പൊതുയോഗം വിളിക്കാനുള്ള പരിധി മൂന്നുമാസം നീട്ടി

Moonamvazhi

സഹകരണസംഘങ്ങളുടെ പൊതുയോഗം വിളിക്കാനുള്ള സമയപരിധി ഡിസംബര്‍ 31വരെ നീട്ടി. സെപ്‌റ്റംബര്‍ 30നകം പൊതുയോഗം വിളിക്കേണ്ടതായിരുന്നു. രജിസ്‌ട്രാറുടെ ശുപാര്‍ശയിലാണു നീട്ടിയത്‌. ഇതിനായി അസാധാരണഗസറ്റ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പല സംഘത്തിലും ഓഡിറ്റ്‌ പൂര്‍ത്തിയാകാത്തതാണു കാരണം. യഥാസമയം ഓഡിറ്റ്‌ നടത്തി പൊതുയോഗം വിളിച്ചില്ലെങ്കില്‍ ഉത്തരവാദികളായ ഭരണസമിതിയംഗങ്ങള്‍ അയോഗ്യരാകുമെന്നാണു വ്യവസ്ഥ. പക്ഷേ, പലേടത്തും ഓഡിറ്റ്‌ പൂര്‍ത്തിയാകാതിരുന്നതു ഭരണസമിതിയംഗങ്ങളുടെ വീഴ്‌ച മൂലമല്ല. നിബന്ധനകള്‍ പ്രകാരമുള്ള ഓഡിറ്റര്‍മാരെ വേണ്ടത്ര ലഭ്യമാകാത്തതുംമറ്റുമാണു പ്രശ്‌നം.

പക്ഷേ, സഹകരണസംഘംനിയമത്തിന്റെ 29-ാംവകുപ്പിന്റെ ഒന്നാംഉപവകുപ്പു പ്രകാരം സാമ്പത്തികവര്‍ഷം അവസാനിച്ച്‌ ആറുമാസത്തിനകം പൊതുയോഗം കൂടിയിരിക്കണം. ഇല്ലെങ്കില്‍ അതുകഴിഞ്ഞു 90ദിവസത്തിനകം രജിസ്‌ട്രാര്‍ക്കോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാള്‍ക്കോ പൊതുയോഗം വിളിക്കാമെന്നു മൂന്നാംഉപവകുപ്പിലുണ്ട്‌. ഇതിന്റെ ചെലവു സംഘം വഹിക്കണം. പൊതുയോഗം വിളിക്കാതിരുന്നതിന്‌ ഉത്തരവാദികളായ ബോര്‍ഡംഗങ്ങളെ തുടരാന്‍ അനുവദിക്കാതിരിക്കാനും അടുത്തതവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന്‌ അയോഗ്യരാക്കാനും നാലാം ഉപവകുപ്പു പ്രകാരം വ്യവസ്ഥയുണ്ട്‌. നിയമത്തിന്റെ 63-ാംവകുപ്പിന്റെ നാലാംഉപവകുപ്പു പ്രകാരം സാമ്പത്തികവര്‍ഷം അവസാനിച്ച്‌ ആറുമാസത്തിനുള്ളില്‍ ഓഡിറ്റ്‌ നടത്തിക്കാനും ആദായനികുതിയോ സാമ്പത്തികപ്രസ്‌താവനകളോ ഫയല്‍ ചെയ്യേണ്ട സംഘങ്ങളാണെങ്കില്‍ സാമ്പത്തികവര്‍ഷം അവസാനിച്ചു മൂന്നു മാസത്തിനകം അത്‌ ഓഡിറ്ററില്‍നിന്നു സര്‍ട്ടിഫൈ ചെയ്‌തു ലഭ്യമാക്കിക്കാനും മാനേജിങ്‌ കമ്മറ്റിക്കു ചുമതലയുണ്ട്‌. സഹകരണഓഡിറ്റ്‌ ഡയറക്ടര്‍ അംഗീകരിച്ച പാനലില്‍നിന്നാണ്‌ ഓഡിറ്റര്‍മാരെ എടുക്കേണ്ടത്‌. ഓഡിറ്റര്‍മാരെയോ ഓഡിറ്റിങ്‌ സ്ഥാപനത്തെയോ നിയമിക്കാന്‍ വാര്‍ഷികപൊതുയോഗം ചേരണം എന്നുണ്ട്‌. എന്നാല്‍ സംഘങ്ങളില്‍ ഓഡിറ്റ്‌ പൂര്‍ത്തിയാക്കി യഥാസമയം പൊതുയോഗം വിളിച്ചുകൂട്ടാനാവാത്ത സാഹചര്യമുണ്ടെന്നു രജിസ്‌ട്രാര്‍ അറിയിച്ചതായി ഗസറ്റ്‌ വിജ്ഞാപനത്തിന്റെ വിശദീകരണക്കുറിപ്പു വ്യക്തമാക്കുന്നു. ഓഡിറ്റര്‍മാരുടെ നിയമനം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാനാവാത്ത സാഹചര്യമുണ്ടെന്നു രജിസ്‌ട്രാര്‍ അറിയിച്ചതായും അതില്‍ പറയുന്നു. പക്ഷേ, പൊതുയോഗം യഥാസമയം നടത്തിയില്ലെങ്കില്‍ ഭരണസമിതി അയോഗ്യമാകും. ഇതു സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡാണു ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. അതു മുടങ്ങുന്നതു പൊതുതാല്‍പര്യത്തിനെതിരാണ്‌. അതിനാലാണു സഹകരണസംഘം നിയമത്തിലെ വിവിധ വകുപ്പിലായുള്ള 14 ഉപവകുപ്പുകളിലെ പ്രതികൂലവ്യവസ്ഥകള്‍ ഡിസംബര്‍ 31വരെ ബാധകമാക്കുന്നതില്‍നിന്ന്‌ സംഘങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം.

 

Moonamvazhi

Authorize Writer

Moonamvazhi has 643 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!