവതരിപ്പിച്ച് ഹൈക്കോടതി അഭിഭാഷകൻ ഡോ. കെ.പി. പ്രദീപ് അഭിപ്രായപ്പെട്ടു. പുതിയ ഭേദഗതി കാരണം കാർഷിക വായ്പാ സംഘങ്ങൾക്ക് ബാങ്ക് എന്ന് തുടർന്നും ഉപയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് ചില സഹകാരികൾ വെബിനാറിൽ അഭിപ്രായപ്പെട്ടു. ഓർഡിനൻസിലെ രണ്ടാം വകുപ്പിൽ ഇതു സംബന്ധിച്ച് അവ്യക്തതയുള്ളത് ഗുണം ചെയ്യുമെന്നായിരുന്നു ഈ സഹകാരികളുടെ അഭിപ്രായം. എന്നാൽ ദേശീയതലത്തിൽ നടപ്പിലാക്കുന്ന ബാങ്കിംഗ് പോളിസിയുടെ ഭാഗമായ നിയമ മാറ്റത്തിൽ നിന്ന് കേരളത്തിലെ സഹകരണ മേഖലയ്ക്ക് മാത്രമായി മാറി നിൽക്കാൻ കഴിയില്ലെന്ന് വെമ്പിനാറിൽ സംസാരിച്ച പത്രപ്രവർത്തകൻ കൂടിയായ ബിജു പരവത്ത് അഭിപ്രായപ്പെട്ടു. കേരളത്തിലെ സഹകരണ മേഖലയിൽ ഓഡിനൻസ് എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ചും സഹകരണ മേഖല ഇനി എങ്ങനെ മാറണമെന്ന് സംബന്ധിച്ചും ബിജു വിശദീകരിച്ചു.

വകുപ്പ് 12 ൽ വന്ന ഭേദഗതി പ്രകാരം സംഘങ്ങൾ സംസ്ഥാന – ജില്ലാ സഹകരണ ബേങ്കുകളിൽ എടുത്തിട്ടുള്ള ഷെയറുകൾ സറണ്ടർ ചെയ്യുന്നതിന് വന്ന നിയമ തടസ്സം കൂടുതൽ നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ബി.പി. പിള്ള അഭിപ്രായപ്പെട്ടു. വകുപ്പ് 36 AAA പ്രകാരം സംസ്ഥാന – ജില്ലാ – അർബൻ സഹകരണ ബാങ്കുകളുടെ ഭരണ സമിതിക്കെതിരെ നടപടി എടുക്കാൻ റിസർവ്വ് ബാങ്കിന് നൽകുന്ന അധികാരം സഹകരണ ജനാധിപത്യ തത്വങ്ങൾക്ക് എതിരാകുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ഇത് അർബൻ ബാങ്കുകൾക്ക് മാത്രമല്ല പുതിയ കേരള ബാങ്കിനും ബാധകമാകാൻ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നാൽ കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങളെയും അത് വളരെ ദോഷകരമായി ബാധിക്കും. ഇത് സഹകരണമേഖലയുടെ ജനാധിപത്യത്തിലേക്കുള്ള കടന്നുകയറ്റം ആണെന്നും ഇത് ചെറുക്കേണ്ടത് ആണെന്ന് വെബിനാറിൽ വിവിധ കോണുകളിൽനിന്ന് അഭിപ്രായമുയർന്നു. പുതിയ ഭേദഗതികൾ കാര്യമായ ചർച്ചകളിലൂടെ ഏറ്റവും സൗഹാർദ്ദമായി നടപ്പിലാക്കാനും പരാതികൾ ഉള്ളെടുത്ത് പരിഹാരം നിർദ്ദേശിക്കാനും സംസ്ഥാന സർക്കാരും സഹകാരികളും മുൻകൈ എടുക്കണമെന്ന് ചർച്ച നയിച്ച മോഡറേറ്റർ ഡോ.രാമനുണ്ണി അഭിപ്രായപ്പെട്ടു. ഒപ്പം ഇത് സംസ്ഥാനത്തെ മുഴുവനായി ബാധിക്കുന്ന വിഷയമായതിനാൽ പ്രമുഖ സഹകാരികളുടെയും രാഷ്ട്രീയനേതാക്കളുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടാൽ അത് സഹകരണമേഖലയ്ക്ക് ഈ സമയത്ത് വലിയ ഗുണം ചെയ്യുമെന്ന് രാമനുണ്ണി അഭിപ്രായപ്പെട്ടു.

