നിക്ഷേപം തിരിച്ചുകൊടുക്കല്‍:കളക്ടര്‍മാരെ ചുമതലപ്പെടുത്തിയ ഉത്തരവിനു സ്റ്റേ

Moonamvazhi

നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്കു പ്രത്യോകാധികാരം നല്‍കിയ ഉത്തരവിനു സ്റ്റേ. ഇതോടെ ആ ഉത്തരവിന്റെ ഭാഗമായിരുന്ന മാസനിക്ഷേപപദ്ധതിക്കു ജിഎസ്‌ടി രജിസ്‌ട്രേഷന്‍ വേണമെന്നും അഞ്ചുസംഘത്തിന്‌ ഒരു സെയില്‍സ്‌ഓഫീസറെ വീതം നിയമിക്കണമെന്നും നിക്ഷേപഗ്യാരന്റി സ്‌കീമില്‍നിന്ന്‌ ഉടന്‍ പണം നല്‍കണമെന്നും ഉള്ള നിര്‍ദേശങ്ങളും സ്റ്റേ ചെയ്യപ്പെട്ടു. ഡിവിഷന്‍ബെഞ്ച്‌ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാഹര്‍ജി ഫയലില്‍ സ്വീകരിച്ചു ജസ്റ്റിസ്‌ സുശ്രുത്‌ എ ധര്‍മാധികാരി, ജസ്റ്റിസ്‌ പി.വി. ബാലകൃഷ്‌ണന്‍ എന്നിവരടങ്ങിയ ഡവിഷന്‍ബെഞ്ചാണു ഹൈക്കോടതിയുടെ മുന്‍ഉത്തരവു സ്റ്റേ ചെയ്‌തത്‌.

നിക്ഷേപം മടക്കിക്കിട്ടണമെന്ന നാല്‍പതോളം ഹര്‍ജികളിലാണു കളക്ടര്‍മാര്‍ക്കു പ്രത്യേകാധികാരം നല്‍കിയും എംഡിഎസിനും ജിഎസ്‌ടി ബാധകമാക്കിയും ഉത്തരവു വന്നിരുന്നത്‌. അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടും പരിഗണിച്ചായിരുന്നു ഉത്തരവ്‌. അമിക്കസ്‌ ക്യൂറിറിപ്പോര്‍ട്ടിന്‌ ആധികാരികരേഖകളുടെ പിന്‍ബലമില്ലെന്നു സര്‍ക്കാര്‍ വാദിച്ചു. ജില്ലാകളക്ടര്‍ക്കു പ്രത്യേകഅക്കൗണ്ടു തുടങ്ങി നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ചുമതല നല്‍കുന്നതു നിയമപരമല്ല, അഞ്ചുസംഘത്തിന്‌ ഒരു സെയില്‍സ്‌ ഓഫീസറെ വെക്കുന്നതു പ്രായോഗികമല്ല എന്നീ വാദങ്ങളും ഉന്നയിച്ചു.

പുനപ്പരിശോധനാഹര്‍ജിയില്‍ ഇനി വിശദവാദമുണ്ടാകും.

സംഘങ്ങളുടെ വായ്‌പറിക്കവറി-നിക്ഷേപം മടക്കിക്കൊടുക്കല്‍ പ്രശ്‌നത്തില്‍ ജില്ലാകളക്ടര്‍മാര്‍ക്ക്‌ വിതരണാധികാരം അധികാരം നല്‍കിയാണു നേരത്തേ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നത്‌. വായ്‌പകൊടുത്തവകയില്‍ സംഘങ്ങള്‍ക്കു കിട്ടേണ്ട വന്‍തോതിലുള്ള തുക തിരിച്ചുപിടിക്കാനുള്ള എക്‌സിക്യൂഷന്‍ നടപടികളില്‍ പുരോഗതിയില്ലാത്തും നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാനാവാതെ വരുന്നതും ആശങ്കാജനകമാണെന്നു ആ ഉത്തരവില്‍ പറഞ്ഞിരുന്നു. റിക്കവറിക്കായി രണ്ടാഴ്‌ചക്കകം താലൂക്കടിസ്ഥാനത്തില്‍ അഞ്ചുസംഘങ്ങള്‍ക്ക്‌ ഒരു സെയില്‍സ്‌ ഓഫീസറെ വീതം നിയോഗിക്കണമെന്നു സഹകരണരജിസ്‌ട്രാര്‍ക്കു കോടതി ആ ഉത്തരവില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈടു വിറ്റു കിട്ടുന്ന തുക ജില്ലാകളക്ടറുടെ പേരില്‍ എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആ ഉത്തരവിലുണ്ടായിരുന്നു.

ചിട്ടിഫണ്ട്‌ നിയമലംഘനമാവുന്ന വിധത്തില്‍ എംഡിഎസും ജിഡിഎസും നടത്തുന്ന സംഘങ്ങള്‍ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ എടുക്കണമെന്നതായിരുന്നു ആ ഉത്തരവിലെ മറ്റൊരു നിര്‍ദേശം. അമിക്കസ്‌ ക്യൂറിറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ചിട്ടി രജിസ്‌ട്രാര്‍, രജിസ്‌ട്രേഷന്‍ ഐജി, കേന്ദ്രപ്രത്യക്ഷനികുതി-കസ്റ്റംസ്‌ ബോര്‍ഡ്‌, കേന്ദ്ര ജിഎസ്‌ടി ചീഫ്‌ കമ്മീഷണര്‍, കേന്ദ്ര എക്‌സൈസ്‌ ആന്റ്‌ കസ്റ്റംസ്‌ എന്നിവരെ കക്ഷിചേര്‍ത്തിരുന്നു.

Moonamvazhi

Authorize Writer

Moonamvazhi has 943 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!