കര്‍ണാടകസഹകരണനിയമം സമഗ്രമായി പരിഷ്‌കരിക്കണമെന്നു കോടതി

Moonamvazhi

1959ലെ കര്‍ണാടകസഹകരണസംഘം നിയമങ്ങളും 1960ലെ സഹകരണചട്ടങ്ങളും സമഗ്രമായി അഴിച്ചുപണിയണമെന്നു കര്‍ണാടകഹൈക്കോടതി. ആധുനികസഹകരണമേഖലയ്‌ക്കു യോജിച്ചവയല്ല ഇവയെന്നു കോടതി വിലയിരുത്തി. ജസ്‌റ്റിസ്‌ സുരാജ്‌ ഗോവിന്ദരാജാണ്‌ ഒരു ഉത്തരവില്‍ സഹകരണനിയമങ്ങളുടെ സമഗ്രപരിഷ്‌കരണം ശുപാര്‍ശ ചെയ്‌തത്‌. ഉത്തരകന്നഡ ജില്ലയിലെ ഇഡഗുണ്ടി വിവിധോദ്ദേശ്യ ഗ്രാമീണകാര്‍ഷികസഹകരണസംഘത്തിന്റെ വോട്ടര്‍പട്ടികയും തിരഞ്ഞെടുപ്പുതര്‍ക്കങ്ങളും സംബന്ധിച്ച കേസിലാണു ഹൈക്കോടതി നിരീക്ഷണം. ദശാബ്ദങ്ങളായുള്ള കൊച്ചുകൊച്ചുഭേദഗതികളുടെ അറ്റകുറ്റപ്പണികള്‍കൊണ്ടു നിറഞ്ഞതും വ്യാപകമായി ആശയക്കുഴപ്പമുണ്ടാക്കുന്നതും നിയമനടപടികള്‍ക്കിടയാക്കുന്നതുമാണു നിലവിലുള്ള നിയമമെന്നു ജഡ്‌ജി അഭിപ്രായപ്പെട്ടു. അംഗമാകാനുള്ള യോഗ്യത, അയോഗ്യത കല്‍പിക്കല്‍, വോട്ടര്‍മാരുടെ അധികാരങ്ങള്‍, അഡ്‌മിനിസ്‌ട്രേറ്റര്‍മാരെ നിയമിക്കല്‍, സര്‍ച്ചാര്‍ജ്‌ നടപടികള്‍ തുടങ്ങിയവയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ജുഡീഷ്യല്‍ വ്യാഖ്യാനം വേണ്ടിവരുന്നു. നിയമനിര്‍മാണചട്ടക്കൂടിലെ തകരാറുകളാണു പ്രശ്‌നം. കോടതികള്‍ വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത്‌ അസാധ്യമാവുന്ന വിധത്തിലാണു കാര്യങ്ങളെന്നും നിയമം പരിഷ്‌കരിക്കുകമാത്രമാണു പോംവഴിയെന്നും കോടതി വിലയിരുത്തി. ആദായനികുതിനിയമത്തിലുണ്ടായതുപോലൊരു സമഗ്രപരിഷ്‌കരണം സഹകരണനിയമങ്ങളുടെ കാര്യത്തിലും ആവശ്യമാണെന്നാണു കോടതിയുടെ പക്ഷം. പ്രശ്‌നം പരിശോധിക്കാന്‍ കര്‍ണാടക നിയമക്കമ്മീഷനോടു കോടതി നിര്‍ദേശിച്ചു. ഇന്നത്തെ സാമൂഹികസാമ്പത്തികയാഥാര്‍ഥ്യങ്ങള്‍ക്കൊത്ത സമഗ്രമായ പുതിയ സഹകരണസ്റ്റാറ്റിയൂട്ട്‌ തയ്യാറാക്കാന്‍ നടപടികളെടുക്കാനും കമ്മീഷനോടു കോടതി നിര്‍ദേശിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 692 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!