ഭേദഗതികൾ നടപ്പിലാക്കുന്ന പക്ഷം വേണ്ട മാറ്റങ്ങൾ സംഘങ്ങളിൽ ഉണ്ടാക്കാൻ വേണ്ടത്ര സമയം അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും അഭിപ്രായമുയർന്നു. എന്നാൽ കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയായ സഹകരണ സംഘങ്ങൾക്ക് ബാങ്കിംഗ് ലൈസൻസ് നേടിയെടുക്കാനുള്ള അവസരമായി പുതിയ ഭേദഗതികൾ ഉപയോഗിക്കണമെന്നും അഭിപ്രായമുയർന്നു. ഈ വിഷയങ്ങളിലെല്ലാം രാഷ്ട്രീയ- ഭരണ സമ്മർദ്ദത്തിലൂടെ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും, ഇതിനായി സഹകാരികൾ കൂട്ടമായും സാധിക്കുന്ന ഫോറങ്ങളിൽ കൂടെയും സംസ്ഥാന കേന്ദ്ര സർക്കാരുകളെ വിഷയം ബോധ്യപ്പെടുത്തുകയും കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ ഉതകുന്ന രീതിയിൽ അഭിപ്രായ സമന്വയത്തിലൂടെ കാര്യങ്ങളെ ഒറ്റക്കെട്ടായി ബോധ്യപ്പെടുത്തണം എന്നും വെബിനാർ അഭിപ്രായപ്പെട്ടു.

ഒപ്പം മറ്റന്നാൾ ഈ വിഷയത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിലേക്ക് സഹകാരികളുടെ അഭിപ്രായമെന്നോണം വെബിനാറിലെ ക്രോഡീകരിച്ച അഭിപ്രായം സഹകരണ വകുപ്പ് സെക്രട്ടറിക്ക് നൽകാനും വെബിനാർ തീരുമാനിച്ചു.

പുതിയ കാലഘട്ടത്തിനനുസരിച്ച് സഹകരണ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രയോഗിക തലത്തിൽ സഹകാരികൾക്കും സഹകരണ മേഖലയ്ക്കും കോട്ടം തട്ടാത്ത രീതിയിൽ ഈ മേഖലയെ ശക്തിപ്പെടുത്താൻ മുഴുവൻ സഹകാരികൾക്കും സഹകരണമേഖലയിൽ ഉള്ളവർക്കും ഉത്തരവാദിത്തമുണ്ടെന്നും അനാവശ്യമായതും തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അഭിപ്രായമുയർന്നു. ഒപ്പം മേഖലയെ ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളെ അധികാരികൾക്ക് മുന്നിൽ എത്തിക്കാനും രാഷ്ട്രീയ ഭരണ സമ്മർദ്ദത്തിലൂടെ സഹകരണ ശക്തി കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ ആവശ്യമായ ക്രിയാത്മക നടപടികൾക്ക് ഊന്നൽ നൽകാനും വെബിനാർ ഒറ്റക്കെട്ടായി തീരുമാനിച്ചു.

ചാർട്ടേഡ് അക്കൗണ്ടന്റ് ശിവദാസ് ചേറ്റൂർ, പുരുഷോത്തമൻ മണ്ണാർക്കാട്, ശ്രീജിത്ത് മുല്ലശ്ശേരി, ഇ.ഡി.സാബു, ഹനീഫ് പെരിഞ്ചേരി, പി.എഛ്.സാബു തുടങ്ങി നിരവധി സഹകാരികളും സഹകരണ ജീവനക്കാരും രണ്ടര മണിക്കൂറോളം നീണ്ട വെബിനാറിൽ സജീവമായി പങ്കെടുത്തു. പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട വെബിനാറിൽ ഒട്ടനവധി സഹകരികൾക്ക് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യവും ഉണ്ടായി.

Leave a Reply

Your email address will not be published.