സംസ്ഥാന സഹകരണബാങ്കുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു: റിസര്‍വ് ബാങ്ക്
സംസ്ഥാന സഹകരണ ബാങ്കുകള്‍ ഗണ്യമായ മികവോടെയുള്ള പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നതന്ന് ബാങ്കിങ് രംഗത്തെ പ്രവണതകളും പുരോഗതിയും സംബന്ധിച്ച റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ അര്‍ബന്‍ സഹകരണബാങ്കുകളുടെ വായ്പാ,നിക്ഷേപമേഖലകളിലുള്ള വളര്‍ച്ച വാണിജ്യബാങ്കുകളുടെതിനെക്കാള് കുറവാണ്. അതേസമയം അര്‍ബന്‍ബാങ്കുകളുടെ മൂലധനകരുതല്ശേഖരവും ലാഭക്ഷമതയും ആസ്തിഗുണനിലവാരവും വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ജില്ലാസഹകരണബാങ്കുകളുടെ കാര്യത്തില്‍ 351 ബാങ്കുകള്‍ ലാഭം രേഖപ്പെടുത്തിയപ്പോള്‍ 39 എണ്ണം നഷ്ടത്തിലാണ്. അര്‍ബന്‍ സഹകരണബാങ്കുകളുടെ ഭരണമികവിലും റിസ്കുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലും നല്ല പുരോഗതിയുണ്ട്. നാലുതലങ്ങളായുള്ള റെഗുലേറ്ററി സംവിധാനം നടപ്പാക്കിയിട്ടുണ്ട്. വിവിരസാങ്കേതികവിദ്യയില് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സൈബര്‍സുരക്ഷാ നടപടികളും കൂടുതലാക്കി.പക്ഷേ, വായ്പാവളര്‍ച്ച അഞ്ചുശതമാനം മാത്രമാണ്. നിക്ഷേപങ്ങളിലുള്ള വളര്‍ച്ച 4.1 ശതമാനവും.
2004-2005നുശേഷം 156 അര്‍ബന്‍ സഹകരണബാങ്കുകള്‍ ലയിച്ചു. ഇതില്‍ ആറെണ്ണം 2023-24 കാലത്താണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ അര്‍ബന്‍ ബാങ്കുകള്‍ ലയിച്ചത്. ഗുജറാത്തും ആന്ധപ്രദേശുമാണു തൊട്ടുപിന്നില്‍. 2023-24ല്‍ 24 അര്‍ബന്‍ ബാങ്കുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ടു. 2015-16നുശേഷം 70 അര്‍ബന്‍ബാങ്കുകളുടെ ലൈസന്‍സുകളാണു റദ്ദാക്കപ്പെട്ടത്. ഷെഡ്യൂള്‍ഡ് അല്ലാത്ത വിഭാഗത്തില്‍ പെട്ടവയുടെ ലൈസന്‍സുകളാണു പ്രധാനമായും റദ്ദാക്കപ്പെട്ടത്. വായ്പാ-നിക്ഷേപഅനുപാതം സുസ്ഥിരമായി നിലനിര്‍ത്താന്‍ അര്‍ബന്‍ ബാങ്കുകല്ക്കു കഴിഞ്ഞിട്ടുണ്ട്. 2023-24ല്‍ 62.5 ശതമാനമാണു വായ്പനിക്ഷേപ അനുപാതം. അര്‍ബന്‍ബാങ്കുകള്‍ക്ക് മുന്ഗണനാമേഖലകള്ക്കായുള്ള വായ്പാലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞില്ല. കഴിഞ്ഞവര്‍ഷം ഇതു കഴിഞ്ഞിരുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വിഭാഗത്തില്‍ മൊത്തത്തില്‍ വായ്പകള്‍ കുറഞ്ഞു. പ്രത്യേകിച്ചു ചെറുകിടസംരംഭങ്ങള്‍ക്കുള്ള വായ്പകള്‍. എന്നാല്‍ മൈക്രോസംരംഭങ്ങള്ക്കുള്ള വായ്പ 7.5 ശതമാനമെന്ന ലക്ഷ്യം കവിഞ്ഞു.
സംസ്ഥാനസഹകരണബാങ്കുകളുടെ വരുമാനത്തില്‍ കറന്റ് അക്കൗണ്ടുകളുടെയും സേവിങ്സ് അക്കൗണ്ടുകളുടെയും വിഹിതം കുറഞ്ഞുവരികയാണെന്നു റിപ്പോര്‍ട്ട പറയുന്നു. 34സംസ്ഥാനസഹകരണബാങ്കുളുടെതായി 2140 ശാഖകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്.സംസ്ഥാനസഹകരണബാങ്കുകളുടെ ശിഷ്ടപത്രത്തില്‍ എട്ടുശതമാനത്തില്‍ കവിഞ്ഞ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. വായ്പാനിക്ഷേപഅനുപാതം 2024 മാര്‍ച്ച് അവസാനം 114.7 ശതമാനമായി. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് 109 ശതമാനമായിരുന്നു. സംസ്ഥാനസഹകരണബാങ്കുകളുടെ അറ്റലാഭം 9.% ശതമാനം വര്‍ധിച്ചിട്ടുണ്ട്. പലിശയിതരവരുമാനം വര്‍ധിച്ചതും പ്രവര്‍ത്തനച്ചെലവുകള്‍ കുറഞ്ഞുതമാണു കാരണം. ജില്ലാസഹകരണബാങ്കുകളുടെ കാര്യത്തില്‍ നഷ്ടത്തിലായവയുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. നഷ്ടത്തിലായവയുടെ സഞ്ചിതനഷ്ടം 40.6 ശതമാനമായി. നഷ്ടത്തിലുള്ളവയുടെ നഷ്ടത്തിന്റെ 64.1 ശതമാനവും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍ എന്നിവിടങ്ങളിലെ ജില്ലാസഹകരണബാങ്കുകളാണ്.