25 യുവ സഹകരണ സംഘങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങിയേക്കും

Deepthi Vipin lal

യുവാക്കള്‍ക്കുവേണ്ടി സഹകരണ വകുപ്പ് രൂപം നല്‍കുന്ന യുവസഹകരണ സംഘങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 25 സഹകരണ സംഘങ്ങളാണ് ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ സംഘങ്ങളും ഇതിനകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭം. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവരെ സഹകരണ സംഘത്തിന് കീഴില്‍ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശയം സഹകരണ വകുപ്പ് മുന്നോട്ടുവെച്ചത്. വലിയ രീതിയിലുള്ള പ്രതികരണമാണ് ഇതിനോട് സമൂഹത്തില്‍നിന്നുണ്ടായത്. ഒട്ടേറെ അപേക്ഷകള്‍ വന്നു. ലഭിച്ച അപേക്ഷകള്‍ സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹിന്റെ സാനിധ്യത്തില്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് 25 എണ്ണം തിരഞ്ഞെടുത്തത്.

യുവ സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. ഏത് മേഖലയിലാണോ സംഘം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത് ആ മേഖലയില്‍ നൈപുണ്യം ഉറപ്പുവരുത്തുന്ന പരിശീലനമാകും അംഗങ്ങള്‍ക്ക് നല്‍കുക. കേരള ബാങ്ക് വഴി കുറഞ്ഞ പലിശയ്ക്ക് വായ്പയും ഉറപ്പാക്കും. ഈ സംഘങ്ങളുടെ പ്രവര്‍ത്തനം പ്രത്യേകമായി വിലയിരുത്തി വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും.


നെല്‍ക്കര്‍ഷകര്‍ക്കായി റൈസ് മില്ലുകള്‍ ഉള്‍പ്പെട്ട സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉല്‍പ്പാദനം, സംഭരണം, വിതരണം മേഖലകളിലായാണ് സംഘങ്ങളുടെ പ്രവര്‍ത്തനം. കലാകാരന്‍മാരുടെ സഹകരണ സംഘം ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്തെ കലാകാരന്‍മാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതാണ് സംഘം.

സംഗീതം, നാടകം, പ്രകടന കലകള്‍ എന്നിവ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ ഉന്നമനത്തിനായി പ്രത്യേക സഹകരണ സംഘം രൂപീകരിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ മാതൃകയിലാണ് കലാകാരന്മാരുടെ സംഘത്തിന്റെയും രൂപീകരണം. കലാരൂപങ്ങള്‍ക്ക് സ്ഥിരം വേദിയുണ്ടാക്കുക, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങളും വരുമാനവും ഉറപ്പാക്കുക എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തി കോവിഡ് കാലത്ത് പരമ്പരാഗത കലാകാരന്മാര്‍ക്കടക്കമുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള പരിപാടികളും സഹകരണ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതെല്ലാം ഈ സഹകരണ സംഘത്തിലൂടെയാകും നടപ്പാക്കുക.

Leave a Reply

Your email address will not be published.

Latest News