കേരളത്തിലെ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഒരു ബ്രാൻഡ് നെയിം കൊണ്ടുവരുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

adminmoonam

സംസ്ഥാനത്തെ നൂറുകണക്കിന് സഹകരണ ഉൽപ്പന്നങ്ങൾ ഒരു ബ്രാൻഡ്നു കീഴിൽ കൊണ്ടുവരുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് സഹകരണമേഖലയിൽ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മികച്ച ഗുണനിലവാരം ആണ് ഉള്ളത്. മായം ചേർത്ത പല ഉല്പന്നങ്ങളും പിടിക്കപ്പെട്ടപ്പോൾ അതിൽ ഒരു ഉൽപ്പന്നം പോലും സഹകരണ രംഗത്തുള്ളതായിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.കേരളത്തിന്റെ മദർ ബാങ്ക് എന്ന ആശയത്തിലേക്കാണ് കേരള ബാങ്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ജൂലൈ 6 അന്തർദേശീയ സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുത്തക താൽപര്യങ്ങൾക്കുവേണ്ടി സംസ്ഥാനത്തെ സ്റ്റേറ്റ് ബാങ്കിനെ എസ്.ബി.ഐ യുമായി ലയിപ്പിച്ചപ്പോൾ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന നിലയിലുള്ള ബാങ്ക് നമുക്ക് നഷ്ടമായി. ഇതിനായാണ് കേരളബാങ്ക് കൊണ്ടുവരുന്നത്. അതിലേക്ക് നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വൈവിധ്യവൽക്കരണത്തിലൂടെ കേരളത്തിലെ സഹകരണമേഖല സഹകരണം എന്ന ആശയം പൂർണതോതിൽ പ്രാവർത്തികമാക്കി. ഇതുപോലെ സുശക്തമായ ഒരു സഹകരണ രീതി മറ്റെങ്ങുമില്ലെന്നും മന്ത്രി പറഞ്ഞു.

സുതാര്യത, വിശ്വാസം, ആധുനികവൽക്കരണം ഇവയെല്ലാം സഹകരണമേഖലയിൽ കൊണ്ടുവരണമെന്ന് എൻ.ഡി.ഡി.ബി മുൻ ചെയർമാൻ ടി. നന്ദകുമാർ( റിട്ടയേഡ് ഐഎഎസ്) ആവശ്യപ്പെട്ടു. 115 വർഷത്തെ ചരിത്രം പേറുന്ന സഹകരണമേഖല അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആശയവും ആവിഷ്കാരവും നടപ്പാക്കിയത് കേരളത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീ ഐ.എ.എസ്, ജനപ്രതിനിധികൾ സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News