2020 ലെ ബാങ്കിങ് നിയന്ത്രണ(ഭേദഗതി ) നിയമത്തിനെതിരായ ഹര്‍ജികളെല്ലാം മദ്രാസ് ഹൈക്കോടതിയിലേക്ക്

[mbzauthor]

2020 ലെ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് കേരളത്തിലടക്കം വിവിധ ഹൈക്കോടതികളില്‍ ഫയല്‍ ചെയ്തിട്ടുള്ള റിട്ട് ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയിലേക്കു കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഹര്‍ജികളില്‍ പൊതുവാദം കേള്‍ക്കണമെന്ന റിസര്‍വ് ബാങ്കിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ട് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളം, ആന്ധ്രപ്രദേശ്, ഛത്തിസ്ഗഡ്, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ് ആന്റ് ഹരിയാന, ഉത്തരാഖണ്ഡ്, അലഹാബാദ്, രാജസ്ഥാന്‍, ബോംബെ ഹൈക്കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാകാതെ കിടപ്പുണ്ടെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമവുമായി ബന്ധപ്പെട്ട് ഇനി വരുന്ന കേസുകളും മദ്രാസ് ഹൈക്കോടതിയിലേക്കു മാറ്റും.

ഹൈക്കോടതികള്‍ക്കു മുമ്പാകെയുള്ള ചില ഹര്‍ജികളില്‍ ഭേദഗതിനിയമത്തെയാണു ചോദ്യം ചെയ്യുന്നത്. മറ്റു ചിലതിലാകട്ടെ 2021 ജൂണ്‍ 25 നു റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലറിനെയാണു ചോദ്യം ചെയ്യുന്നത്. ഈ പശ്ചാത്തലത്തില്‍ എല്ലാ ഹര്‍ജികളും തീര്‍പ്പിനായി ഒരു ഹൈക്കോടതിയിലേക്കു മാറ്റുന്നതാണ് ഉചിതമെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഭേദഗതിനിയമത്തെയും സര്‍ക്കുലറിനെയും ചോദ്യം ചെയ്തുകൊണ്ട് ഭാവിയില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജികളും ബന്ധപ്പെട്ട ഹൈക്കോടതികള്‍ മദ്രാസ് ഹൈക്കോടതിക്കു കൈമാറണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു.

വിവിധ ഹൈക്കോടതികളില്‍ നിന്നു പരസ്പരവിരുദ്ധമായ ഉത്തരവുകള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ കേസുകളും ഒരു ഹൈക്കോടതി മുമ്പാകെ പരിഗണിക്കുന്നതാണ് ഉചിതമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ വാദം. നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനായി സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണപരിധിയില്‍ കൊണ്ടുവരാനാണു 2020 ലെ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തില്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

 

[mbzshare]

Leave a Reply

Your email address will not be published.