കയറ്റിറക്കുമതി ബാങ്കില്‍ മാനേജ്മെന്റ് ട്രെയിനികളാകാന്‍ അവസരം
കയറ്റിറക്കുമതി ബാങ്കില്‍ (ഇന്ത്യ എക്സിംബാങ്ക്) മാനേജ്മെന്റ് ട്രെയിനികളുടെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 14നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://www.eximbankindia.in/ careers ല്‍ ലഭിക്കും. ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തില്‍ മൂന്നും അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ രണ്ടും ട്രെയിനികളെയാണ് ആവശ്യം. ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തില്‍ അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍: (1) 60ശതമാനം മാര്‍ക്കോടെ ബിരുദം, (2) 60% മാര്‍ക്കോടെ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റിലോ പേഴ്സൊണേല്‍ മാനേജ്മെന്റിലോ ബിരുദാനന്തരബിരുദം. ഇത് എംബിഎയോ, പിജിഡിബിഎയോ, പിജിഡിബിഎമ്മോ, എംഎംഎസോ ആകാം. അഡ്മിനിസ്ട്രേഷന് വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍വേണ്ട യോഗ്യതകളും മേല്പറഞ്ഞതുതന്നെ.

ബിരുദാനന്തരബിരുദം ഹോട്ടല്‍ ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലോ ഫെസിലിറ്റീസ് മാനേജ്മെന്റിലോ ഉള്ള തുല്യയോഗ്യതയായിരിക്കണമെന്നുമാ ത്രം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം 21-28. 2026 ഏപ്രില്‍ 30 അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. മറ്റുപിന്നാക്കക്കാര്ക്ക് 31വയസ്സുവരെ അപേക്ഷിക്കാം. പരിശീലനകാലത്ത് മാസം 65000 രൂപ സ്റ്റൈപ്പന്റ് കിട്ടും. പൂര്‍ത്തിയായാല്‍ ഡെപ്യൂട്ടിമാനേജര്‍ (ജെഎം-1) തസ്തികയില്‍ നിയമിക്കും. 48480-2000-62480-2340-67160- 2680-85920 രൂപയാണ് ഈ തസ്തികയിലെ ശമ്പളനിരക്ക്. അപേക്ഷിക്കാന്‍ പൊതുവിഭാഗം അപേക്ഷകരും ഒബിസി അപേക്ഷകരും 600 രൂപ അടക്കണം. പട്ടികജാതി-പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും സാമ്പത്തികപിന്നാക്കവിഭാഗക്കാരും സ്ത്രീകളും 100 രൂപമാത്രം അടച്ചാല്‍മതി. എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും. ട്രെയിനിയായി ചേരുമ്പോള്‍ ഒരുകൊല്ലം സേവനമനുഷ്ഠിച്ചുകൊള്ളാമെന്ന മൂന്നുലക്ഷംരൂപയുടെ ബോണ്ടും സ്ഥിരനിയമനം ലഭിച്ചാല്‍ അഞ്ചുകൊല്ലം സേവനമനുഷ്ഠിക്കാമെന്ന ബോണ്ടും നല്‍കണം.

