പ്രീപെയ്ഡ് പേമെന്റ് സംവിധാനം വഴിയുള്ള യു.പി.ഐ.ഇടപാടുകള്‍ക്കും തേര്‍ഡ്പാര്‍ട്ടി ആപ്പ് ഉപയോഗിക്കാം
പൂര്‍ണ കെ.വൈ.സി. അധിഷ്ഠിത പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനങ്ങളില്‍ നിന്നും (പിപിഐ) തിരിച്ചുമുള്ള യു.പി.ഐ. പേമെന്റുകള്‍ തേര്‍ഡ്പാര്‍ട്ടി യുപിഐ ആപ്ലിക്കേഷനുകളിലൂടെ നടത്താം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. ഇതോടെ പ്രീപെയ്ഡ് പേമെന്റ് സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്ലിക്കേഷനുകളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍വഴി യുപിഐ പേമെന്റുകള്‍ നടത്താനും സ്വീകരിക്കാനും കഴിയും. നിലവില്‍ ഒരു ബാങ്ക് അക്കൗണ്ടിലേക്കോ തിരിച്ചോ നടത്തുന്ന യുപിഐ പേമെന്റുകള്‍ ആ ബാങ്കിന്റെ യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ദാതാവിന്റെ യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ നടത്താമെങ്കിലും, പ്രീപെയ്ഡ് പേമെന്റ് സംവിധാനങ്ങളില്‍നിന്നും തിരിച്ചുമുള്ള യുപിഐ പേമെന്റുകള്‍ ആ പിപിഐ നല്‍കുന്നസ്ഥാപനം നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുമാത്രമേ നടത്താനാവുകയുള്ളൂ. ഇതിനാണു മാറ്റം വരുന്നത്.
ഇതിനായി പിപിഐ ഇഷ്യൂവര്‍മാര്‍ തങ്ങളുടെ പൂര്‍ണകെവൈസി അധിഷ്ഠിത പിപിഐ ഹോള്‍ഡര്‍മാര്‍ക്ക് യുപിഐ പേമെന്റുകള്‍ നടത്താന്‍ കഴിയുംവിധം കസ്റ്റമര്‍ പിപിഐകളെ യുപിഐ ഹാന്റിലുമായി ലിങ്ക് ചെയ്യേണ്ടതാണ്. ഇഷ്യുവറുടെ ആപ്ലിക്കേഷനിലെ പിപിഐയില്‍നിന്നുള്ള യുപിഐ ഇടപാടുകള്‍ കസ്റ്റമറുടെ നിലവിലുള്ള പിപിഐ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ചുതന്നെ പ്രാബല്യമുള്ളതാക്കാന്‍ കഴിയും. അത്തരം ഇടപാടുകള്‍ യുപിഐ സംവിധാനത്തില്‍ എത്തുംമുമ്പുതന്നെ പ്രീഅപ്രൂവ്ഡ് ആയിരിക്കും.