ക്ഷീരസംഘം നിയമനനടപടിക്കെതിരായ ഹര്‍ജി തള്ളി

Moonamvazhi
ക്ഷീരസംഘത്തിലെ ലാബ്‌ അസിസ്റ്റന്റ്‌ നിയമനനടപടിക്കെതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ തള്ളി. സംഘംമുന്‍പ്രസിഡന്റ്‌ ശ്രീലത എസ്‌ നല്‍കിയ അപ്പീലാണു ജസ്‌റ്റിസ്‌ സുശ്രുത്‌ അര്‍വിന്ദ്‌ ധര്‍മദും ജസ്‌റ്റിസ്‌ പി.വി. ബാലകൃഷ്‌ണനുമടങ്ങിയ ബെഞ്ച്‌ തള്ളിയത്‌.
ഐവര്‍കാലക്ഷീരോല്‍പാദകസഹകരണസംഘം (ലിമിറ്റഡ്‌ നമ്പര്‍ ക്യു-119-ഡി) ആപ്‌കോസിന്റെ പ്രസിഡന്റായിരിക്കെ അവിശ്വാസപ്രമേയത്തെത്തുടര്‍ന്നു 2025 ഫെബ്രുവരി രണ്ടിനു രാജിവച്ച ഹര്‍ജിക്കാരി നിലവിലുള്ള ഭരണസമിതി ലാബ്‌ അസിസ്റ്റന്റ്‌ നിയമനം നടത്തുന്നതിനെതിരെ നല്‍കിയ റിട്ടുഹര്‍ജി സിംഗിള്‍ബെഞ്ച്‌ തള്ളിയിരുന്നു. സംഘം നോട്ടീസ്‌ ബോര്‍ഡില്‍ മാത്രമേ വിജ്ഞാപനം പ്രസിദ്ധീകരിച്ചുള്ളൂ, പത്രപ്പരസ്യം നല്‍കിയില്ല, ക്ഷീരവികസനഡെപ്യൂട്ടിഡയറക്ടറുടെ മുന്‍കൂര്‍അനുമതി വാങ്ങിയില്ല, ഭരണസമിതിക്കു താല്‍പര്യമുള്ളയാളെ നിയമിക്കാനാണു നീക്കം എന്നീ പരാതികളാണ്‌ ഉന്നയിച്ചത്‌. എന്നാല്‍ അനുമതി വാങ്ങിയെന്നും പത്രപ്പരസ്യം നല്‍കിയെന്നും കണ്ടു. സംഘത്തിനു പുറത്തുള്ള ഏജന്‍സിക്കാണു സെലക്ഷന്‍ ചുമതല എന്നും ബോധിപ്പിക്കപ്പെട്ടു. ഇതി്‌ന്റെ അടിസ്ഥാനത്തിലാണു ഹര്‍ജി തള്ളിയത്‌.

തെളിവും നിയമവും ശരിയായ വിധത്തില്‍ കണക്കിലെടുക്കാതെയാണു സിംഗിള്‍ ജഡ്‌ജിയുടെ വിധിയെന്നും, ഭരണസമിതിക്കെതിരെ സഹകരണആര്‍ബിട്രേഷന്‍ കോടതിയിലുള്ള കേസില്‍ സമിതിയെ അയോഗ്യമാക്കാന്‍ സര്‍വസാധ്യതയുമുള്ളതിനാല്‍ അതുവരെ നിയമനനടപടികള്‍ സ്റ്റേ ചെയ്യേണ്ടതായിരുന്നുവെന്നും, റിട്ടുഹര്‍ജി തള്ളിയ ഉടന്‍ ആര്‍ബിട്രേഷന്‍ കോടതിവിധിക്കു കാക്കാതെ ഭരണസമിതിയും പ്രസിഡന്റും സെലക്ഷന്‍ നടപടികളുടെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ക്കു നോട്ടീസ്‌ അയച്ചെന്നും അപ്പീലില്‍ ആരോപിച്ചു.
പ്രാബല്യത്തിലുള്ള ഭരണസമിതിയാണ്‌ ഒഴിവു നികത്താന്‍ തീരുമാനിച്ചതെന്നും, വ്യക്തിപരമായ ഭിന്നതയുടെ പേരിലാണു ഹര്‍ജിക്കാരി ആര്‍ബിട്രേഷന്‍ കോടതിയില്‍ കേസു കൊടുത്തതെന്നും, അതും നിയമനനടപടിയും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കുകയാണെന്നും, നിയമനം തടസ്സപ്പെടുത്താനാണിതെന്നും ഭരണസമിതി വാദിച്ചു. ഭരണഘടനയുടെ 226-ാംവകുപ്പുപ്രകാരമുള്ള റിട്ട്‌ ഹര്‍ജി നിലനില്‍ക്കണമെങ്കില്‍ പൊതുമണ്ഡലത്തിലുള്ള ഏതെങ്കിലും സ്റ്റാറ്റിയൂട്ടോ ചുമതലയോ ലംഘിച്ചെന്നു തെളിയിക്കേണ്ടതുണ്ടെന്ന വാദവും ഉന്നയിച്ചു.
സഹകരണസംഘം നിയമത്തിന്റെ ചട്ടം 182(4)(i) ലംഘിച്ചെന്ന ആരോപണത്തിന്റെ കാര്യത്തില്‍ ആ ചട്ടം ഈ കേസിന്റെ വസ്‌തുതകള്‍ക്കും സാഹചര്യങ്ങള്‍ക്കു ബാധകമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമനപ്രക്രിയയുടെ നടപടിക്രമത്തില്‍ വീഴ്‌ച ചൂണ്ടിക്കാട്ടാനും കഴിഞ്ഞിട്ടില്ല. അതും തിരഞ്ഞെടുപ്പും ഭരണസമിതിരൂപവല്‍കരണവുമായി ബന്ധിപ്പിക്കാനാവില്ല;ഭരണസമിതി വന്നിട്ട്‌ ഒരു കൊല്ലത്തിലേറെയായ സാഹചര്യത്തില്‍ വിശേഷിച്ചും. ഈ സാഹചര്യത്തില്‍ നിയമനനടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്ന സിംഗിള്‍ജ്‌ഡ്‌ജ്‌ വിധിയില്‍ ഒരു തെറ്റും കാണുന്നില്ലെന്നും റിട്ട്‌ അപ്പീല്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

Moonamvazhi

Authorize Writer

Moonamvazhi has 958 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!